ഈദ് : നോമ്പെടുത്തവന് സ്രഷ്ടാവിന്റെ സമ്മാനം

അല്ലാഹുഅക്ബറല്ലാഹു അക്ബറല്ലാഹു അക്ബര്‍

ലാഇലാഹ ഇല്ലല്ലാഹു……………

തക്ബീറിന്റെ ആ ഈരടികള്‍ കേള്‍ക്കുമ്പോഴേക്കും സന്തോഷത്തിന്റെ ഒരായിരം പൂത്തിരികളാണ് നമ്മുടെ മനസ്സുകളില്‍ കത്തിവരുന്നത്. പുതുവസ്ത്രത്തിന്റെയും അത്തറിന്റെയും സുഗന്ധം അറിയാതെ നമ്മുടെ നാസാരന്ധ്രങ്ങളിലേക്ക് കടന്നുവരുന്ന പോലെ. ഈ തക്ബീര്‍ധ്വനികള്‍ കേള്‍ക്കുമ്പോള്‍ ഒരു വിശ്വാസിയുടെ മനസ്സ് ആനന്ദതുന്ദിലമാവാതിരിക്കില്ല. കാരണം, തന്റെ നാഥന്‍ തനിക്കായി നിശ്ചയിച്ച ആഘോഷത്തിന്റെ പ്രതീകവും മുദ്രവാക്യവുമാണ് അത്.

ഇസ്ലാം അതിന്റെ അനുയായികള്‍ക്കായി സമര്‍പ്പിക്കുന്നത് രണ്ട് ആഘോഷങ്ങളാണ്, ഈദുല്‍ഫിത്റും ഈദുല്‍അദ്ഹയും. നോമ്പ് തുറക്കുക എന്നര്‍ത്ഥം വരുന്ന ഫിത്റ് എന്ന പദമാണ് ചെറിയ പെരുന്നാളിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ബലി എന്നര്‍ത്ഥം വരുന്ന അദ്ഹാ എന്ന പദമാണ് വലിയ പെരുന്നാളിനെ സൂചിപ്പിക്കുന്നത്.

മഹത്തായ ആരാധനകളെ തുടര്‍ന്നാണ് ഇസ്ലാമിലെ ഈ ആഘോഷങ്ങള്‍ കടുന്നവരുന്നത്. ലോകമുസ്ലിംകളെ പ്രതിനിധാനം ചെയ്ത് നിര്‍വ്വഹിക്കപ്പെടുന്ന ഹജ്ജ് കര്‍മ്മത്തിന്റെ മര്‍മ്മപ്രധാന ഭാഗമായ അറഫ കഴിയുന്നതോടെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്.

റമദാന്‍ മാസം മുപ്പത് ദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കുന്ന സുമോഹനവേളയിലാണ് ചെറിയപെരുന്നാള്‍ നിശ്ചയിച്ചിരിക്കുന്നത്. കൃത്യമായി നോമ്പെടുത്ത് റമദാനിന്റെ ചൈതന്യം വേണ്ടവിധം ഉള്‍ക്കൊണ്ടവര്‍ക്ക് മാത്രമേ ഈദുല്‍ഫിത്റ് ആഘോഷിക്കാന്‍ ധാര്‍മ്മികമായ അവകാശമുള്ളൂ എന്ന് ഇതില്‍നിന്ന് തന്നെ മനസ്സിലാക്കാം. തനിക്ക് വേണ്ടി ഭോഗ-ഭോജനങ്ങള്‍ക്കും വികാരവിചാരങ്ങള്‍ക്കും വരെ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആരാധനാകര്‍മ്മങ്ങളിലൂടെ ആത്മീയ ചൈതന്യം നേടുകയും ചെയ്ത് സച്ചരിതരായ അടിമകള്‍ക്കുളള അല്ലാഹുവിന്റെ പാരിതോഷികമാണ് പെരുന്നാള്‍.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാന്‍ യാത്രയാവുന്നത് സന്തോഷിക്കാനുള്ള വകയല്ല. എന്നാല്‍ നാഥന്റെ അനുഗ്രഹങ്ങളുടെ കാലവര്‍ഷമായ ഒരു റമദാന്‍ കൂടി ലഭ്യമായതിലും അത് വേണ്ടവിധം ഉപയോഗപ്പെടുത്താനായതിലും ഒരു വിശ്വാസിക്ക് സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല. ഒരു വലിയ ആരാധനാകര്‍മ്മം യഥാവിധി നിര്‍വ്വഹിക്കാനായതിന്റെ ആത്മനിര്‍വൃതി കണക്കിലെടുക്കുമ്പോള്‍ ആ മുഹൂര്‍ത്തം തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടത് തന്നെ. അത്തരത്തിലാണ് റമദാന്‍ അവസാനിക്കുന്നതോടെ കടന്നുവരുന്ന ആഘോഷം ഏറെ പ്രസക്തമാവുന്നത്.

അത് കൊണ്ട് തന്നെയാണ് അന്നേ ദിവസത്തെ ആഘോഷത്തില്‍നിന്ന് മുസ്ലിംലോകത്തെ ഒരാള്‍ പോലും വിട്ടുനില്‍ക്കരുതെന്ന് നാഥന്‍ പ്രത്യേകം നിയമമാക്കിയതും. പെരുന്നാള്‍ സുദിനത്തില്‍ നോമ്പ് നിഷിദ്ധമാക്കിയത് അത്കൊണ്ടാണല്ലോ. അന്നേ ദിവസത്തെ ആരാധന നോമ്പെടുക്കലല്ല മറിച്ച്, കുടുംബത്തോടും ബന്ധുക്കളോടും കൂട്ടുകാരോടുമൊപ്പം ചേര്‍ന്ന് ഭക്ഷണം കഴിക്കുന്നതും അന്നപാനീയങ്ങള്‍ ഉപയോഗിക്കുന്നതുമാണ് അന്നത്തെ ആരാധന.

ഭൌതികസൌകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരിലും ഈ ആഘോഷത്തില്‍നിന്ന് ആരും വിട്ടുനില്‍ക്കരുതെന്ന് പടച്ചതമ്പുരാന് നിര്‍ബന്ധമുണ്ട്. സകാതുല്‍ഫിത്റിലൂടെ നമുക്ക് മനസ്സിലാവുന്നത് അതാണ്. അന്നേ ദിവസത്തെയും രാത്രിയിലും ചെലവും കടമുണ്ടെങ്കില്‍ അതും കഴിച്ച് മിച്ചം വരുന്നവരെല്ലാം സ്വശരീരത്തിന്റെ സകാത് ആയി അതതു നാട്ടിലെ ഭക്ഷണത്തില്‍നിന്ന് ഒരു നിശ്ചിതവിഹിതം സകാത് ആയി നല്‍കണമെന്നാണ് നിയമം. ആ ആഘോഷദിനത്തില്‍ ഭക്ഷണം ലഭിക്കാതെ ഒരാള്‍പോലും മുസ്ലിം ലോകത്തുണ്ടാവില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആഘോഷവും ആരാധനയാണ്. കരുത്ത് നന്നായാല്‍ ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയായിത്തീരുമെന്ന് വിശ്വസിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുന്നവനാണ് വിശ്വാസി. ഭാര്യയുടെ വായിലേക്ക് സ്നേഹത്തോടെ വെച്ചുകൊടുക്കുന്ന ചോറ്റുരുളക്ക് പോലും ദാനധര്‍മ്മത്തിന്റെ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്നതാണ് നമ്മുടെ പ്രത്യയശാസ്ത്രം.

എന്നാല്‍ ആഘോഷങ്ങള്‍ക്കും ഇസ്ലാം പരിധി നിശ്ചയിക്കുന്നുണ്ട്. ഒന്നിലും അമിതവ്യയമോ ആവശ്യത്തില്‍ കവിഞ്ഞതോ അത് പ്രോല്‍സാഹിപ്പിക്കുന്നില്ല. വുളൂ എടുക്കുന്നത് കടലില്‍നിന്നാണെങ്കില്‍പോലും മൂന്ന് പ്രാവശ്യത്തിലധികം അവയവങ്ങള്‍ കഴുകുന്നത് കറാഹതാണ് എന്ന കര്‍മ്മശാസ്ത്രനിയമം ഇതാണ് വ്യക്തമാക്കുന്നത്.

വിശ്വാസിയുടെ ആഘോഷവും ആരാധനയാണെന്നതിനാല്‍ അവിടെയും കൃത്യതയും സൂക്ഷ്മതയും പാലിക്കേണ്ടിയിരിക്കുന്നു. ആഘോഷത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന പലതും ആര്‍ഭാടമോ അനാശാസ്യമോ ആണ്. അത്തരം ആഘോഷങ്ങള്‍, ഒരു മാസം മുഴുവന്‍ നീണ്ടുനിന്ന ആരാധനാകര്‍മ്മങ്ങളിലൂടെ നാം നേടിയെടുത്ത ആത്മീയ ചൈതന്യവും ആത്മീയമായ ഔന്നത്യവും നിഷ്ഫലമാക്കാനേ സഹായിക്കൂ. വൈകുന്നേരം വരെ കഷ്ടപ്പെട്ട് മലമുകളിലേക്ക് ഉരുട്ടിക്കയറ്റിയ പാറക്കല്ല് താഴോട്ട് തള്ളിവിടുന്ന വിഡ്ഢികളായിത്തീരുകയാണ് അതിലൂടെ നാം.

റമദാന്‍ ആത്മീയാവേശത്തിന്റെ ഒടുക്കമാവരുത്, മറിച്ച് വീണ്ടെടുക്കലോ തുടര്‍ച്ചയോ ആവുന്നതോടൊപ്പം കൂടുതല്‍ കൂടുതല്‍ ആര്‍ജ്ജിച്ചെടുക്കുന്നതിനുള്ള സുവര്‍ണ്ണാവസരവും അതിലുപരി അത് ശേഷമുള്ള ജീവിതത്തില്‍ നമ്മെ വഴി നടത്തുന്ന വിളക്കുമാടവുമായിരിക്കണം.

ഈ റമദാന്‍ വേണ്ടവിധം ഉപയോഗപ്പെടുത്താനായ എല്ലാ വിശ്വാസികളും ഇതാ ഇപ്പോള്‍ പെരുന്നാളിനെ വരവേല്‍ക്കുകയാണ്. ലോകത്തെ ഭൂരിഭാഗം വിശ്വാസികളും ഒരേ ദിവസമാണ് ഇത് ആഘോഷിക്കുന്നത് എന്നത് ഈ വര്‍ഷത്തെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നു. ലോകത്തെ മുഴുവന്‍ വിശ്വാസികള്‍ക്കും അവരോടൊപ്പം ഈ സന്തോഷവേളയില്‍ പങ്കുചേരുന്ന ഇതരമതസ്ഥരായ സഹോദരങ്ങള്‍ക്കും ഹൃദംഗമായ ആശംസകളര്‍പ്പിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter