നുണകള്‍ ആയുധം വിതറിയ പത്തുവര്‍ഷം: ജെയിംസ് സോഗ്ബിയുടെ ലേഖനം
സദ്ദാമിന്‍റെ കൈയില്‍ മാരകായുധങ്ങള്‍ ഉണ്ടെന്നാണ് പത്തു വര്‍ഷം മുമ്പ് അമേരിക്കയിലെ ഭരണകൂടം നുണ പറഞ്ഞത്. അതു താത്കാലത്തേക്ക് പറഞ്ഞ നുണയാണെന്ന് കരുതി സമാധാനിക്കാം. എന്നാല് വേറെയും ചില നുണകളുടെ കൂട്ട് പിടിച്ചാണ് അമേരിക്ക ഇറാഖിലേക്ക് പറന്നത്. യുദ്ധം വളരെ പെട്ടെന്ന് തന്നെ തീരുമെന്നായിരുന്നു പുറപ്പെടുമ്പോള്‍ അമേരിക്ക പറഞ്ഞത്. ഒരു ലക്ഷത്തില് താഴെ മാത്രം സൈന്യത്തെയെ ഇറാഖില്‍ ഉപയോഗപ്പെടുത്തൂവെന്നും. ആറുദിവസം മാത്രമെടുത്ത് നടത്തുന്ന ഭീകരവിരുദ്ധ യുദ്ധത്തിന് ഒന്നുമുതല് രണ്ടുവരെ ബില്യണ്‍ ഡോളര്‍ ചെലവെ വരുമെന്നും അന്ന് അമേരിക്ക വാദിച്ചിരുന്നു. ആറ് മാസം കൊണ്ട് ഇറാഖിനെ സദ്ദാമില്‍ നിന്ന് രക്ഷിച്ച് സമ്പൂര്‍ണ ജനാധിപത്യ രാജ്യമാക്കുമെന്നും ബുഷ്ഭരണകൂടം വീമ്പുപറഞ്ഞിരുന്നു.
അതുവഴി പുതിയൊരു ലോകക്രമം പിറക്കുമെന്നും ഇറാഖ് തെരുവുകളില്‍ ജനാധിപത്യത്തിന്‍റെ ചുവന്ന പൂക്കള്‍ വിരിയുമെന്നും അമേരിക്ക വീരവാദം മുഴക്കി ഇറാഖിലെ വിജയത്തോടെ പിന്നെ മിഡിലീസ്റ്റ് മൊത്തം ജനാധിപത്യത്തിലേക്ക് തിരിയുമെന്ന് മാത്രമല്ല, സദ്ദാം പോയിക്കഴിഞ്ഞാല്‍ ഇസ്റായേല്‍-ഫലസ്തീന്‍ പ്രശ്നത്തിന് വരെ പെട്ടെന്ന് ഒരു പരിഹാരം സാധ്യമാകുമെന്നു വരെ ലോകജനതയെ കോണ്ട് വിശ്വസിപ്പിച്ച ശേഷമാണ് അമേരിക്ക യുദ്ധത്തിന് കച്ചകെട്ടിയിറങ്ങിയത്.
ഇറാഖ് അധീനപ്പെടുത്തുന്നതോടെ പുതിയ നൂറ്റാണ്ടിനൊത്ത പുതിയൊരു അമേരിക്കയെ ലോകസമക്ഷം അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. വിരോധാഭാസമെന്ന് പറയട്ടെ. ലോകസമക്ഷം അമേരിക്ക ഒന്നിനും കൊള്ളാത്ത രാജ്യമെന്ന് പേരുകേട്ടത് ഈ യുദ്ധത്തോടെയാണ്.
ഇറാഖ് യുദ്ധം അമേരിക്കക്കുണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ചുള്ള ആലോചന തന്നെ ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. 4,400 പട്ടാളക്കാരെയാണ് ഈ യുദ്ധത്തിലൂടെ അമേരിക്കക്ക് നഷ്ടമായിരിക്കുന്നത്. ആയിരക്കണക്കിന് പട്ടാളക്കാര്‍ക്ക് മുറിവേറ്റു. ലക്ഷക്കണക്കിന് ഇറാഖികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ ലക്ഷക്കണക്കിന് ആളുകള്‍ തങ്ങളുടെ വീടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടു. ഇറാഖീ ജനതയുടെ ഇരുപത് ശതമാനവും അഭയാര്‍ഥികളായി പോകുകയോ കുടിയിറക്കപ്പെടുകയോ ചെയ്തു.
ഇറാഖ് ഇന്ന് അഭ്യന്തര നാശത്തിന്‍റെ വക്കിലാണ്. അതിന് കാരണം അമേരിക്ക തന്നെയാണ്. ഇറാഖിന്‍റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കാന്‍ കാത്തു നില്‍ക്കാതെയാണ് അമേരിക്ക ഇറാഖിലിടപെട്ടത്. അതിന്‍റെ തിക്തഫലമാണ് ഇന്ന് ആ രാജ്യം അനുഭവിക്കുന്നത്.
ഇറാഖ് യുദ്ധത്തില് സത്യത്തില്‍ വിജയിച്ചത് ഇറാനായിരുന്നുവെന്ന് പ്രദേശത്ത് ഞങ്ങള്‍ നടത്തിയ സര്‍വെഫലങ്ങള്‍ വ്യക്തമാക്കുന്നു. പ്രാദേശിക ശക്തിയായിരുന്ന ഇറാഖ് ഇല്ലാതായത് തന്നെ ഇറാഖിന് പ്രദേശത്ത് മേല്‍ക്കൈ ലഭിക്കുന്നതിന് കാരണമായി. പുറമെ അമേരിക്കക്കെതിരെ ആഗോളതലത്തില്‍ തന്നെ നിലകൊണ്ടുവെന്നതും ഇറാനോടുള്ള ആരാധന വര്‍ധിപ്പിക്കുന്നതിന് കാരണമായി.
കഴിഞ്ഞ പത്തുവര്‍ഷം അന്താരാഷ്ട്രീയ രംഗത്ത് അമേരിക്കി അത്രയും ആഴത്തലാണ് ചെന്നുപതിച്ചത്. രാജ്യം കണ്ട ഏറ്റവും നല്ലൊരു പ്രസിഡണ്ടിന് വരെ ഇറാഖ് വരുത്തിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുന്നില്ലെന്നത് പ്രശ്നത്തിന്‍റെ തോത് കാണിക്കുന്നുണ്ട്.
2009 ല്‍ ഒബാമ പ്രസിഡണ്ടായതോടെ ലോകം സമാധാനിച്ചിരുന്നു. ഇറാഖിലെയും അഫ്ഗാനിലെയും ഇടപാടുകള് തീര്‍ത്ത് രാജ്യത്തെ രക്ഷിക്കാന് ഒബാമക്കാകുമെന്ന് അമേരിക്കയും പ്രതീക്ഷിച്ചു. രാജ്യത്തിന് പഴയ ബഹുമാനം തിരിച്ചു ലഭിക്കുമെന്നും ഇസ്റായേല്‍-ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നെല്ലാം കണക്കു കൂട്ടിയത് തെറ്റായിപ്പോയി. പദവിയിലെ തന്‍റെ ഒരു ഘട്ടം പൂര്ത്തിയായപ്പോഴും പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഒബാമക്കായില്ലെന്നത് അതിന്‍റെ സങ്കീര്‍ണതയെയാണ് കുറിക്കുന്നത്.
എതിര്‍കക്ഷികളുടെയും സ്വന്തം പാര്‍ട്ടിക്കാരുടെയും ശക്തമായി എതിര്‍പ്പിന് കീഴടങ്ങിയ ഒബാമക്ക് ഗ്വാണ്ടനാമോ അടക്കുവാനോ ചുരുങ്ങിയ പക്ഷം അമേരിക്കയുടെ മിഡിലീസ്റ്റ് നയങ്ങളില്‍ മാറ്റം വരുത്താന്‍ പോലുമോ കഴിഞ്ഞില്ല.
സംഘര്‍ഷത്തിലുളള അറബുലോകത്തെ വെല്ലുവിളികള്‍ക്ക് മുന്നില്‍ അമേരിക്കയുടെ മുന്നിലുള്ള ചോയ്സുകള് വളരെ കുറവാണ്. ഒരുഭാഗത്ത് റഷ്യയും മറ്റെഭാഗത്ത് ഇറാനും രാഷ്ട്രീയമായി തങ്ങളുടെ മസില്‍ പിടിച്ചു കൊണ്ടിരിക്കുകയാണ്. അത് രണ്ടും ശ്രദ്ധിച്ചുവേണം മിഡിലീസ്റ്റിലെ ഏതുതരം ഇടപെടലും. അതിനുപുറമെ അമേരിക്കയിലെ പൊതുജനം മിഡിലീസ്റ്റില്‍ ഇനിയും അമേരിക്ക ഇടപെടുന്നത് സംശയത്തോടെയാണ് വീക്ഷിക്കുന്നത്, പേടിയോടെയും.
ബുഷ്ഭരണകാലത്തെ മിഡിലീസ്റ്റിലെ അമേരിക്കന് ഇടപെടലുകള്‍ ഫല്സ്തീന്‍-ഇസ്റായേല്‍ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. നേരത്തെ സാധ്യമെന്ന് തോന്നിയിരുന്ന പരിഹാരം പോലും ഇപ്പോള്‍ അപ്രാപ്യമാണെന്നു ഉറപ്പായിത്തുടങ്ങിയിരിക്കുന്നു.
പത്തുവര്‍ഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ഭരണൂകടം പുലമ്പിയ നുണകള് വളരെ പ്രകടമാകുന്നുണ്ട്. ആ തീരുമാനത്തിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങളും നാം നേരിട്ട് അനുഭവിക്കുന്നു. അന്ന് ഭരണനേതൃത്വം പറഞ്ഞ നുണകളുടെയം എടുത്ത തെറ്റായ തീരുമാനങ്ങളുടെയും പ്രത്യാഘാതം ഇന്ന് അനുഭവിക്കുന്നത് ഇറാഖടക്കമുള്ള മിഡിലീസ്റ്റിലെ പാവം ജനങ്ങളാണ്. അവര്‍ക്കൊപ്പം അമേരിക്കയിലെ സാധാരണ പൌരന്മാരും.



Leave A Comment