ഗൊഗോയി രാജ്യസഭയിലേക്ക്; ജുഡിഷ്യറി തല താഴ്ത്തട്ടെ
സ്ഥാനമൊഴിയുന്ന ന്യായാധിപന്മാര്‍ക്കു മുന്നില്‍ പ്രലോഭനത്തിന്റെ സ്ഥാനമാനങ്ങള്‍ നിരത്തുന്ന ഭരണധികാരങ്ങള്‍ക്കെതിരേ കലാപം കൂട്ടിയ യശശ്ശരീരനായ നിയമവിശാരദന്‍ വി.ആര്‍ കൃഷ്ണയ്യര്‍, ദശകങ്ങള്‍ക്ക് മുമ്ബ് ഗൗണ്‍ധാരികള്‍ക്ക് നല്‍കിയ ഒരു മുന്നറിയിപ്പുണ്ട്: 'നീതിന്യായ സംവിധാനമേ, നിങ്ങള്‍ സ്വമേധയാ ചരമഗീതം എഴുതരുതേ'എന്ന്. ഹിന്ദുത്വ ഫാസിസം ജനാധിപത്യസ്ഥാപനങ്ങള്‍ ഓരോന്നായി തങ്ങളുടെ ചൊല്‍പടിക്കുകീഴില്‍ കൊണ്ടുവരുകയും പൗരാവകാശത്തിന്റെ ആധാരശിലകളെ തകര്‍ത്തെറിയുകയും ചെയ്യുമ്ബോള്‍, പരമോന്നത നീതിപീഠത്തില്‍നിന്ന് ഇനി കൂടുതലായി ഒന്നും പ്രതീക്ഷിക്കേണ്ട എന്ന താക്കീതാണ് രഞ്ജന്‍ ഗൊഗോയിയുടെ ഈ സ്ഥാനലബ്ധി സിവില്‍സമൂഹത്തിന് കൈമാറുന്നത്. ബാബരി കേസില്‍ നിയമവും ചരിത്രവും യുക്തിയും ചവട്ടിയരച്ച്, സരയൂനദിക്കരയില്‍ നിലകൊണ്ട ആ ദേവാലയം, 470 വര്‍ഷം നിലകൊണ്ട സ്ഥലമടക്കം മൊത്തം 67 ഏക്കര്‍ ഭൂമി വെള്ളിത്താലത്തില്‍വെച്ച് അവിടെ അതിക്രമിച്ചു കുടിയേറിയ രാമവിഗ്രഹത്തിന് സമര്‍പ്പിക്കുകയും ആര്‍.എസ്.എസിന്റെ രാമജന്മഭൂമി പദ്ധതിയുടെ സാക്ഷാത്കാരത്തിന് കൈയൊപ്പ് ചാര്‍ത്തുകയും ചെയ്തതിന്റെ പ്രതിഫലമാണ് ഗൊഗോയിയെ തേടിവന്ന ഈ സ്ഥാനലബ്ധി.
താന്‍ പിരിയുന്നതിന് മുമ്പ് ബാബരി കേസില്‍ വിധി പറയണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ശഠിച്ചതിന്റെ ഗുട്ടന്‍സ് എല്ലാവര്‍ക്കും പിടികിട്ടിയിരുന്നു. എന്നാല്‍ മുഖ്യവിധിന്യായവും അനുബന്ധവും ആരാണ് കുറിച്ചിട്ടതെന്ന് തുറന്നുപറയാനുള്ള സത്യസന്ധതയോ ധൈര്യമോ കാട്ടാതെ, ദുരൂഹതയുടെ മറവില്‍ ഒളിച്ചുനിന്നുവെന്ന ദുഷ്‌പ്പേര് നെറ്റിയില്‍ ചാര്‍ത്തിയാണ് ഈ അസം സ്വദേശി ജുഡിഷ്യറി വിട്ടത്. അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കേസബ് ചന്ദ്ര ഗൊഗോയിയുടെ പുത്രനായ ഇദ്ദേഹം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് ആയിരുന്നു. അസമില്‍ ദേശീയ പൗരത്വപട്ടിക (എന്‍.ആര്‍.സി ) തയാറാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് ഇദ്ദേഹമാണെന്ന് പലര്‍ക്കുമറിയില്ല. തങ്ങള്‍ ചെയ്യുന്നതെല്ലാം ഉന്നതനീതിപീഠത്തിന്റെ നിര്‍ദേശപ്രകാരമാണെന്ന് പറഞ്ഞ് മോദി സര്‍ക്കാര്‍ കൈകഴുകാന്‍ ശ്രമിക്കുന്നത് ഈ ന്യായാധിപന്‍ മുന്നോട്ടുവെച്ച ഹിന്ദുത്വ അജന്‍ഡയോടുള്ള പ്രതിബദ്ധത മറച്ചുപിടിച്ചാണ്. തന്നെ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ സഹായിയായി കൊണ്ടുപോയി നിര്‍ത്തുകയും 2018 ഒക്ടോബറില്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ച് 2019 ഏപ്രില്‍ 19ന് ഒരു വീട്ടമ്മ സുപ്രിം കോടതിയിലെ 22 ജഡ്ജിമാര്‍ക്കും പരാതി സമര്‍പ്പിച്ചപ്പോള്‍ അത് സൃഷ്ടിച്ച കോളിളക്കം ഒന്ന് മാത്രംമതി, ഗൊഗോയിയെ സ്ഥാനത്തുനിന്ന് പിടിച്ചുപുറത്താക്കാന്‍. വിചിത്രമെന്നേ പറയേണ്ടൂ; സാമാന്യനീതിയുടെ പ്രാഥമിക തത്ത്വങ്ങള്‍ ഉല്ലംഘിച്ച് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ന്യായാധിപസംഘം തന്നെ പരാതി പരിശോധിച്ച് തള്ളിക്കളഞ്ഞുവെന്ന് മാത്രമല്ല, ആ സ്ത്രീയുടെ ഭര്‍ത്താവിനെയും അവരുടെ രണ്ടു സഹോദരങ്ങളെയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു.
മോദിസര്‍ക്കാരിന് താല്‍പര്യമുള്ള ഒട്ടനവധി കേസുകള്‍ രഞ്ജന്‍ ഗൊഗോയിയുടെ പരിഗണനക്ക് വന്നിരുന്നു. റാഫേല്‍ ആയുധ ഇടപാടാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സര്‍ക്കാരിന് അനുകൂലമായി വിധി എഴുതി. സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മക്കെതിരായ കേസിലും മോദിസര്‍ക്കാരിന്റെ മുഖം രക്ഷിച്ചത് ഈ മനുഷ്യനാണ്. അതേസമയം, താന്‍ നിഷ്പക്ഷനാണെന്നും കണിശക്കാരനാണെന്നും മാലോകരെ ബോധ്യപ്പെടുത്താന്‍ സുപ്രിം കോടതി നടപടികളെ വിമര്‍ശിച്ചതിന് ജസ്റ്റിസ് സി.എസ് കര്‍ണനും മര്‍ക്കണ്ഡേയ കട്ജുവിനും എതിരേ കോടതിയക്ഷ്യത്തിന് കേസെടുത്ത് വിവാദം സൃഷ്ടിച്ചത് ഭരണകൂട മേലാളന്മാരെ പ്രീതിപ്പെടുത്താനാണെന്ന് അന്നേ പലരും ചൂണ്ടിക്കാട്ടിയതാണ്. മോദിസര്‍ക്കാരാവട്ടെ ഉപകാരസ്മരണയുടെ ആദ്യപടിയായി ഇദ്ദേഹത്തിന്റെ സഹോദരന്‍, എയര്‍മാര്‍ഷല്‍ അഞ്ജന്‍കുമാര്‍ ഗൊഗോയിയെ വടക്കുകിഴക്കന്‍ കൗണ്‍സിലില്‍ സ്ഥിരം അനൗദ്യോഗിക അംഗമായി നിയമിക്കുകയുണ്ടായി.
അപ്പോഴും ഒരു മുന്‍ ചീഫ് ജസ്റ്റിസിനെ രാജ്യസഭയിലേക്കയച്ച് ജുഡിഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ മറ നീക്കിക്കളയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊരു മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവനെ 2014ല്‍ മോദി സര്‍ക്കാര്‍ തന്നെയാണ് കേരളത്തിലേക്ക് ഗവര്‍ണറായി അയച്ചത്. ആ നിയമനത്തിന്റെ ഔചിത്യത്തെ അന്ന് പലരും ചോദ്യം ചെയ്തതാണ്. അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട തുളസീറാം പ്രജാപതി കേസില്‍ മോദിയുടെ വലംകൈയെ രക്ഷിക്കുന്ന തരത്തിലുള്ള വിധി എഴുതിയതിനുള്ള പ്രത്യുപകാരമാണ് ഗവര്‍ണര്‍പദവിയെന്ന് ആരോപിക്കപ്പെട്ടിരുന്നു. ബഹ്‌റുല്‍ ഇസ്‌ലാം ഗൊഗോയി ആയിരുന്നില്ല ഇന്ത്യയില്‍ ജുഡിഷ്യറിയുടെ നിഷ്പക്ഷതക്ക് കോട്ടം തട്ടുന്നതും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നതും ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിലാണ്. സീനിയോറിറ്റി മറികടന്ന് സുപ്രിം കോടതി ജഡ്ജിമാരെ നിയമിച്ചതും അടിയന്തരാവസ്ഥയില്‍ ജബല്‍പൂര്‍ കേസില്‍ ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്കൊത്ത് പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ജുഡിഷ്യറിയിലെ ഒരുവിഭാഗത്തെ വിലക്കുവാങ്ങിയതും അക്കാലത്ത് അതീവ ഗൗരവമുള്ള അചയങ്ങളായാണ് രാഷ്ട്രീയമണ്ഡലം നോക്കിക്കണ്ടത്. നീതിന്യായ വ്യവസ്ഥക്ക് പോറലേല്‍ക്കുന്നത് കാണുമ്ബോള്‍ നിയമജ്ഞര്‍ മാത്രമല്ല, മീഡിയയും രാഷ്ട്രീയ നേതൃത്വവും സടകുടഞ്ഞെഴുന്നേല്‍ക്കുമായിരുന്നു.
ജബല്‍പൂര്‍ കേസില്‍ പൗരാവകാശങ്ങള്‍ക്കു വേണ്ടി ഏകനായി ശബ്ദമുയര്‍ത്തിയ ജസ്റ്റിസ് ഖന്നക്ക് ഏതെങ്കിലും ഇന്ത്യന്‍ നഗരത്തില്‍ പ്രതിമ പണിത് ഓര്‍മകള്‍ നിലനിര്‍ത്തണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗമെഴുതിയപ്പോള്‍ സാധാരണക്കാര്‍ പോലും അതാഹ്ലാദത്തോടെയാണ് വായിച്ചത്. 1983ല്‍ സുപ്രിം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് ബഹ്‌റുല്‍ ഇസ്‌ലാമാണ് ആദ്യമായി രാജ്യസഭയിലേക്ക് അവരോധിക്കപ്പെടുന്ന സുപ്രിം കോടതി ജഡ്ജി. എന്നാല്‍, ഇദ്ദേഹം ജഡ്ജിയാവുന്നതിന് മുമ്ബ് 1962 തൊട്ട് 72വരെ രാജ്യസഭാംഗമായിരുന്നു. 1983 ജൂണില്‍ ബഹ്‌റുല്‍ ഇസ്‌ലാമിനെ രാജ്യസഭയിലേക്ക് ഇന്ദിരാ ഗാന്ധി നോമിനേറ്റ് ചെയ്തപ്പോള്‍, പാറ്റ്‌ന അര്‍ബന്‍ കോര്‍പ്പറേറ്റ് ബാങ്ക് കുംഭകോണത്തില്‍പ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവ് ജഗന്നാഥ മിശ്രയെ കുറ്റമുക്തനാക്കിയതിലുള്ള
പ്രത്യുപകാരമായി വ്യാഖ്യാനിക്കപ്പെട്ടു. ഗൊഗോയിയെ പോലെ ഇദ്ദേഹവും അസമില്‍നിന്നാണ് വരുന്നത്. എന്നാല്‍, പണ്ഡിതനും നിയമ വിശാരദനുമായ ബഹ്‌റുല്‍ ഇസ്‌ലാം കശിപൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ തലവനായി പോലും തിളങ്ങിയിട്ടുണ്ട്. മുത്വലാഖ് കൂടുതലൊന്നും ചര്‍ച്ച ചെയ്യപ്പെടാതിരുന്ന ഒരുകാലത്ത്, ആ വിഷയത്തില്‍ അദ്ദേഹം പുറപ്പെടുവിച്ച പഠനാര്‍ഹമായ വിധി ഇന്നും നിയമവിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ബഹ്‌റുല്‍ ഇസ്‌ലാം ഇന്ദിര സര്‍ക്കാരിന് താല്‍പര്യമുള്ള ഒരുകേസും കേട്ടിരുന്നില്ല. ഗൊഗോയിയുടെ നിയമജീവിതം അത്തരമൊരു ചിത്രമല്ല കാഴ്ചവയ്ക്കുന്നത്. ബലാത്സംഗക്കേസിലൂടെ ന്യായാധിപന്റെ കുപ്പായത്തില്‍ ചെളിവാരിത്തേച്ച ഈ ജഡ്ജ്, ബാബരി കേസിലൂടെ ജനാധിപത്യമതേതര ഭരണഘടനയോട് ചെയ്ത പാതകം വരുംനാളുകളില്‍പോലും രാജ്യം അനുഭവിക്കാന്‍ പോവുകയാണ്.
രാമക്ഷേത്രത്തിന്റെ നിര്‍മിതിക്കായി മൂന്നുമാസത്തിനുള്ളില്‍ ഒരു ട്രസ്റ്റോ സമാന സ്വഭാവമുള്ള സംവിധാനമോ ഉണ്ടാക്കാനാണ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ആജ്ഞാപിച്ചിരിക്കുന്നത്. ബാബരി മസ്ജിദിന്റെ സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കണം എന്ന് കല്‍പിക്കുന്നതിനപ്പുറം ക്ഷേത്രനിര്‍മാണത്തിന്റെ കാര്യത്തില്‍ ഇത്രമാത്രം താല്‍പര്യം കാണിക്കാന്‍ നമ്മുടെ മതനിരപേക്ഷ ഭരണഘടന സുപ്രിം കോടതിക്ക് അധികാരം നല്‍കുന്നുണ്ടോ? രാമക്ഷേത്രം എന്ന ആശയം തന്നെ ആര്‍.എസ്.എസിന്റേതാണെന്നും ദൈവഭക്തിക്കപ്പുറം അധികാര മോഹമാണ് ഇക്കണ്ട സകല പ്രക്ഷോഭങ്ങളുടെയും അന്തര്‍ധാരയെന്നും മനസ്സിലാക്കാന്‍ കെല്‍പില്ലാത്ത, അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും ഹിന്ദുത്വ ആശയധാരയെ നെഞ്ചിലേറ്റുന്ന ഒരു ന്യായാധിപനെ പാര്‍ലമെന്റിലേക്ക് പറഞ്ഞയക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയല്ലേ? ജസ്റ്റിസ് എം. ഹിദായത്തുല്ല, ജസ്റ്റിസ് മുഹമ്മദലി ചഗ്ല തുടങ്ങിയവര്‍ ന്യായാധിപ ഗൗണ്‍ അഴിച്ചുവെച്ച് രാഷ്ട്രീയത്തില്‍ പയറ്റിയവരാണ്. അവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. 1970ല്‍ ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിച്ച, പ്രഗല്‍ഭ നിയമജ്ഞന്‍ ഹിദായത്തുല്ല, ഉപരാഷ്ട്രപതിയാവുന്നത് സര്‍വകക്ഷി സമവായത്തിലൂടെയാണ്.
രാജ്യസഭ അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അനര്‍ഘങ്ങളായിരുന്നു. അതുപോലെ തന്നെയാണ്, 1958ല്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച എം.എസി ചഗ്ലയെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോട് അടുപ്പിക്കുന്നത് അദ്ദേഹത്തിന്റെ ധൈഷണികവും പുരോഗമനപരവുമായ കാഴ്ചപ്പാടുകളാണ്. ആദ്യം അമേരിക്കയിലും പിന്നീട് ബ്രിട്ടനിലും ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവര്‍ത്തിച്ച ചഗ്ലയെ പിന്നീട് കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ആദ്യം വിദ്യാഭ്യാസമന്ത്രിയായും പിന്നീട് വിദേശകാര്യമന്ത്രിയായും ശോഭിച്ചു. അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷസ്വഭാവം എടുത്തുകളായന്‍ ഇന്ദിരക്ക് ധൈര്യം പകര്‍ന്നത് മുസ്‌ലിം നാമധാരിയായ ചഗ്ലയാണ്. അന്നത്തെ അണിയറ രഹസ്യങ്ങള്‍ 'റോസസ് ഇന്‍ ഡിസംബര്‍' എന്ന ആത്മകഥയില്‍ ചഗ്ല വിവരിക്കുന്നുണ്ട്. തങ്ങളെ സേവിക്കുന്നവര്‍ക്ക് കൈനിറയെ പാരിതോഷികങ്ങളും വിഘ്‌നം നില്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും പ്രതീക്ഷിക്കാമെന്ന സന്ദേശമാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ ഈ സ്ഥാനാരോഹണത്തിലൂടെ മോദി സര്‍ക്കാര്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്ന പ്രലോഭനവും മുന്നറിയിപ്പും. മോദിയുഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റ ഭരണഘടനാ സ്ഥാപനം ജുഡിഷ്യറിയാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ തെരുവുകള്‍ കൈയടക്കി മുസ്‌ലിംകളെ അറുകൊല ചെയ്യുകയും അവരുടെ ആവാസവ്യവസ്ഥ ചുട്ടുചാമ്പലാക്കുകയും ചെയ്ത അത്യപൂര്‍വ ദുരന്തസന്ധിയില്‍, പ്രാണനുമായി മല്ലടിക്കുന്ന ഹതഭാഗ്യര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് വഴി തുറന്നുകിട്ടാന്‍ പാതിരാവിന്റെ വിഹ്വലതയിലും ഉറക്കമൊഴിച്ചിരുന്ന് പ്രാഥമിക കടമ നിറവേറ്റാന്‍ ഭരണകൂടത്തോട് ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുളരീധരന് നേരിട്ട ദുരന്തം ജുഡിഷ്യറിയെ പിടിപെട്ട മാരകരോഗത്തിന്റെ ചെറിയൊരു ലക്ഷണം മാത്രമാണ്.
എക്‌സിക്യൂട്ടീവ് അവരുടെ ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടിടത്ത് എല്ലാ പ്രതീക്ഷകളും അസ്തമിച്ച് തങ്ങളെ സമീപിക്കുന്ന സിവില്‍ സമൂഹത്തിന് നീതിയുടെ അവസാനത്തെ കൈത്താങ്ങായി നിന്നതിനാണ് രായ്ക്കുരാമാനം ജസ്റ്റിസ് മുളരീധരനെ പഞ്ചാബിലേക്ക് നാടുകടത്തിയതും വിദ്വേഷപ്രസംഗം നടത്തിയ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി, ചീഫ് ജസ്റ്റിസ് സ്വയം കേസ് പിടിച്ചെടുത്തതും. വര്‍ഗീയ വിഷധൂളികള്‍ പരത്തി രാജ്യതലസ്ഥാനം ചുടലക്കളമാക്കിയ കേന്ദ്രമന്ത്രിമാര്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരേ എഫ്.ഐ.ആര്‍. തയാറാക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാന്‍ നാലാഴ്ചത്തെ സാവകാശമാണ് ന്യായാസനം നല്‍കിയത്. ഒരു സാദാ കച്ചവടക്കാരന്‍ കാണിക്കുന്ന ബിസിനസ് മാനേജ്‌മെന്റ് പാടവം പോലും നീതിനിര്‍വഹണ കാര്യത്തില്‍ ബാറിന്റെയും ബെഞ്ചിന്റെയും പ്രവര്‍ത്തനം ഒരുമിച്ചുവെച്ചാലാവില്ലെന്ന് കൃഷ്ണയ്യര്‍ ഓര്‍മപ്പെടുത്തിയത് വെറുതെയല്ല. കടപ്പാട്:സുപ്രഭാതം
Leave A Comment