ശുഭലക്ഷണവും അവലക്ഷണവും മതവീക്ഷണത്തില്‍
ചില കാര്യങ്ങളെക്കുറിച്ച് ശുഭലക്ഷണമെന്നും മറ്റു ചിലതിനെക്കുറിച്ച് അവലക്ഷണമെന്നും പറയാറുണ്ടെല്ലോ. എന്നാല്‍, ഈ വിഷയത്തിലെ ഇസ്‌ലാമിക കാഴ്ചപ്പാടെന്ത്? ഇത് സത്യമോ അതോ അന്ധവിശ്വാസമോ? പ്രമാണങ്ങള്‍ എന്തുപറയുന്നുവെന്നു നോക്കാം. ശുഭലക്ഷണം, അവലക്ഷണം എന്നതിനു അറബിയില്‍ യതാക്രമം ഫഅ്‌ല്, ഥീറത്ത് എന്നു പറയുന്നു. നബി തങ്ങള്‍ ശുഭലക്ഷണം ഇഷ്ടപ്പെട്ടിരുന്നുവെന്നു ഇമാം ബഗ്‌വിയും അബൂ ദാവൂദും നിവേദനം ചെയ്ത ഹദീസില്‍ കാണാം. അബൂ ഹുറൈറയില്‍നിന്നും നിവേദനം: പ്രവാചകന്‍ ചോദിക്കപ്പെട്ടു: ശുഭലക്ഷണമെന്നതിന്റെ വിവക്ഷയെന്താണ്? അവര്‍ പറഞ്ഞു: നല്ല വാക്ക് (ബുഖാരി, മുസ്‌ലിം). എന്തെങ്കിലും ഒരു വിഷയത്തിലേക്ക് ഇറങ്ങുമ്പോള്‍ പ്രതീക്ഷിക്കുന്ന നന്മയിലേക്കു ശുഭ സൂചന നല്‍കുന്ന വാക്കു കേള്‍ക്കാന്‍ ഇടയായാല്‍ സ്വാഭാവികമായും ഒരു സന്തോഷം തോന്നുമല്ലോ. ഇത്തരം വാക്കുകളാണ് ശുഭലക്ഷണമെന്നതിന്റെ വിവക്ഷ. ഇതാണ് നബി തങ്ങള്‍ ഇഷ്ടമാണെന്നു പറഞ്ഞത്. ഇത്തരം ശുഭവാക്യങ്ങള്‍ അല്ലാഹുവിന്റെ റഹ്മത്തിലുള്ള ശുഭപ്രതീക്ഷയും സത്‌വിചാരവും ഉണ്ടാക്കുന്നതുകൊണ്ടാണ് ഇതൊരു നല്ല കാര്യമായത് (ഫത്ഹുല്‍ ബാരി: 11/395). അനസ് (റ) വില്‍നിന്നു നിവേദനം: നബി തങ്ങള്‍ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി പുറപ്പെട്ടാല്‍  യാ റാശിദ് (യഥാര്‍ത്ഥ വഴി എത്തിച്ചവനേ), യാ നജീഹ് (ആവശ്യം പൂര്‍ത്തിയാക്കിയവനേ) തുടങ്ങിയ വചനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു (തുര്‍മുദി). ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്റെ ആവശ്യം സഫലമാകുമെന്നതിലേക്കുള്ള ശുഭലക്ഷണമാണ്. ഇമാം മുല്ലാ അലിയ്യുല്‍ ഖാരി (റ) വിവരിക്കുന്നു: ഒരു വസ്തു നഷ്ടപ്പെട്ടവന്‍ 'ലഭിച്ചവനേ' എന്ന വാക്കും കച്ചവടക്കാരന്‍ 'ലാഭം നേടിയവനേ' എന്ന വാക്കും യാത്രക്കാരന്‍ 'രക്ഷപ്പെട്ടവനേ' എന്ന വാക്കും ഹജ്ജിനും സിയാറത്തിനും പുറപ്പെട്ടവന്‍ 'സ്വാകരിക്കപ്പെട്ടവനേ' എന്ന വാക്കും കേള്‍ക്കുന്നത് ശുഭലക്ഷണവും ശുഭപ്രതീക്ഷയുമാണ് (മിര്‍ഖാത്ത്: 4/159). ശുഭലക്ഷണമെന്നത് നല്ല വാക്കില്‍ മാത്രം ഒതുങ്ങുന്നതല്ല. ചില പ്രവൃത്തികളിലും സംഭവങ്ങളിലുമെല്ലാമുണ്ട്. ഇമാം ഇബ്‌നു ഹജര്‍ (റ) പറയുന്നു: 'ഏതു ഇബാദത്തിനു വേണ്ടി യാത്ര തിരിക്കുമ്പോഴും മടക്കം മറ്റൊരു വഴിക്കാവല്‍ സുന്നത്താണ്. ഈ മാറ്റം ദോഷം പൊറുക്കുന്നതിലേക്കുള്ള ശുഭലക്ഷണമാണ് (തുഹ്ഫ: 3/49). മയ്യിത്തിനെ മറവു ചെയ്ത ശേഷം ഖബറിനു മീതെ ശുദ്ധ ജലം ഒഴിക്കല്‍ സുന്നത്താണല്ലോ. മയ്യിത്തിന്റെ കിടപ്പിടം തണുപ്പിക്കുന്നതിലേക്കുള്ള (ഖബര്‍ ജീവിതം സന്തോഷകരം) ശുഭസൂചന എന്ന ലക്ഷ്യം ഇതിലുണ്ട്. മറവു ചെയ്ത ശേഷം ഖബര്‍ നനയുന്ന നിലയില്‍ മഴ വര്‍ഷിച്ചിട്ടുണ്ടെങ്കില്‍ അതും മയ്യിത്തിന്റെ ഖബര്‍ ജീവിതം സുഖകരമാണെന്നതിലേക്കുള്ള ശുഭലക്ഷണമാണ്. ഇങ്ങനെ, മഴവെള്ളംകൊണ്ടുതന്നെ ഖബര്‍ നനഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ വെള്ളം ഒഴുക്കേണ്ടതില്ല (തുഹ്ഫ: 3/198). ഇത്രയും വിശദീകരിച്ചതില്‍നിന്നും ശുഭലക്ഷണം നബി ഇഷ്ടപ്പെട്ടിരുന്നുവെന്നും അത് പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും അത് ശ്രദ്ധിക്കുന്നതും പരിഗണിക്കുന്നതും അന്ധവിശ്വാസമല്ലെന്നും വ്യക്തമാണ്. എന്നാല്‍, ഇന്നത്തേതുപോലെ പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായിട്ടുള്ള പല ലക്ഷണം നോക്കല്‍ രീതികളും അടിസ്ഥാന രഹിതവും എതിര്‍ക്കപ്പെടേണ്ടതുമാണ്. ഇനി, അവലക്ഷണത്തിന്റെ കാര്യം നോക്കാം. ജാഹിലിയ്യാ യുഗത്തില്‍ അറബികള്‍ ചില പക്ഷികളില്‍ അവലക്ഷണമുണ്ടെന്നു വിശ്വസിച്ചിരുന്നു. ഇമാം നവവി പറയുന്നു: ജാഹിലിയ്യാ ജനങ്ങള്‍ പക്ഷികളെ പഠിപ്പിച്ചു അവലക്ഷണം നോക്കിയിരുന്നു. വലതുഭാഗത്തേക്കു പറന്നാല്‍ അനുഗ്രഹമായും മറിച്ചാണെങ്കില്‍ അവലക്ഷണമായും വിശ്വസിച്ചു പ്രവൃര്‍ത്തികളെയും യാത്രകളെയും നിയന്ത്രിക്കുന്ന പതിവുണ്ടായിരുന്നു (ശര്‍ഹു മുസ്‌ലിം: (2/231). രാത്രികാലപ്പക്ഷി (മൂങ്ങ) ഒരാളുടെ വീടിന്റെ മുകളില്‍ വന്നിരുന്നാല്‍ അവന്റെയോ കുടുംബത്തില്‍പെട്ട മറ്റുള്ളവരുടെയോ മരണത്തിന്റെ മുന്നറിയിപ്പാണെന്നും അതുപോലെ മരണപ്പെട്ടവരുടെ അസ്ഥിയോ ആത്മാവോ മൂങ്ങയായി വരുമെന്നും ജാഹിലിയ്യാ കാലത്തു വിശ്വസിച്ചിരുന്നു (ശര്‍ഹു മുസ്‌ലിം: 2/230, ഫതഹുല്‍ ബാരി: 10/ 241).  ഇത്തരം വിശ്വാസങ്ങള്‍ അടിസ്ഥാന രഹിതവും അന്ധവിശ്വാസവുമാണെന്നാണ് നബി പഠിപ്പിച്ചത്. പ്രവാചകന്‍ പറഞ്ഞു: അവലക്ഷണം പരിഗണനീയമല്ല. കൂമന്‍ മൂളുന്നതിനെക്കുറിച്ചുള്ള വിശ്വാസവും  ശരിയല്ല (ബുഖാരി). നബി തങ്ങള്‍ പഠിപ്പിച്ചു: ജനങ്ങള്‍ അവലക്ഷണം കണ്ടിരുന്ന ഒറ്റ കാര്യത്തിലും അവലക്ഷണമില്ല (അബൂ ദാവൂദ്). ഇമാം മുല്ലാ അലിയ്യുല്‍ ഖാരി പറയുന്നു: ഒരാള്‍ ശുഭലക്ഷണമുള്ള ഒരു വസ്തു കാണുകയും അതുമൂലം ഉദ്ദേശിച്ച കാര്യം പ്രവര്‍ത്തിക്കാന്‍ തോന്നുകയും ചെയ്താല്‍ അതു പ്രവര്‍ത്തിക്കട്ടെ. എന്നാല്‍, അവ ലക്ഷണമായി ധരിക്കപ്പെടുന്നതു കണ്ടതിനാല്‍ ഉദ്ദേശ്യത്തില്‍നിന്നു പിന്തിരിയാല്‍ പാടില്ല (മിര്‍ഖാത്ത്: 4/519). അറബികളില്‍ നിലനിന്നിരുന്ന അവലക്ഷണ വിശ്വാസത്തെ ഇസ്‌ലാം നിരാഗകരിക്കുകയും എതിര്‍ക്കുകയുമാണ് ചെയ്തിട്ടുള്ളത്. ചീത്ത വ്യക്തികള്‍, വാക്കുകള്‍, അടയാളങ്ങള്‍ എന്നിവകൊണ്ട് അവലക്ഷണം മനസ്സിലാക്കുന്നതും അതുമൂലം ഉദ്ദേശിച്ച വിഷയത്തില്‍ നിന്നു പിന്‍മാറുന്നതും ഭൂഷണമല്ല. കാരണം, അവലക്ഷണം പരിഗണിക്കുന്നതില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ചീത്ത വിചാരവും നിരാശയും ഉണ്ടാക്കിത്തീര്‍ക്കുന്നു. ഇതു ശരിയല്ല. ശുഭലക്ഷണം പരിഗണിക്കുന്നതില്‍ റബ്ബിനെക്കുറിച്ചുള്ള നല്ല പ്രതീക്ഷയും വിചാരവും ഉണ്ടാക്കുന്നു. ഇതു അത്യാവശ്യമാണ്. രണ്ടും തമ്മില്‍ സാരമായ അന്തരമുണ്ടെന്നത് വ്യക്തമാണ്. എന്നാല്‍, ചീത്ത ലക്ഷണം പറയാനിടവരുന്ന വാക്കുകളെയും സാഹചര്യത്തെയും പ്രവാചകന്‍ വെറുത്തിരുന്നുവെന്നു ഹദീസില്‍ കാണാം. ഇക്കാര്യം കര്‍മശാസ്ത്ര പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 9/399). നിഷേധിക്കല്‍ അവലക്ഷണമായി കാണാനിടവരുന്ന പേരുകള്‍ കുട്ടികള്‍ക്കു നല്‍കാതിരിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നുണ്ട്. ചീത്ത ലക്ഷണം പറയാന്‍ ഇടവരുന്നതും മോശപ്പെട്ടതുമായ പേരുകള്‍ പ്രവാചകരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതു മാറ്റി നല്ല പേരു നല്‍കിയ സംഭവങ്ങളുമുണ്ട്. ഇമാം മുല്ലാ അലിയ്യുല്‍ ഖാരി പറയുന്നു: ചീത്ത അര്‍ത്ഥമുള്ള മോശപ്പെട്ട പേരുള്ളവര്‍ക്ക് ചിലപ്പോള്‍  അല്ലാഹുവിന്റെ മുന്‍വിധിപ്രകാരം ബുദ്ധിമുട്ടും അപകടവും നഷ്ടവും വന്നുപെട്ടേക്കാം. അതു അവലക്ഷണം  മൂലമാണെന്നു ചിലര്‍ ധരിക്കും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കു നല്ല പേരു നല്‍കണം (മിര്‍ഖാത്ത്: 4/525).  അവലക്ഷണം എന്നൊന്നില്ലാത്തതുകൊണ്ടുതന്നെ, അവലക്ഷണം എന്നു ധരിക്കാന്‍ പാടില്ല. അല്ലാഹുവിന്റെ തീരുമാനവും പതിവു സമ്പ്രദായവുമാണെന്നു മനസ്സിലാക്കണം. രണ്ടാം ഖലീഫ ഉമര്‍ (റ) വിന്റെ മുമ്പില്‍ വന്ന ഒരാളെട് ഖലീഫ പേര് അന്വേഷിച്ചു. ജംറത്ത് (തീക്കട്ട) എന്നായിരുന്നു മറുപടി. പിതാവിന്റെ പേരു ചോദിച്ചു. ഇബ്‌നു ശിഹാബ് (തീ പന്തത്തിന്റെ പുത്രന്‍) എന്നായിരുന്നു പ്രതികരണം. ഗോത്രമേതാണെന്നു ചോദിച്ചു. ഹറാഖത്ത് (തീപ്പൊരി) എന്ന് ഉത്തരം വന്നു. വീട് ചോദിച്ചപ്പോള്‍ ഹര്‍റത്തുന്നാര്‍ (തീക്കുന്ന്) എന്നും മറുപടി പറഞ്ഞു. ഇതുകേട്ട ഉമര്‍ (റ) താങ്കളുടെ വീടിന് തീപിടിച്ചിട്ടുണ്ടെന്നു പറഞ്ഞു. ആഗതന്‍ തിരിച്ചുവീട്ടിലെത്തിയപ്പോള്‍ അങ്ങനെ സംഭവിച്ചിരുന്നു (മിര്‍ഖാത്ത്: 4/525, അല്‍ ഇസ്വാബ: 2/ 128). സ്ത്രീ, വീട്, കുതിര എന്നീ മൂന്നെണ്ണത്തില്‍ മാത്രമാണ് അവലക്ഷണം എന്ന പ്രസിദ്ധമായ ഹദീസിന്റെ ആശയം പണ്ഡിതര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: അവലക്ഷണമുണ്ടാവുകയാണെങ്കില്‍ ഈ മൂന്നെണ്ണത്തില്‍ മാത്രമാണ് ഉണ്ടാവുക. എന്നാല്‍, ഇവയില്‍പോലും അവലക്ഷണമില്ല. അബൂ ദാവൂദ് റിപ്പോര്‍ട്ടു ചെയ്ത 'അവലക്ഷണമുണ്ടാവുകയാണെങ്കില്‍ വീട്, സ്ത്രീ, കുതിര എന്നിവയിലാണ് ഉണ്ടാവുക' എന്ന ഹദീസ് പ്രസ്തുത വ്യാഖ്യാനത്തിന് ശക്തി പകരുന്നു. അപ്പോള്‍, കടുത്ത ശൈലിയില്‍ അവലക്ഷണത്തെ നിരാഗരിക്കുകയാണ് പ്രസ്തുത ഹദീസ്. അല്ലാഹുവിന്റെ ഖദറിനെ മരികടക്കാന്‍ എന്തിനെങ്കിലും സാധിക്കുമെങ്കില്‍ കണ്ണേറിനു സാധിക്കുമായിരുന്നു എന്ന ഹദീസിലെ ശൈലിയാണിവിടെയുള്ളത്. അവലക്ഷണത്തെ ശക്തമായ ഭാഷയില്‍ നിഷേധിക്കുകയും കണ്ണേറിനെ സ്ഥിരപ്പെടുത്തുകയും ചെയ്‌തെന്നു ചുരുക്കം. സ്ത്രീ, കുതിര, വീട് എന്നിവയില്‍ ജാഹിലിയ്യാ ജനത അവലക്ഷണം കണ്ടിരുന്നുവെന്നാണ് ഹദീസിന്റെ വിവക്ഷയെന്നു ബീവി ആഇശ (റ) വ്യാഖ്യാനിക്കുന്നു. ഈ മൂന്നെണ്ണത്തില്‍ അവലക്ഷണമുണ്ടെന്നതിന്റെ ഉദ്ദേശ്യം പ്രയാസത്തിലും ദുരിതത്തിലും ഇവ എല്ലാ സമയത്തും ബന്ധപ്പെട്ടതിനാല്‍ സ്വാഭാവികമായിത്തന്നെ വെറുപ്പ് തോന്നുമെന്നാണ് എന്നും വ്യാഖ്യാനമുണ്ട്. അങ്ങനെ, വെറുപ്പ് അനുഭവപ്പെട്ടാല്‍ അവ ഒഴിവാക്കി പകരം നല്ലതാക്കുക (മിര്‍ഖാത്ത്: 4/525, ശര്‍ഹു മുസ്‌ലിം: 2/232). ഇസ്‌ലാം അംഗീകരിച്ചതും നിരാഗരിച്ചതുമായ കാര്യങ്ങള്‍ വേര്‍ത്തിരിച്ചറിയണം. വിശ്വാസങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. രാവിലത്തെ 'കണി' ഐശ്വര്യമുള്ള മുഖമാണെങ്കില്‍ അതില്‍ ശുഭലക്ഷണം മനസ്സിലാക്കുന്നതുപോലെ, കണി കണ്ടത് മോശപ്പെട്ടതാണെങ്കില്‍ അതില്‍ അവലക്ഷണം മനസ്സിലാക്കിക്കൂടാ. 'ഇന്നാരെയാണാവോ കണി കണ്ടത്' എന്ന പ്രയോഗം തന്നെ അവലക്ഷണമെന്ന അന്ധവിശ്വാസത്തില്‍നിന്നു ഉയര്‍ന്നുവരുന്നതാണ്. അവലക്ഷണം പരിഗണനീയമല്ലെന്നിരിക്കെ, ഏതെങ്കിലും വസ്തുവില്‍ അവലക്ഷണം ഉള്ളതായി ചിന്തയും ധാരണയും മനസ്സിലേക്കു വന്നാല്‍ അല്ലാഹുവിനോടു ദുആ ചെയ്യണമെന്നാണ് പ്രവാചകന്‍ പ്രസ്താവിച്ചത്: ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. അവന്‍ ഉദ്ദേശിച്ചത് സംഭവിക്കും. അവനല്ലാതെ ശക്തിയില്ല. അല്ലാഹു മാത്രമാണ് നന്മ കൊണ്ടുവരുന്നവന്‍. തിന്മ തടയുന്നവനും അവന്‍ മാത്രമാണ്. അല്ലാഹു സര്‍വ്വതിനും കഴിവുള്ളവനാണെന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു (അബൂ ദാവൂദ്).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter