ബ്രിട്ടനിലെ  നോമ്പനുഭവങ്ങൾ

യുകെയുടെ ജനസംഖ്യയിൽ 5.7 % വരുന്ന മുസ്‌ലിം സമൂഹത്തിന്റെ പ്രധാന ആത്മീയാഘോഷമായ റമദാൻ  രാജ്യത്ത് വിശിഷ്യാ തലസ്ഥാനമായ ലണ്ടനിൽ ഇത്തവണ വലിയ വാർത്താ ശ്രദ്ധയാണാകർഷിച്ചത്. 

ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള ലണ്ടൻ  നഗരത്തിൽ 14.3% അഥവാ 13,18,600 ആണ്  മുസ്‌ലിം ജനസംഖ്യ. ലണ്ടനിലെ ഏഴ് പേരിൽ ഒരാൾ മുസ്‌ലിമാണെന്നർത്ഥം. ബ്രിട്ടനിലെ മൊത്തം മുസ്‌ലിം ജനസംഖ്യയുടെ മൂന്നിലൊന്നും താമസിക്കുന്നത് ലണ്ടനിൽ തന്നെയാണ്.

ലണ്ടൻ  ചരിത്രത്തിൽ ആദ്യമായി റമദാനെ വരവേറ്റ് പിക്കാർഡ്‌ലി സര്ക്കസ് സ്ട്രീറ്റ് 3000 ലൈറ്റുകൾ കൊണ്ട് അലങ്കരിക്കപ്പെട്ട വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടു. റമദാൻ ലൈറ്റ്സ് യുകെ എന്ന സംഘടനാ മുൻകയ്യെടുത്ത് സ്ഥാപിച്ച ലൈറ്റുകൾ റമദാൻ മാസാരംഭം പ്രഖ്യാപിച്ച് കൊണ്ട് ലണ്ടൻ മേയർ സാദിഖ് ഖാനാണ് ഉട്ഘാടനം നിർവഹിച്ചത്.

മുൻ വർഷങ്ങളിൽനിന്ന് ഭിന്നമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘടനകളും ഫുട്ബോൾ ക്ലബ്ബുകളും ഓപ്പൺ ഇഫ്താറുകൾ സംഘടിപ്പിക്കാൻ മുന്നോട്ട് വന്നത് വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാൻ കാരണമായിട്ടുണ്ട്.

റമദാൻ വ്രതം അനുഷ്ഠിക്കുന്ന മുസ്‌ലിം കളിക്കാർക്ക് നോമ്പ് തുറക്കാൻ ഇടവേള നല്കണമെന്ന് ഇംഗ്ലീഷ് റെഫെറിങ് ബോഡി റഫറിമാർക്ക് നിർദേശം നൽകിയതും അതേ സമയത്തു തന്നെ ഇഫ്താറിന് സമയം നല്കരുതെന്നുള്ള ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷന്റെ തീരുമാനവും ഇരു രാജ്യങ്ങളും ബഹുസ്വരതയോട് കാണിക്കുന്ന നിലപാടിന്റെ നേർ നിദർശനമാണ് .

മുസ്‌ലിം കളിക്കാർക്ക് ആശ്വാസമാകുന്ന നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ്  ഓപ്പൺ ഇഫ്താറുകൾ സംഘടിപ്പിക്കാനുള്ള പ്രഖ്യാപനം മുൻ നിര ക്ലബ്ബുകളിൽ നിന്നുണ്ടായത് . 2013 ൽ സ്ഥാപിക്കപ്പെട്ട റമദാൻ ടെന്റ് പ്രൊജക്റ്റ് എന്ന സംഘടനയുമായി സഹകരിച്ച്  ലണ്ടൻ ക്ലബ് ആയ ചെൽസിയാണ് ആദ്യമായി ഇഫ്‌താർ സംഘടിപ്പിക്കുമെന്നു അറിയിച്ചത്. ചെൽസിയുടെ മാതൃസ്റ്റേഡിയമായ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ മാർച്ച് 26ന് നടന്ന ഇഫ്താർ പാർട്ടിയിൽ നിരവധി പേർ പങ്കെടുത്തു. ചെൽസി ഫൌണ്ടേഷൻ തലവൻ സൈമൺ ടൈലർ, ഇസ്ലാമിക് റിലീഫ് യുകെ ഡയറക്ടർ തുഫൈൽ ഹുസയ്ൻ, റമദാൻ ഇഫ്താർ ടെന്റ് സ്ഥാപകൻ ഒമർ സൽഹ തുടങ്ങിയവരും പ്രാദേശിക മസ്‌ജിദുകളിലും മുസ്‌ലിം സംഘടനകൾ വഴി വിതരണം ചെയ്ത ക്ഷണക്കത്ത് ലഭിച്ച നിരവധി പേരും ചടങ്ങിനെത്തി. മനോഹരമായ ബാങ്കൊലി സ്റ്റേഡിയത്തിൽ മുഴങ്ങിയതും ചടങ്ങിന്റെ സുന്ദര മുഹൂർത്തമായി. 

ബിർമിങ്ഹാം സിറ്റിയിലെ ക്ലബ് ആയ ആസ്റ്റൺ വില്ലയും റമദാൻ ഇഫ്താർ ടെന്റുമായി ചേർന്ന് തങ്ങളുടെ വില്ല പാർക്കിൽ  ഇഫ്ത്താർ സംഘടിപ്പിച്ചു. 300 ലധികം പേർ ചടങ്ങിൽ പങ്കെടുത്തു. ലണ്ടനിൽ 20 ഇടങ്ങളിലും ലണ്ടന് പുറത്ത് 9 ഇടങ്ങളിലുമാണ് റമദാൻ ടെന്റ് ഓപ്പൺ ഇഫ്താർ സംഘടിപ്പിച്ചത്. ഷേക്സ്പിയർ ഗ്ലോബ്, ബ്രിട്ടീഷ് ലൈബ്രറി, മാഞ്ചസ്റ്റർ കത്തീഡ്രൽ, കിങ്‌സ് കോളേജ് കംബ്രിഡ്ജ്  അടക്കമുള്ള ചരിത്ര പ്രശസ്ത ഇടങ്ങളില്‍ നടന്ന ഇഫ്താർ സംഗമത്തിൽ 20,000 ത്തിലധികം പേർ പങ്കെടുത്തു. എല്ലായിടത്തും ചടങ്ങുകൾ വലിയ വിജയമായിരുന്നെന്നും എല്ലാ വർഷവും സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായും റമദാൻ ടെന്റ് മാനേജർ വസീം  മഹ്മൂദ് പറഞ്ഞു. 

ഈ വർഷത്തെ  റമദാൻ മാർച്ച് 23 ന് ആണ് യുകെയില്‍ ആരംഭിച്ചത്. പുലർച്ചെ 4.15 മുതൽ വൈകുന്നേരം 6.15 വരെ, 14 മണിക്കൂറായിരുന്നു തുടക്കത്തിൽ നോമ്പിന്റെ ശരാശരി ദൈർഘ്യം. പതിവ് പോലെ, മാർച്ച് 26 ന് ക്ലോക് ഒരു  മണിക്കൂർ മുമ്പോട്ട്  നീങ്ങിയതോടെ അത് പുലർച്ചെ 5 മുതൽ വൈകു 7 വരെയായി. റമദാൻ അവസാനത്തിലെത്തുമ്പോള്‍, പുലർച്ചെ 4 മുതൽ രാത്രി 8 വരെ, 16 മണിക്കൂറായി വർധിക്കുന്നുണ്ട് നോമ്പ് സമയം. എങ്കിലും ശരാശരി  14 ഡിഗ്രി താപനിലയിൽ ദാഹം അനുഭവപ്പെടാത്ത പ്രയാസരഹിതമായ നോമ്പ് ദിനങ്ങളാണ് വിശ്വാസികൾക്ക് യുകെയില്‍.  രണ്ട് മൂന്ന് വർഷങ്ങൾക്കു മുമ്പ് ഒത്ത വേനലിൽ റമദാൻ വന്നപ്പോൾ അവസാന 10 ൽ  പുലർച്ചെ 2.28 മുതൽ  രാത്രി 9.25 വരെ 19 മണിക്കൂർ നോമ്പ് നീണ്ടു നിന്നിരുന്നു. 7 വർഷങ്ങൾക്കു ശേഷം ഇനി ഡിസംബറിൽ റമദാൻ സംഭവിക്കുമ്പോൾ രാവിലെ 6.15 മുതൽ വൈകു. 3.45 വരെ 9.30 മണിക്കൂർ മാത്രമേ നോമ്പിന്റെ ദൈർഘ്യമുണ്ടാവൂ.  

റമദാനിൽ യുകെയിലെ പള്ളികളിലധികവും രാത്രിയിലെ പ്രത്യേക നിസ്കാരമായ തറാവീഹിൽ ഖത്മ് പൂർത്തിയാക്കുന്ന പതിവ് ഉണ്ട്. ഇതിനായി ഹാഫിദുകളെ റമദാനിൽ പ്രത്യേകം നിയമിക്കുന്നുമുണ്ട്. പാകിസ്താനി, ബംഗാളി, ഇന്ത്യൻ, കുർദിഷ് സമൂഹങ്ങൾ നേതൃത്വം നൽകുന്ന മസ്ജിദുകൾ 20 റക്അത് തന്നെയാണ് നിർവഹിക്കുന്നത്.

തറാവീഹിനു ശേഷം പലയിടങ്ങളിലും റമദാൻ മാർക്കറ്റുകൾ സജീവമാണ്. ഇവിടങ്ങളിൽ ഇന്ത്യൻ പാക് ഭക്ഷണവിഭവങ്ങളും ഈത്തപ്പഴവും, പാക് സ്പെഷ്യൽ മാമ്പഴവും ലഭ്യമാണ്. പെരുന്നാൾ  രാവിന്റെ പ്രത്യേക മാർക്കറ്റും ഗംഭീരമാണ് ലണ്ടനിൽ. ഇൽഫോഡ്, ബാർക്കിങ്, ഈസ്ററ് ഹാം, അപ്ടൺ പാർക്ക്, കാനിങ് ടൌൺ, വൈറ്റ് ചാപ്പൽ എന്നീ ചെറു ലണ്ടൻ നഗരങ്ങളിലെല്ലാം സ്ത്രീകൾ മഗ്‌രിബിന്‌ ശേഷം ടേബിൾ കൊണ്ട് വന്ന് മൈലാഞ്ചി ഇട്ടു കൊടുക്കുന്ന പതിവുമുണ്ട്. ഒരു കൈ നിറയെ മൈലാഞ്ചി ഇടുന്നതിനു 5 പൗണ്ട് ആണ് നിരക്ക്. 

റമദാനിൽ യുകെയിലുടനീളം ചാരിറ്റി സംഘങ്ങൾ സജീവമാണ്. 1984 ൽ ആരംഭിച്ച ഇസ്ലാമിക് റിലീഫ് യുകെ, 1985 ൽ സ്ഥാപിച്ച മുസ്‌ലിം എയ്ഡ്, 1993 ൽ രൂപീകരിച്ച മുസ്‌ലിം ഹാൻഡ്‌സ്, ന്യൂ ഹാം കമ്മ്യൂണിറ്റി സെന്റര് തുടങ്ങിയവയാണ് യുകെയിലെ പ്രമുഖ ചാരിറ്റി സംഘടനകൾ. ഇവ റമദാനിൽ രാജ്യത്തിനകത്തും പുറത്തും വലിയ സഹായങ്ങള്‍ ചെയ്യുകയും രാജ്യത്ത് പലയിടങ്ങളിലും  ഫുഡ് ബാങ്ക്  സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നതും പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മുസ്‌ലിം രാഷ്ട്രങ്ങളിലുണ്ടാകുന്ന ദുരന്തങ്ങളിലെല്ലാം ഈ സംഘടനകൾ ഫണ്ട് സംഘടിപ്പിച്ച് അവിടങ്ങളിൽ സഹായമെത്തിക്കാറുണ്ട്. തുർക്കി, സിറിയ ഭൂകമ്പ സമയത്തു രാജ്യത്തെ പള്ളികളെല്ലാം വലിയ സഹായ ഫണ്ട് സംഘടിപ്പിച്ചു നൽകിയിരുന്നു. ഇത്തരം ആവശ്യങ്ങൾക്കായി വ്യത്യസ്ത ചലഞ്ച്‌ സ്വീകരിക്കുന്ന പതിവും ഇവിടെ കാണാവുന്നതാണ്. ലണ്ടനിലെ അൽസുഫ്ഫ ഫുഡ് ബാങ്കിന് വേണ്ടി 11 വയസ്സുകാരൻ കമ്രാൻ, 7 വയസ്സുള്ള സഹോദരി ഈവ, 4 വയസ്സുള്ള സഹോദരൻ ഹരിസ് എന്നീ കുട്ടികൾ നീന്തൽ, ഓട്ടം, സയ്ക്ലിങ് ചലഞ്ച് ഏറ്റെടുത്ത് 1000 പൗണ്ട് (ഏകദേശം ഒരു ലക്ഷം രൂപ) സമാഹരിച്ചിരുന്നു.

എല്ലാ വർഷങ്ങളിലും മലയാളി മുസ്‌ലിം സംഘടനകളും ഇഫ്താർ പാർട്ടികൾ സംഘടിപ്പിക്കാറുണ്ട്. സമസ്ത ലണ്ടൻ കൾച്ചറൽ സെന്റർ, കെഎംസിസി, എംഎംസിഎ, അൽ ഇഹ്‌സാൻ തുടങ്ങിയ സംഘടനകളെല്ലാം ഇത്തവണയും വലിയ ജന പങ്കാളിത്തത്തോടെ ഇഫ്താർ പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. 

ചുരുക്കത്തിൽ പലപ്പോഴും മുസ്‌ലിം വിരുദ്ധ നിലപാട് സ്വീകരിച്ച ചരിത്രമുള്ള സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പിൻതലമുറ ഇസ്‌ലാമിനോട് നല്ല ബന്ധം സൂക്ഷിക്കുന്ന, അതിന്റെ അനുയായികളെ ചേർത്തു പിടിക്കുന്ന കാഴ്ചയാണ് യുകെയിലുടനീളം കാണാനാവുക. ലോകത്തുടനീളം മുസ്‌ലിം വിരുദ്ധ തീവ്ര വലതു പക്ഷ നിലപാടുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന, പരിശുദ്ധ ഖുർആൻ കത്തിക്കുന്നതൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന ഈ കെട്ട കാലത്ത് ബ്രിട്ടീഷ് ജനതയുടെ ചേർത്ത് പിടിക്കൽ വലിയ പ്രതിഫലനം തന്നെ സൃഷ്ടിക്കുമെന്നത് ശുഭോദർക്കമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter