നോമ്പുകാലത്തെ വിയറ്റ്‌നാം വര്‍ത്തമാനങ്ങള്‍

മുസ്‍ലിംകള്‍ നന്നേ ചെറിയ ന്യൂനപക്ഷമായൊരു രാജ്യത്ത് റമദാന്‍ വ്രതാനുഷ്ഠാനം വേറിട്ടൊരു അനുഭവമായിരിക്കും. മുസ്‍ലിം ജനസംഖ്യ 0.1 ശതമാനം മാത്രമുള്ള വിയറ്റ്നാമിലെ നോമ്പനുഭവങ്ങള്‍ അവിസ്മരണീയമാകുന്നത് ഈയര്‍ഥത്തില്‍ കൂടിയാണ്.

ഹോചിമിന്‍ നഗരത്തിലെ ഏറ്റവും വലിയ ജുമാമസ്ജിദാണ് സൈഗന്‍ സെന്‍ട്രല്‍ ജുമാമസ്ജിദ്. 1935ല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കുടിയേറിയ മുസ്‍ലിം വ്യാപാരികള്‍ നിര്‍മിച്ച മസ്ജിദ്, രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ ഹൃദയ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്, പഞ്ചനക്ഷത്ര ഹോട്ടലായ ഷെറാട്ടണിനോട് തൊട്ടുചേര്‍ന്ന്. ഫ്രഞ്ചുകാരില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതോടെ ദക്ഷിണേന്ത്യന്‍ മുസ്‍ലിംകളില്‍ മിക്കവരും ഫ്രാന്‍സിലേക്ക് കുടിയേറ്റം നടത്തിയെങ്കിലും പൂര്‍വോപരി പ്രതാപത്തോടെ മസ്ജിദ്ഇന്നും തലയുയര്‍ത്തിനില്‍ക്കുന്നു.

സൈഗന്‍ സെന്‍ട്രല്‍ ജുമാമസ്ജിദിലെ ജുമുഅ നിസ്കാരവും ഇഫ്താറും തറാവീഹ് ജമാഅത്തുമെല്ലാം വിയറ്റ്നാം മുസ്‍ലിംകളെ കുറിച്ചുള്ള നേരനുഭവങ്ങളും പുതിയ അറിവുകളും പകരുന്നതായിരുന്നു. മസ്ജിദ് ഖഥീബ് ഡോ. ബാസിറൂന്‍ ഇന്റര്‍നാഷനല്‍ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നാണ് പി.എച്.ഡി പഠനം പൂര്‍ത്തിയാക്കിയത്. ഐ.ഐ.യു.എം ഗവേഷകരാണെന്നറിഞ്ഞതോടെ അദ്ദേഹം പ്രത്യേകം പരിഗണിക്കുകയും ദീര്‍ഘനേര സംഭാഷണത്തിന് വഴിയൊരുങ്ങുകയും ചെയ്തു.

ഏറ്റവും പുതിയ സെന്‍സസ് പ്രകാരം, 91 ദശലക്ഷം ജനസംഖ്യയുള്ള വിയറ്റ്നാമില്‍ 72,000 മുസ്‍ലിംകളാണുള്ളത്; കേവലം 0.1 ശതമാനം മാത്രം! മതവിശ്വാസം പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല, നിരുത്സാഹപ്പെടുത്തുക കൂടി ചെയ്യുന്ന കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തെ മതവിശ്വാസികളെയെല്ലാം അരികുവത്കരിക്കുന്നതില്‍ ആസൂത്രിത നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ലഭിക്കണമെങ്കില്‍ ഒരു മതത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധമാണ്. ഇത്തരം കടുത്ത നടപടികള്‍ മൂലം രാജ്യത്തെ മിക്ക മുസ്‍ലിംകളും ദാരിദ്യത്തിലും പരിവട്ടത്തിലുമാണ് കഴിഞ്ഞുകൂടുന്നത്. ഉന്നത മതവിദ്യാഭ്യാസത്തിനായി മലേഷ്യ, ഇന്തോനേഷ്യ, സൌദി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെയവര്‍ ആശ്രയിച്ചു കഴിയുന്നു. സൌത്തീസ്റ്റേഷ്യന്‍ രാജ്യങ്ങളിലെ ഇതര മുസ്‍ലിം മുഖ്യധാരയെപ്പോലെ കര്‍മശാസ്ത്രത്തില്‍ ശാഫിഈ സരണിയും വിശ്വാസശാസ്ത്രത്തില്‍ അശ്അരി സരണിയും പിന്തുടരുന്നവരാണ് വിയറ്റ്നാമിലെ മുസ്‍ലിംകളും.

രാജ്യത്തെ മുസ്‍ലിം ജനസംഖ്യയുടെ ഒട്ടുമുക്കാല്‍ ശതമാനവും ദക്ഷിണ ഭാഗങ്ങളിലാണധിവസിക്കുന്നത്. രാജ്യത്തെ മസ്ജിദുകളുടെ എണ്ണത്തിലും ഈ ഏറ്റക്കുറച്ചില്‍ പ്രകടമാണ്. ദക്ഷിണ നഗരമായ ഹോചിമിന്‍ സിറ്റിയില്‍ പന്ത്രണ്ടു മസ്ജിദുകളുള്ളപ്പോള്‍, ഉത്തരഭാഗത്ത് സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ ഹാനോയില്‍ ഒരേയൊരു മസ്ജിദേയുള്ളൂ. ഏറ്റവും വലിയ മസ്ജിദ് ഡോങ്നായ് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്നു. 2006ല്‍ സ്ഥാപിതമായ ഈ മസ്ജിദ് സൌദി അറേബ്യയുടെ സാമ്പത്തിക സഹായത്തോടെയാണ് പൂര്‍ത്തിയായത്.
കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കടുത്ത മതവിരോധത്തിനിടയിലും വിയറ്റ്നാം മുസ്‍ലിംകള്‍ പ്രകടിപ്പിക്കുന്ന മതകീയാവേശവും ഇസ്‍ലാമികാഭിനിവേശവും എടുത്തുപറയേണ്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്കുള്ള വിലക്കു മൂലം ജീവിതം തന്നെ വഴിമുട്ടിത്തുടങ്ങിയ വിയറ്റ്നാമിലെ സഹോദരങ്ങള്‍ക്ക് മുസ്‍ലിം ലോകത്തിന്റെ പ്രാര്‍ത്ഥനയും കൈത്താങ്ങുകളും നല്‍കുന്ന ആത്മവിശ്വാസവും പിന്‍ബലവും ചെറുതല്ല

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter