മുഹര്‍റം പത്ത്: ചരിത്രങ്ങളുടെ സംഗമ ദിനം
ഇസ്‌ലാമിക ചരിത്രത്തിലെ അസാധാരണ ദിനങ്ങളിലൊന്നാണ് മുഹര്‍റം പത്ത്. ലോക ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായി ശേഷിക്കുന്ന പല സംഭവങ്ങളും അരങ്ങേറിയത് ഈ ദിനത്തിലാണ്. വിജയത്തിന്റെയും വിമോചനത്തിന്റെയും കഥയാണ് മുഹര്‍റമിന്റേത്. ആദം നബി(അ)യുടെ പശ്ചാതാപം അല്ലാഹു സ്വീകരിച്ചതും നൂഹ് നബി(അ)യുടെ പേടകം പ്രളയത്തെ അതിജീവിച്ച് പര്‍വതത്തിലാണഞ്ഞതും യൂനുസ് നബി(അ) മത്സ്യത്തിന്റെ ഉദരത്തില്‍ നിന്ന് രക്ഷപ്പെട്ടതും അതില്‍ ചിലതു മാത്രം. വര്‍ഷങ്ങളോളം മാറാ രോഗം കൊണ്ടും സന്താനങ്ങള്‍ കൊണ്ടും സമ്പത്ത് കൊണ്ടും ഏറെ പരീക്ഷിക്കപ്പെട്ട പ്രവാചകരായിരുന്നു അയ്യൂബ് നബി(അ). തന്റെ ജനത പോലും കൈയൊഴിഞ്ഞ ഒരവസ്ഥാ വിശേഷം. എല്ലാം സഹിച്ചും ഒടുവില്‍ അസുഖങ്ങളില്‍നിന്ന് മുക്തി ലഭിക്കുവാന്‍ കിടന്ന കിടപ്പില്‍ കാലിട്ടടിക്കാന്‍ സര്‍വ ശക്തന്റെ ആജ്ഞാപനം വന്നു. അതോടെ ഉറവ പൊട്ടിയൊഴുകുകയും തുടര്‍ന്ന് അതില്‍ കുളിക്കുകയും ചെയ്തപ്പോള്‍ മുമ്പുള്ള ആരോഗ്യം തിരിച്ചുകിട്ടി. ആ സംഭവം നടക്കുന്നതും മുഹര്‍റം പത്തിലായിരുന്നു. ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന ഫറോവയുടെ അടിമച്ചങ്ങലയില്‍ കിടന്നു പിടയുകയായിരുന്നു ഒരുവേള ഇസ്‌റാഈല്യര്‍ എല്ലു മുറിയെ പണിയെടുക്കുകയും കൂലി ചോദിച്ചാല്‍ കൂച്ചുവിലങ്ങുകളിലടയ്ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ. ഈ അവസരത്തിലാണ് ഫിര്‍ഔനും പട്ടാളവും അറിയാതെ തികച്ചും ഇലാഹീശിക്ഷണത്തില്‍ അത്ഭുതകരമായി വളര്‍ന്ന് മൂസാ നബി(അ) സര്‍വ വിധ അടിച്ചമര്‍ത്തലുകള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയരായ ഈജിപ്ശ്യന്‍ ജനതയുടെ വിമോചനത്തിനായി ശബ്ദിച്ചത്. ഒരുവേള അല്ലാഹുവിന്റെ ആജ്ഞയിറങ്ങി:''മൂസാ..! വിശ്വാസികളെ കൂട്ടി ചെങ്കടല്‍ കടന്ന് രക്ഷപ്പെടുക.'' ഇവരുടെ പലായനം അറിഞ്ഞ ഫറോവ സൈന്യം പിന്നില്‍ കുതിച്ചുവെങ്കിലും കടല്‍ക്കടന്ന് തീരുന്നതിനു മുമ്പ് തന്നെ മര്‍ദ്ദകസംഘം ഒന്നൊഴിയാതെ മുങ്ങി മരിച്ചു. മുഹര്‍റം പത്തിന് നടന്ന മിഥ്യയുടെ പതനവും സത്യത്തിന്റെ വിജയവുമായ പ്രസ്തുത സംഭവത്തില്‍ സര്‍വശക്തന് നന്ദി പ്രകടിപ്പിച്ച് മൂസാ നബി(അ)യും അനുചരന്‍മാരും വ്രതമനുഷ്ഠിക്കുകയും ചെയ്തു. മൂസാ നബി(അ)യുടെ അനുയായികള്‍ വ്രതമനുഷ്ഠിക്കുന്നത് കണ്ട പ്രവാചകര്‍ ഇങ്ങനെ പറഞ്ഞു: ''അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ മുഹര്‍റം ഒമ്പതിനും വ്രതമനുഷ്ഠിക്കും.'' എന്നാല്‍, പ്രസ്തുത ദിവസം സമാഗതമാകുംമുമ്പേ തിരുമേനി വഫാത്തായി. കര്‍ബലയുടെ മണല്‍ത്തരികളെ ചെഞ്ചായമണിയിച്ച നിരപരാധിയായ ഇമാം ഹുസൈന്‍(റ)ന്റെ കണ്ണീരില്‍ കുതിര്‍ന്ന രക്തസാക്ഷിത്വം ഈ മുഹര്‍റം പത്തിനായിരുന്നു. മദീനയുടെ ഭരണമേല്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൂഫയില്‍നിന്ന് അദ്ദേഹത്തെ യൂഫ്രട്ടീസ് തീരമായ കര്‍ബലയിലേക്ക് യസീദ് ക്ഷണിച്ചുവരുത്തി ചതിപ്രയോഗത്തിലൂടെ വധിക്കുകയായിരുന്നു. പ്രസ്തുത ദിവസത്തെ അനുസ്മരിച്ചുകൊണ്ട് ശിയാക്കള്‍ ദുഃഖഗാനങ്ങള്‍ കൊണ്ട് ഈ ദിവസത്തെ സജീവമാക്കാറുണ്ട്. അത്തരം മാര്‍ഗമൊന്നും ഇസ്‌ലാമികമല്ല. ഇതെല്ലാം വര്‍ജിക്കേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. പുണ്യമേറിയ (ആശൂറാഅ്, താസൂആഅ്) മുഹര്‍റം 9,10 ഈ മാസത്തിലാണ്. നബി(സ്വ) പറഞ്ഞു: ''റമളാന്‍ കഴിഞ്ഞാല്‍ ശ്രേഷ്ഠമായ നോമ്പ് മുഹര്‍റത്തിലാണ്. മുഹര്‍റം മാസത്തിലൊരാള്‍ നോമ്പനുഷ്ഠിച്ചാല്‍ അതിന് 30 ദിവസത്തെ നോമ്പിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. (ത്വബ്‌റാനി) മദീനയിലെത്തിയ പ്രവാചകര്‍ യഹൂദികളോട് മുഹര്‍റത്തെ കുറിച്ച് ചോദിച്ചതും നോമ്പനുഷ്ഠിക്കാന്‍ നിര്‍ദേശിച്ചതും പ്രസിദ്ധമാണ്. എന്നാല്‍, ഈ അനുഗൃഹീത മാസത്തില്‍ ഇസ്‌ലാമില്‍ ഒരടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങളും  അനാചാരങ്ങളും വച്ചു പുലര്‍ത്തുന്ന ചിലരെ കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ മുഹര്‍റം മാസം മാഞ്ഞു കാണുന്നത് കൊണ്ടോ വിവാഹം, സല്‍ക്കാരം എന്നിവ മുഹര്‍റം 10നു മുമ്പ് നടത്തുന്നത് കൊണ്ടോ ഇസ്‌ലാമില്‍ യാതൊരു തെറ്റുമില്ല. ചുരുക്കത്തില്‍, ശാന്തിയും സമാധാനവും നഷ്ടപ്പെട്ട് അനേകം പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സത്യത്തിനും സഹനത്തിനും വേണ്ടി നിലകൊള്ളാനും സമാധാനത്തോടും വിവേകപൂര്‍ണതയോടും കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും ഈ മുഹര്‍റത്തോടെയെങ്കിലും നാമേവരും പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter