സ്ത്രീ രക്തങ്ങള്‍ (ഇസ്തിഹാളത്ത്)
ആര്‍ത്തവം, അതിന്റെ പരമാവധി ദിവസമായ പതിഞ്ച് വിട്ടുകടന്ന് നിലകൊള്ളുന്നതിന് ഇസ്തിഹാളത്ത് (രോഗരക്തം) എന്നു പറയുന്നു. രക്തസ്രാവം എന്നും കിലശച്ചോരയെന്നും രക്തംപോക്കെന്നും അറബിയില്‍ ഇസ്തിഹാളത് എന്നും ഇംഗ്ലീഷില്‍ ബ്ലീഡിംഗ് എന്നും പറയുന്നു. മൂത്രവാര്‍ച്ച പോലെയുള്ള ഒരു നിത്യ അശുദ്ധിയാണിത്. രക്തം നില്‍ക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന രോഗമാണിത്. ചികിത്‌സ ചെയ്യണം; ഒപ്പം മതനിയമങ്ങള്‍ പാലിക്കുകയും വേണം. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് നോമ്പിനും നിസ്‌കാരത്തിനും ഇത് തടസ്സമല്ല. വഖ്ത് ആഗതമായിട്ടെ നിസ്‌കാരത്തിന് വുളൂഅ് എടുക്കാന്‍ പറ്റൂ. അതുതന്നെ ഗുഹ്യഭാഗം നല്ലവണ്ണം കഴുകിയ ശേഷം അതില്‍ പഞ്ഞി നിറച്ച് ഒരു ശീല കൊണ്ട് കെട്ടിയ ശേഷം മാത്രം. ഓരോ വഖ്തിലും ഗുഹ്യസ്ഥാനം കഴുകുകയും വുളൂഅ് എടുക്കുകയും വേണം. നോമ്പ് ഉള്ളവള്‍ യോനി നിറക്കരുത്, നോമ്പ് മുറിയും. പുറം കെട്ടിയാല്‍ മതി. കെട്ടിയ ശേഷം ഉടന്‍ വുളൂഅ് ചെയ്ത് നിസ്‌കരിക്കണം.
ഹൈളും ഇസ്തിഹാളത്തും ഇടകലര്‍ന്നാല്‍ ഒരു സ്ത്രീക്ക് ഹൈളുണ്ടാകാവുന്ന പ്രായത്തില്‍ രക്തം കണ്ടു. പരമാവധി ദിവസങ്ങള്‍ക്കപ്പുറം വിട്ടു കടന്നതുമില്ല. എന്നാല്‍ ആ രക്തം മുഴുവന്‍ ആര്‍ത്തവമാകുന്നു. അതിന്റെ നിറം കറുപ്പോ, ചുവപ്പോ, ഇളംചുവപ്പോ ആയാലും അത് ആര്‍ത്തവം തന്നെ. എന്നാല്‍ ശുദ്ധികാലം ബാക്കിനില്‍ക്കുമ്പോഴാണ് രക്തം കണ്ടതെങ്കില്‍ അത് ആര്‍ത്തവമല്ല, രോഗ രക്തമാണ്.
ഒരു ഉദാഹരണം: ഒരു സ്ത്രീക്ക് മൂന്നു  ദിവസം രക്തസ്രാവം ഉണ്ടായി. പിന്നെ 12 ദിവസം രക്തം ഉണ്ടായില്ല. അനന്തരം മൂന്നു ദിവസം രക്തം ഉണ്ടായി. എങ്കില്‍ ഒടുവിലെ മൂന്നു ദിവസം കണ്ടത് ആര്‍ത്തവമല്ല, ഇസ്തിഹാളത്താണ്. ഇത്തരം രക്തസ്രാവമുള്ള സ്ത്രീകളെ ഏഴു വിഭാഗമായി തിരിക്കാം. ഓരോന്നും ക്രമത്തില്‍ താഴെ വിവരിക്കുന്നു: മുബ്തദഅതുന്‍ മുമയ്യിസത്
മുമ്പ് ആര്‍ത്തവം ഉണ്ടാകാത്തവളും എന്നാല്‍ രക്തത്തിന്റെ വ്യത്യാസം കൊണ്ട് ആര്‍ത്തവ രക്തവും അല്ലാത്തതും തമ്മില്‍ തിരിച്ചറിയുവാന്‍ കഴുയുന്നവളുമായ സ്ത്രീ. ഇവള്‍ ബലഹീനമായി കണ്ടത് രോഗ രക്തമാണെന്നും ശക്തമായി കണ്ടത് ഹൈളാണെന്നും മനസ്സിലാക്കണം. പക്ഷേ, അതിനു നാലു നിബന്ധനകളുണ്ട്. 1) ശക്തിയുള്ളത്:- ഒരു ദിവസത്തില്‍ (24 മണിക്കൂര്‍) ചുരുങ്ങാതിരിക്കുക. 2) ശക്തിയുള്ളത് പതിനഞ്ച് ദിവസത്തേക്കാള്‍ കൂടാതിരിക്കുക. 3) ബലഹീനമായ രക്തം- ഏറ്റവും കുറഞ്ഞ ശുദ്ധികാലത്തേക്കാള്‍ (15 ദിവസത്തേക്കാള്‍) കുറയാതിരിക്കുക. 4) ബലഹീനമായ രക്തം പതിനഞ്ച് ദിവസം ഇടവിടാതെ ഉണ്ടാവുക. (തീരെ രക്തമില്ലെങ്കിലും  വിരോധമില്ല) പക്ഷേ, ശക്തമായ ചോര ഇടയില്‍ പുറപ്പെടാതിരിക്കണം. ശക്തിയായി കണ്ട രക്തം ആദ്യമായാലും, മധ്യത്തിലായാലും, അവസാനത്തിലായാലും ഉപര്യുക്ത നിബന്ധനകള്‍ ഉള്ളപ്പോഴെല്ലാം ആര്‍ത്തവ രക്തം തന്നെ. ബലഹീനമായ രക്തം വര്‍ഷങ്ങളോളം നീണ്ടുനിന്നാലും ശുദ്ധി തന്നെ. കാരണം, അധികരിച്ച ശുദ്ധിക്ക് പരിധിയില്ല. (നിഹായ 1/341) ഉദാഹരണമായി നാലു ദിവസം കുറഞ്ഞ രക്തവും പിന്നെ മാസാവസാനം വരെ മുഴുവനും ചുവപ്പു രക്തവും കണ്ടു. അല്ലെങ്കില്‍ പതിനഞ്ചു ദിവസം ചുവപ്പു രക്തവും പിന്നെ പതിനഞ്ചു ദിവസം കറുപ്പു രക്തവും കണ്ടു. അതുമല്ലെങ്കില്‍ അഞ്ചു ദിവസം ചുവപ്പും പിന്നെ അഞ്ചു ദിവസം കറുപ്പും. പിന്നെ മാസത്തില്‍ ബാക്കി ദിവസം മുഴുവന്‍ ചുവപ്പും കാണുക. ഇപ്പറഞ്ഞ രീതിയില്‍ പുറപ്പെട്ട കറുപ്പു രക്തങ്ങളെല്ലാം ഹൈളും ചുവപ്പു രക്തങ്ങള്‍ ഉസ്തിഹാളത്തുമാണ്. മുന്‍ വിവരിച്ച നാലു നിബന്ധനകളില്‍ ഒന്ന് ഇല്ലാതെയായാല്‍ അവളുടെ ആര്‍ത്തവം മാസത്തിലൊരു ദിവസമാണെന്നും ബാക്കി ശുദ്ധി ദിവസമാണെന്നും വെക്കണം. ആ ദിവസങ്ങളില്‍ സ്രവിക്കുന്ന രക്തം ആര്‍ത്തവമല്ല, ഇസ്തിഹാളത്താണ്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter