മരണക്കിടക്കയിലും ഫാസിസം കളി തുടങ്ങുമ്പോള്‍
അഹ്മദ് സാഹിബ് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണതു തൊട്ട് പാതിരാ കഴിഞ്ഞു മരണം സ്ഥിരീകരിച്ചു വാര്‍ത്തക്കുറിപ്പ് വരുന്നതു വരേ നടന്ന സംഭവങ്ങളുടെ വിവരണങ്ങള്‍ ഞെട്ടലുളവാക്കുന്നു. മരണം പുറത്തു വിടുന്നത് നീട്ടിവെക്കുക ആയിരുന്നിരിക്കണം ആശുപത്രിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ക്ക് പിന്നിലെ താല്പര്യം. പിറ്റേന്ന് ബജറ്റാണ്, കോര്‍പറേറ്റുകള്‍ മുതല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബജറ്റ് ചര്‍ച്ചിക്കുന്ന വിശാരദന്മാര്‍, മേക്കപ്പ് റൂം ഒരുക്കി കാത്തിരിക്കുന്ന മാധ്യമ മണിയറകള്‍ വരെയുള്ള വന്‍ പട തലേന്നു തന്നെ കുളിച്ചു കുപ്പായമിട്ടിരിക്കുന്നുണ്ട്. അവര്‍ക്കൊക്കെ വേണ്ടി ഭരണകൂടം ചെലുത്തിയ സമ്മര്‍ദ്ദം ആണ് പുലര്‍ച്ച വരെ വലിയ സങ്കട കാരണങ്ങളായി കലാശിച്ചത്.
പാര്‍ലമെന്റില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഒരംഗം മരണപ്പെട്ടാല്‍ പിറ്റേന്ന് അനുശോചനം രേഖപ്പെടുത്തി സഭ പിരിയുന്ന കീഴ്വഴക്കം ഉണ്ടോ ഇല്ലയോ എന്നത് അറിയില്ല. അങ്ങനെ ഉണ്ട് എന്നു കേള്‍ക്കുന്നു. അനുശോചനം സഭ നിര്‍ത്തിവച്ചു വേണോ, ബജറ്റ് മാറ്റിവച്ചു ആദരവ് പ്രകടിപ്പിക്കണോ, അത് അഹ്മദ് സാഹിബിനു ചേരുന്ന ആദരവാണോ എന്നതൊക്കെ വേറെ വിഷയമാണ്.
ഇവിടെ വിഷയം മറ്റൊന്നാണ്.
ഭരണകൂട ഭീകരത, ഫാഷിസത്തിന്റെ പൗരാവകാശങ്ങള്‍ക്കു മീതെയുള്ള കടന്നുകയറ്റം എന്നിവ ഇനിയും ഗൗരവത്തില്‍ എടുക്കാനുള്ള രാഷ്ട്രീയ വിവേകം സിദ്ധിച്ചിട്ടില്ലാത്തവര്‍ക്കു അവസാനത്തെ മുന്നറിയിപ്പാണ് ഇന്നലത്തേത്. ഇന്ത്യയില്‍ അഹ്മദ് സാഹിബിനെ പോലൊരു സ്റ്റേറ്റ്‌സ്മാന്റെ ഗതികേട് ഇതാണെങ്കില്‍ സാധാരണ പൗരന്റെ ദുര്‍ഗതി എത്ര കടുത്തതായിരിക്കും. ഭരണകൂട ഭീകരതയുടെ ഇര തങ്ങളുടെ പാര്‍ട്ടിക്കാരന്‍ അല്ല, തങ്ങളുമായി വിയോജിപ്പുള്ളയാളാണ് തുടങ്ങിയ കാരണങ്ങളാല്‍ നിശ്ശബ്ദത പാലിച്ചും ശീലിച്ചും പോരുന്നവര്‍ക്കൊക്കെ ഇതൊരു മുന്നറിയിപ്പാണ്. പൗരാവകാശ ധ്വംസനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഭരണകൂടം നടപ്പാക്കുന്ന വേട്ടകളും തങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ അല്ലെന്നു വിചാരിക്കുന്ന 'ജനാധിപത്യ വിശ്വാസി'കളും, അവ 'തീവ്രവാദികള്‍' പ്രചരിപ്പിക്കുന്ന നുണകള്‍ മാത്രമാണെന്നു കരുതിപ്പോരുന്ന ശുദ്ധഗതിക്കാരും കാര്യങ്ങള്‍ തിരിച്ചറിയുന്നതിന് ഇന്നലത്തെ 'കൊല്ലാക്കൊല' മതിയാകേണ്ടതാണ്.
ജീവിക്കാന്‍ വിടാതെ മാത്രമല്ല മരിക്കാന്‍ വിടാതെയും കോര്‍പറേറ്റ് ഫാഷിസത്തിനു അതിന്റെ ഇച്ഛ നടപ്പാക്കാന്‍ അറിയാം.
ഹിറ്റ്‌ലറുടെ യുദ്ധ മന്ത്രിയായിരുന്നു ആല്‍ബര്‍ട്ട് സ്പിയര്‍. ഹിറ്റ്‌ലറുടെ പതനത്തിനു ശേഷം അദ്ദേഹത്തിനും ശിക്ഷ കിട്ടി. കോണ്‍സണ്ട്രേഷന്‍ കാമ്പുകളുടെ നടത്തിപ്പില്‍ അദ്ദേഹം പങ്കാളി ആയിരുന്നില്ല. ആളുകളെ ജീവനോടെ കൊന്ന അത്തരം കാമ്പുകള്‍ ഉള്ള കാര്യം തന്നെ ആല്‍ബര്‍ട്ട് സ്പിയര്‍ അറിഞ്ഞിരുന്നില്ല. വിചാരണ കോടതിയില്‍ പക്ഷേ, അദ്ദേഹം കുറ്റമേറ്റു പറഞ്ഞു ശിക്ഷ സ്വീകരിച്ചു. അതിനു ആല്‍ബര്‍ട്ട് സ്പിയര്‍ പറഞ്ഞ കാരണം 'കോണ്‍സണ്ട്രേഷന്‍ കാമ്പുകള്‍ ഉണ്ടായിരുന്ന കാര്യം ഞാന്‍ അറിഞ്ഞില്ല എന്നതാണ് എന്റെ വലിയ കുറ്റം' എന്നായിരുന്നു. ആല്‍ബര്‍ട്ട് സ്പിയറുടെ കുറ്റസമ്മതം പോലെ വല്ലതുമൊക്കെ നമ്മുടെ നേതാക്കളുടെ ജീവചരിത്രലേഖനങ്ങളിലെ വെട്ടിക്കളയുന്ന സത്യം ആയിത്തീരാതിരിക്കട്ടെ.
നേരം ഒട്ടും വൈകിയിട്ടില്ല.
കോര്‍പറേറ്റ് ഫാഷിസത്തെ നമ്മള്‍ ഭയക്കുന്നതിലേറെ അതു നമ്മെ ഭയക്കുന്നുണ്ട്. അതിനിന്നലത്തേതു പോലെ അമളികള്‍ പറ്റുന്നത് ആ ഭയം കൊണ്ടാണ്. പക്ഷേ അതിനെ നിസ്സാരമായി കരുതരുത്. അരുന്ധതി റോയ് ഇക്കാര്യം കുറച്ചു മുമ്പ് എഴുതിയിട്ടുണ്ട്. 'ലളിതമായതിനെ പറഞ്ഞു സങ്കീര്‍ണമാക്കരുത്. സങ്കീര്‍ണ്ണമായതിനെ ലളിതവല്‍ക്കരിക്കുകയും അരുത്. ബലത്തെ മാനിക്കണം. അധികാരത്തെ ഒരിക്കലും മാനിക്കരുത്. നോട്ടം പാളിപ്പോകരുത്. ഒരിക്കലും ഒരു കാരണവശാലും മറവി ബാധിക്കുകയുമരുത്.' ഇതേ കാര്യം ഒറ്റവാക്കില്‍ പറഞ്ഞ ഒരാളുണ്ട്. ചെറിയ കുട്ടിയായിരുന്ന ഇ. അഹമ്മദിനെ കണ്ണൂരിലെ ഒരു നബിദിന യോഗത്തില്‍ വച്ചു കണ്ടെടുത്ത സി.എച്ച് മുഹമ്മദ് കോയ. ആ വാക്യം ഇങ്ങനെ തുടങ്ങുന്നു. 'ബഹറില്‍ മുസല്ലയിട്ട് നിസ്‌കരിക്കുന്നത് കണ്ടാലും...'



Leave A Comment