ലിംഗസമത്വം ചില പെണ്‍വാദികള്‍ തുടങ്ങിവെച്ചത്
ലിംഗസമത്വത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുകയാണല്ലോ. താരതമ്യേന പുതിയ പ്രയോഗമായാണ് ലിംഗസമത്വം ചില പെണ്‍വാദികള്‍ തുടങ്ങിവെച്ചത്. സര്‍വസമ്മത പ്രയോഗമാകുന്നത് അടുത്ത കാലത്താണ്. അങ്ങനെ പ്രയോഗിക്കുംതോറും അതിന്റെ അര്‍ഥതലത്തെക്കുറിച്ച് വലിയ വിവരം അതിന്റെ വക്താക്കള്‍ക്കു പോലുമില്ല.
അടുത്ത കാലത്ത് കേരളത്തിലെ എല്ലാ കോളജുകളിലേക്കും സര്‍ക്കാരിന്റെ ഒരു ചോദ്യാവലി അയക്കുകയുണ്ടായി. ലിംഗസമത്വം എന്ന ലേബലില്‍ നടത്തിയ ഒരു സര്‍വേ ആയിരുന്നു അത്. ലിംഗസമത്വത്തിലെ ഇംഗ്ലീഷ് പ്രതിരൂപം ജെന്‍ഡര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് സ്ത്രീകളെയാണ്. ലിംഗസമത്വ സര്‍വേയില്‍ സ്ത്രീകള്‍ക്ക് കോളജുകളില്‍ വേണ്ട സൗകര്യങ്ങള്‍ പ്രത്യേകമൊരുക്കിയിട്ടുണ്ടോ എന്ന അന്വേഷണമാണ്. സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടോ? പീഢനങ്ങള്‍ക്കിരയാവുന്നുണ്ടോ? എന്നിത്യാദിയായിരുന്നു തുടരന്വേഷണങ്ങള്‍. ഇതില്‍ നിന്നും തന്നെ അനുമാനിക്കാവുന്നത് ലിംഗസമത്വമല്ല, ലിംഗവിവേചനമുണ്ടോ എന്നതാണ് പ്രമേയമെന്നാണ്. ലിംഗനീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും.
ആണും പെണ്ണും ഒരുപോലെയാണെന്ന ലിംഗസമത്വമല്ല, ആ പ്രയോഗം കൊണ്ടുദ്ദേശിക്കുന്നതെന്ന് വ്യക്തം. ആരും അങ്ങനെ സമമായി കാണുന്നില്ല. സാമാന്യ ബോധമുള്ളവരൊന്നും അങ്ങനെ കരുതുകയുമില്ല. അതുകൊണ്ട് സ്ത്രീയുടെ ഗര്‍ഭം കൊണ്ട് അതിനെ ഉദാഹരിക്കേണ്ടുന്ന ആവശ്യവുമില്ല. സ്ത്രീയും പുരുഷനും ഒരുപോലെയല്ല എന്നത് പ്രയോഗത്തില്‍ അറിയാവുന്ന കാര്യമാണ്. വിംബിള്‍ടണ്‍ വനിതാ ടെന്നിസ് കിരീടം പലതവണ നേടിയ സ്‌റ്റെഫിഗ്രാഫ് ഒരിക്കല്‍ അഭിപ്രായപ്പെട്ടത്, വിംബിള്‍ടണ്‍ പുരുഷ മത്സരാര്‍ഥികളില്‍ ലാസ്റ്റ് സീഡിലുള്ള ഒരാളോട് പോലും തനിക്ക് മത്സരിച്ച് ജയിക്കാനാവില്ലെന്നായിരുന്നു. സ്ത്രീയുടെയും പുരുഷന്റെയും കായികശക്തിയിലെ അന്തരം ബോധ്യമാക്കുന്ന ഒരു പ്രസ്താവനയായിരുന്നു അത്.
പുരുഷനും സ്ത്രീക്കും തുല്യാവകാശം എന്നു പറഞ്ഞ് പുരുഷനോടൊപ്പം മത്സരിക്കുകയല്ല സ്ത്രീകള്‍ ചെയ്യേണ്ടതെന്ന് ഗാന്ധിജി പ്രസ്താവിച്ചതും ഇത്തരുണത്തില്‍ പ്രസക്തമാണ്. പുരുഷനും സ്ത്രീയും പരസ്പര പൂരകങ്ങളാണെന്നാണ് ഗാന്ധിജി അഭിപ്രായപ്പെട്ടത്. വിശുദ്ധ ഖുര്‍ആന്‍ സ്ത്രീയും പുരുഷനും പരസ്പരം വസ്ത്രങ്ങളാണെന്ന ഉപമയിലൂടെ വ്യക്തമാക്കുന്നത് അത് തന്നെയാണ്. പുരുഷന്‍ കായിക ബലത്തില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ സ്ത്രീ വൈകാരിക-മാനസിക ഗുണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു. കാരുണ്യം, അലിവ്, ശ്രദ്ധ തുടങ്ങിയ അനേകം ഗുണങ്ങളാല്‍ സ്ത്രീ ശ്രേഷ്ഠയാണ്.
അതുകൊണ്ട് സ്ത്രീയും പുരുഷനും സമന്മാരാണെന്ന് സാമാന്യബോധമുള്ളവരാരും സമ്മതിക്കില്ല. അപ്പോള്‍ ഒന്നിച്ചിരിക്കാനും, ഒന്നിച്ചു സല്ലപിക്കാനുമൊക്കെ കൗമാരപ്രായക്കാര്‍ക്കുള്ള ഒഴിവ്കഴിവ് നയം മാത്രമാണ് ലിംഗസമത്വം.
പ്രശ്‌നം ലിംഗവിവേചനവും ലിംഗനീതിയുമാണ്. ഇത് പ്രാചീന കാലം മുതല്‍ നിലവിലുള്ള പ്രശ്‌നങ്ങളാണ്. സമൂഹഘടനകളുമായി ബന്ധപ്പെട്ടതാണ്. പുരുഷന്‍ അദ്ധ്വാനിക്കുകയും, സ്ത്രീ പ്രസവിക്കുകയും, വീട് നോക്കുകയും ചെയ്യുക എന്നത് പഴയ സമൂഹത്തിലെ കുടുംബ ഘടനയായിരുന്നു. ബൈബിള്‍ പ്രകാരം ആദാമിന് ലഭിച്ച ശാപഫലമായിരുന്നിതത്രെ. ദൈവ കല്‍പന ലംഘിച്ച ആദാമിനെ മണ്ണില്‍ അദ്ധ്വാനിച്ച് വിയര്‍പ്പൊഴുക്കുമെന്നും, ഹവ്വയോട് നീ നൊന്ത് പ്രസവിക്കുമെന്നുമായിരുന്നുവത്രെ ശപിച്ചത്. എന്നാല്‍ എല്ലാ പ്രാകൃത സമൂഹങ്ങളിലും ഇത് തുടര്‍ന്ന് വന്നിരുന്നു. ചുരുക്കം സമൂഹങ്ങള്‍ മാത്രമായിരുന്നു പെണ്ണാധിപത്യമുള്ളവര്‍.
സമൂഹം പുരോഗമിച്ചപ്പോഴും സ്ത്രീകള്‍ പുരുഷന് കീഴ്‌പെട്ടു കഴിയണമെന്ന വ്യവസ്ഥ തുടരുകയാണുണ്ടായത്. ഇന്ന് ആധുനികമെന്ന് കരുതുന്ന എല്ലാ പാശ്ചാത്യ സമൂഹങ്ങളിലും സ്ത്രീക്ക് സ്വത്തവകാശം നല്‍കപ്പെട്ടിരുന്നില്ല. ജെയിന്‍ ഓസ്റ്റിന്റെ പ്രശസ്ത ഇംഗ്ലീഷ് നോവല്‍ ''പ്രൈഡ് ആന്റ് പ്രജുഡിസ്'' ഈയൊരു പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ്.
സ്ത്രീകള്‍ക്ക് സ്വത്തവകാശം ആദ്യമായി നല്‍കിയത് ഇസ്്‌ലാമാണ്. അതുപോലെ സ്ത്രീയുടെ സ്വത്തിന്റെ ക്രയവിക്രയാവകാശം അവള്‍ ജീവിച്ചിരിക്കെ അവള്‍ക്ക് മാത്രമാണ്. വിവാഹമൂല്യം നിര്‍ണയിക്കാനുള്ള അവകാശം തുടങ്ങി പല അവകാശങ്ങളും നല്‍കി ലിംഗനീതി സ്ഥാപിച്ച മതമാണ് ഇസ്്‌ലാം. അങ്ങനെയുള്ള ഒരു മതവും, അതിന്റെ സമൂഹവുമാണ് സ്ത്രീ വിവേചനത്തിന്റെ പേരില്‍ കുറ്റാരോപിതരായി പ്രതിരോധത്തിലായിരിക്കുന്നത്.
സാമൂഹിക ശാസ്ത്ര ചരിത്രത്തെക്കുറിച്ച് അജ്ഞരും, തരംതാണ മാധ്യമങ്ങളുമാണ് ഇസ്്്‌ലാമിനെ സ്ത്രീ വിവേചനം കാണിക്കുന്ന മതമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ക്ക് സ്വത്തില്‍ പകുതി ഓഹരിയേ നല്‍കുന്നുള്ളൂ എന്നു തുടങ്ങിയുള്ള ആരോപണങ്ങള്‍ അവരുടെ പതിവുപല്ലവിയാണ്. ഇസ്്‌ലാമിലെ അനന്തരാവകാശത്തില്‍ അന്തര്‍ലീനമായ തത്വങ്ങള്‍ പലതവണ വിശദീകരിച്ച് മറുപടി നല്‍കപ്പെട്ടവയാണ്. എന്നാലും, ബഹുഭാര്യാത്വവും ത്വലാഖും സ്വത്തവകാശത്തിലെ വിവേചനത്തെക്കുറിച്ചും തുടരാരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതില്‍ ഹിഡന്‍ അജണ്ടകളുണ്ടെന്നത് നിശ്ചയം.
സ്ത്രീയുടെയും പുരുഷന്റെയും അവകാശങ്ങളെ വ്യക്തമായി നിര്‍വചിക്കപ്പെട്ട മറ്റേതെങ്കിലും മതമുണ്ടെന്ന് തോന്നുന്നില്ല. പലവേദികളിലും വ്യക്തമാക്കപ്പെട്ടതുകൊണ്ട് അതിവിടെ വിശദീകരിക്കേണ്ടതുമില്ല. ഒരുപക്ഷേ, മുസ്്‌ലിം സമൂഹം അവ നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നുണ്ടാകാം. ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യങ്ങളും, അവകാശങ്ങളും മറ്റെല്ലാ സമൂഹങ്ങള്‍ക്കും മാതൃകയാണ്.
ആധുനിക സമൂഹത്തില്‍പോലും സ്ത്രീകള്‍ക്ക് നേരെ വിവേചനമുണ്ടാകുന്നു. പ്രസവിക്കുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്നറിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്തുന്നവരുടെ എണ്ണം ആധുനികയുഗത്തിലും വര്‍ധിച്ചുവരികയാണ്. സ്ത്രീ ഒരു ബാധ്യതയാണെന്ന് കരുതുന്ന ഒരു ജനവിഭാഗത്തിന്റെ നടുവിലാണ് പെണ്‍കുഞ്ഞ് ജനിക്കുന്നത് അനുഗ്രഹമാണെന്ന പ്രവാചക വചനമുള്‍ക്കൊണ്ട് പെണ്‍കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യുന്ന മുസ്്‌ലിം സമുദായം മാതൃകയായി നിലകൊള്ളുന്നത്.
ലിംഗനീതി അവര്‍ ഇസ്്‌ലാമില്‍ നിന്നും മനസ്സിലാക്കട്ടെ. വിവരമറിയാതെ ഇസ്്‌ലാമിനും മുസ്്‌ലിംകള്‍ക്കുമെതിരെ വാളോങ്ങുന്നത് നിര്‍ത്തട്ടെ!



Leave A Comment