അധ്യാപകന്‍ വിദ്വേഷം പ്രചരിപ്പിക്കേണ്ടവനല്ല, സ്നേഹം പകരേണ്ടവനാണ്

അധ്യാപകദിനവുമായി ബന്ധപ്പെട്ട് , തൃശൂര്‍ എം.ഐ.സി ഖതീബ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് മുമ്പായി നടത്തിയ പ്രഭാഷണത്തിന്റെ കേട്ടെഴുത്ത് _

സെപ്തംബര്‍ 5 അധ്യാപക ദിനമാണ്. നമ്മുടെ രാജ്യത്തിന്റെ രണ്ടാമത്തെ പ്രസിഡണ്ട് എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്.

ലോകംകണ്ട മികച്ച അധ്യാപകനായിരുന്നു പ്രവാചകന്‍. തന്റെ ശിഷ്യഗണങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഏറ്റവും നല്ലരീതിയില്‍ പഠിപ്പിച്ചവരായിരുന്നു അവിടുന്ന്. നബി(സ) അധ്യാപകനെന്ന രീതിയില്‍ ഏറെ അഭിമാനംകൊണ്ടിരിന്നു. രണ്ട് പ്രയോഗങ്ങള്‍ നബി(സ) തങ്ങള്‍ തന്നെ പറയുന്നത് കാണാം. ഒന്ന് എല്ലാ സ്വല്‍സ്വഭാവങ്ങളുടെയും പൂര്‍ത്തീകരണമാണ് എന്റെ നിയോഗ ലക്ഷ്യം എന്ന് പ്രവാചകര്‍ പറയുന്നുണ്ട്. രണ്ട്, ഞാനൊരു അധ്യാപകനായാണ് നിയോഗിക്കപ്പെട്ടത്. ഈ രണ്ട് പ്രയോഗവും പ്രവാചകനിലെ അധ്യാപകനെ കുറിക്കുന്നതാണ്.

നല്ലൊരു അധ്യാപകന്‍ തന്റെ ശിഷ്യരെയും കൂടെയുള്ളവരെയും സ്വഭാവത്തെയും ജീവിതത്തെയും സംസ്‌കരിക്കുന്നവനാണ്. നബി(സ)യുടെ വിശേഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തസ്‌കിയത് (സംസ്‌കരണം) നല്‍കി എന്നതാണ്. അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നു: 'സ്വന്തത്തില്‍ നിന്ന് തന്നെ ഒരു റസൂലിനെ വിശ്വാസികള്‍ക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവര്‍ക്ക് അല്ലാഹു ചെയ്തത്. അവര്‍ക്ക് അവിടുന്ന് അവന്റെ ആയത്തുകള്‍ ഓതിക്കൊടുക്കുകയും സംസ്‌കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിന് മുമ്പ് വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു അവര്‍' (സൂറത്തു ആലുഇംറാന്‍ 164)

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ പാരായണം ചെയ്തുകൊടുക്കുകയും സംസ്‌കരിക്കുകയും ചെയ്തു. സ്വഭാവദൂഷ്യമുള്ളവരെപോലും നല്ലവരാക്കി മാറ്റുന്ന അത്ഭുതം കാണിക്കുന്നവരാണ് അധ്യാപകന്‍. ഏറ്റവും മോശമായ എല്ലാ ദൂഷ്യസ്വഭാവങ്ങളുമുണ്ടായിരുന്ന ഒരു ജനതയെ, ലോകാവസാനം വരെ വരാനിരിക്കുന്ന ജനതകള്‍ക്കെല്ലാം മാതൃകയാവും വിധം ഉത്തമ സമൂഹമായി പരിവര്‍ത്തിപ്പിച്ചത് പ്രവാചകരെന്ന അധ്യാപകനാണ്.  ആ പരിവര്‍ത്തനത്തിന്റെ രീതി ശാസ്ത്രമാണ് അധ്യാപനകലയുടെ ഉത്തമഉദാഹരണം എന്ന് പറയാതെ വയ്യ. 

ഒരിക്കല്‍ മദീന പള്ളിയില്‍ ഒരാള്‍ മൂത്രമൊഴിക്കാന്‍ തുനിഞ്ഞു. സ്വഹാബാക്കള്‍ അദ്ദേഹത്തെ തടയാന്‍ ചാടിയെഴുന്നേറ്റപ്പോള്‍, അദ്ദേഹം ചെയ്യാന്‍ ഉദ്ദേശിച്ചത് ചെയ്യട്ടെ എന്ന് പറഞ്ഞ് നബി(സ) അവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം മൂത്രമൊഴിച്ചു. നബി(സ) സ്വഹാബക്കളോട് അല്‍പം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. വെള്ളം കൊണ്ടുവന്ന് അത് കഴുകി കളഞ്ഞ ശേഷം അയാളെ വിളിച്ചു പറഞ്ഞു കൊടുത്തു.'മസ്ജിദ് അല്ലാഹുവിന്റെ ആരാധനക്കും ദൈവസ്മരണക്കും ഖുര്‍ആന്‍പാരായണത്തിനും നിശ്ചയിക്കപ്പെട്ട സ്ഥലമാണ്. ഇവിടെ മൂത്രമൊഴിക്കാനുള്ള സ്ഥലമല്ലെന്ന ബോധ്യം നിനക്കുണ്ടാവണം' എന്ന് നബി(സ) പഠിപ്പിച്ചു. തിരിച്ചുപോവുമ്പോള്‍ അയാള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു, ഏറ്റവും നല്ല അധ്യാപകനെയാണ് ഞാന്‍ കണ്ട് മുട്ടിയത്.

ഈ ഹദീസ് വിവരിച്ചുകൊണ്ട് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) നബി(സ)യെന്ന അധ്യാപകന്റെ പ്രത്യേകത പറയുന്നുണ്ട്: നബി(സ) കാരുണ്യവാനായ അധ്യാപകനാണ്. കൃപാലുവും മാതൃക പുരുഷനുമാണ്. ഒരു തെറ്റ് കണ്ടാല്‍ അപ്പോള്‍ തന്നെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്ന ആളായിരുന്നില്ല.  ഒരു തെറ്റ് കണ്ടാല്‍ അവരെ മോശക്കാരനാക്കുകയോ വെറുപ്പിക്കുകയോ ചെയ്യുമായിരുന്നില്ല. അയാളെ അടുത്തുനിറുത്തി ബോധ്യപ്പെടുത്തികൊടുക്കുന്നതായിരുന്നു അവിടത്തെ ശൈലി. എന്തെങ്കിലും നന്മചെയ്യുന്നത് കണ്ടാല്‍ അയാളെ അഭിനന്ദിക്കും. ഒരിക്കലും ആട്ടിയോടിച്ചിരുന്നില്ല. 

നബി(സ)യുടെ സദസ്സില്‍ എത്തിയ ഒരാള്‍ സ്വദഖ ചോദിക്കുന്നു. അപ്പോള്‍ കൊടുക്കാനില്ലാത്ത കാരണത്താല്‍ അയാള്‍ നബി(സ)യെ ആക്ഷേപിക്കുന്നു. സ്വഹാബാക്കള്‍ കൈകാര്യംചെയ്യാന്‍ നില്‍ക്കുമ്പോള്‍ അയാളെ ചേര്‍ത്തുപിടിച്ച് വീട്ടില്‍ കൊണ്ടുപോയി ദാനധര്‍മ്മം നടത്തി അദ്ദേഹത്തെ തൃപ്തിപ്പെടുത്തി കൊണ്ട്‌വന്ന് അയാളെകൊണ്ട് നല്ലത് പറയിപ്പിക്കുന്നത് സ്വഹാബക്കള്‍ക്ക് കേള്‍പ്പിച്ചുകൊടുത്തു. എന്നിട്ട് പ്രവാചകര്‍ പറഞ്ഞു:  ഇയാളെ നേരത്തെ നിങ്ങള്‍ക്ക് വിട്ടുതന്നിരുന്നുവെങ്കില്‍ മര്‍ദിക്കുകയും ഒരുപക്ഷെ കൊല്ലപ്പെടുകയും ചെയ്താല്‍ എന്നോട് മോശമായി പെരുമാറി മരിച്ചുപോകുന്ന അവസ്ഥയാണുണ്ടാകുക. ഞാനങ്ങനെ വിട്ടുതരണമെന്നാണോ നിങ്ങള്‍ ചോദിക്കുന്നത്. ശേഷം നബി(സ) പറഞ്ഞു, ഒരാളെ പരുവപ്പെടുത്തേണ്ട രീതി ഒരാള്‍ തന്റെ കൈവിട്ടുപോയ ഒട്ടകത്തെ പിടിക്കാന്‍വേണ്ടി പരുവപ്പെടുത്തുന്നത് പോലെയാണെന്ന് സ്വഹാബാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.


നബി(സ) സ്വഹാബക്കളോട് ഞാന്‍ വന്നത് എളുപ്പമാക്കാനാണെന്നും അതുകൊണ്ട് ആളുകളെ പ്രയാസപ്പെടുത്തരുതെന്നും പറയാറുണ്ടായിരുന്നു. ഇസ്‍ലാം എന്നത് ലളിതവും സുന്ദരവുമായ ആശയമാണെന്ന് ജനസമക്ഷം കാണിച്ചുകൊടുത്തത് ആ അധ്യാപന കലയിലൂടെയായിരുന്നു. ആളുകളെ പേടിപ്പിക്കാതെ, ആരെയും പ്രയാസപ്പെടുത്താതെ, എത്ര ക്രുദ്ധനായ മനുഷ്യനെയും വശീകരിക്കും വിധമായിരുന്നു ആ അധ്യാപനരീതി.

ഒരധ്യാപകന്‍ കുഞ്ഞിന്റെ ജീവിതം തന്നെ അവസാനിപ്പിച്ചുകളയുന്ന പുതിയ കാലത്തിന്റെ മുമ്പില്‍ വെച്ചാണ് ഒരു ജീവിതത്തെ എങ്ങനെ കെട്ടിപ്പടുക്കണമെന്ന് പ്രവാചകരീതി വിശദീകരണത്തെ കാണേണ്ടത്.  യു.പിയിലെ മുസഫര്‍ നഗറില്‍ ഒരു പാവപ്പെട്ട കുട്ടിയെ മറ്റുകളുട്ടികളെ കൊണ്ട് തല്ലിക്കുകയും അത് കണ്ട് ആക്രോശവും ആഹ്ലാദവും പ്രകടിപ്പിക്കുന്ന അധ്യാപികയെപോലും നമുക്ക് കാണേണ്ടിവന്നു. അധ്യാപകരില്‍ പോലും ഇത്രമേല്‍ വിഷം കുത്തി വെച്ചത് ആരാണെന്ന് സമൂഹം തിരിച്ചറിയട്ടെ.

അവിടെയാണ് അധ്യാപകന്‍ ആരായിരക്കണമെന്ന് 1400 കൊല്ലങ്ങള്‍ക്ക് മുമ്പ് ഉദാഹരിച്ചതിനെ നാം വായിച്ചെടുക്കേണ്ടത്. 'കൃപാലുവായ അല്ലാഹു ഈ ഖുര്‍ആന്‍ പഠിപ്പിച്ചിരിക്കുന്നു' (സൂറത്ത് റഹ്മാന്‍ 1-2). കാരുണ്യത്തോടെ ചേര്‍ത്ത് പിടിച്ചാണ് അധ്യാപനം വേണ്ടതെന്ന സൂചനയാണ് ഈ സൂക്തം നല്കുന്നത്. അതായിരുന്നു പ്രവാചര്‍ പ്രയോഗത്തില്‍ കാണിച്ചുതന്നതും. മുഅല്ലിം എന്നതിന് വളരെ വിശാലമായ അര്‍ഥതലങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ വിദ്യഭ്യാസത്തിന്റെ ആഴം ധാര്‍മികമായിരിക്കണം. സ്വാമിവിവേകാനന്ദന്‍ പറയുന്നു: 'വിദ്യാഭ്യാസം കുറെവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കലല്ല, ജീവിതത്തെ കെട്ടിപ്പടുക്കലാണ് അത്. നിര്‍ഭാഗ്യമെന്ന് പറയാം ഇന്നത്തെ വിദ്യഭ്യാസം കേവലം കുറെ വിവരങ്ങളായി പോകുന്നു. നമ്മുടെ കുട്ടികള്‍ ജീവിക്കുന്നില്ല, ജീവിതം പഠിക്കുന്നില്ല, പരീക്ഷകളെ മാത്രം മുന്നില്‍ കണ്ട് നിശ്ചിത പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന പരീക്ഷാര്‍ത്ഥികളാണ് നമ്മുടെ മക്കള്‍. വിദ്യ ജീവിതത്തിലേക്ക് പകരുമ്പോഴേ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാനാവൂ.

വിദ്യഭ്യാസമെന്നത് ഒരു ബാലികേറാമലയായി മാറരുത്. അതായിരുന്നു പ്രവാചക ശൈലി. അധ്യാപകന്‍ എന്ന രീതിയില്‍ മാത്രമായിരുന്നില്ല, ഒരു സംസ്‌കാരത്തെ പകര്‍ന്നുകൊടുക്കുകയായിരുന്നു. പഠിപ്പിക്കാന്‍പോകുന്ന സ്വഹാബാക്കളോട് നിങ്ങള്‍ അവിടെപോയി ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നും സന്തോഷത്തോടെ പറയണമെന്നുമായിരുന്നു പ്രവാചകര്‍ നല്‍കിയിരുന്ന സന്ദേശം.

ഗൗരവമായ വിഷയങ്ങള്‍ മിമ്പറില്‍ കയറിയായിരുന്നു പ്രവാചകര്‍ ഉണര്‍ത്തിയിരുന്നത്. ഒരിക്കല്‍ പ്രമുഖയായ ഗോത്രവര്‍ഗക്കാരി  മോഷണം നടത്തി. വിഷയം പ്രവാചകര്‍ക്ക് മുമ്പിലെത്തി, അവര്‍ക്ക് വേണ്ടി ശിപാര്‍ശക്കെത്തിയെത് ഉസമാ ബിന്‍ സൈദ്(റ) എന്നവരായിരുന്നു. നബി(സ) ചോദിച്ചു; അല്ല ഉസാമാ, മോഷണം നടത്തിയ ഒരാളുടെ ശിക്ഷ നടപ്പിലാക്കണ്ടെന്ന് ശിപാര്‍ശ ചെയ്യാനാണോ താങ്കള്‍ വന്നത്. അങ്ങനെയങ്കില്‍ അതംഗീകരിക്കന്‍ സാധ്യമല്ല. ശേഷം നബി(സ) മിമ്പറില്‍ കയറി പറഞ്ഞു: 'കഴിഞ്ഞ കാലങ്ങളെ നശിപ്പിച്ചത് വലിയ ആളുകള്‍ ചെയ്തത് തെറ്റാവാതിരിക്കുകയും ചെറിയ ആളുകള്‍ ചെയ്തത് തെറ്റാവുകയും ചെയ്തപ്പോഴാണ്. എന്റെ മകള്‍ ഫാതിമ(റ)കട്ടാലും അവരുടെ കൈ ഞാന്‍ മുറിക്കും.' എല്ലാവര്‍ക്കും തുല്യനീതി എന്ന വലിയ പാഠം അതിന്റെ പൂര്‍ണ്ണ ഗൗരവത്തോടെ പഠിപ്പിക്കുകയാണ് നബി(സ) ഇവിടെ ചെയ്തത്. എല്ലാവരെയും ഒരുപോലെ കാണുകയെന്നത് നല്ല അധ്യാപകന്റെ സ്വഭാവമാണ്. അത് കൂടിയാണ് ഇതിലൂടെ പ്രവാചകര്‍ തെളിയിക്കുന്നത്.  സൗഹൃദത്തെ, നന്മയെ, മനുഷ്യത്വത്തെ, സമത്വത്തെ, ധാര്‍മികതയെ, മനുഷ്യജീവിതത്തിന് ആവശ്യമായ സകലമാന സുകുമാര ഗുണങ്ങളെയും തന്റെ മുന്നിലിരിക്കുന്ന മക്കളിലേക്കും താന്‍ ജീവിക്കുന്ന സമൂഹത്തിലേക്കും പ്രസരിപ്പിക്കേണ്ടവനാണ് അധ്യാപകന്‍. അതായിരുന്നു പ്രവാചകര്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിച്ച ധര്‍മ്മവും. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ പ്രവചാകരെ ഇങ്ങനെ പരിചയപ്പെടുത്തിയത്: 'സ്വന്തത്തില്‍ നിന്നു തന്നെയുള്ള  ഒരു റസൂല്‍ നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു, നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്നത് അവിടത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാര്‍ഗപ്രാപ്തിയില്‍ അതിവേഛുവും സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രനും ദയാലുവുമാണ് അവിടുന്ന്' (സൂറത്തു തൗബ-128)

ആ പ്രവാചകന്റെ ജീവിതമായിരിക്കണം അധ്യാപകദിന സന്ദേശമായി നാം പകര്‍ത്തിയെടുക്കേണ്ടതും പകര്‍ന്നുകൊടുക്കേണ്ടതും.

കേട്ടെഴുത്ത്: അബ്ദുല്‍ ഹഖ് മുളയങ്കാവ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter