പെണ്ണു കാണൽ: മതാചാരവും ദുരാചാരവും 

ഇസ്‍ലാമിക വീക്ഷണ പ്രകാരം വളരെയേറെ പുണ്യകരമായ ഒരു കർമമാണ് വിവാഹം.  വിവാഹ ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ലളിതമായ ചില മാർഗ്ഗ നിർദ്ദേശങ്ങളും ഇസ്‍ലാം വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. മാർഗവും ലക്ഷ്യവും നന്നാകുമ്പോഴാണല്ലോ ഏതൊരു കാര്യവും സമ്പൂർണ്ണമായി തീരുന്നത്. 

അവിച്ഛേദ്യവും അനന്തവുമായി തുടരുമ്പോൾ വിവാഹബന്ധത്തിന് വിവരണാതീതമായ  അർത്ഥതലങ്ങൾ വന്നുചേരുന്നുണ്ട്.    സ്നേഹമാണ് വിവാഹ ബന്ധത്തെ ശാശ്വതമാക്കുന്ന  ചാലകശക്തി. അതുകൊണ്ടാണത്രേ വിവാഹം കഴിക്കുന്നതിനു മുമ്പ്  പരസ്പരം കാണൽ പുണ്യകരമാണെന്ന് ഇസ്‍ലാം പറഞ്ഞു വെച്ചത്. കണ്ട് ഇഷ്ടപ്പെട്ടു വേണം ഏതൊരു പെണ്ണിനേയും ഭാര്യയായി സ്വീകരിക്കാൻ. നേരത്തെ ഒന്ന് കാണുക പോലും ചെയ്യാതെ,  വിവാഹം കഴിച്ച ശേഷം, പരസ്പരം ഇഷ്ടപ്പെടാന്‍ പ്രയാസപ്പെടുന്നതിനേക്കാള്‍,  നന്മകൾ കുടിയിരിക്കുന്നത്, കണ്ട് ഇഷ്ടപ്പെട്ട് വിവാഹിതരാവുന്നതിലാണ് എന്ന് ചുരുക്കം. ഒരു പെണ്ണിനെ വിവാഹം കഴിക്കാൻ ചെന്ന മുഗീറ(റ)വിനോട് "നീ അവളെ കണ്ടിട്ടുണ്ടോ?"  എന്ന് തിരു നബി (സ്വ) ചോദിച്ചതും മറ്റൊന്നും കൊണ്ടല്ല.  

വിവാഹം കഴിച്ച ശേഷം പരസ്പരം ഇഷ്ടപ്പെടാന്‍ കഴിയാതെ പോയാല്‍ സ്നേഹമെങ്ങനെ  അവർക്കിടയിൽ നിലനിൽക്കും! അഥവാ,  ഇരുവരും കണ്ട് പരസ്പരം ഇഷ്ടപ്പെട്ടാൽ മാത്രം  തുടങ്ങേണ്ട  ഒരു ബന്ധമാണ് വിവാഹ ബന്ധം.  അവിടെ മാതാപിതാക്കളുടെ നിർബന്ധത്തിനും ശാഠ്യത്തിനും ഇസ്‍ലാമിക ദൃഷ്ട്യാ വലിയ പങ്കൊന്നുമില്ല.

പെണ്ണു കാണുക എന്ന ലളിതമായ  മതാചാരത്തിന് നാട്ടുനടപ്പിന്റെ  ചില നിറം ചാർത്തിയപ്പോൾ പെണ്ണു കാണുക എന്ന പുണ്യകർമ്മം  പല നാടുകളിലും ഇന്ന് ദുരാചാരമായും അനിസ്‍ലാമിക കർമ്മമായും പരിണമിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. വിവാഹം കഴിക്കാൻ തീരുമാനിച്ച  ഒരാൾ       വിവാഹഭ്യർത്ഥനക്ക് മുമ്പായി  ഒരു പെണ്ണിന്റെ മുഖവും മുൻകൈയ്യും കാണുന്നു. അവളും ഇവന്റെ ഔറത് അല്ലാത്ത ഭാഗം  കാണുന്നു. രണ്ടു പേരും കണ്ട് ഇഷ്ടപ്പെട്ടാൽ വിവാഹഭ്യർത്ഥന നടത്തുകയും അനന്തരം വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇതാണ്  ഇസ്‍ലാം മുന്നോട്ടുവെച്ച ലളിതമായ  പെണ്ണുകാണൽ ചടങ്ങ്. 

Also Read:ചേലാകര്‍മവും മൂക്ക് കുത്തലും

വിവാഹഭ്യർത്ഥനക്ക് മുമ്പായിരിക്കണം പെണ്ണുകാണൽ  എന്ന് കർമശാസ്ത്രം വിവരിച്ചതിലുമുണ്ട് യുക്തി.  വിവാഹഭ്യർത്ഥന നടത്തി പെണ്ണു കാണുകയും കണ്ട് ഇഷ്ടപ്പെടാതിരുന്നാൽ പ്രസ്തുത പെണ്ണുമായി വിവാഹം വേണ്ടെന്നു വെക്കുകയും ചെയ്താൽ പെണ്ണിന് അത് പ്രയാസമുള്ള കാര്യമായി ഭവിച്ചേക്കാം എന്നതാവാം കാരണം.

വിവാഹിതനാകാൻ പോകുന്ന ആണിന് മാത്രമേ  പെണ്ണുകാണൽ സുന്നത്തുള്ളൂ.  ആണിന് കാണാൻ കഴിയാതെ വരുമ്പോൾ പെണ്ണിനെ കണ്ടു തനിക്ക് വിവരിച്ചു തരാനായി  ചില സ്ത്രീകളെയോ പെണ്ണിന്റെ മഹ്റമായ ഏതെങ്കിലും പുരുഷനെയോ  അയക്കാവുന്നതുമാണ്. എന്നു വെച്ചാൽ, കല്യാണം കഴിക്കാൻ പോകുന്ന പുരുഷന്റെ പിതാവിന് പോലും  പെണ്ണ് കാണൽ സുന്നത്തില്ല എന്നർത്ഥം.   മകൻ വിവാഹിതനാകുന്നത് വരേ, മരുമകളായി വരാനുള്ളവള്‍ പിതാവിന് അന്യ സ്ത്രീയും അവളെ കാണൽ പിതാവിന് നിഷിദ്ധവുമാണ്. പിതാവ് കണ്ട് ഇഷ്ടപ്പെട്ടുവോ എന്ന് നോക്കേണ്ടതില്ല എന്ന് സാരം.

പെണ്ണ് കാണാനായി ഔദ്യോഗിക ചടങ്ങ് ഉണ്ടാക്കുകയും  പിതാവും സുഹൃത്തുക്കളും ഒപ്പം കൂടി പെണ്ണ് കാണുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ ആചാരം എന്തുകൊണ്ടും നിരുത്സാഹപ്പെടുത്തേണ്ടതും എതിർക്കപ്പെടേണ്ടതുമായ ഒരു ദുരാചാരം തന്നെയാണ്. 
പെണ്ണു കണ്ട് വിവാഹഭ്യർത്ഥനയും നടത്തി ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നീട് പെട്ടെന്ന് വിവാഹം കഴിക്കുകയാണ് വേണ്ടത്. നികാഹ് കഴിയുന്നത് വരെ അവള്‍ അന്യസ്ത്രീ തന്നെയാണ്. അവളുമായി ചാറ്റിങ് നടത്തുന്നതും സംസാരിക്കുന്നതുമെല്ലാം കർമശാസ്ത്ര നിയമപ്രകാരം അന്യസ്ത്രീയുമായുള്ളതിന്റെ അതേ വിധി തന്നെയാണ്.  വിവാഹവും അനുബന്ധ കാര്യങ്ങളുമെല്ലാം ഇസ്‍ലാം അനുശാസിക്കുന്ന അതേ രീതിയിലേക്ക് തിരിച്ച് വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter