ഒരു മലയാളിയുടെ അമേരിക്കന്‍ യാത്രാ അനുഭവങ്ങള്‍

കാലങ്ങളായി മലയാളി മുസ്‌ലിം മന:സാക്ഷി സാമ്രാജ്യത്വ വിരുദ്ധതയുടെ നിയന്ത്രണ രേഖക്കു പുറത്ത് നിര്‍ത്തി മാത്രം കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു രാജ്യമാണ് അമേരിക്ക. അത് കൊണ്ട് തന്നെ അഭൂതപൂര്‍വമായ പുരോഗതിയും ഏറെക്കുറെ അനിഷേധ്യമായ നേതൃസ്ഥാനവും കൊണ്ട് വ്യതിരക്തമായ അമേരിക്കയിലേക്ക് ഒരു യാത്ര ഒത്തു വന്നപ്പോള്‍ എനിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നതേയില്ല. ഒരു രാജ്യത്തിന്റെ വിദേശ നയം വെറുപ്പുളവാക്കും വിധം ഏകപക്ഷീയമാണെന്ന ഒറ്റക്കാരണം കൊണ്ട് ആ രാഷ്ട്രം ബഹിഷ്‌കരിക്കപ്പെടേണ്ടതാണെന്ന് തോന്നിയുമില്ല. മാത്രമല്ല എന്തിനെയും എതിര്‍ക്കാനും പ്രതിരോധിക്കാനും ഏറ്റവും ഫലവത്തായ മാര്‍ഗം അതിനെ ഫലപ്രദമായി മനസ്സിലാക്കുകയാണെന്ന തത്വം കൂടി ഉള്‍ക്കൊള്ളണമെന്നു തോന്നി.
സ്റ്റഡി ഓഫ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായാണ് അമേരിക്കന്‍ യാത്രക്ക് അവസരമൊരുങ്ങിയത്. റിലീജ്യസ് പ്ലൂരലിസം ആന്‍ഡ് പബ്ലിക് ഫെയ്ത് എന്ന വിഭാഗത്തില്‍ അമേരിക്കയില്‍ ഒരു മത-സാംസ്‌കാരിക പഠനം, അതായിരുന്നു എന്റെ മേഖല. കാലിക്കറ്റില്‍ നിന്നും മുംബൈ വഴി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലൂടെ പറന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലാണ് വിമാനമിറങ്ങിയത്. സാന്റാബാര്‍ബറയിലുള്ള കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ കാമ്പസിലായിരുന്നു ഞങ്ങളുടെ കാമ്പ്. സുദീര്‍ഘമായ ആകാശ യാത്രക്കിടയില്‍ തന്നെ നിരന്തരമായി വിജയം ശീലമാക്കിയ അമേരിക്കയുടെ സാമൂഹിക സാംസ്‌കാരിക മിടിപ്പുകളെ തൊട്ടറിയണം എന്ന ആഗ്രഹമുണ്ടായിരുന്നു. എല്ലാറ്റിനുമുപരി ലോക മുസ്‌ലിംകള്‍ സംശയ ദൃഷ്ടിയോടെ മാത്രം കാണുന്ന അമേരിക്കക്കുള്ളിലെ മുസ്‌ലിം ജീവിതം അനുഭവിച്ചറിയാനുള്ള ജിജ്ഞാസയും മനസിലുണ്ടായിരുന്നു. ഞാന്‍ കണ്ട അമേരിക്കയെ വാക്കു കൊണ്ട് വരച്ചു കാണിക്കുക എന്നതിലുപരി, അതിന്റെ സാമൂഹിക പരിസരങ്ങളില്‍ നിന്നു കൊണ്ട് കാഴ്ചക്കുമപ്പുറം വായിക്കുവാനുള്ള ഒരു ശ്രമമാണിത്.
കൊളംബസിന്റെ ആഗമനം മുതല്‍ ലോകത്തിന് സുപരിചിതമായി തുടങ്ങിയ അമേരിക്കക്ക് സമ്പന്നമായൊരു ഭൂതകാലമുണ്ട്. നാമിന്നു കാണുന്ന അമേരിക്കയിലെ ബഹുഭൂരിഭാഗം ജനങ്ങളും ‘അമേരിക്കന്‍’ അല്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം ബ്രിട്ടനടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എന്നെങ്കിലുമൊരിക്കല്‍ കുടിയേറിയവരാണ് ഇന്നു കാണുന്ന അമേരിക്കയെ കെട്ടിപ്പടുത്തതെന്നു പറയാം. ഈ ആതിഥേയ രാഷ്ട്രത്തില്‍ മുസ്‌ലിം സാന്നിധ്യം ദൃശ്യമാവുന്നതാവട്ടെ 16ാം നൂറ്റാണ്ടു മുതല്‍ ഇവിടെ സജീവമായ അടിമ വ്യാപാരത്തിലൂടെയാണെന്നും കാണാം. കുടിയേറ്റത്തിന്റെ ആദ്യ കാലം തൊട്ട് പരിശോധിച്ചാല്‍ മുസ്‌ലിം അമേരിക്കയുടെ നാള്‍ വഴികളെ മൂന്നായി വിഭജിക്കാന്‍ സാധിക്കും. മതത്തെപ്പറ്റി കാര്യമായ അറിവോ അവബോധമോ ഇല്ലാത്ത ആദ്യകാല തലമുറകളുടേതാണ് അതിലൊന്നാമത്തേത്. അതിനു ശേഷമാണ് ഇസ്‌ലാമിക സ്വത്വത്തെ സ്വാംശീകരിക്കുന്ന ഒരു പുതിയ വിഭാഗമുണ്ടായി വരുന്നത്. ഇറാന്‍ വിപ്ലവമടക്കം ഇക്കാലയളവില്‍ ലോകത്തു നടന്ന സംഭവ വികാസങ്ങള്‍ അവരെ അല്‍പം കൂടി സ്വത്വ ബോധമുള്ളവരാക്കി.
എഴുപതുകള്‍ക്കു ശേഷം ഇതെ വരെയുള്ള മൂന്നാമത്തെ വിഭാഗം, ഇസ്‌ലാമിനെകുറിച്ച് നല്ല ബോധ്യമുള്ളവരും മതകീയ സ്വത്വത്തില്‍ നിന്നു കൊണ്ടു തന്നെ ഗൗരവ പൂര്‍ണമായ ചലനങ്ങള്‍ക്ക് വെമ്പല്‍ കൊള്ളുന്നവരുമാണ്. സെപ്തംബര്‍ പതിനൊന്നാനന്തര അമേരിക്കയില്‍ ജീവിക്കുന്ന പുതിയ തലമുറ എന്നത്തേക്കാളേറെ ആത്മവിശ്വാസത്തിലുമാണ്. വ്യക്തിപരമായി തന്നെ പറയുകയാണെങ്കില്‍, അനുഭവിച്ച സാഹചര്യങ്ങളും സംവദിച്ച വ്യക്തികളും ഒരു കാര്യം പൂര്‍ണമായും വ്യക്തമാക്കിത്തന്നു കൊണ്ടേയിരുന്നു; ഇവിടെ അമേരിക്കയില്‍ മുസ്‌ലിം സമൂഹം ആരുടെയും പിറകിലല്ല, യാഥാസ്ഥികതയുടെ മടുപ്പിക്കുന്ന വിരസത അവിടെയൊന്നും നിലനില്‍ക്കുന്നുമില്ല. മറിച്ച്, മാറുന്ന അമേരിക്കയോടൊപ്പം ലോകത്തിന്റെ എല്ലാ പുതുമകളെയും ആധുനികതയുടെ മുഴുവന്‍ നവീനതകളെയും നന്മയെയും നിസ്സംശയം സ്വാംശീകരിക്കുന്ന, അതോടൊപ്പം തന്നെ അതിന്റെ മുഴുവന്‍ തിന്മകളെയും ഒട്ടും ബഹളമില്ലാതെ വളരെ സ്വാഭാവികമായി തള്ളിക്കളയുകയും ചെയ്യുന്ന ഒരു സമൂഹം അവിടെ ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.
പൊതുവെ, ഉയര്‍ന്ന പൗര ബോധവും സിവിക് മാനറും സൂക്ഷിച്ചു പോരുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളെ പോലെത്തന്നെ അമേരിക്കന്‍ സമൂഹവും ഉയര്‍ന്ന സാമൂഹിക ബോധം സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ്. ഒരു പക്ഷെ ഇംഗ്ലണ്ടില്‍ കണ്ടതിനേക്കാളേറെ ഉയര്‍ന്ന പൗരബോധം ഇവിടെ പാലിക്കുന്നതായി പലപ്പോഴും അനുഭവപ്പെട്ടിരുന്നു. പരസ്പര ബഹുമാനത്തെയും ബഹുസ്വരതയെയും അങ്ങേയറ്റം മാനിച്ചു കൊണ്ടു മാത്രം ഇടപെടുന്ന ഈ സാമൂഹിക സംസ്‌കാരത്തില്‍ പിഴ ആവശ്യപ്പെടുന്ന പോലീസുകാരന്‍ പോലും അങ്ങേയറ്റത്തെ മര്യാദ പാലിക്കുന്നു എന്നത് ഒരു പക്ഷെ നമ്മെ സംബന്ധിച്ച് അല്‍ഭുതം തന്നെയായിരിക്കാം.
ഒരുദിവസം പ്രസന്നമായൊരു സായാഹ്നത്തില്‍ ഞാന്‍ ഒന്നു നാടു കാണാനിറങ്ങിയതായിരുന്നു. റോഡിലേക്കിറങ്ങിയതും ഒരു സ്വദേശി എന്നെ വിളിച്ച് ചെറിയൊരു സഹായം ആവശ്യപ്പെട്ടു. അയാള്‍ക്ക് തന്റെ ബൈക്ക് പാര്‍ക്ക് ചെയ്യണം. പക്ഷെ പാര്‍ക്കിങ് ഏരിയയില്‍ ഒരു കാര്‍ കിടപ്പുണ്ട്. അതിനു പിന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്താല്‍ അത് കാറുടമക്ക് ബുദ്ധിമുട്ടാകുമോ എന്ന സന്ദേഹത്തില്‍ അയാള്‍ എന്നോട് അഭിപ്രായം തേടിയതാണ്. അയാളിവിടെ ബൈക്ക് പാര്‍ക്ക് ചെയ്താലും കാറിന് ബുദ്ധിമുട്ടില്ലാതെ തിരിച്ചു പോകാന്‍ പറ്റുമെന്ന് ഞാന്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് തൃപ്തിയായില്ല. വീണ്ടും രണ്ടു മൂന്ന് പേരോടു കൂടി അഭിപ്രായം ആരായുകയും തൃപ്തനാവാതെ ബൈക്കുമെടുത്ത് അടുത്ത പാര്‍ക്കിങ് ഏരിയയിലേക്ക് നീങ്ങുകയും ചെയ്തു. ഇത് ഒരു ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല. ഇതത്രയും പറഞ്ഞു വെച്ചത്, ഒരിക്കലും അമേരിക്കന്‍ സാമൂഹിക സംസ്‌കാരത്തെ അതിഭാവുകത്വം കലര്‍ത്തി അവതരിപ്പിക്കാനോ ആരാധനയോടെ നോക്കിക്കാണാനോ അല്ല. ഒരല്‍പം നിരീക്ഷണ ബുദ്ധ്യാ വീക്ഷിച്ചാല്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിനിമയ രീതികളും സാമൂഹിക സംസ്‌കാരവും തന്നെയാണ് ഇവിടെയും പ്രതിഫലിച്ചു നില്‍ക്കുന്നത് എന്ന് ദര്‍ശിക്കാം. മുസ്‌ലിംകളെന്ന് അവകാശപ്പെടുന്നവര്‍ പോലും പലപ്പോഴും ഇസ്‌ലാമിന്റെ സഹജമായ സ്വഛന്ദതയെ നിരാകരിച്ചപ്പോള്‍ അതേ അധ്യാപനങ്ങളെ ഇസ്‌ലാമിന്റെ അകമ്പടിയില്ലെങ്കില്‍ പോലും സര്‍വാത്മനാ സ്വീകരിച്ചു എന്നുള്ളതാണ് പടിഞ്ഞാറിനെ പ്രശംസക്കു പാത്രമാക്കിയത്. അതിനാല്‍ തന്നെ മുന്‍ ചൊന്ന സാമൂഹിക മര്യാദ (സിവില്‍ മാനര്‍) അനുസരിക്കുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ സാമൂഹിക വിനിമയങ്ങള്‍ സന്തോഷദായകമായ ആത്മീയാനുഭൂതി കൂടിയാകുന്നു. അതിരില്ലാത്ത വ്യക്തി സ്വാതന്ത്ര്യവും ഇതിനോടൊപ്പം തന്നെ എടുത്തുദ്ധരിക്കേണ്ട അമേരിക്കന്‍ പ്രത്യേകതയാണ്. പൗരന്റെ ഏതു തരത്തിലുള്ള സ്വാതന്ത്ര്യവും പരമാവധി വകവെച്ചു കൊടുക്കുന്ന അമേരിക്കന്‍ സംസ്‌കാരത്തിനെതിരെ വടിയോങ്ങി സംസാരിക്കുന്നതില്‍ പൊതുവെ നാം തെറ്റുകാണാറില്ല. പക്ഷെ ഇതിനൊരു മറുപുറമുണ്ട്. അതിരില്ലാത്ത ഈ സ്വാതന്ത്ര്യത്തിന്റെ തണലിലാണ് വളരെ ന്യൂനപക്ഷമായിട്ടു പോലും അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ ഇസ്‌ലാമിന് ഇവിടെ ഫലപുഷ്ടി നേടാനും വളര്‍ച്ച തേടാനും അവസരം ലഭിക്കുന്നത് എന്ന യാഥാര്‍ഥ്യമാണത്. അമേരിക്കന്‍ സെനറ്റും കോണ്‍ഗ്രസ്സും പ്രവര്‍ത്തിക്കുന്ന കാപ്പിറ്റോള്‍ ബില്‍ഡിങില്‍ പോലും ജുമുഅ നിസ്‌കരിക്കാനുള്ള സൗകര്യമുണ്ടെന്നറിയുമ്പോള്‍, ആ രാഷ്ട്രത്തെ നെറികെട്ട വിദേശനയങ്ങളലൂടെ അടിസ്ഥാനത്തില്‍ മാത്രം അറിഞ്ഞവര്‍ക്ക് എന്തു വികാരമാണുണ്ടാവുക എന്ന് ഊഹിക്കാന്‍ പ്രയാസമാണ്. അല്‍ഭുതകരമെന്നു പറയട്ടെ, ഞങ്ങള്‍ കാപിറ്റോള്‍ ബില്‍ഡിംഗ് സന്ദര്‍ശിച്ച വെള്ളിയാഴ്ച ദിവസം ജുമുഅയിലെ ഖുതുബ ഇസ്രയേലിനെതിരെയായിരുന്നു എന്നു മാത്രമല്ല, എതിര്‍പ്പിന്റെ കാര്‍ക്കശ്യം നമ്മെ പോലും അമ്പരപ്പിക്കുന്നതുമായിരുന്നു. സെപ്തംബര്‍ പതിനൊന്നിനു ശേഷം ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ നരനായാട്ടു നടത്തുന്ന അമേരിക്കയിലെ ഒരു വിശേഷം കൂടി കേള്‍ക്കുക. ഒരു വാക്കിന്റേയോ നോക്കിന്റേയോ പേരില്‍ വര്‍ഗീയ കലാപങ്ങളരങ്ങേറുന്ന നാട്ടിലെ നടപ്പു കാഴ്ചകള്‍ കണ്ടവര്‍ക്ക് ഒരു പക്ഷെ അവിശ്വസനീയത തോന്നിയേക്കാം. സെപ്തംബര്‍ പതിനൊന്നിനു ശേഷം അതിന്റെ പേരില്‍ ഒരൊറ്റ കലാപം പോലും അമേരിക്കയില്‍ നടന്നിട്ടില്ല എന്നതാണത്. വ്യത്യസ്ത സമൂഹങ്ങള്‍ ഇടതിങ്ങി താമസിക്കുന്ന കാലിഫോര്‍ണിയ അടക്കമുള്ള വ്യത്യസ്ത നാടുകളില്‍ നിന്നുള്ള സഹോദരന്മാരോട് സംവദിച്ചതില്‍ നിന്നും വ്യക്തമായത്, സെപ്തംബര്‍ പതിനൊന്നിനു ശേഷവും അവരാരും പ്രത്യേകിച്ച് പ്രശ്‌നങ്ങളനുഭവിക്കുന്നില്ല എന്നാണ്.
പക്ഷേ, യഥാര്‍ഥ പ്രശ്‌നം അമേരിക്കയുടെ വിദേശ നയത്തിലാണ്. അതാവട്ടെ പരിപൂര്‍ണമായും ഇസ്രയേല്‍ ലോബിയുടെ കരങ്ങളിലുമാണ്. ഞങ്ങളുടെ സന്ദര്‍ശന സമയത്ത് ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിന്റെ പേരില്‍ അമേരിക്ക കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന സന്ദര്‍ഭമായിരുന്നു. ഈ സമയത്ത് പ്രസിഡന്റ് ഒബാമ ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ച മുസ്‌ലിം നേതാക്കള്‍ക്കിടയില്‍ വിരുന്നിനു പോകുന്നതിനെപ്പറ്റി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പ്രതിഷേധ സൂചകമായി ഇഫ്താര്‍ ബഹിഷ്‌കരിക്കണമെന്നു ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ പോവാനായിരുന്നു തീരുമാനം. കാരണം ബഹിഷ്‌കരണം കൊണ്ട് ഒരു പ്രതികരണം എന്നതിലുപരി ഒന്നും നേടാന്‍ കഴിയില്ലെന്നു മാത്രമല്ല, നികത്താനാവാത്ത ഒരു വിടവ് രൂപപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ക്ഷണം സ്വീകരിക്കുന്നതിലൂടെ സംഭാഷണത്തിന്റെയും അതിലൂടെ ക്രിയാത്മക ഇടപെടലിന്റെയും വാതിലുകള്‍ തുറന്നുവെക്കുകയാണ് എന്ന അഭിപ്രായത്തിനാണ് സ്വാഭാവികമായും മുന്‍തൂക്കം കിട്ടിയത്. അമേരിക്കക്കാര്‍ എന്തുകൊണ്ട് എപ്പോഴും ഒരുപടി മുന്നില്‍ നില്‍ക്കുന്നു എന്ന ചോദ്യത്തിനുത്തരം ഈ നിലപാടില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.
മനസില്‍ ഒരല്‍പം ധര്‍മബോധമുള്ളവര്‍ക്ക് ഒരിക്കലും രാജിയാവാന്‍ പറ്റാത്തവണ്ണം സാംസ്‌കാരിക ജീര്‍ണതകള്‍ അമേരിക്കക്ക് സമ്മാനിച്ച അറ്റമില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തെ ക്രിയാത്മക സമീപനങ്ങളിലൂടെ സാമൂഹിക വളര്‍ച്ചക്കായി ഉപയുക്തമാക്കുന്നു എന്നതിലാണ് അമേരിക്കന്‍ മുസ്‌ലിംകളുടെ വിജയം.തികഞ്ഞ സ്വാതന്ത്ര്യ ബോധത്തോടെ സാധ്യമായത്ര മേഖലകളില്‍ നിര്‍ഭയം വിഹരിക്കുവാനും സ്വത്വാവിഷ്‌കാരം നടത്തുവാനും ഇത് അവരെ പ്രാപ്തമാക്കുന്നു. അക്കാദമിക-സാങ്കേതിക മേഖലകളിലുള്ള മുസ്‌ലിം സാനിധ്യങ്ങള്‍ ഇതിന്റെ വ്യക്തമായ പ്രതിഫലനങ്ങളാണ്. അമേരിക്കയുടെ തന്നെ പല ചെയ്തികളോടും അതീവ വൈകാരികമായി പ്രതികരിച്ചും സ്‌ഫോടനാത്മകമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും ഒരു വൈകാരിക സമൂഹമെന്ന മോശം പ്രതിഛായ ലോകത്തിനു മുന്നില്‍ മുസ്‌ലിംകള്‍ക്കുണ്ട്. എന്നാല്‍ വളരെ പക്വവും അല്‍ഭുതപ്പെടുത്തും വിധം ക്രിയാത്മകവുമായ സമീപനങ്ങള്‍ അമേരിക്കന്‍ മുസ്‌ലിം സമൂഹത്തെ വ്യതിരക്തമാക്കി നിര്‍ത്തുന്നു. ലഭ്യമായ വിനിമയ മാധ്യമങ്ങളെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്നതിലൂടെ തങ്ങളുടെ മതനിലപാടുകള്‍ പ്രചരിപ്പിക്കുവാനും സ്ഥാപിക്കുവാനും അവര്‍ക്കു ഫലപ്രദമായി സാധിക്കുന്നുണ്ട്. അഭ്യസ്ഥവിദ്യരായവര്‍ക്ക് മതം പഠിക്കുവാനുള്ള ഇമാം നവവി ഫൗണ്ടേഷന്‍, ക്ലാരാമൗണ്ടിലുള്ള അല്‍ ബയാനിയ്യ തുടങ്ങിയവ ഈ മേഖലകളിലെ നിര്‍ണായക സാനിധ്യങ്ങളാണ്. മതകീയ വിഷയങ്ങളിലും ആവിഷ്‌കാരങ്ങളിലും ആധുനിക സൗകര്യങ്ങളുടെ അനന്തമായ സാധ്യതകള്‍ അവര്‍ തേടുന്നു. ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഡഫ് മുസ്‌ലിംസ,് ബധിരര്‍ക്കായുള്ള ഖുര്‍ആനിന്റെ പണിപ്പുരയിലാണിപ്പോള്‍. അല്ലാഹുവിന്റെ കലാമായ പരിശുദ്ധ ഖുര്‍ആനിന്റെ മാധുര്യം ബധിരര്‍ക്കു കൂടി ലഭ്യമാക്കണം എന്ന പുതുമയുള്ള ലക്ഷ്യത്തോടെ അമേരിക്കന്‍ സൈന്‍ ലാംഗ്വേജില്‍ ഖുര്‍ആന്‍ ആസ്വദിക്കാന്‍ അവസരമൊരുക്കി ആരാധനയുടെ സുന്ദരമായ സാങ്കേതിക രൂപമൊരുക്കുകയാണിവിടെ.ഭരണ കൂടത്തില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമര വൈവിധ്യങ്ങള്‍ തീര്‍ക്കുന്ന രീതി അമേരിക്കയില്‍ നാട്ടു നടപ്പല്ലാത്തതു കൊണ്ടു തന്നെ, ബഹളങ്ങളില്ലാതെ കാര്യം സാധിക്കാന്‍ ഇവിടെ രണ്ടു വഴിയാണ്, ഒന്ന് നിയമത്തിന്റെതും പിന്നെ ലോബിയിങും. മുസ്‌ലിം അഡ്വക്കസി കൗണ്‍സില്‍ എന്ന നിയമ വേദി അതിനാല്‍ തന്നെ ഇവിടെ മുസ്‌ലിം പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു.
മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ സമൂഹങ്ങള്‍ ഇന്ന് അമേരിക്കയിലനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിനും സൗകര്യങ്ങള്‍ക്കും യഥാര്‍ഥത്തില്‍ കടപ്പെട്ടിരിക്കുന്നത് ജൂത സമുദായത്തോടാണ് എന്ന വിരോധാഭാസവും ഇവിടെയുണ്ട്. അമേരിക്കന്‍ വിദേശ നയത്തിനെ പോലും നിയന്ത്രിക്കാന്‍ തക്ക സ്വാധീനവും ശേഷിയുമുള്ളവരാണ് അമേരിക്കയിലെ രണ്ടു ശതമാനത്തിലധികം വരുന്ന ജൂതന്‍മാര്‍. അധികാര കേന്ദ്രങ്ങളിലെ അദൃശ്യ സാനിധ്യമായ ജൂതന്‍മാര്‍ സ്വസമുദായത്തിന്റെ രക്ഷക്കു വേണ്ടി, ന്യൂനപക്ഷങ്ങളുടെ കരുതലിനും ക്ഷേമത്തിനുമായുള്ള നിരവധി നിയനിര്‍മാണങ്ങള്‍ക്കായി പണിയെടുത്തിട്ടുണ്ട്. ഇന്ന് മുസ്‌ലിംകള്‍ അതിന്റെ പ്രധാന ഗുണഭോക്താക്കളാണെന്നു മാത്രം. കൃത്യമായ ആസൂത്രണത്തോടെ ചിട്ടയായി പണിയെടുത്തതിന്റെ ഫലമായാണ് ജൂതന്‍മാര്‍ക്ക് അമേരിക്കന്‍ അധികാര കേന്ദ്രങ്ങളില്‍ ഇത്ര ഫലപ്രദമായി പടര്‍ന്നുകയറാന്‍ സാധിച്ചത്. നിയമ രംഗത്തെ അവസാന വാക്കായ സഫോക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഉല്‍പന്നങ്ങളാണ് പ്രധാനമായും ഒരു ന്യൂനപക്ഷ അനുകൂല നിയമ വ്യവസ്ഥയുണ്ടാക്കുന്നതില്‍ നിര്‍ണായകമായതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷത്തിന്റെ രക്ഷയെന്നാല്‍ അതു തങ്ങളുടെ തന്നെ രക്ഷയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ജൂതന്മാര്‍ എന്നതിനു പകരം ഇവിടെ സിയോണിസ്‌ററുകള്‍ എന്നുപയോഗിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്നു തോന്നുന്നു. കാരണം എല്ലാ ജൂതന്മാരും ഇസ്രയേലിനെയോ അമേരിക്കയെയോ പിന്തുണക്കുന്നില്ലെന്നു മാത്രമല്ല പലരും കടുത്ത എതിര്‍പ്പുള്ളവരുമാണ്. ഞങ്ങളുടെ ക്യാമ്പിന്റെ ഭാഗമായി ഇസ്‌ലാമേതര വിശ്വാസികളുടെ വീട്ടില്‍ വിരുന്നിനു പോകാനുള്ള അവസരം വന്നപ്പോള്‍ ഞാന്‍ തിരഞ്ഞെടുത്തത് ഒരു ജൂത ഭവനമായിരുന്നു. ആതിഥേയരുമായി സംസാരിച്ചപ്പോള്‍ അവര്‍ കടുത്ത ഇസ്രയേല്‍ വിരുദ്ധരാണെന്നു തുറന്നു പറയുക മാത്രമല്ല, സമാനമനസ്‌കരായ നിരവധി ജൂതരുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.പരമാവധി വ്യക്തിസ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്ന ഒരു നിയമവ്യവസ്ഥ കൂടെയുണ്ടായതു കൊണ്ടു തന്നെ ഇതിനെല്ലാമിടയിലും ഇസ്‌ലാമിന് ഇവിടെ വളരാനുള്ള എല്ലാ അനുകൂല സാഹചര്യവുമുണ്ടെന്ന് പറഞ്ഞാല്‍ തെറ്റില്ല. അമേരിക്കക്കാരുടെ ഈ കടുത്ത സ്വാതന്ത്ര്യ ബോധമാണ് സ്വവര്‍ഗ വിവാഹം പോലും അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നിലുള്ളത് എന്ന മറുവശം കൂടിയുണ്ടതിന്.
ദീര്‍ഘകാലത്തെ മുസ്‌ലിം പാരമ്പര്യം അവകാശപ്പെടുന്ന സമൂഹങ്ങള്‍ക്കു പോലും ദിശാബോധം നല്‍കാന്‍ പര്യാപ്തമായത്രയും നൂതനമായ പലതും അമേരിക്കയില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഹലാല്‍ ആണോ എന്നറിയാന്‍ സഹായിക്കുന്നതിനായി വളരെ വ്യവസ്ഥാപിതമായിത്തന്നെ ഹലാല്‍ സെര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി അവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അമേരിക്കയില്‍ ഇസ്‌ലാമിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. വ്യത്യസ്ത നാടുകളിലായി സന്ദര്‍ശിക്കാനവസരം ലഭിച്ച മിക്ക മസ്ജിദുകളിലും എല്ലാദിവസവും ജമാഅത്തിന് ശേഷം പുതിയതായി ഒരാള്‍ ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ തയ്യാറായിട്ടുണ്ടെന്ന അനൗണ്‍സ്‌മെന്റ് കേട്ട് പലപ്പോഴും ഞാന്‍ അല്‍ഭുതം കൂറിയിട്ടുണ്ട്. ഇസ്‌ലാമിന്റെ ഈ ജനകീയതയും സ്വീകാര്യതയും കൂടുതല്‍ ഫലപ്രദമാക്കുന്നതില്‍ സമൂഹം പ്രകടിപ്പിക്കുന്ന ജാഗ്രത ഇനിയുമേറെ പ്രതീക്ഷിക്കാനാവുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. പബ്ലിക് ലേണിംഗ് എബൗട്ട് ഇസ്‌ലാം എന്ന പേരില്‍ ലിംഗ-വര്‍ഗ ഭേദമന്യെ ആര്‍ക്കും ഇസ്‌ലാമിനെ പഠിക്കാനും പരിചയിക്കാനുമായി ഒരു ദിവസം പള്ളിയില്‍ സൗജന്യഭക്ഷണത്തോടൊപ്പം സൗകര്യമൊരുക്കുന്ന അമേരിക്കന്‍ മുസ്‌ലിം ശീലങ്ങളെ നമ്മുടേതുമായി ഒന്നു താരതമ്യം ചെയ്യുന്നത് അതീവ രസകരമായിരിക്കും. മസ്ജിദുകള്‍ സുതാര്യമായ സാംസ്‌കാരിക വിനിമയ കേന്ദ്രങ്ങളാകുന്നത് എങ്ങനെയെന്നും ഇവ കാണിച്ചു തരുന്നു.
ധാര്‍മികത തൊട്ടു തീണ്ടാത്തത്രയും സ്വാര്‍ഥവും സിയോണിസ്റ്റ് താല്‍പര്യങ്ങള്‍ക്കനുസൃതവുമായ, കുടിലത നിറഞ്ഞ അമേരിക്കയുടെ വിദേശ നയം പുറത്തെന്ന പോലെ രാജ്യത്തിനകത്തും ശക്തമായ എതിര്‍പ്പു നേരിടുന്നുണ്ട്. മത ഭേദമില്ലാത്ത ഈ പ്രതിരോധ നിരയുടെ മുന്‍പന്തിയില്‍ തന്നെ മുസ്‌ലിംകളും സജീവമാണ്.
പൊതു ഇടങ്ങളില്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കാനും അതിന്റെ മാധ്യമ പ്രതിഛായ സംരക്ഷിക്കാനും അവിടെ സംഘടിതമായ ശ്രമങ്ങളുണ്ട്. ഇസ്‌ലാമിനെതിരെ ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ അവര്‍ ങജഅഇ(ങൗഹെശാ ജൗയഹശര അറ്‌ലൃശോെലി േഇീൗിരശഹ) എന്ന പേരില്‍ അഭിപ്രായ രൂപീകരണ രംഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ പൊതുബോധത്തെ നിയന്ത്രിക്കുന്ന ഹോളിവുഡിലടക്കം മതം മാറി വന്ന പരിചയസമ്പന്നരുടെ സഹായത്തോടെ അവര്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നു.
മുസ്‌ലിം സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് ആണ് അമേരിക്കയിലെ ഇസ്‌ലാമിക ചലനങ്ങളുടെ ചാലകശക്തി എന്നു പറഞ്ഞാല്‍ തെറ്റില്ല. യൗവനത്തിന്റെ അപരിമേയമായ ആവേശം ഒരു വലിയ മുതല്‍കൂട്ടു തന്നെയാണ്. എം.എസ്.എം സംഘടിപ്പിച്ച ഒരു ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി ഇത്തരത്തിലൊരനുഭവം തന്റെ ജീവിതത്തില്‍ ആദ്യമായാണെന്ന് ഹൃദയം തുറന്നു പറഞ്ഞത് ഇപ്പോഴും കാതിലുണ്ട്. അങ്ങേയറ്റം നഗരവല്‍കൃതമായ അമേരിക്കന്‍ സമൂഹത്തില്‍ ഒത്തുചേരലിന്റെയും പങ്കുവെക്കലിന്റെയും നന്മകള്‍ പകരുന്ന ഇഫ്താര്‍ മീറ്റുകള്‍ സാംസ്‌കാരിക വിനിമയത്തിനുള്ള വേദികള്‍ കൂടിയാവുന്നു. ഈ വിദ്യാര്‍ഥി സമൂഹത്തിന്റെ ആദ്യകാല പ്രതിനിധിയാണ് മുസ്‌ലിം ബൗദ്ധിക മണ്ഡലത്തെ ചൂടുപിടിപ്പിക്കുന്ന പ്രതിഭാധനനായ ഹുസൈന്‍ നസ്ര്‍
ലോകമെങ്ങുമുള്ള മുസ്‌ലിം വിരുദ്ധ മുന്നേറ്റങ്ങള്‍ക്കു ചൂട്ടു പിടിക്കുകയും, ഇസ്രയേലിന്റെ ചെറ്റത്തരങ്ങള്‍ക്ക് മണ്ണും വളവും നല്‍കി സമാധാനത്തെപ്പറ്റി കുരക്കുകയും ചെയ്യുന്ന അമേരിക്കയുടെ ഉള്ളില്‍ ഒരു വലിയ വിഭാഗം മുസ്‌ലിംകള്‍ ഇത്ര സ്വതന്ത്രമായി ജീവിക്കുന്നു എന്നത് വ്യത്യസ്ത വികാരങ്ങളാണുളവാക്കുന്നത്. ഒരു പക്ഷേ വൈകാരികതയെ ഒരു രാഷ്ട്രീയമാക്കി മാറ്റിയ കിഴക്കിനെയും മറികടന്ന് മുസ്‌ലിം ലോകത്തിനു തന്നെ ദിശാബോധം നല്‍കാന്‍ പാകത്തില്‍ ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ വളര്‍ന്നേക്കാം. അതുകൊണ്ടു തന്നെ നമുക്ക് അമേരിക്കന്‍ പ്രസിഡന്റിനെ പഴിക്കാം. അതിന്റെ വിദേശ കാര്യത്തെ ചീത്തപറയാം. പക്ഷെ അമേരിക്കക്കാരെ സ്‌നേഹിച്ചില്ലെങ്കിലും വെറുക്കരുത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter