ഞാന്‍ മുസ്‌ലിമല്ല: പക്ഷേ റമദാന്‍ എന്നില്‍ മാറ്റങ്ങള്‍ വരുത്തി

(അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, പ്രശസ്ത ഇന്റര്‍ഫെയ്ത് പ്രവര്‍ത്തക ഷാര്‍ലറ്റ്‌ ഡാന്‍ഡോ ഈ റമദാനില്‍ ആദ്യമായി നോമ്പെടുക്കാനായതിന്റെ അനുഭവവും സംതൃപ്തിയും പങ്കുവെക്കുന്നു.)

വിവിധ മതക്കാരുമായി ഇടക്കിടെ സംവദിക്കേണ്ടിയും കണ്ടുമുട്ടേണ്ടിയും വന്നിരുന്നതിനാല്‍ ഭക്ഷണമോ വെള്ളമോ പോലും കഴിക്കാതെ നോമ്പെടുക്കുന്ന പല സുഹൃത്തുക്കളെയും ഞാന്‍ മുമ്പ് പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട്. നീണ്ട ചൂടുകാല പകലുകളില്‍ നോമ്പെടുത്തും ജോലി ചെയ്യാനെത്തുന്ന സുഹൃത്തുക്കള്‍ പലപ്പോഴും എന്നെ അല്‍ഭുതപ്പെടുത്തുകയും അതിലേറെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിരുന്നു. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെ ദൈവവുമായി കൂടുതല്‍ സാമീപ്യം നേടാനാവുമെന്നത് ഉള്‍ക്കൊള്ളാന്‍ എനിക്ക് ഏറെ പ്രയാസം തോന്നി.

വിശപ്പ് അനുഭവപ്പെടുകയും അതിലൂടെ ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യാനേ അത് സഹായിക്കൂ എന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം. എന്നാല്‍ പകല്‍മുഴുവനും ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മുസ്‌ലിംകള്‍ ചെയ്യുന്ന പോലെ ഒരു നോമ്പ് അനുഭവിച്ചറിയേണ്ട സമയം അതിക്രമിച്ചുവെന്ന് എനിക്ക് തോന്നിയത് ഈ റമദാനിലാണ്. ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന, അമുസ്‌ലിമായ എനിക്ക് ഇത്തരം ഒരു അനുഭവത്തിലൂടെ ഈ സുപ്രധാന മാസത്തില്‍ ഒരു പക്ഷേ, പലതും പഠിക്കാന്‍ സാധിച്ചേക്കാമെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ, മുപ്പത് ദിവസം അങ്ങനെ കഴിയുക എന്നത് ഒരു തമാശയായേ എനിക്ക് അപ്പോഴും തോന്നിയുള്ളൂ. എന്നാലും, ഒരു മൂന്ന് ദിവസമെങ്കിലും അത്തരം ഒരു നോമ്പ് എടുക്കാന്‍ ശ്രമിച്ചുനോക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ജൂലൈ 29, ഞായറാഴ്ച. അന്ന് ജൂതവിശ്വാസികള്‍ നോമ്പെടുക്കുന്ന വിശുദ്ധ ദിനമായ തിശാബാവ് കൂടിയായിരുന്നു. അന്ന് വൈകുന്നേരം ഒരു ജൂത സഹോദരനോടൊപ്പം എനിക്കൊരു ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ, നോമ്പ് അനുഭവിക്കാന്‍ ഏറ്റവും നല്ല അവസരം ഇത് തന്നെയെന്ന് ഞാന്‍ കരുതി. പതിവുപോലെ സയമം മൂന്ന് മണി.

ഉറക്കമുണര്‍ന്ന ഞാന്‍ അടുക്കളയിലേക്ക് നീങ്ങി. നോമ്പെടുക്കുക എന്ന ലക്ഷ്യത്തോടെ ഞാന്‍ പ്രാതല്‍ കഴിച്ചു. എന്റെ ചെറുറമദാന്‍ തുടങ്ങിയത് ആ പ്രാതലിലൂടെയാണ്. പുറത്ത് തെരുവില്‍ കുടിയന്മാര്‍ ആലപിക്കുന്ന അവ്യകത്മായ പാട്ടുകള്‍ മാത്രമായിരുന്നു അപ്പോള്‍ എനിക്ക് കൂട്ട്. ആ പ്രാതലിന്റെയും അവ്യക്തമാലോക മതങ്ങളില്‍ ഇന്ന് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതുമായ മതമാണ് ഇസ്‌ലാം. അത് കൊണ്ടാണ് ഇസ്‌ലാമിലെ നോമ്പ് നേരിട്ടനുഭവിക്കണമെന്ന് എനിക്ക് തോന്നിയത്. കഴിഞ്ഞ ശിശിരത്തില്‍ സാംസ്കാരികബഹുസ്വരതയെക്കുറിച്ചുള്ള ഒരു സംവാദത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു.

ആ സംവാദം ഇസ്‌ലാമിനും അതിന്റെ ആശയങ്ങള്‍ക്കുമെതിരെയുള്ള ശബ്ദമായി മാറുന്നത് അന്ന് ഞാന്‍ വേദനയോടെയാണ് മനസ്സിലാക്കിയത്. നീണ്ടവേനല്‍കാല പകലുകളില്‍പോലും, റമദാന്‍ ആയതിനാല്‍ കുട്ടികളെ വെള്ളം കുടിക്കാന്‍പോലും സമ്മതിക്കാത്ത ഒരു സ്കൂള്‍ അധ്യാപകന്റെ കഥ പറഞ്ഞുകൊണ്ടായിരുന്നു അതിലെ ആദ്യ പ്രസംഗകന്‍ സംസാരം തുടങ്ങിയത്. എന്നാല്‍ ഞാന്‍ നേരില്‍കണ്ട മുസ്‌ലിം കുടുംബത്തിലെ കുട്ടികള്‍ റമദാന്റെ ഒന്നിടവിട്ട പകലുകളില്‍ താല്‍പര്യത്തോടെ നോമ്പെടുത്ത് ശീലിക്കുന്നതും എന്നാല്‍ ആവശ്യമാവുന്ന പക്ഷം രക്ഷിതാക്കള്‍ അവരെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതും കണ്ടപ്പോള്‍ ആ കഥ എനിക്ക് അവിശ്വാസ്യമായിതോന്നി, അതിലുപരി റമദാനെക്കുറിച്ച് അത് എന്നില്‍ കൂടുതല്‍ താല്‍പര്യം ജനിപ്പിച്ചു.

നോമ്പെടുക്കുന്നതിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാഗമായി മാറുന്നതായി ആ കുട്ടികള്‍ക്ക് പോലും അനുഭവപ്പെടുന്നുണ്ടെന്ന് എനിക്ക് മനസ്സിലാക്കാനായി. മറ്റൊരു സമുദായാംഗമായിട്ട് കൂടി, നോമ്പ് എടുക്കുന്നു എന്നറിഞ്ഞതോടെ എന്നെയും തങ്ങളുടെ സമുദായത്തിന്റെ ഭാഗമായി അവര്‍ക്ക് കാണാന്‍ സാധിക്കുന്നു എന്നതും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മൂന്ന് ദിവസമാണ് ഈ റമദാനില്‍ ഞാന്‍ നോമ്പെടുത്തത്. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷവും ആ ദിവസങ്ങളിലെ അനുഭൂതി എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.

റമദാനില്‍നിന്ന് പഠിക്കാന്‍ ഒത്തിരിയുണ്ട്, അത് മുസ്‌ലിം സമുദായത്തെക്കുറിച്ചോ അവരുടെ മതകീയബോധത്തെക്കുറിച്ചോ മാത്രമല്ല, നമ്മെക്കുറിച്ച് പോലും ഒട്ടേറെ കാര്യങ്ങള്‍ റമദാനിലൂടെയും നോമ്പെടുക്കുന്നതിലൂടെയും തീര്‍ച്ചയായും പഠിക്കാനാവും. അത്താഴ സമയത്ത് കഴിക്കുന്നഭക്ഷണത്തിലൂടെ നേടിയെടുക്കുന്നത് വല്ലാത്ത ഒരു ആത്മവിശ്വാസമാണ്. വൈകുന്നേരം വരെ പിടിച്ചുനില്‍ക്കാന്‍ ശക്തിപകരുന്നത് അതാണ്. ആ ഒരു അന്നത്തിലൂടെ പകല്‍മുഴുവനും എല്ലാം വെടിഞ്ഞ് നില്‍ക്കാനാവുമെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാനായിരുന്നില്ല. എന്നാല്‍ നേരിട്ടനുഭവിച്ചപ്പോഴാണ് അതിന്റെ ശക്തി എനിക്ക് മനസ്സിലാക്കാനായത്. മൂന്ന് ദിവസം നോമ്പെടുത്തതോടെ ഭക്ഷണത്തോടുള്ള എന്റെ സമീപനം പോലും മാറി എന്ന് വേണം പറയാന്‍.

ഭക്ഷണത്തോടുള്ള ആര്‍ത്തിയെ സ്വയം നിയന്ത്രിക്കാനും പട്ടിണികിടക്കുന്നവരോട് ആത്മാര്‍ത്ഥമായി സഹതപിക്കാനും ആവുംവിധം അവരെ സഹായിക്കാനും അത് എന്നെ പഠിപ്പിച്ചു. റമദാന്‍ ഇത്രമാത്രം പ്രധാനമാവുന്നത് എന്ത്കൊണ്ടാണെന്ന് മൂന്ന് ദിവസത്തെ നോമ്പിലൂടെ എനിക്ക് മനസ്സിലാക്കാനായി. സ്വയം തിരിച്ചറിയാനും മറ്റുള്ളവര്‍ക്ക് സ്വന്തത്തെ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള അവസരം കൂടിയാണ് റമദാന്‍. കഴിഞ്ഞ പതിനൊന്ന് മാസങ്ങളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും വരും ദിവസങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമാകാനും അത് സാഹചര്യമൊരുക്കുന്നു. വര്‍ഷത്തില്‍ എപ്പോഴെങ്കിലും ഇങ്ങനെ ചെയ്യുന്നതിലൂടെയും ഒരു പക്ഷേ, വ്യക്തിപരമായി ഇവ നേടിയെടുക്കാനായേക്കാം. എന്നാല്‍ ഒരു സമുദായമെന്ന നിലയില്‍ എല്ലാവരും ഒരേ സമയം ഇത്തരം പാഠങ്ങളും ശീലങ്ങളും ആര്‍ജ്ജിക്കുന്നത് ആ സമുദായത്തിനും സഹജീവികള്‍ക്കും എത്രമാത്രം ഉപകാരപ്രദമാവുമെന്നത് ഏറെ പ്രസക്തമാണ്.

സമുദായാംഗങ്ങളുടെ സംസ്കരണത്തിനും സര്‍വ്വതോന്മുഖമായ ഉന്നമനത്തിനുമായി ഇസ്‌ലാം നിഷ്കര്‍ശിച്ച ഏറ്റവും ശാസ്ത്രീയമായ രീതിയാണ് റമദാനിലെ നിര്‍ബന്ധവ്രതം എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. വൈകിയാണെങ്കിലും ഇപ്പോഴെങ്കിലും ഇത് അനുഭവിക്കാനായതില്‍ വല്ലാത്ത ചാരിതാര്‍ത്ഥ്യമുണ്ട് എനിക്ക്. ഇത് എന്റെ ജീവിതത്തിലെ ആദ്യ നോമ്പുകളാണ്. എന്നാല്‍, ആയുസ്സ് ബാക്കിയുണ്ടെങ്കില്‍, ഇതൊരിക്കലും അവസാനത്തേതാകില്ലെന്ന് എനിക്കുറപ്പുണ്ട്. -The Huffington Post- 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter