വിദ്യാലയങ്ങള്‍ കൊലനിലങ്ങളാവുമ്പോള്‍
പാക് സ്കൂള്‍ ആക്രമണ പശ്ചാത്തലത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വിദ്യാലയങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ പ്രധാന ആക്രമണങ്ങളിലേക്ക് ഒരെത്തി നോട്ടം
ചൊവ്വാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച് പാകിസ്ഥാനിലെ പെഷവാറിലുള്ള സ്കൂളിലേക്ക് ആയുധ ധാരികള്‍ ഇരച്ചു കയറി കുട്ടികളെയും അധ്യാപകരെയും വരിനിര്‍ത്തി വെടിവെച്ചു കൊന്നത്. ചാവേറാക്രമണത്തിനുള്ള സജ്ജീകരണങ്ങളോടെ എത്തിയ സൈനിക വേഷമണിഞ്ഞ ഏഴ് പേരായിരുന്നു ആക്രമികള്‍. 132 കുട്ടികളടക്കം ചുരുങ്ങിയത് 142 പേരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സമീപകാലത്ത് ഏതെങ്കിലും സായുധ തീവ്രവാദി വിഭാഗം നടത്തുന്ന ഏറ്റവും ക്രൂരമായ നടപടിയായിരുന്നു ഈ കൂട്ടക്കൊല.
ലോകം മൊത്തം നടുക്കത്തോടെ പ്രതികരിച്ച ഈ ആക്രമം സ്കൂളുകള്‍ക്ക് നേരെ മുമ്പ് നടന്ന പല ആക്രമണങ്ങളെ കുറിച്ചും ഓര്‍മപ്പെടുത്തുന്നുണ്ട്. വിദ്യാലയങ്ങള്‍ തീവ്രവാദികളുടെ സ്ഥിരം ലക്ഷ്യമായി മാറിയിട്ടുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ പത്തുവര്‍ഷത്തെ അനുഭവം.
പാകിസ്ഥാനിലെ ആക്രമണത്തിന് മുമ്പ് സ്കൂളുകള്‍ക്ക് നേരെ നടന്ന അവസാന ആക്രമണം ഗാസ അധിനവേശ സമയത്ത് ഇസ്രയേല്‍ നടത്തിയതായിരുന്നു. 3,000 ഓളം പലസ്തീനികള്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ടായിരുന്നു അവിടെ. പശ്ചാത്യന്‍ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന നൈജീരിയയിലെ ബോക്കോ ഹറം തീവ്രവാദികളാണ് സ്കൂള്‍ ആക്രമണവും വിദ്യാര്‍ഥികളെ ബന്ധിയാക്കലും പതിവാക്കിയിരിക്കുന്ന മറ്റൊരു വിഭാഗം. 2014 ഏപ്രിലില്‍ ചിബോക്കിലെ സ്കൂളില്‍ നിന്നും 200 ഓളം വിദ്യാര്‍ഥിനികളെ തട്ടിക്കൊട്ടുപോയത് ലോകത്തിന്റെ മൊത്തം പ്രതിഷേധത്തിന് കാരണമായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വിദ്യാലയങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ പ്രധാന ആക്രമണങ്ങള്‍ പരിശോധിക്കാം.
യു.എസ്-ഏപ്രില്‍ 20, 1999: പ്രത്യക വേഷത്തിലെത്തിയ രണ്ട് വിദ്യര്‍ഥികള്‍ കൊളറാഡോയിലെ കൊളമ്പിന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. ഒരു അധ്യാപകനടക്കം 12 വിദ്യാര്‍ഥികളാണ് അന്ന് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമികള്‍ സ്വയം ജീവനൊക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് യു.എസിലെ തോക്ക് നിയന്ത്രണ നിയമത്തെ കുറിച്ച് സജീവമായ ചര്‍ച്ചകള്‍ നടന്നു. തോക്കുകളുടെ ഉപയോഗത്തിലുള്ള അയഞ്ഞ നിയമങ്ങളാണ് സ്കൂളില്‍ മാത്രമല്ല പൊതു ജീവിതത്തെ വരെ ബാധിക്കുന്നുണ്ടെന്ന് പരക്കെ വിമര്‍ശനം ഉയരുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് മൈക്കിള്‍ മൂര്‍ പ്രസിദ്ധമായ 'Bowling for Columbine എന്ന പേരില്‍ ഒരു ഡോക്യൂമെന്റിയും പുറത്തിറക്കിയിരുന്നു.
യു.എസ് ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ ആക്രമണമായാണ് കൊളമ്പീന്‍ സ്കൂള്‍ ആക്രമണത്തെ ഇന്നും അമേരിക്കന്‍ ജനത കാണുന്നത്.
റഷ്യ-സപ്തംബര്‍ 1, 2014: ചെചന്‍ പോരാളികള്‍ റഷ്യയിലെ നോര്‍ത്ത് ഓസീഷ്യയിലെ ബെസ്‍ലാനിലുള്ള ഒരു സ്കൂള്‍ പിടിച്ചെടുത്തു. ചെച്നിയയെ യു.എന്‍ അംഗീകരിക്കണമെന്നും റഷ്യന്‍ സൈന്യം ചെച്നിയയില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു പോരാളികളുടെ ആവശ്യം.
കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളുമടക്കം 1,100 പേരാണ് അന്ന് പോരാളികളുടെ ബന്ദികളായത്. അവരെ സ്കൂളിനോട് ചേര്‍ന്ന് ജിംനേഷ്യയില്‍ പാര്‍പ്പിച്ച പോരാളികള്‍ സൈന്യം നടപടിക്കു മുതിര്‍ന്നാല്‍ സ്കൂള്‍ തകര്‍ക്കുമെന്ന് ഭീഷണിയും നല്‍കി. മൂന്ന് ദിവസം തുടര്‍ന്ന പ്രതിസന്ധി, അത്യാധുനിക ആയുധങ്ങളുമായി റഷ്യന്‍ സൈന്യം നടത്തിയ ഓപറേഷനോടെയാണ്, അവസാനിച്ചത്. 185 കുട്ടികളടക്കം 300 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. ബന്ധികളായ കുട്ടികളെ പോരാളികള്‍ കൊലപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് സൈനിക നടപടിക്ക് ഒരുങ്ങിയതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിന്‍ പുടിന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
യു.എസ്- ഡിസംബര്‍ 14, 2012: ഇരുപതുകാരിയായ അഡം ലാന്‍സ സ്വന്തം വീട്ടില്‍ വെച്ച് അമ്മയെ വധിച്ച ശേഷം സൈനിക കോട്ടണിഞ്ഞ് ന്യൂടണിലെ സാന്റി ഹൂക്ക് ഇലമെന്ററി സ്കൂളിലേക്ക് പാഞ്ഞു കയറുകയാരുന്നു. തുടര്‍ന്ന് സെമി-ഓട്ടോമാറ്റിക്ക് റൈഫിളും രണ്ട് പിസ്റ്റളുകളുമായി നടത്തിയ വെടിവെപ്പില്‍ 20 കുട്ടികളും 6 സ്റ്റാഫ് അംഗങ്ങളും കൊല്ലപ്പെട്ടു. അവസാനം തലക്ക് വെടിവെച്ച് സ്വയം ജീവനൊക്കുകയായിരുന്നു ലാന്‍സ.
യു.എസ് ഹൈസ്കൂളുകളില്‍ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. കൊളമ്പിന്‍ ആക്രമണത്തെ പോലെ തന്നെ ഈ സംഭവവും രാജ്യത്തെ കുത്തഴിഞ്ഞ തോക്ക് നിയന്ത്രണ നിമയത്തെ കുറിച്ച് ചര്‍ചകള്‍ക്ക് വഴിവെച്ചു.
നൈജീരിയ- ജൂലൈ 9, 2013:നൈജീരയന്‍ സ്റ്റേറ്റായ യോബിലെ മമൂദെ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ബോര്‍ഡിംങ് സ്കൂളിലേക്ക് ബോക്കോ ഹറം തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന സായുധ സംഘം ഇരച്ചു കയറുകയായിരുന്നു. 20 വിദ്യാര്‍ഥികളടക്കം 42 പേര്‍ തുടര്‍ന്ന് നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.
വരിനിര്‍ത്തിയ ശേഷമാണ് കുട്ടികള്‍ക്കു നേരെ നിറയൊഴിച്ചതെന്നും ബാക്കിയുള്ളവരെ ജീവനോടെ കത്തിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ രക്ഷപ്പെട്ടവര്‍ പിന്നീട് വെളിപ്പെടുത്തി. രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം പലരും ചുട്ടെരിക്കപ്പെട്ടതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘കഠിനഹൃദയരായ ആക്രമികളെ’ന്നാണ്ആക്രമികളെ പ്രദേശത്തെ ഗവര്‍ണര്‍ ഇബ്രാഹീം ഗൈദാം വിശേഷിപ്പിച്ചത്. ഒരു കൂട്ടം തീവ്രവാദികളുടെ ബീഭത്സമായ ആക്രമണമെന്ന് യൂറോപ്യന്‍ യൂനിയന്‍ സംഭവത്തെ അപലപിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഇറാഖ്- ഓക്ടോബര്‍ 6, 2013:സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് കുട്ടികള്‍ കളിക്കുന്ന മൈതാനത്തേക്ക് ഇടിച്ച് കയറ്റിയാണ് ഇറാഖിലെ ഖബാക് ഇലമെന്ററി സ്കൂളില്‍ ചാവേര്‍ ഭീകരന്‍ സ്ഫോടനം നടത്തിയത്. കുട്ടികളും സ്കൂള്‍ ഹെഡ്മാസ്റ്ററുമടക്കം 15 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.
സ്ഫോടനത്തിന്റെ ശക്തി കാരണം ഒറ്റനില കെട്ടിടമായ സ്കൂള്‍ തകര്‍ന്ന് വീഴുകയും ചെയ്തു. ശിയാ സ്കൂളായ ഇത് ഇറാഖിലെ തുര്‍കോം ഗ്രാമത്തിലാണ് സ്ഥിതി ചെയ്തിരുന്നത്.
മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണം എന്നാണ് ഖബാക് മേയര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. നമ്മള്‍ സ്വസ്ഥ ജീവിതം നയിക്കുന്നതും സ്കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്നതും തടയാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്. അവര്‍ക്കതിന് സാധിക്കില്ല. നമ്മള്‍ ഒന്നിച്ച് നില്‍ക്കും-അദ്ദേഹം പറഞ്ഞു. നിരവധി വിദ്യാര്‍ഥികള്‍ക്ക് സാരമായ പരിക്കും പറ്റിയിരുന്നു.
തീവ്രവാദികള്‍ ആസൂത്രിതമായി നടപ്പിലാക്കിക്കൊണ്ടിരുന്ന ആക്രമണ പരമ്പരയുടെ ഒരു ഭാഗം മാത്രമായിരുന്നു സ്കൂള്‍ ആക്രമണം. 2008-നു ശേഷം ഏറ്റവും മാരകമായ ആക്രമണങ്ങള്‍ ഉണ്ടായ സമയമായിരുന്നു അത്.
നൈജീരിയ- ഏപ്രില്‍ 14-15, 2014
ലോകം മൊത്തം ആശങ്കയോടെ കണ്ടതായിരുന്നു നൈജീരിയയിലെ സ്കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. സോഷ്യല്‍ മീഡിയകളില്‍ വരെ ഇതിനെതിരെ ചലനങ്ങളുണ്ടായി #BringBackOurGirls എന്ന ഹാഷ്ടാങ് കാംപെയിന്‍ ലോകവ്യാപകമായി അരങ്ങേറി.
കുറച്ച് കുട്ടികള്‍ വിജയകരമായി രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവരെ കുറിച്ച് വ്യക്തമായ വിവരമില്ല. ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കില്‍ തന്നെ നൈജീരിയയിലാണോ എന്നൊന്നും സ്ഥിരീകരിക്കാന്‍ മാധ്യമങ്ങള്‍ക്കോ സര്‍ക്കാരിനോ ആയിട്ടില്ല. കുട്ടികളെ പോരാളികള്‍ക്ക് വിവാഹം കഴിച്ചു നല്‍കിയതായും വാര്‍ത്തകളുണ്ടായിരുന്നു.
നൈജീരിയ- 10 നവംബര്‍ 2014:നൈജീരിയന്‍ പട്ടണമായ പോദിസ്കും പട്ടണത്തിലെ സ്കൂളില്‍ ഒരു ചാവേറിന്റെ രൂപത്തിലാണ് ആക്രമണം അരങ്ങേറിയത്. ഇതു യോബ് സ്റ്റേറ്റിലായിരുന്നു. സെക്കന്ററി സ്കൂളില്‍ രാവിലെ അസംബ്ലി നടക്കുമ്പോഴായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. 47 പേരാണ് കൊല്ലപ്പെട്ടത്. മുഴുവന്‍ പേരും സംഭവസ്ഥലത്തു വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു.
ചാവേര്‍ സ്ഫോടനമായിരുന്നു സ്കൂളില്‍ നടന്നത്. മൊത്തം 47 പേര്‍ കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്- സംഭവ ദിവസം ദേശീയ പൊലീസ് വക്താവ് ഇമാനുവേല്‍ ഒജുക്കുവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് പിന്നില്‍ ബോക്കോ ഹറം ആണെന്നാണ് പോലീസ് നിഗമനം.
പാകിസ്ഥാന്‍- ഡിസംബര്‍ 16, 2014:സൈനിക വേഷമണിഞ്ഞ, ചാവേര്‍ ആക്രമണത്തിനുള്ള തയ്യാറെടുപ്പോടെ പാക് താലിബാന്‍ (പാകിസ്ഥാന്‍ തഹ്‍രീകെ താലിബാന്‍) തീവ്രവാദികള്‍ പെഷവാറിലെ സൈനിക സ്കൂളില്‍ ഇരച്ചു കയറി അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെട്ട 150 ഓളം പേരില്‍ 132 പേരും കുട്ടികളായിരുന്നു.
പാക്സൈന്യം നടത്തിയ രക്ഷാ ദൌത്യത്തിലൂടെ ശേഷിച്ച ബന്ദികളെ രക്ഷിക്കുകയും തീവ്രവാദികളെ മുഴുവന്‍ കൊലപ്പെടുത്തുകയും ചെയ്തു. പാക് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അനുശോചനം പ്രഖ്യാപിച്ചിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിരെ ശബ്ദിക്കാറുള്ള പാക് താലിബാന്‍ തന്നെയായിരുന്നു 2012-ല്‍ നോബേല്‍ ജേതാവ് മലാല യൂസഫ് സായിയെ വെടിവെച്ചതും.
(കടപ്പാട്: അല്‍-ജസീറ
Leave A Comment