ഈ പോരാട്ടം രാജ്യത്തിനും ഭരണഘടനക്കും വേണ്ടി
(ജാമിഅ മില്ലിയ്യ സർവകലാശാലയിൽ വെച്ച് നടത്തിയതായാണ് ഈ പ്രസംഗം. ഈ പ്രസംഗത്തിനെതിരെ സുപ്രീംകോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പരാതി ഉന്നയിച്ചിരുന്നു.) ഞാനിന്ന് ഒരു മുദ്രാവാക്യം ഉയർത്തുന്നു. നമ്മൾ എന്തിനു വേണ്ടിയാണ് പോരാടുന്നത്, നമ്മൾ ആർക്കുവേണ്ടിയാണ് പോരാട്ടഭൂമിയിൽ നിലയുറപ്പിച്ചിരിക്കുന്നത്? ഈ പോരാട്ടം ആദ്യമായി നമ്മുടെ രാജ്യത്തിനും രണ്ടാമതായി നമ്മുടെ ഭരണഘടനയിൽ നമ്മുടെ സ്നേഹത്തിനു വേണ്ടിയാണ്.

ഈ സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് നമ്മുടെ മുസ്‌ലിം സഹോദരന്മാർക്കെതിരെ മാത്രമല്ല, മറിച്ച് ഈ രാജ്യം കെട്ടിപ്പടുക്കേണ്ട മാർഗ്ഗരീതികൾക്കെതിരെ കൂടിയാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയെ കുറിച്ച്, ഇന്ത്യയെന്ന രാഷ്ട്രം എങ്ങനെ രൂപപ്പെടണമെന്നതിനെക്കുറിച്ച് നമുക്ക് കൃത്യമായ ഒരു സങ്കൽപമുണ്ടായിരുന്നു.

നിങ്ങൾ അല്ലാഹുവിലോ ഭഗവാനിലോ വിശ്വസിക്കുന്നതിലോ തീരെ വിശ്വാസം വെച്ചുപുലർത്താതിരിക്കുന്നതിലോ യാതൊരു പ്രശ്നവും ഇല്ലാത്ത ഒരു രാഷ്ട്രം പണിതുയർത്തുകയെന്നതായിരുന്നു ആ സങ്കൽപം. നിങ്ങൾ ഏത് ജാതിയിൽ പെട്ടവരാണെന്നതോ നിങ്ങൾ സംസാരിക്കുന്ന ഭാഷ ഏതാണെന്നതോ നിങ്ങൾ പാവപ്പെട്ടവനാണെന്നതോ പണക്കാരനാണെന്നതോ സ്ത്രീയാണെന്നതോ പുരുഷനാണെന്നതോ പ്രശ്നമാവുകയില്ല; എല്ലാവരും ഈ രാജ്യത്ത് തുല്യ പൗരന്മാരായി കണക്കാക്കപ്പെടും. ഇന്ന് ഈ രാജ്യത്തെ മുസ്‌ലിംകളോട് രാജ്യത്തോടുള്ള തങ്ങളുടെ സ്നേഹവും കൂറും തെളിയിക്കാൻ വേണ്ടി ആവശ്യപ്പെടുമ്പോൾ നമ്മളോർക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഈ ചോദ്യങ്ങൾ ഉയരുന്നത് ഇന്ത്യക്ക് വേണ്ടി സ്വാതന്ത്ര്യസമരത്തിൽ ഒരിക്കൽപോലും പങ്കെടുക്കാത്ത, അതിന് വേണ്ടി ഒരു ത്യാഗവും ചെയ്യാത്ത ആളുകളിൽ നിന്നാണെന്നതാണ്.

ഈ രാജ്യത്തുള്ള എല്ലാ മുസ്‌ലിം സഹോദരന്മാരും സഹോദരിമാരും സ്വതാല്പര്യത്താൽ ഇന്ത്യക്കാരായവരാണ്. നമ്മൾ, മറ്റു മതസ്ഥർ നിർബന്ധിതാവസ്ഥയിൽ ഇന്തൃക്കാരായവരാണ്; നമുക്ക് മറ്റൊരു അവസരമുണ്ടായിരുന്നില്ല. നമുക്ക് ഈ രാജൃം മാത്രമാണുള്ളത്.നിങ്ങൾ മുസ്‌ലിംകൾ ഒരു തീരുമാനമെടുത്തു.നിങ്ങളുടെ മുൻഗാമികൾ ഇന്തൃയിൽ ജീവിക്കാൻ തീരുമാനിച്ചു എന്നതാണത്.

ജിന്ന ശരിയും ഗാന്ധി തെറ്റും ആയിരുന്നെന്ന് കാണിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരുടെ പാര്‍ട്ടിയുടെ പേര് ഭാരതീയ ജനതാ പാര്‍ട്ടി എന്നതില്‍ നിന്ന് ഭാരതീയ ജിന്നാ പാര്‍ട്ടി എന്നാക്കണം. ഇന്ത്യ ഒരു രാജ്യമല്ല രണ്ടു രാജ്യമാണെന്നാണ് ജിന്നാ സാഹിബ് പറഞ്ഞത്. മുസ്‌ലിം പാകിസ്താനും ഹിന്ദു ഹിന്ദുസ്ഥാനും. എന്നാല്‍ ഇത് ഒരൊറ്റ രാജ്യമാണെന്നാണ് നാം പറയുന്നത്. മുസ്‌ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, നിരീശ്വരവാദികള്‍, ദലിത്, പണക്കാര്‍, പാവപ്പെട്ടവര്‍, പുരുഷന്‍മാര്‍, സ്ത്രീകള്‍ അങ്ങിനെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുള്ള രാജ്യം.

എന്നിരുന്നാലും, നമ്മുടെ പോരാട്ടം പാര്‍ലമെന്റില്‍ വിജയിക്കാന്‍ കഴിയില്ല, കാരണം മതേതരമെന്ന് സ്വയം പ്രഖ്യാപിക്കുന്ന നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോരാട്ടം ഏറ്റെടുക്കാനുള്ള ധാര്‍മ്മിക ശക്തിയില്ല. ഈ പോരാട്ടം സുപ്രിം കോടതിയിലും വിജയിക്കില്ല. എന്‍ആര്‍സി, അയോദ്ധ്യ തര്‍ക്കം, കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയ കേസുകളില്‍ മാനവികത, സമത്വം, മതേതരത്വം എന്നിവ സംരക്ഷിക്കുന്നതില്‍ സുപ്രീം കോടതി പരാജയപ്പെട്ടത് നാം കണ്ടതാണ്. എന്നാലും സുപ്രിം കോടതിയില്‍ ഞങ്ങള്‍ കഴിയുന്നത്ര കഠിനമായി ശ്രമിക്കും, കാരണം ഇത് നമ്മുടെ സുപ്രിം കോടതിയാണ്. എന്നിരുന്നാലും, അന്തിമ തീരുമാനം പാര്‍ലമെന്റോ സുപ്രിം കോടതിയോ അല്ല നല്‍കുക.

രാജ്യത്തിന്റെ ഭാവി എന്തായിരിക്കും? നിങ്ങള്‍ ചെറുപ്പക്കാരാണ്. നിങ്ങളുടെ കുട്ടികള്‍ക്ക് ജീവിക്കാന്‍ ഏത് തരത്തിലുള്ള രാജ്യം വേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ തീരുമാനം എവിടെയാണ് എടുക്കുക? ഒരു വശത്ത്, തെരുവുകളില്‍ തീരുമാനമെടുക്കാം. നാമെല്ലാവരും തെരുവിലിറങ്ങണം. എങ്കിലും നമ്മുടെ പോരാട്ടത്തിന്റെ ഫലം കണ്ടെത്തേണ്ട തെരുവുകളേക്കാള്‍ വലിയ ഒരു ഇടമുണ്ട്. നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും. ഈ പോരാട്ടത്തിന്റെ പരിഹാരം നമുക്ക് എവിടെയാണ് കണ്ടെത്താനാവുക. അത് നമ്മുടെ ഹൃദയത്തിലാണ്. നിങ്ങളുടേയും എന്റേയും ഹൃദയത്തില്‍.

അവര്‍ നമ്മോട് വിദ്വേഷത്തോടെ പ്രതികരിക്കുകയും നമ്മള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്താല്‍ വിദ്വേഷം മാത്രമേ വളരുകയുള്ളൂ. നമ്മള്‍ ഇരട്ടിയായി തിരിച്ചടിച്ചാല്‍ രാജ്യത്ത് ഇരുട്ട് കൂടുതല്‍ വര്‍ധിക്കും എന്നത് സ്വാഭാവികമാണ്. അവിടെ ഇരുട്ട് കനത്തു കൊണ്ടേയിരിക്കുമ്പോള്‍ നാം നമ്മുടെ ഓരോരുത്തരുടേയും വിളക്ക് കത്തിക്കണം.അങ്ങിനെയേ അന്ധകാരത്തെ പരാജപ്പെടുത്താനാവൂ. അവരുടെ വെറുപ്പിന് നമുക്ക് ഒരു ഉത്തരമേ ഉള്ളൂ. അത് സ്‌നേഹമാണ്.

അക്രമമില്ലാത്ത വഴിയിലൂടെയാണ് നാം പോരാടേണ്ടതെന്നാണ് പ്രധാനം. നിങ്ങളെ അക്രത്തിന് പ്രേരിപ്പിക്കുന്നവര്‍ നിങ്ങളുടെ സുഹൃത്തല്ല. ഭരണഘടന നീണാള്‍ വാഴട്ടെ. സ്‌നേഹവും നീണാള്‍ വാഴെട്ട.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter