മമ്പുറം തങ്ങള്‍: നാടുണര്‍ത്തിയ നവോത്ഥാനം
കേരളീയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ഒരു പൊതു ചിത്രമുണ്ട്. പൊതുവായ ചില നാഴികക്കല്ലുകളുടെ ചുറ്റും കറങ്ങുകയാണത് .ചരിത്ര പുസ്തകങ്ങളുടെ പുതിയ പതിപ്പുകളിലും ഉത്തരക്കടലാസുകളിലും വെട്ടും തിരുത്തുമില്ലാതെ ഈ ചരിത്രം നിരന്തരം ആവര്‍ത്തിക്കുന്നു. പൊതുബോധത്തിലും വ്യവഹാരങ്ങളിലും അതിന്റെ വാര്‍പ്പു മാതൃകകള്‍ ഒടുങ്ങാത്ത ഘോഷയാത്ര നടത്തുന്നു. കേരളത്തെ ജനാധിപത്യവത്കരിച്ച സംഭവങ്ങളുടെ തിരക്കഥയില്‍ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയും ചാന്നാര്‍ ലഹളയും വൈക്കം സത്യാഗ്രഹവും സീനുകള്‍ കയ്യടക്കുമ്പോള്‍ നായകരായി പ്രത്യക്ഷപ്പെടുന്നത് ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും വക്കം അബ്ദുല്‍ ഖാദിറും മറ്റുമാണ്. നവോത്ഥാന സംഘടകളുടെ നിരയിലാണെങ്കില്‍ എസ്.എന്‍.ഡി.പി, സാധുജനത പരിപാലന സംഘം, ഇസ്‌ലാം ധര്‍മ്മ പരിപാലന സംഘം എന്നിങ്ങനെ ആജീവനാന്ത അംഗത്വമുള്ള ചിലരുണ്ട്. പി.എസ്.സി പരീക്ഷയിക്കു വേണ്ടി മന:പാഠമാക്കുന്ന ഈ കേരളീയ നവോത്ഥാന ചരിത്രം വെള്ളം ചേരാതെ ഭദ്രമായി സീല്‍ ചെയ്ത ഒരു അറയാണോ? ഇതിനപ്പുറത്ത്, അല്ലെങ്കില്‍ ഇതിനോട് ചേര്‍ത്ത് അധികവായന നടത്തേണ്ട ധാരാളം ഏടുകള്‍ കേരളീയ ചരിത്രത്തില്‍ പൊടിപിടിച്ച് കിടക്കുന്നില്ലേ? സാമൂഹിക നവീകരണത്തിന്റെ തിലകക്കുറിയണിഞ്ഞ് ചരിത്രത്തില്‍ മഷിപുരണ്ട് പോരുന്ന സംഭവങ്ങള്‍ക്ക് സമാന്തരമായ സത്യങ്ങള്‍ നമ്മുടെ മുഖ്യധാരാ ചരിത്ര അന്വേഷണ കമ്മിറ്റികളുടെ കണ്ണില്‍ എന്നെങ്കിലും പെട്ടിട്ടുണ്ടോ? ഒരു ചെറിയ ഉദാഹരണം: സവര്‍ണ ഹിന്ദു സ്ത്രീകളെ പോലെ വസ്ത്രധാരണെം ചെയ്യാനുള്ള അവകാശം ചാന്നാര്‍ സ്ത്രീകള്‍ക്കും ലഭിക്കാന്‍ തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായക്കാര്‍ നടത്തിയ സമരമാണല്ലോ മേല്‍മുണ്ട് സമരം എന്നു കൂടി വിളിക്കപ്പെടുന്ന ചാന്നാര്‍ ലഹള. അതിനെത്തുടര്‍ന്ന് ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറക്കുന്നതിനുള്ള നിയന്ത്രണം നീക്കം ചെയ്തുകൊണ്ട് 1959ല്‍ ഗവര്‍മെന്റ് രാജകീയ വിളംബരം പുറപ്പെടുവിക്കുകയുണ്ടായി. സമാനമായ ഒരു വിളംബരം ഇതിനു മുക്കാല്‍ നൂറ്റാണ്ട് മുമ്പ് ടിപ്പു സുല്‍ത്താന്‍ മലബാറില്‍ നടത്തിയിരുന്നു. താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ മാറ് മറക്കണമെന്ന കര്‍ശനമായ കല്‍പനയായിരുന്നു അത്. തന്റെ പരിഷ്‌കാരം പ്രഖ്യാപനത്തിലൊതുങ്ങിപ്പോകരുതെന്ന് കരുതി അതിനുവേണ്ട ധനസഹായം ചെയ്യാന്‍ പോലും ടിപ്പു നടപടികള്‍ സ്വീകരിക്കുകയുണ്ടായി. മലബാറിലെ ചില സ്ത്രീകള്‍ മാറ് മറക്കാതെ നടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വേദന തോന്നി, സന്മാര്‍ഗ ചിന്തക്ക് തീര്‍ച്ചയായും അതെതിരാണ് എന്നാണ് അദ്ധേഹം ഗവര്‍ണ്ണര്‍ക്കുള്ളകത്തില്‍ എഴുതിയത്. എന്നാല്‍ ചരത്ര പുസ്തകങ്ങളില്‍ ചാന്നാര്‍ ലഹളയുടെ ചിത്രം കറുത്ത വര്‍ണങ്ങളില്‍ വരക്കുകയും നിരന്തരം സ്‌കെച്ച് ചെയ്യുകയും ചെയ്യുമ്പോള്‍ ടിപ്പുവിന്റെ പരിഷ്‌കരണം സന്ദര്‍ഭങ്ങളിലൊതുങ്ങിപ്പോകുന്ന ഏതാനും പറച്ചിലുകളില്‍ തീരുന്നു. ആദ്യത്തേത് മഹത്തരവും ജനകീയവുമാകുമ്പോള്‍ രണ്ടാമത്തേത് അസ്വാഭാവികവും അരികുവത്കരിക്കപ്പെട്ടതുമാകുന്നു. ഒരേ ഉദ്ദേശ്യശുദ്ധിക്ക് ചരിത്രത്തില്‍ രണ്ടു തരത്തിലുള്ള പരിചരണവും പ്രിതികരണവും കിട്ടുന്നതെന്തുകൊണ്ടാണ്? നമ്മുടെ ചരിത്ര പഠനത്തിലും വായനയിലും അസഹ്യമായ കല്ലുകടിയും പൊരുത്തക്കേടും ഇങ്ങനെ പലയിടങ്ങളില്‍ പ്രകടമാവുന്നുണ്ട്. മേലാളത്ത ബോധവും കക്ഷിതാല്‍പര്യവും ഒന്നിച്ച് ശയിക്കുന്ന സവര്‍ണ കൂടാരത്തിലാണ് നമ്മുടെ ചരിത്രത്തിന്റെ പേറെടുപ്പ് നടക്കുന്നത്. രജിസ്റ്ററില്‍ ഏതെല്ലാം പേരുകള്‍ എങ്ങനെയൊക്കെ കുറിച്ചിടണമെന്ന് അവര്‍ തീരുമാനിക്കുന്നു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ ദേഹവിയോഗത്തിന് 177 വര്‍ഷം തികയുകയാണിപ്പോള്‍. കേരളീയ പൊതുജീവിതത്തില്‍ നവീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും പല മാനങ്ങള്‍ ആവിഷ്‌കരിച്ച വ്യക്തിത്വമാണ് തങ്ങളുടേത്. എന്നാല്‍ നമ്മുടെ പരമ്പരാഗത അക്കാദമിക ചരിത്രത്തില്‍ ഒരു മുസ് ലിം ആത്മീയമാചാര്യന്‍ എന്നതിനപ്പുറത്ത് ആ വ്യക്തിത്വത്തിന് എത്ര അളവില്‍ പ്രകാശനം സാധ്യമായിട്ടുണ്ട്?
മമ്പുറം സയ്യിദ് അലവി തങ്ങള്‍ 1751 ല്‍ യമനില്‍ ഹദ്‌റമൗത്തിലെ തരീം പട്ടണത്തിലാണ് തങ്ങളുടെ ജനനം. പതിനേഴാം വയസ്സില്‍ അദ്ദേഹം കോഴിക്കോട്ടെത്തി. തുടര്‍ന്ന് മമ്പുറത്തെത്തിയ തങ്ങള്‍ അവിടെ മത-സാമൂഹ്യ കാര്യങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്തി.1845ല്‍ തൊണ്ണൂറ്റി നാലാം വയസ്സില്‍ ദേഹവിയോഗം നടക്കുമ്പോഴേക്കും തങ്ങള്‍ മമ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും മത-സാമൂഹിക-കാര്‍ഷിക-തൊഴില്‍ രംഗത്തെല്ലാം വേരോടിയ വഴികാട്ടിയും ഉപദേശകനും ആയി മാറിയിരുന്നു. സാമ്രാജ്യത്വ വിരുദ്ധതയുടെ, ഇസ് ലാം മത കാര്യങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളുടെ ഒക്കെ കാര്യാലയമായും മമ്പുറം മാറിയിരുന്നു. മലബാറില്‍ ഇസ്‌ലാമിന്റെയും ഒത്തുതീര്‍പ്പില്ലാത്ത ബ്രിട്ടീഷ് വിരുദ്ധതയുടെയും കീഴാള ജനതയുടെ പുരോഗമനത്തിന്റെയുമെല്ലാം നല്ലകാലമായിരുന്നു തങ്ങളുടെ ജീവിതം. ആ പൊതുജീവിത്തിന്റെ അനുരണനങ്ങള്‍ കാലത്തിലൂടെ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.മാനുഷിക പ്രശ്‌നങ്ങളില്‍ ഇടര്‍ച്ചയില്ലാതെ ഇടപെടുന്നത് കൊണ്ടാണ് തങ്ങള്‍ ഖുതുബുസ്സമാന്‍ ആകുന്നത്. ബ്രിട്ടീഷ്-ജാതി-ജന്മി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കിയ കൃതിയാണ് തങ്ങളുടെ സൈഫുല്‍ ബത്താര്‍. എന്നാല്‍ പ്രസംഗപീഠത്തിലോ പുസ്തകത്താളുകളിലോ മറഞ്ഞിരുന്ന് യുദ്ധാഹ്വാനം മുഴക്കുന്ന ഒരു നിയല്‍ നേതാവിന് പകരം യുദ്ധമുഖത്ത് നേരിട്ട് ഹാജരായിരുന്നു തങ്ങള്‍. ചേറൂര്‍ പടയിലേറ്റ മുറിവാണ് തങ്ങളുടെ നിര്യാണത്തിന് കാരണമായതെന്ന് പറയുന്നുണ്ട്. മത-സാമൂഹ്യ ജീവിതത്തിന്റെ മേഖലകളില്‍ നേരിട്ടിടപഴകുന്ന സാംസ്‌കാരിക നായകന്റെ സാന്നിധ്യമാണ് തങ്ങളെ നൂറ്റാണ്ടുകള്‍ക്കിപ്പുറത്തും പൊതുജനസ്മൃതിയില്‍ നിലനിര്‍ത്തുന്നത്. ആഘോഷിക്കപ്പെട്ട ചരിത്ര രചനകളിലേതിനേക്കാള്‍ സമ്പന്നമായ നാട്ടുചരിത്രത്തിലാണ് തങ്ങളുടെ മിഴിവുള്ള ചിത്രമുള്ളത്. തലമുറകള്‍ തോറും നഷ്ടമായിക്കൊണ്ടിരിക്കുന്ന അത്തരം സ്മൃതിചിത്രങ്ങളെ ക്രോഡീകരിക്കേണ്ടത് നമ്മുടെ കാലത്തെ അടിയന്തര പ്രാധാന്യമുള്ള സാംസ്‌കാരിക പ്രവര്‍ത്തനമാണ്.ആദ്യത്തെ ജനകീയ നേതാവ് മതനേതാവ്, സാമൂഹ്യ സമുദ്ധാരകന്‍, ബ്രിട്ടീഷ്-ജാതി-ജന്മി വിരുദ്ധ വിപ്ലവകാരി എന്നിങ്ങനെ പല അടരുകളുള്ള വ്യക്തിത്വമായിരുന്നെങ്കിലും കേരള ചരിത്രത്തിലെ ആദ്യത്തെ ജനനായകന്‍ മമ്പുറം തങ്ങളായിരുന്നുവെന്ന് കാണാം. ആശയവിനിമയത്തിന്റെ പരിമിതി, ഗതാഗതത്തിന്റെ അസൗകര്യം, നാട്ടുരാജ്യങ്ങള്‍ തിരിഞ്ഞുള്ള ഭരണരീതി എന്നിവയില്‍ പെട്ട് തങ്ങളുടെ നേതൃജീവിതത്തിന്റെ ആവൃത്തി മലബാറില്‍ നിന്ന് പുറത്തേക്ക് കൂടുതല്‍ അക്കാലത്ത് വ്യാപിച്ചില്ല. അത് ആ കാലത്തിന്റെ പരിമിതിയായിരുന്നു. എന്നാല്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മത-ജാതി സ്വത്വത്തിന് ഉപരിയായി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത ആദ്യത്തെ വ്യക്തി തങ്ങളായിരുന്നുവെന്ന് നിരീക്ഷിക്കാം. നിശിതമായ മതനിഷ്ഠ പുലര്‍ത്തിയിരുന്നെങ്കിലും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മത മൂല്യങ്ങളിലധിഷ്ഠിതമായ ഒരു മതാതീയ തലം പുലര്‍ത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. കൃഷിയിലേര്‍പ്പെട്ട പാവപ്പെട്ട കുടിയാന്മാരായ മാപ്പിളമാരുടെയും കീഴ്ജാതിക്കാരുടെയും ആത്മവിശ്വാസവും കരുതല്‍ധനവും ആയിരുന്നത് തങ്ങളുടെ ഉപദേശവും പ്രാര്‍ത്ഥനയുമായിരുന്നുവെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. വിത്തിറക്കുമ്പോഴും വിളവെടുക്കുമ്പോഴും അവര്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. കാര്‍ഷിക ജീവിതം നയിച്ചിരുന്ന അടിയാള വിഭാഗങ്ങളുടെ അടിസ്ഥാന വികാരത്തിനൊപ്പം നീങ്ങാന്‍ തങ്ങള്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു. സ്വകാര്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി അന്വേഷിച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ള ധാരാളം പേര്‍ തങ്ങളെ സമീപിച്ചിരുന്നു. ഒറ്റമൂലി ഔഷദങ്ങള്‍ നല്‍കിയും മന്ത്രിച്ചും അവരുടെ ആകുലതകള്‍ക്ക് തങ്ങള്‍ ശമനം നല്‍കി. എല്ലാത്തരം ആളുകളുടെയും ആഘോഷങ്ങളിലും ആചാരങ്ങളിലും പങ്കുകൊള്ളുക വഴി കേരളീയ പൊതുജീവിതത്തില്‍ മുന്‍ മാതൃകളില്ലാത്ത വിധം പുതിയൊരുജനുസ്സില്‍ പെട്ട നേതാവായി തങ്ങള്‍ മാറി. ഏതെങ്കിലും ജനവിഭാഗത്തിന്റെ സ്വകാര്യ സ്വത്തായിരുന്ന നായകന്‍ എന്ന സങ്കല്‍പത്തില്‍ നിന്ന് എല്ലാ വിഭാഗങ്ങളുടെയയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന നേതാവായി തങ്ങള്‍ ഉയര്‍ന്നു. നിരന്തരം നാട് ചുറ്റിനടന്ന അദ്ദേഹത്തിന്റെ പരിഷ്‌കരണ യത്‌നങ്ങള്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളിലില്‍ വ്യാപിച്ചു കിടക്കുന്നു. ഹിന്ദുക്കളുടെ വിവാഹ നിശ്ചയങ്ങളില്‍ പോലും അദ്ദേഹം പങ്കെടുത്തു. ആശാരി, കല്ലാശാരി തുടങ്ങി വിവിധ തൊഴിലാളി വിഭാഗങ്ങളെ തങ്ങള്‍ ഗുണപരമായി സ്വാധീനിച്ചതിന്റെയും തന്മൂലം അവര്‍ സാമൂഹ്യ ശ്രേണിയില്‍ ഉയര്‍ന്നു വന്നതിന്റെയും കഥകള്‍ നാട്ടു ചരിത്രത്തില്‍ സജീവമാണ്. ഒരു മതനേതാവിന്റെ വൃത്തത്തില്‍ തളച്ചിടുക വഴി ജനകീയ നേതാവെന്ന മമ്പുറം തങ്ങളുടെ വ്യക്തിത്വത്തെ പരിമിതപ്പെടുത്തുകയാണ് നാം. തിരുനബി(സ)യുടെ കുടുംബ പരമ്പരയില്‍ പെട്ട സയ്യിദുമാര്‍ക്ക് മലബാറിലുടനീളം ലഭിച്ചിരുന്ന സഹജമായ ആദരവ് മമ്പുറം തങ്ങള്‍ മറ്റു സമുധായങ്ങളെ കൂടി ഉള്‍പെടുത്തി വിപുലപ്പെടുത്തുകയായിരുന്നു. ജന്മിമാരുടെ ചൂഷണത്തിന് വിധേയരായിരുന്ന ഈഴവന്മാരുടെയും മാപ്പിളമാരുടെയും പീഡിത മനസ്സ് അദ്ദേഹത്തില്‍ ഒരു പൊതു സംരക്ഷണ കനം കണ്ടെത്തിയതില്‍ ചരിത്രപരമായ നീതീകരണമുണ്ട്. ഇത്തരമൊരു ജനകീയ നേതാവിന്റെ പൂര്‍വമാതൃകകള്‍ കേരളീയ ചരിത്രത്തില്‍ വേറെയില്ല. അതിരൂക്ഷമായ ജാതിവിഭജനവും സാമ്പത്തിക ചൂഷണവും നിലനിന്നിരുന്ന കേരളീയ സാമൂഹിക മാനവിക ചിന്ത, സമത്വബോധം, അചഞ്ചലമായ നീതവിചാരം എന്നിവ മുറുകെ പിടിച്ചാണ് തങ്ങള്‍ ജീവിച്ചത്. പൊതു വ്യവഹാരത്തില്‍ നാം നവോന്ഥാനമെന്ന് വിളിക്കുന്ന സാഹചര്യം ഉടലെടുത്തത് കൊളോണിയല്‍ ദേശീയതയില്‍ നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ നിന്നുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തലുമാണ് മാറ്റത്തിന്റെ പ്രവണതകള്‍ കേരളത്തില്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തന്നെ ഇത്തരമൊരു സാമൂഹ്യ നവോത്ഥാനത്തെ കുറിച്ചുള്ള വിചാരപ്പെടുത്തലുകള്‍ തങ്ങള്‍ നടത്തി. ഇസ് ലാമിക ആശയലോകത്തിന്റെ സമത്വ മനോഭാവമാണ് ഇതിന്റെ നട്ടെല്ലായി ഉണ്ടായിരുന്നത്. കേരളത്തില്‍ ലക്ഷണമൊത്ത സാമൂഹിക നവോത്ഥാന പ്രവര്‍ത്തകരായ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മറ്റും ജന്മമെടുക്കുന്നത് തങ്ങളുടെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്, സാധുജന പരിപാലന സംഘം എന്നിവ രൂപീകരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്.വൈക്കം-ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ നടക്കുന്നത് തങ്ങളുടെ ഒരു നൂറ്റാണ്ടിന് ശേഷമാണ്.
തങ്ങളുടെ കീഴാളാഭിമുഖ്യം മമ്പുറം സയ്യിദ് അലവി തങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന കീഴാളാഭിമുഖ്യം ആഴത്തില്‍ ആലോചിക്കേണ്ടതാണ്. സാമൂഹികമായി ദുര്‍ബലരായിരുന്ന ജനവിഭാഗങ്ങളോട് തങ്ങള്‍ കാണിച്ചിരുന്ന താല്‍പര്യത്തിന് അവര്‍ കലവറയില്ലാത്ത ആദരവിലൂടെ മറുപടി നല്‍കി. തങ്ങളുടെ മഖ്ബറസന്ദര്‍ശിക്കാനെത്തുന്ന വിവിധ മതസ്ഥര്‍ കീഴാളര്‍ അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അവരുടെ ജീവിതത്തിലെ വ്യക്തിപരവും സാമൂഹികവുമായ വിശേഷാവസരങ്ങള്‍ തങ്ങളായിരുന്നു നിര്‍ണയിച്ചിരുന്നത്. ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ഇതിപ്രകം വിശദീകരികരിക്കുന്നു: ഒരു മതപ്രബോധകന്‍ എന്നനിലയില്‍ സൂക്ഷമതൃക്കും കണിശക്കാരനും ആയിരുന്നപ്പോള്‍ തന്നെ ജീവിത ശൈലിയിലെ ലാളിത്യവും ജാതി-മത ഭേദമന്യെ സര്‍വ്വരോടുമുള്ള സഹാനുഭൂതിയോടെയുള്ള പെരുമാറ്റവും കൊണ്ട് ജനമനസ്സുകളെ വശീകരിക്കാന്‍ അദ്ദേഹത്തിന് ഏറെ നാള്‍ വേണ്ടിവന്നില്ല. വിജാതീയ മതസ്ഥരുമായി അദ്ദേഹം സ്ഥാപിച്ച മൈത്രി ബന്ധം സാമൂഹികമായൊരു ദീര്‍ഘദര്‍ശിത്വത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടാവുന്നതാണ്. മൂന്നിയൂരിലെ കളിയാട്ടക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട നാടന്‍ പാട്ടുകളില്‍ മമ്പുറം തങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് ഉദാഹരണം (മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയതങ്ങള്‍: അധിനിവേശവിശുദ്ധ ചരിത്രത്തിലെ നിത്യസാനിധ്യം പുറം:81). കീഴാള ബോധങ്ങളില്‍ എത്ര ശക്തമായ സാന്നിധ്യമായിരുന്നു തങ്ങളെന്ന് ഇതിലൂടെ മനസ്സിലാക്കാം. മലപ്പുറം ജില്ലയിലെ മൂന്നിയൂരില്‍ കളിയാട്ടമെന്ന പേരില്‍ ഹരിജന വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന വാര്‍ഷിക ചന്തക്കും ഉത്സവത്തിനും ഇടവമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച എന്ന തീയ്യതി കുറിച്ചത് മമ്പുറംതങ്ങളാണ്. തങ്ങളുടെ സാമൂഹ്യ ജീവിതത്തിലെ അത്യന്ത്യം പ്രതീകാത്മകമായൊരു കര്‍മ്മമാണിത്.1888ല്‍ അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയതിനെ നവോത്ഥാന പ്രവര്‍ത്തനത്തിന്റെ നാന്ദിയായി വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ തങ്ങള്‍ നടത്തിയ പ്രവര്‍ത്തിയുടെ സാമൂഹ്യ വിവക്ഷയും പ്രാധാന്യവും വിലയിരുത്തപ്പെടേണ്ടതുണ്ട്. ജാതീയമായി അവശതയനുഭവിക്കുന്ന ഹരിജന വിഭാഗത്തിന്റെ സാംസ്‌കാരിക വ്യക്തിത്വപ്രകാശനം നടക്കുന്ന സാമൂഹ്യ സന്ദര്‍ഭത്തെ സാധ്യമാക്കുക എന്ന സാംസ്‌കാരിക പ്രവര്‍ത്തനമാണ് തങ്ങള്‍ ഇതിലൂടെ നിര്‍വ്വഹിച്ചത്. ജന്മിമാരുടെ സാമ്പത്തിക സാമൂഹിക അടിച്ചമര്‍ത്തുലകള്‍ക്ക് പാവപ്പെട്ടവര്‍ വിധേയരായിരുന്ന സാമൂഹിക പരിസരത്തില്‍ അതിന് വലിയ പ്രസക്തിയുണ്ട്. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം തങ്ങളുടെ വ്യക്തിത്വത്തിലെ കീഴാളാഭിമുഖ്യം അടയാളപ്പെടുത്തുന്നത് വായിക്കുക: ദളിതര്‍ എന്ന നാമത്തില്‍ അക്കാലത്ത് അറിയപ്പെട്ടിരുന്ന അധ:സ്ഥിതരായ വര്‍ഗത്തെ സംസ്‌കാര സമ്പന്നരാക്കി വളര്‍ത്തുന്നതില്‍ മഹാനായ ആ നേതാവ് പ്രതേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. മഹാത്മാ സയ്യിദ് അലവിതങ്ങളും കുടുംബക്കാരും ദളിത് വര്‍ഗക്കാരുടെ ഉദ്ധാരകരായരുന്നു. എല്ലാ വിഭാഗം ഹൈന്ദവര്‍ക്കിടയിലും ഉണ്ടായിരുന്ന കക്ഷി വഴക്കുകളും നിഷ്പക്ഷമായി മധ്യസ്ഥം വഹിച്ച് തീര്‍ക്കുന്നതും ഐക്യം ഊട്ടി ഉറപ്പിക്കുന്നതും തങ്ങവറുകടെ പതിവായിരുന്നു (മലബാറിലെ രത്‌നങ്ങള്‍ പുറം:19). മതഭ്രാന്തിന്റെ നിര്‍മിതി സമാധാനകാലത്തെ നേതാവായിരുന്നില്ല തങ്ങള്‍. യുദ്ധ സമാനമായ സമരങ്ങളുടെ നടുവിലാണ് തങ്ങള്‍ മമ്പുറത്തെത്തുന്നതും അവസാനം വരെ ജീവിക്കുന്നതും. അതിനനുസൃതമായ പ്രത്യയശാസ്ത്ര ഭൂമിക ഒരുക്കേണ്ടതും കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതും തന്റെ കര്‍ത്തവ്യമായി തങ്ങള്‍ തിരിച്ചറിഞ്ഞു. ബ്രിട്ടനെതിരെ പോരാടേണ്ടത് ഓരോ മുസ്ലിമിന്റെയും നിര്‍ബദ്ധ ബാധ്യതയായി തങ്ങള്‍ വിശദീക്കുന്നത് ഈ വെളിച്ചത്തിലാണ്. ജന്മികളുടെ പിന്തുണയോടെ മാപ്പിളമാരെ നേരിട്ട ബ്രിട്ടീഷുകാര്‍ മാപ്പിള സമരങ്ങളെ കലാപം, ലഹള, ഹാലിളക്കം എന്നിങ്ങനെ ന്യൂനീകരിക്കുകയായിരുന്നു. മെയ്ഡ് ഇന്‍ ബ്രിട്ടന്‍ എന്ന ലേബര്‍ ഒട്ടിക്കാവുന്ന ആ ചരിത്രപാഠങ്ങളുടെ ചുവടുപിടിച്ച് കേരളീയ ചരിത്രമെയുതിയവരും ഇതേ പരികല്‍പനകള്‍ക്കുമേല്‍ അടയിരിക്കുകയായിരുന്നു. മതഭ്രാന്തമ്മാരുടെ ഹാലിളക്കമായി ആ ധര്‍മ്മസമരങ്ങളെ വിലയിരുത്തി പൊതുമനസാക്ഷ്യം സവര്‍ണ ബോധവും തൃപ്തിയടഞ്ഞു. ഈ സമരങ്ങളുടെഅടിത്തറയായിരുന്നു ജീവില്‍പ്രശ്‌നങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും ചരിത്ര മൂല്യത്തെയും ഒക്കെ ഒറ്റയടിക്ക് മുക്കിക്കളയാന്‍ പോന്നതായിരുന്നു മതഭ്രാന്ത്, കലാപം തുടങ്ങിയ പ്രയോഗങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മാപ്പിളമാര്‍ നടത്തിയ പ്രതിരോധം രേഖകളില്‍ മതകലാപങ്ങളാക്കി ഒതുക്കിക്കളഞ്ഞു ചരിത്രകാരമ്മാര്‍., മതഭ്രാന്തനായ അറബിതങ്ങള്‍ എന്ന് വിളിക്കുന്നതിലൂടെ തങ്ങള്‍ നിര്‍വഹിച്ച സാമൂഹ്യ നവോത്ഥാനത്തെയും കീഴാള സമൂദ്ധാരണത്തെയും തമസ്‌കരിക്കാന്‍ ജന്മി ബ്രിട്ടീഷ് കൂട്ടു കെട്ടിന് കഴിഞ്ഞു. ഹൈന്ദവ പ്രമാണിയും ചെമ്പായ കുടുംബാംഗവുമായ കോന്തുനായരെ ജീവിതം മുഴുവന്‍ കാര്യസ്ഥനായി കൂട്ടിയ തങ്ങളയാണ് സ്റ്റീഫന്‍ എഫ് ഡയലിനെപ്പോലെയുള്ള ചരിത്ര നിര്‍മ്മാതാക്കള്‍ മതഭ്രാന്തനായി ചിത്രീകരിക്കുന്നത്. ഇതൊരു പുതിയ രീതിയല്ല. മുമ്പും ഇത് നടന്നിട്ടുണ്ട്. സാമൂതിരി മഴമേഘവും തങ്ങള്‍ ദാഹിച്ചു വലഞ്ഞവരുമാണ്. എന്റെ കാരണമായി നമ്മുടെ ദാഹം തീര്‍ന്നെങ്കിലോ എന്ന് ഞാന്‍ ആശിക്കുന്നു. ഈ കടുത്ത യാതനകളില്‍ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തുക. അള്ളാഹു നിങ്ങള്‍ക്ക് പ്രതിഫലം തരും എന്ന് തഹ് രീദീല്‍ പാടിയ മഖ്ദൂമാണ് കൊച്ചിയില്‍ നിന്ന് കുഞ്ഞാലിമരക്കാരെസാമൂതിരിക്കുവേണ്ടി വരുത്തിച്ചത്. നൂറ്റാണ്ട് നീണ്ട പോരാട്ടങ്ങളിലൂടെ മരക്കാര്‍മാര്‍ അറബിക്കടലിന്റെ മാനം കാത്തു. കോഴിക്കോടിനെ സമാധാനത്തിന്റെ കാറ്റു കൊണ്ട് നിറച്ചു ഒടുവില്‍ സാമൂതിരിയുടെ ഒത്താശയോടെ കൂഞ്ഞാലിയുടെ തല വെട്ടി തെരുവില്‍ നാട്ടി നെറ്റിയില്‍ മതഭ്രാന്തന്‍ എന്ന പേര് കൊത്തിവെച്ചു. ടിപ്പുവിന്റെ കാര്യത്തിലും ഇതു തന്നെയാണ് നടന്നത്. ബ്രട്ടീഷ്‌കാരോട് ചേര്‍ന്ന് ഒരിക്കലെങ്കിലും ഒരു ഇന്ത്യന്‍രാജാവിനോട് യുദ്ധം ചെയ്യാത്ത രാജാവ് ടിപ്പുവാണ്. ബ്രിട്ടീഷുകാരോട് യുദ്ധം ചേര്‍ന്ന് യുദ്ധക്കളത്തില്‍ മരിച്ച ഒരേയൊരു ഇന്ത്യന്‍ രാജാവും ടിപ്പുവാണ്. തുച്ഛമായ വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ ജാതിചിന്തയെ പൊളിച്ചടുക്കിയ ടിപ്പു പക്ഷേ ഇതേ കാരണം കൊണ്ട് മതഭ്രാന്തനും ക്ഷേത്രധ്വംസകനുമായി. മമ്പുറം തങ്ങള്‍ക്കെതിരെയും നീണ്ടുവന്നത് ഇതേ ആരോപണത്തിന്റെ വാലാണ്. ഈ ആരോപണം ഇപ്പോള്‍ ഓരോ മുസ്ലിമിനെതിരെയും നീളുന്നു. തീവ്രവാദി, മതഭ്രാന്തന്‍, അപരിഷ്‌കകൃതന്‍...എത്ര പെട്ടന്നാണ് ഇതില്‍ മുങ്ങി നമ്മുടെ നവോത്ഥാന ശ്രമങ്ങള്‍ റദ്ധായത്. നമ്മുടെ ദേശക്കൂറും മതസൗഹാര്‍ദ്ധ പാഠങ്ങളും ചൊല്ലി മറ്റുള്ളുവരെ ബോധ്യപ്പെട ുത്തേണ്ട തിരക്കിലാണ് നാം.റഫറന്‍സ് 1.മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍: അധിനിവേശ വിരുദ്ധ ചരിത്രത്തിലെ നിത്യസാനിധ്യം-ഡോ.കെ.കെ.എന്‍.കുറുപ്പ്, ഡോ.പി.കെപോക്കര്‍ 2.മലബാറിലെരത്‌നങ്ങള്‍-കെ.കെ.മുഹമ്മദ്അബ്ദുല്‍കരീം 3.മമ്പുറംതങ്ങള്‍ ജീവിതം ആത്മീയത പോരാട്ടം-മോയിന്‍ ഹുദവി മലയമ്മ, മഹ്.മൂദ് പനങ്ങാങ്ങര 4.കേരള മുസ്ലിങ്ങള്‍: പോരാട്ടചരിത്രം- പ്രഫ.കെ.എം.ബഹാ്ഉദ്ദീന്‍.
Leave A Comment