നിങ്ങള്‍ ദിവസവും ഹദ്ദാദ് ചൊല്ലാറുണ്ടോ?
അല്‍ ഇമാമുല്‍ മുഹഖ്ഖിഖ് അഹ്മദുബ്‌നു ഹസനുബ്‌നു ശ്ലൈഖ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) തന്റെ പിതാവിന്റെ ഹദ്ദാദ് റാത്തീബിന് ശര്‍ഹ് എഴുതിയതില്‍ ഇപ്രകാരം വിവരിക്കുന്നു: ''ഹിജ്‌റാബ്ദം 1071-ലായിരുന്നു ഹദ്ദാദ് റാത്തീബിന്റെ ഉത്ഭവം. ശിയാക്കളിലെ സൈദിയ്യാ വിഭാഗം പ്രസ്തുത വര്‍ഷം ഹളറ മൗത്തിലേക്ക് കടന്നുവന്നു. അവരുടെ ആശയാദര്‍ശങ്ങള്‍ സുന്നികളായ സജ്ജനങ്ങളില്‍ കുത്തിവയ്ക്കാനും സുന്നികളുടെ വിശ്വാസം നശിപ്പിക്കാനും അവര്‍ ഒരുമ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ ഒരുകൂട്ടം മഹാന്‍മാര്‍ ഖുത്വുബ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)വിനോട് ഇപ്രകാരം അപേക്ഷിച്ചു: ''ശീഇയ്യ വിഭാഗത്തിന്റെ രംഗപ്രവേശവും അവരുടെ ആശയപ്രചാരണവും നാം ഭയക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഈ പരിസരത്തെ ജനങ്ങളുടെ അഖീദകള്‍ പിഴച്ചുപോകാനിടയുണ്ട്. ആയതിനാല്‍, ഈമാനു കാവല്‍ ലഭിക്കുന്നതിനായി ഹദീസുകളില്‍ വന്ന ദിക്ര്‍ ദുആകള്‍ അങ്ങ് ക്രോഡീകരിച്ചുതന്നാലും, എങ്കില്‍ ജനങ്ങളെ സമ്മേളിപ്പിച്ച് അത് പതിവാക്കിവരാമായിരുന്നു.'' ഇതനുസരിച്ച് ഹദ്ദാദ് റാത്തീബ് കോര്‍വ ചെയ്യപ്പെടുകയുണ്ടായി. 1072ലെ ഒരു വെള്ളിയാഴ്ചരാവ് മുതല്‍ ഹളറമൗത്തിലെ ശൈഖിന്റെ പള്ളിയില്‍ വച്ച് ഹദ്ദാദ് റാത്തീബ് പതിവായി ചൊല്ലപ്പെടാന്‍ തുടങ്ങി. താമസിയാതെ, മക്ക, മദീന, യമന്‍, ശാം, ഇന്ത്യ തുടങ്ങി മുസ്‌ലിം ജനവാസമുള്ളിടത്തൊക്കെ പള്ളികളില്‍ ഹദ്ദാദ് പതിവാക്കാന്‍ തുടങ്ങി. എന്നാല്‍, തലമുറകളായി കൈമാറ്റംചെയ്യപ്പെട്ട ആ ദീനീ ചൈതന്യം ഇന്ന് അസ്തമിക്കുന്നുവോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പൊക്കെ, ഹദ്ദാദ് റാത്തീബിന്റെയും മാലകളുടെയും സുന്ദര ധ്വനികളാല്‍ നമ്മുടെ വീടുകള്‍ ശബ്ദമുഖരിതമായിരുന്നുവെങ്കില്‍, ഇന്ന് റിയാലിറ്റിഷോകളുടെയും സിനിമകളുടെയും കറുത്ത ശബ്ദങ്ങളാല്‍ നമ്മുടെ മുസ്‌ലിം വീടുകള്‍ മൂടപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. ഇശാ-മഗ്‌രിബിന്റെ ഇടയിലുള്ള പവിത്രമാക്കപ്പെട്ട സമയം, റിയാലിറ്റിഷോകള്‍ക്കു വേണ്ടി നാം മാറ്റിവയ്ക്കുമ്പോള്‍ നമ്മുടെ പൂര്‍വീകരുടെ വിജയരഹസ്യങ്ങളാണ് നാം തൂത്തെറിയുന്നത് എന്നതിനെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ഹദ്ദാദ് റാത്തീബ് വിശ്വാസിയുടെ കവചമാണെന്നതു കേവലം ആലങ്കാരികമല്ല. നമ്മുടെ പൂര്‍വീകര്‍ ഈയൊരു സത്യം അനുഭവിച്ചറിഞ്ഞവരായിരുന്നു. ഹദ്ദാദ് പതിവാക്കുന്നവര്‍ക്ക് മനുഷ്യരും പിശാചുക്കളും ഉള്‍പ്പെടുന്ന ശത്രുക്കളില്‍നിന്ന് ഉണ്ടായേക്കാവുന്ന ഉപദ്രവങ്ങളെ തൊട്ട് കാവല്‍ ഉണ്ടാവുന്നതാണ്. ഇഴജന്തുക്കളുടെ ആക്രമണങ്ങളില്‍നിന്ന് രക്ഷയുണ്ടാവുന്നതാണ്. ബിദഈ ചിന്തകള്‍ അവന്റെ മനസ്സില്‍ കയറിപ്പറ്റുന്നതിനെ തൊട്ട് തടയിടപ്പെടുന്നതാണ്. ഒപ്പം ഹദ്ദാദില്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഓരോ ദിക്‌റുകളുടെയും മഹത്വം അക്ഷരക്കൂട്ടങ്ങള്‍ക്ക് വിവരിക്കാന്‍ അപര്യാപ്തവുമത്രെ! അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ഹിജ്‌റാബ്ദം 1044 സഫറിലായിരുന്നു ഹദ്ദാദ് റാത്തീബിന്റെ മുഅല്ലിഫായ അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) യമനിലുള്ള ഹളറമൗത്തിലെ 'തരീമിന്റെ പ്രാന്തപ്രദേശമായ സബീര്‍ എന്ന സ്ഥലത്ത് ജനിച്ചത്. ചെറുപ്പത്തിലെ മഹാനവര്‍കളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. അഞ്ചാമത്തെ പിതാമഹനായ മുഹമ്മദുല്‍ ഹദ്ദാദ് എന്നവരിലേക്ക് ചേര്‍ത്തുകൊണ്ടാണ് ഹദ്ദാദ് എന്ന പേരില്‍ മഹാനവര്‍കള്‍ അറിയപ്പെട്ടത്. ചെറുപ്പത്തില്‍ തന്നെ മഹാനവര്‍കള്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയിരുന്നു. പ്രവാചകര്‍(സ്വ)യുടെ തിരുസുന്നത്തുകള്‍ ഇത്തിബാഅ് ചെയ്യുന്നതില്‍ മഹാനവര്‍കള്‍ ഏറെ സൂക്ഷ്മത പാലിച്ചിരുന്നു. സുഹ്ദിന്റെയും തസ്വവ്വുഫിന്റെയും പാഠങ്ങള്‍ മഹാനവര്‍കള്‍ ജനങ്ങള്‍ക്ക് നുകര്‍ന്നു നല്‍കി. ഔലിയാക്കളുടെ നേതാവായി നീണ്ട 60 വര്‍ഷമാണ് മഹാനവര്‍കള്‍ ഖുതുബ് എന്ന പദവിയില്‍ കഴിഞ്ഞത്. ഖുത്ബുല്‍ ഇര്‍ശാദ്, ഗൗസുല്‍ ഇബാദി വല്‍ ബിലാദ് എന്നീ സ്ഥാനപ്പേരുകളില്‍ മഹാനവര്‍കള്‍ അറിയപ്പെടുന്നു. ഗൗസുല്‍ അഅ്‌ളം അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പറഞ്ഞതുപോലെ, റബ്ബുല്‍ ഇസ്സത്തിന്റെ അനുഗ്രഹം എടുത്തുപറയുകയെന്ന നിലയില്‍ ഹദ്ദാദ്(റ) ഇപ്രകാരം പറഞ്ഞു: ''ഈ സന്ദര്‍ഭത്തിലെ രാജാധികാരം നമുക്കാണ്. ഇത് അംഗീകരിക്കാതെ നമ്മോട് വല്ലവനും എതിര് നില്‍ക്കുന്നപക്ഷം, വെള്ളത്തിലിട്ട ഉപ്പ് കണക്കെ അവന്‍ ഉരുകിപ്പോകും. നമ്മുടെ സമയത്ത് നാം തന്നെയുള്ളൂ. സൂര്യന്‍ പ്രത്യക്ഷപ്പെട്ടിരിക്കെ മറ്റു നക്ഷത്രങ്ങളെങ്ങനെ തിളങ്ങും? മനുഷ്യര്‍ക്ക് നാം സൂര്യനെപ്പോലെയാകുന്നു. തന്റെ കവാടം തുറക്കുന്നതിനനുസരിച്ച് പ്രകാശം അകത്തേക്ക് കടക്കും. അന്ധകാരത്തിന്റെയും അവിശ്വാസത്തിന്റെയും ഇരുളടഞ്ഞ കാടുകള്‍ വെട്ടിത്തെളിക്കാനുള്ള ഉറയില്ലാത്ത വാളാണു ഞാന്‍. അല്ലാഹുവിന് നന്ദിയും സ്തുതിയും!'' ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) അവര്‍കള്‍ക്ക് വിരിക്കപ്പെട്ട വിരിപ്പ് തന്റെ കാലശേഷം മടക്കിവയ്ക്കപ്പെട്ടിരിക്കുന്നു. പിന്നീട് ശൈഖ് അബ്ദുല്ലാഹില്‍ അയ്ദറൂസ്(റ) അവര്‍കള്‍ക്കുവേണ്ടി വിരിക്കപ്പെട്ടു. അവരുടെ കാലശേഷം അതേ വിരിപ്പ് ഇപ്പോഴിതാ നമുക്കുവേണ്ടി വിരിക്കപ്പെട്ടിരിക്കുന്നു. ദിക്ര്‍ ഹല്‍ഖകള്‍ ദിക്ര്‍ ഹല്‍ഖകളെ ഇകഴ്ത്തുകയും അവ പള്ളികളില്‍വച്ച് നടത്തപ്പെടുന്നത് വിലക്കപ്പെടേണ്ടതാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന വഹാബികള്‍ നമുക്കിടയിലുണ്ട്. എന്നാല്‍, ഖുര്‍ആനിക വചനങ്ങളില്‍ നിന്നും പ്രവാചകാധ്യാപനങ്ങളില്‍നിന്നും ദിക്ര്‍ ഹല്‍ഖകളുടെ മഹത്വം സുവ്യക്തമാണ്. ഒരിക്കല്‍ മുആവിയ(റ) പള്ളിയില്‍ പ്രവേശിച്ചപ്പോള്‍, ഒരുകൂട്ടം ആളുകള്‍ അവിടെ വട്ടത്തിലിരിക്കുന്നത് കണ്ടു. എന്തിനാണ് ഇങ്ങനെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ അല്ലാഹുവിന് ദിക്ര്‍ ചൊല്ലുന്നവരായി ഇരിക്കുകയാണെന്നവര്‍ മറുപടി പറഞ്ഞു. അല്ലാഹുവാണേ! ഈ ആവശ്യത്തിനു മാത്രമാണോ നിങ്ങളിവിടെ ഇരിക്കുന്നത് എന്ന് വീണ്ടും ചോദിച്ചു. ദിക്ര്‍ ചൊല്ലാന്‍ മാത്രമാണ് ഞങ്ങള്‍ ഇരിക്കുന്നതെന്ന് വീണ്ടും മറുപടി. മുആവിയ(റ) പറഞ്ഞു: ''നിങ്ങള്‍ നല്‍കിയ മറുപടിയില്‍ തെറ്റിദ്ധാരണ ഉണ്ടായതിനാലല്ല ഞാന്‍ വീണ്ടും സത്യം ചെയ്തു ചോദിച്ചത്. മറിച്ച്, ഈ സംഭവം അനുസ്മരിച്ചുകൊണ്ടാണ്. എന്തെന്നാല്‍ ഒരിക്കല്‍ റസൂലുല്ലാഹി(സ്വ) തങ്ങളുടെ സ്വഹാബത്തില്‍ പെട്ട ഒരുകൂട്ടം ആളുകള്‍ വട്ടത്തിലിരിക്കുമ്പോള്‍ അവരിലേക്ക് കടന്നുവന്നുകൊണ്ട് ഇപ്രകാരം ചോദിച്ചു: ''നിങ്ങളെയെല്ലാം ഇവിടെ ഇരുത്തിയത് എന്തു കാര്യമാണ്?'' അവര്‍ പരഞ്ഞു: ''ഞങ്ങള്‍ അല്ലാഹുവിന് ദിക്ര്‍ ചൊല്ലുകയാണ്. അല്ലാഹുതആല ഞങ്ങളെ സത്യദീനില്‍ ചേര്‍ക്കുകയും ഇസ്‌ലാം ദീന്‍ കൊണ്ട് ഞങ്ങള്‍ക്ക് അനുഗ്രഹം ചെയ്യുകയും ചെയ്തിരിക്കുകയാല്‍ ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്നു.'' അനന്തരം റസൂല്‍(സ്വ) വീണ്ടും ആണയിട്ടു ചോദിച്ചു: ''ഇക്കാര്യം തന്നെയാണോ നിങ്ങളെ ഇവിടെ ഇരുത്തിയത്?'' അവര്‍ പറഞ്ഞു: ''അല്ലാഹുവാണേ, ഇതല്ലാതെ മറ്റൊന്നിനും വേണ്ടി ഞങ്ങളിവിടെ ഇരുന്നിട്ടില്ല.'' അപ്പോള്‍ റസൂല്‍(സ്വ) ഇപ്രകാരം അരുളി: ''അറിയുക, നിങ്ങളെ തെറ്റിദ്ധരിച്ചതിനാലല്ല ഞാന്‍ സത്യം ചെയ്തു ചോദിച്ചത്. മറിച്ച്, ജിബ്‌രീല്‍(അ) എന്റെ അടുക്കല്‍ വന്ന് ഇപ്രകാരം പറഞ്ഞിരിക്കുന്നു: അല്ലാഹു തആല ഈ ഇരിക്കുന്ന നിങ്ങളെ കൊണ്ട് മലക്കുകളുടെ കൂട്ടത്തോട് അഭിമാനം കൊള്ളുന്നുണ്ട്.'' (മുസ്‌ലിം, തിര്‍മുദി) ഹദ്ദാദ് റാത്തീബില്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഓരോ ദിക്‌റുകളും ഏറെ മഹത്വമുടയതാണ്. ആയതിനാല്‍, ഹദ്ദാദിന്റെ മജ്‌ലിസുകള്‍ അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടതാണെന്ന് പ്രസ്തുത ഹദീസില്‍നിന്നും വ്യക്തമാണ്. ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരെ പോലുള്ള സൂഫിയാക്കളുടെ അടുക്കല്‍ ചെന്ന് വല്ലതും പതിവാക്കി ചൊല്ലാന്‍ ഇജാസത്ത് തരണമെന്നപേക്ഷിച്ചാല്‍ ഹദ്ദാദ് റാത്തീബ് പതിവാക്കുക എന്നാണത്രെ പറയാറ്. കാരണം, ഏതൊരു മുഅ്മിന്റെയും പ്രധാനാഭിലാഷം ഹുസ്‌നുല്‍ ഖാതിമയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter