മ്യാൻമർ ഭരണകൂടം മുസ്‌ലിംകൾക്കെതിരെ ഇപ്പോഴും ആക്രമണം തുടരുക തന്നെയാണ്
ബുദ്ധ തീവ്രവാദികൾ അഴിച്ച് വിട്ട കലാപത്തിൽ നിന്ന് രക്ഷതേടി ലക്ഷക്കണക്കിന് റോഹിങ്ക്യൻ മുസ്‌ലിംകൾ ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത് ദുരിതമനുഭവിക്കുന്ന വാർത്തകൾ നിരന്തരം പുറത്തു വരുന്നതിനിടെ മ്യാൻമറിൽ അവശേഷിച്ച റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് നേരെ വീണ്ടും അക്രമങ്ങൾ നടക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

ആംനസ്റ്റി റിപ്പോർട്ട്

കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസം മ്യാന്മറിലെ ചിൻ പ്രവിശ്യയിലുള്ള നിരവധി മുസ്‌ലിം ഗ്രാമങ്ങളിൽ മ്യാൻമർ സൈന്യം ബോംബ് വർഷിക്കുകയും അക്രമത്തിൽ നിരവധി പേർ മരണപ്പെടുകയും ചെയ്തതായുള്ള റിപ്പോർട്ട് ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ടതോടെയാണ് മ്യാൻമർ ഭരണകൂടത്തിന്റെ അവസാനിക്കാത്ത ക്രൂരത ലോകമറിഞ്ഞത്.

രാഖൈൻ പ്രദേശവാസിയുമായി ആംനസ്റ്റി പ്രതിനിധികൾ നടത്തിയ ഇന്റർവ്യൂവിൽ തന്റെ 15 കുടുംബാംഗങ്ങളെ സൈന്യം വധിച്ചതായി പറയുന്നുണ്ട്. സമീപപ്രദേശത്തെ മറ്റു രണ്ടുപേരും സൈന്യം നടത്തിയ ആക്രമണത്തെ ശരിവെക്കുന്നുണ്ട്. തങ്ങളുടെ കുടുംബത്തിലെ ഏഴ് വയസ്സുകാരനടക്കം ഒമ്പത് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്.

രാഖൈൻ സംസ്ഥാനത്തെ സിറ്റ് വ എന്ന സ്ഥലത്തേക്ക് ആക്രമണത്തിനിരയായ കുടുംബങ്ങൾ അവശേഷിച്ച സാധന സാമഗ്രികളുമായി ജൂൺ 29ന് സുരക്ഷ തേടി പാലായനം നടത്തിയ കാര്യവും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട് . പാലേത് വ എന്ന സ്ഥലത്ത് ഏപ്രിൽ 7ന് നടന്ന ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശവാസിയായ ഒരു കർഷകനാണ് ഈ വിഷയം പങ്കുവെച്ചത്.

മേഖലയിലെ മുസ്‌ലിം സായുധ വിഭാഗമായ അറാക്കൻ സേനയും ബുദ്ധ മേൽക്കോയ്മക്ക് വേണ്ടി പോരാടുന്ന തദ്മാദ തീവ്രവാദ ഗ്രൂപ്പും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടൽ മൂലമാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. റോഹിങ്ക്യൻ മുസ്‌ലിംകൾ താമസിക്കുന്ന രാഖൈൻ സംസ്ഥാനം ചൈനയുമായും ക്രിസ്ത്യാനികൾ തിങ്ങിത്താമസിക്കുന്ന ചിൻ സംസ്ഥാനവുമായും അതിർത്തി പങ്കിടുന്ന പ്രദേശമാണ്.

കഴിഞ്ഞവർഷം പോലീസ് പോസ്റ്റിനു നേരെ അറാക്കൻ ആർമി നടത്തിയ ആക്രമണത്തോടെയാണ് മ്യാൻമർ സൈന്യം റോഹിങ്ക്യകൾക്കെതിരെ കനത്ത ആക്രമണം പുനരാരംഭിച്ചത്.

അന്താരാഷ്ട്ര അന്വേഷണത്തിനായി മുറവിളി

ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ച പ്രദേശങ്ങളിലാണ് സൈന്യത്തിന്റെ ആക്രമണം നടക്കുന്നത്. കൊറോണ വൈറസ് വ്യാപന ഭീഷണി രൂക്ഷമാകുന്ന കാലത്താണെന്നത് ആക്രമണത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്!

"കൊറോണ വ്യാപനം തടയാൻ വേണ്ടി എല്ലാവരും വീട്ടിൽ കഴിയണം എന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന സമയത്ത് തന്നെയാണ് രാഖൈൻ, ചിൻ സംസ്ഥാനങ്ങളിൽ മ്യാൻമർ ഭരണകൂടം വീടുകൾ തകർക്കുന്നതും സിവിലിയന്മാരെ വധിക്കുന്നതും. ഇത് തീർച്ചയായും യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്." ആംനസ്റ്റി ഇന്റർനാഷണൽ ഏഷ്യ, പസിഫിക് പ്രാദേശിക കോർഡിനേറ്റർ നിക്കോളാസ് ബെക്കലിൻ വ്യക്തമാക്കുന്നു.

മ്യാൻമർ ഭരണകൂടത്തിന്റെ ഈ ക്രൂരമായ നടപടി അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വിചാരണക്ക് നിർദ്ദേശിക്കാൻ യുഎൻ സുരക്ഷാ സമിതിയോട് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

വ്യോമാക്രമണവും ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കലുമെല്ലാം പുതിയ സംഭവവികാസമാണെങ്കിലും സിവിലിയൻമാരുടെ ജീവൻ യാതൊരു പരിഗണനയും കൂടാതെ ഹോമിക്കപ്പെടുന്നത് തുടർകഥയായിക്കൊണ്ടിരിക്കുകയാണ്. ആക്രമണങ്ങളുടെ ഈ നീണ്ട നിര അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടിക്ക് വിധേയമാക്കേണ്ടതാണ്. അതിനാൽ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി ഇതിനായി ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

ആംനെസ്റ്റി ഇന്റർനാഷണൽ കയ്യടിയർഹിക്കുന്നു

ഓങ് സാൻ സൂകി നേതൃത്വം നൽകുന്ന മ്യാൻമർ ഭരണകൂടത്തിന്റെ വക്താവായ സോറ്റേ ആംനെസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല. രാഖൈനിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയുള്ള മറപിടിച്ചുള്ള സന്ദർശനം മാത്രമാണ് വിദേശ പത്രപ്രവർത്തകർക്ക് ഇവിടെ നിന്ന് വാർത്തകൾ ശേഖരിക്കാനുള്ള ഏകമാർഗ്ഗം. ഇത്തരം തടസ്സങ്ങളെല്ലാം മറികടന്നു കൊണ്ട് മ്യാൻമർ ഭരണകൂടത്തിന്റെ ക്രൂരതകൾ പുറത്തുവിട്ട ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടും അന്താരാഷ്ട്ര കോടതിയെ ഇടപെടീക്കണമെന്ന സംഘടനാ പ്രതിനിധിയുടെ പ്രസ്താവനയും ഏറെ പ്രതീക്ഷ നൽകുന്നതാണ്. അടിച്ചമർത്തപ്പെട്ടവരുടെയും ആക്രമിക്കപ്പെടുന്നവരുടെയും ഭാഗത്ത് നിലകൊള്ളാൻ തയ്യാറാവുന്ന അന്താരാഷ്ട്ര വേദികൾ ഇപ്പോഴും അവശേഷിക്കുന്നു എന്നത് ഏറെ ആശാവഹവുമാണ്.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ മ്യാൻമർ സൈന്യത്തിനെതിരെ നിലവിൽ ഒരു കേസ് വിചാരണക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പുതിയ കേസ് കൂടി കോടതിയിൽ എത്തുന്നതോടെ ഭരണകൂടത്തിനെതിരെ ശക്തമായ തെളിവായി അത് മാറും. നീതിപൂർവമായ കോടതിയുടെ നടപടിയുണ്ടായാൽ ആട്ടിയകറ്റപ്പെട്ട ഒരു ജനതയുടെ കണ്ണീരിനു അൽപമെങ്കിലും അറുതിയുണ്ടാകും. ലോകത്തുടനീളം അവകാശ ധ്വംസനങ്ങൾക്ക് വിധേയമാകുന്ന ജനതക്ക് അതൊരു പോരാട്ടവീര്യമായി മാറുകയും ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter