ദുര്‍വിനിയോഗം സൂക്ഷിക്കുക
സാമൂഹിക ദുശ്ശീലങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരിനമാണ് ദുര്‍വ്യയം. മിതവ്യയത്തിനു മാത്രം നാഥന്‍ നല്‍കിയ സമ്പത്ത് പരിസര ബോധമില്ലാതെ വാരിവിതറുന്നവര്‍ പിശാചിന്റെ സഹോദരങ്ങളാണെന്ന ഖുര്‍ആനികാധ്യാപനങ്ങളൊന്നും നമ്മെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ പ്രേരകമാവുന്നില്ല. അടുക്കളയില്‍ നിന്നു തുടങ്ങുന്ന ദുര്‍വ്യയങ്ങളുടെ പട്ടിക നമ്മുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും ഗ്രസിച്ചു കഴിഞ്ഞു. പാകം ചെയ്യുന്ന ഭക്ഷണത്തില്‍നിന്നു തന്നെ നല്ലൊരു പങ്കും പാഴാക്കിക്കളയുന്നവരാണ് അധിക കുടുംബങ്ങളും. വിവാഹം, സല്‍ക്കാരം തുടങ്ങിയ പല സദ്യകളും ഇത്തരം ദുര്‍വ്യയങ്ങളുടെ കേളീരംഗമായി മാറുന്നു. ഭക്ഷ്യവസ്തുക്കളെ മാനിക്കണമെന്ന് ഇസ്‌ലാം കല്പ്പിക്കുന്നു.  ഭക്ഷണമായി ഉപയോഗിക്കുന്നവയെ മാലിന്യങ്ങളില്‍ നിക്ഷേപിക്കരുതെന്ന് വിലക്കിയ ഇസ്‌ലാം, മലമൂത്ര വിസര്‍ജനങ്ങള്‍ ഇവയ്ക്കുമേല്‍ ഹറാമാണെന്ന് അനുശാസിക്കുന്നു. ഭൂതവര്‍ഗങ്ങളുടെ ഭക്ഷണമാണെന്നതിനാല്‍ എല്ലുകളില്‍ പോലും മലമൂത്ര വിസര്‍ജനം വിലക്കിയിട്ടുണ്ട്. അമിതമായി പാകം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഓടകളില്‍ തള്ളി മലിനപ്പെടുത്തുന്നതില്‍ ഒരു ജാള്യതയും നമുക്കനുഭവപ്പെടാറില്ല. അന്നത്തോട് ആദരവ് കാണിച്ചിരുന്നവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. ഭക്ഷണത്തിലെ അവസാനത്തെ പിടിയിലാണ് ബര്‍ക്കത്ത് അവശേഷിക്കുന്നതെന്ന് അറിവുള്ള അവര്‍ സൂക്ഷ്മതയോടെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍, കാലം മാറിയതനുസരിച്ച് പിന്‍ഗാമികളിലും സമൂലമായ മാറ്റമുണ്ടായി. പാശ്ചാത്യരെ അനുകരിക്കാനുള്ള വെമ്പലില്‍ ഭക്ഷണം കഴിക്കുന്നതിലുള്ള മര്യാദകള്‍ പോലും നാം കളഞ്ഞുകുളിച്ചു. കേരളത്തില്‍ വളരെ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാലം. ചിട്ടയൊത്ത പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയ്ക്കകത്തും പുറത്തും പ്രസിദ്ധമായ പ്രസ്തുത സ്ഥാപനത്തില്‍, ഒരുമയുടെ പ്രതീകമെന്നോണം പഴമയുടെ പിന്തുടര്‍ച്ചയുമായി പത്തു പേര്‍ ഒന്നിച്ചിരുന്ന് ഒരു തളികയില്‍ നിന്ന് കൈകള്‍ കൊണ്ട് ഭക്ഷണം വാരിയെടുത്ത് കഴിക്കണമെന്നാണ് ചട്ടം. അതു തന്നെ നിലത്ത് വിരിച്ച പായയില്‍ 'ചമ്രം'പടിഞ്ഞിരുന്നും. മാതൃകാ കേന്ദ്രമായ ഈ സ്ഥാപനത്തിലെ അദ്ധ്യാപകര്‍ക്കും ചട്ടം ബാധകമായിരുന്നു. നിശ്ശബ്ദമായ ഊട്ടുപുരയില്‍ പക്ഷേ, ഞങ്ങളുടെ സൗഹൃദം പങ്കിടലും ചര്‍ച്ചകളും അവലോകനങ്ങളുമൊക്കെ ആരെയും അലോസരപ്പെടുത്തും വിധമായിരുന്നു. ആയിരത്തോളം വരുന്ന വിദ്ധ്യാര്‍ത്ഥികള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമെങ്കിലും അല്‍പം പോലും സുപ്രകളില്‍ സ്ഥാനം പിടിക്കാറില്ല. എന്നാല്‍ ഞങ്ങളുടെ തളികയ്ക്കു ചുറ്റും അല്‍പസ്വല്‍പമൊക്കെ ഇവ വീഴാതിരിക്കാറുമില്ല. ഒരു ദിവസം ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മര്‍ഹൂം ഹൈദ്രൂസ് മുസ്‌ല്യാര്‍ ഭക്ഷണഹാളിലേക്കു കടന്നുവന്നു. ഒമ്പതു പേരുണ്ടായിരുന്നു ഞങ്ങളുടെ 'വട്ട'ത്തില്‍. പത്താമനായി അദ്ദേഹവും സ്ഥാനം പിടിച്ചു. എന്നാല്‍ തളികയില്‍ നിന്നും ഭക്ഷണം വാരിയെടുത്തു കഴിക്കുന്നതിനു പകരം തളികയ്ക്കു ചുറ്റും വീണു കിടക്കുന്ന 'അവശിഷ്ടങ്ങള്‍' അദ്ദേഹം ഓരോന്നായി എടുത്തു ഭക്ഷിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ ഒമ്പതു പേരുടെയും മുമ്പില്‍ വീണുകിടന്നിരുന്നവ മുഴുവന്‍ അദ്ദേഹം അങ്ങനെ ഭക്ഷിച്ചു. ഉസ്താദ് ഒരക്ഷരം ഉരിയാടിയില്ല. വായിലെ ഭക്ഷണത്തോടൊപ്പം നാവുമിറങ്ങിയതു പോലെ ഞങ്ങളും മൗനികളായി. ചുറ്റുമുള്ളവ തീര്‍ന്നപ്പോള്‍ തളികയില്‍ നിന്നദ്ദേഹം അല്‍പം കഴിച്ചു. മാതൃകാ സ്ഥാപനത്തിലെ അദ്ധ്യാപകരും മാതൃകായോഗ്യരായിരിക്കണമെന്നതടക്കം ഒട്ടേറെ 'അര്‍ത്ഥ'ങ്ങള്‍ നല്‍കിയ ആ അദ്ധ്യാപനമങ്ങനെ ഒരുവിധം അവസാനിച്ചു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും മനസ്സിലിന്നും ഒളിമങ്ങാത്ത ഓര്‍മയായി ഈ അനുഭവം 'വേട്ടയാടിക്കൊണ്ടിരിക്കുന്നു. മഹാരഥന്‍മാരായ പണ്ഡിത ശ്രേഷ്ടര്‍ ദുര്‍വ്യയത്തിനെതിരെ നമുക്ക് നല്‍കിയ എന്നത്തേക്കുമുള്ള മാതൃകയായിരുന്നു ഈ സംഭവം. അജ്ഞതയേക്കാള്‍ അശ്രദ്ധയാണ് ദുര്‍വ്യയമായി രൂപാന്തരപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളെ അവമതിക്കുന്നതിനേക്കാള്‍, എത്രയോ മനുഷ്യര്‍ക്ക് ഭക്ഷിക്കാനുള്ള വിഭവങ്ങളാണ് ഇങ്ങനെ നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വരുംവരായ്മകളെ കുറിച്ച് യാതൊന്നും ചിന്തിക്കാതെ നാം സുഖസുഷുപ്തിയില്‍ മതിമറന്നങ്ങനെ ആറാടുന്നു. ഭക്ഷണം പാകംചെയ്യുമ്പോള്‍ കറിയില്‍ അല്‍പം വെള്ളം ചേര്‍ക്കുവാന്‍ ഉപദേശിച്ച നബിതിരുമേനി, അത് വൃഥാ ഒഴുക്കികളയുവാനല്ല അങ്ങനെ ചെയ്യുവാന്‍ കല്‍പിച്ചത്. പ്രത്യുത, അയല്‍ വീടുകളിലോ മറ്റോ അതിനാവശ്യമുള്ളവര്‍ ഉണ്ടായേക്കുമെന്നും അവര്‍ക്കത് നല്‍കണമെന്നുമാണ് തിരുവാക്യങ്ങളിലെ സൂചന. എന്നാല്‍, മേല്‍ സംഭവത്തിലെന്ന പോലെ നമ്മുടെ വീടുകളിലും മറ്റു പൊതു സദ്യകളിലുമൊക്കെ പാഴായിപ്പോവുന്ന ഭക്ഷ്യവസ്തുക്കള്‍ ധാരാളമല്ലേ. പാകം ചെയ്യുന്നതിന്റെ പകുതി പോലും ഉപയോഗിക്കാറില്ലെന്നതാണ് നേര്. നെല്ല്, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ ചവിട്ടുന്നത് പഴമക്കാര്‍ വിലക്കാറുണ്ടായിരുന്നു. അത് അപമര്യാദയാണെന്ന് അവര്‍ ഉപദേശിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഭക്ഷ്യവിഭവങ്ങളെ ചവിട്ടിയരക്കുന്നതില്‍ പോലും അരുതാത്തതായി നാം ദര്‍ശിക്കുന്നില്ല. 'അയല്‍ വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ലെ'ന്ന് പഠിപ്പിച്ച തിരുമനസ്സിന്റെ അനുയായികളായ നാം വയര്‍ നിറച്ച് ഏമ്പക്കമിടുമ്പോഴും പരിസരത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ. നാം രണ്ട്, നമുക്ക് രണ്ട്- പിന്നീടത് നമുക്കൊന്ന് എന്നായി മാറി. ഇപ്പോള്‍ നമുക്കെന്തിന് എന്ന് ചോദിക്കാന്‍ മാത്രം സങ്കുചിത മനസ്‌കരായി മാറിയ ഇക്കാലത്ത് അയല്‍വാസികളെയോ കുടുംബങ്ങളെയോ ഓര്‍ക്കാന്‍ നമുക്ക് നേരമെവിടെ? 'തിന്ന് ഛര്‍ദ്ദിച്ചാലും കൊടുത്ത് കളരുതെ'ന്ന പിശാചിന്റെ മന്ത്രമല്ലേ നമ്മെ നയിക്കുന്നത്. ഉഗാണ്ടയും സോമാലിയയും മാത്രമല്ല, ദൈവത്തിന്റെ നാട്ടിലും പട്ടിണിപ്പാവങ്ങളുണ്ടെന്നത് നാം വിസ്മരിക്കരുത്. ഒരു ചാണ്‍ വയറിന്നായി എച്ചിലുകള്‍ക്കിടയില്‍ പട്ടികളോട് മല്ലിടുന്ന മാനവര്‍ നമ്മുടെ രാജ്യത്തേയും കാഴ്ചകളായി മാറിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ അനാവശ്യമായി ഉണ്ടാക്കി ദുരുപയോഗം ചെയ്യുന്നവരുടെ ശ്രദ്ധയിലേക്ക് ഈ സംഭവം പുനര്‍വായനയ്ക്കായി വിവരിക്കുന്നത് അവസരോചിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പട്ടിണിയില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് നാടിനെ കണ്ണീരിലാഴ്ത്തിയെന്ന തലക്കെട്ടില്‍, ഏതാണ്ടെല്ലാ മലയാള പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത സംഭവം ഇപ്രകാരമായിരുന്നു: ''അനിയത്തിമാര്‍ വിശന്നു കരയുന്നത് കണ്ട് സഹിക്കാനാവാതെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം നാടിനെ തീരാദുഃഖത്തിലാഴ്ത്തി. ബുധനാഴ്ച വിദ്യാര്‍ത്ഥിനിയുടെ കുടിലിലെ അടുപ്പില്‍ തീയെരിഞ്ഞിരുന്നില്ല. വെറും വയറ്റില്‍ സ്‌കൂളില്‍ പോയ അഞ്ചും, മൂന്നും വയസ്സുള്ള കുട്ടികള്‍ തിരിച്ചു വന്നപ്പോള്‍ അയല്‍ വീട്ടില്‍ നിന്നും ലഭിച്ച ഒരു മുറി ചക്കയാണ് അവര്‍ക്ക് താല്‍ക്കാലിക ആശ്വാസമായത്. അടുക്കളയില്‍ വെച്ച് ചുളകളാക്കി അനിയത്തിമാര്‍ക്ക് നല്‍കിയ ശേഷം ദൈന്യതയാര്‍ന്ന അവരുടെ മുഖത്തോടു മുഖമുള്ള നോട്ടം കണ്ട് നിരാശയായ ജ്യേഷ്ടത്തി ഷാളെടുത്ത് തൊട്ടടുത്ത മുറിയില്‍ മരിക്കുകയായിരുന്നു. അമ്മ വരാന്‍ വൈകിയാല്‍ നമുക്ക് നേരത്തെ ചോറുണ്ടാക്കണമെന്നും അതിനാല്‍ നേരത്തെ സ്‌കൂള്‍ വിട്ടു വേഗം വരണമെന്നും അവള്‍ പറഞ്ഞിരുന്നു.'' മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്ത ഒരുള്‍നാടന്‍ ഗ്രാമത്തില്‍ ഒരു വര്‍ഷം മുമ്പ് നടന്ന ഈ സംഭവം പട്ടിണിയെന്ന കൊടുംഭീകരന്‍ നാടുനീങ്ങിയിട്ടില്ലെന്ന സൂചനയാണ് നമുക്ക് നല്‍കുന്നത്. കൂട്ടത്തില്‍, അയല്‍ വാസികളായ ഒരാള്‍ക്കും ഇത്തരമൊരു ദാരുണ കഥ മുന്‍കൂട്ടി അറിയാനാകാത്തതും ദുരന്തത്തിന് നിമിത്തമാവുകയായിരുന്നു. സാമ്പത്തിക പരിധിക്കുള്ളില്‍ നിന്ന് വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ഒരിക്കലും ദുര്‍വ്യയമല്ല, മറിച്ച് അവ ദുരുപയോഗം ചെയ്യുന്നതാണ് തികഞ്ഞ അപരാധം. ഭക്ഷണകാര്യത്തിലെന്ന പോലെ ചികിത്സാ മേഖലകളിലും ദുര്‍വ്യയം അതിന്റെ പാരമ്യതയിലെത്തി നില്‍ക്കുകയാണ്. ഒരു പൊളിച്ചെഴുത്ത് അനിവാര്യമായ സാമൂഹിക ശീലങ്ങളായി മാറിയ ഒട്ടേറെ വിപത്തുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് നമ്മുടെ സാമൂഹിഗ രംഗം. ദുര്‍വ്യയം അതിന്റെ നൂറിലൊരംശം മാത്രം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter