പുരാതന അമേരിക്കയിലെ ആഫ്രിക്കൻ മുസ്‍ലിംകൾ

അമേരിക്കൻ നാടുകളിലേക്ക് അടിമകളാക്കി കടത്തപ്പെട്ടത് മുതൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ട കാലം വരെ അമേരിക്കയെ സൃഷ്‌ടിക്കുന്നതിന്റെ അവിഭാജ്യ ഘടകമായിരുന്നു ആഫ്രിക്കൻ മുസ്‌ലിംകൾ. കൊളോണിയൽ പര്യവേഷണങ്ങളുടെ ഭാഗമായി 1500 കളിലാണ് മുസ്‍ലിംകൾ ആദ്യമായി വടക്കേ അമേരിക്കയിലെത്തുന്നത്. ഈ പര്യവേക്ഷകരിലൊരാളായ മുസ്തഫ സെമ്മൂറിയെ 1522-ൽ പോർച്ചുഗീസുകാർ അടിമയായി വിറ്റു. സ്പാനിഷ് യോദ്ധാവായ ആന്ദ്രെസ് ഡൊറന്റസ് ഡി കരാൻസയുടെ അടിമയായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാലുകുത്തിയ ആദ്യ ആഫ്രിക്കക്കാരിൽ ഒരാളായിരുന്നു എസ്തവാനിക്കോ. അദ്ദേഹം ഫ്ലോറിഡയും ഗൾഫ് തീരവും താണ്ടിയാണ്  പടിഞ്ഞാറ് ന്യൂ മെക്സിക്കോ വരെ യാത്ര ചെയ്തത്.

1783 ൽ ആരംഭിച്ച വിപ്ലവ യുദ്ധത്തിൽ ആഫ്രിക്കൻ മുസ്‍ലിംകളും കോളനിക്കാർക്കൊപ്പം പോരാടി. ബാംപറ്റ് മുഹമ്മദ്, യൂസഫ് ബെൻ അലി, യൂസഫ് സാബ, സലീം പുവർ, പീറ്റർ സലീം എന്നിവരുൾപ്പെടെ മുസ്‍ലിം യുവാക്കളായിരുന്നു സൈനിക നേതാക്കന്മാർ. അമേരിക്കയുടെ സ്ഥാപക പിതാക്കന്മാർക്ക് ഇസ്‍ലാമിനെക്കുറിച്ചും അമേരിക്കയിലെ മുസ്‍ലിംകളുടെ സാന്നിധ്യത്തെക്കുറിച്ചും ബോധമുണ്ടായിരുന്നു. ഖുർആനിന്റെ ഒരു പകർപ്പ് സ്വന്തമാക്കിയ തോമസ് ജെഫേഴ്സൺ തന്റെ ആദ്യകാല രചനകളിലും രാഷ്ട്രീയ ഗ്രന്ഥങ്ങളിലും ഇസ്‍ലാം വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിർജീനിയയിൽ മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രചാരണം നടത്തിയ ജെഫേഴ്സൺ  "മതസ്വാതന്ത്ര്യത്തിനായുള്ള വിർജീനിയ നിയമം" എന്ന കൃതിയിൽ  "മുസ്‍ലിം ജനത ഒരിക്കലും തന്റെ മതത്തിന്റെ പേരിൽ രാഷ്ട്രത്തിലെ പൗരാവകാശങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടവരല്ല" എന്ന് വാദിച്ചു. നിർഭാഗ്യവശാൽ ക്രിസ്ത്യൻ ഇതര ഗ്രൂപ്പുകളെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യുന്നതിനായി ഈ കൃതിയിൽ പിന്നീട് ഭേദഗതി വരുത്തുകയാണുണ്ടായത്. തന്റെ രചനകളിൽ ക്രിസ്തുമതം അല്ലാത്ത മതങ്ങളെ അംഗീകരിച്ച രാഷ്ട്രതന്ത്രജ്ഞൻ ജെഫേഴ്സൺ മാത്രമായിരുന്നില്ല. മറിച്ച് അത്തരത്തിലുള്ള ധാരാളം ആളുകളുണ്ടായിട്ടും ഇസ്‍ലാമിനെക്കുറിച്ചുള്ള അവരുടെ അറിവും സൈദ്ധാന്തിക ആർജ്ജവവുമൊന്നും, ആഫ്രിക്കൻ മുസ്‍ലിംകളെ അടിമകളാക്കുന്നതിൽ നിന്ന് തടയാൻ പര്യാപ്തമായില്ലെന്നതാണ് സങ്കടകരം.

കാര്യമായ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും അടിമകളായ മുസ്‌ലിംകൾ അവരുടെ വിശ്വാസവും ദ്വിഭാഷാ സാക്ഷരതയും സമൂഹം കെട്ടിപ്പടുക്കുന്നതിനും അടിമത്തത്തെ ചെറുക്കുന്നതിനും സ്വാതന്ത്ര്യം നേടിയെടുക്കാനും വേണ്ടി ഉപയോഗപ്പെടുത്തി പൊരുതി നിന്നു. അമേരിക്കയിലെ തങ്ങളുടെ അനുഭവങ്ങളടങ്ങിയ നിരവധി ലിഖിത വിവരണങ്ങൾ  കത്തുകളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും ആത്മകഥകളിലൂടെയും  എഴുതി അറിയിച്ചു. അവയിൽ മിക്കതും അറബിയിൽ ആയിരുന്നു.  പരസ്പരം ആശയവിനിമയം നടത്താനും അടിമത്തത്തെ ഉന്മൂലനം ചെയ്യുവാനും അവർ തന്ത്രപരമായി അറബി ഭാഷ ഉപയോഗപ്പെടുത്തി. ബിലാലി മുഹമ്മദും സാലിഹ് ബിലാലിയും ഒമർ ഇബ്‌ൻ സയ്യിദും ലാമിൻ കെബെയും പരസ്പരം കത്തുകൾ എഴുതിയിരുന്നു. അയൂബ സുലൈമാൻ ദിയല്ലോ ആഫ്രിക്കയിലുള്ള തന്റെ പിതാവിന്  അറബി ഭാഷയിൽ ഒരു കത്ത് അയച്ചതായി പറയപ്പെടുന്നുണ്ട്.

തങ്ങളുടെ അധ്വാനത്തിലൂടെ സ്വാതന്ത്ര്യം  നേടിയെടുക്കാൻ മുസ്‍ലിംകൾ  ഉപയോഗിച്ചത് അവരുടെ വിജ്ഞാനമാണ്. അടിമകളായ മുസ്‌ലിംകൾ അവരുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനും അമേരിക്കൻ ബിസിനസ്സ് സമ്പ്രദായങ്ങൾ പഠിക്കാനും സാധാരണയായി അമേരിക്കക്കാർക്ക് മാത്രം അറിയാവുന്ന വിവരങ്ങൾ ആർജിക്കാനുമായി ബുക്ക് കീപ്പർമാർ, പേഴ്‌സണൽ സേവകർ, പരിശീലകർ തുടങ്ങിയ ജോലികൾ നിർവഹിച്ചിരുന്നു. അതിലൂടെ സ്വയം വളരാനും സ്വന്തമായ അസ്തിത്വം ഉണ്ടാക്കിയെടുക്കാനും കൂടി ശ്രമിക്കുകയായിരുന്നു അവര്‍.

വാഷിംഗ്ടൺ ഡി.സി.യിലെ ജോർജ്ജ്ടൗണിലെ യാരോ മാമൗട്ട് എന്ന വ്യക്തി ഇതിനൊരു ഉദാഹരണമാണ്.  അദ്ദേഹം കരി ഉണ്ടാക്കിയും മേരിലാൻഡ് കപ്പലിൽ ജോലി ചെയ്തും കൊട്ടകൾ നെയ്തെടുത്തും ഇഷ്ടികകൾ ഉണ്ടാക്കിയും ഒരു വ്യവസായ ഉദ്യമം തന്നെ ആരംഭിച്ചു. ഇതില്‍ നിന്ന് സ്വന്തമായി പണം സമ്പാദിക്കാൻ സാധിച്ച അദ്ദേഹം, ഒടുവിൽ 1807 ഏപ്രിലിൽ അടിമത്തത്തില്‍നിന്ന് മോചിതനായി. 44 വർഷത്തെ അടിമത്തത്തിന് ശേഷം മാമൗട്ട് ജോർജ്ജ്ടൗണിലെ ഒരു സംരംഭകനും ബാങ്ക് നിക്ഷേപകനും വീട്ടുടമസ്ഥനുമായി. അയാള്‍ തെരുവിലൂടെ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് നടക്കുമായിരുന്നു.

എന്നിരുന്നാലും മുസ്‌ലിംകൾ തങ്ങളുടെ വിശ്വാസ കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ, ക്രിസ്ത്യ ശത്രുതയും അമർഷവും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്. മേരിലാൻഡിലെ കെന്റ് ഐലൻഡിൽ  പ്രാർത്ഥിച്ചുകൊണ്ടിരിക്കെ അയൂബ സുലൈമാൻ ഡയല്ലോയെ ഒരു വെള്ളക്കാരൻ കടന്നാക്രമിച്ചു. മറ്റുചിലർ മതപരമായ വസ്ത്രങ്ങൾ ഒഴിവാക്കാനും  നോമ്പ് ഉപേക്ഷിക്കാനും അനിവാര്യ പ്രാർത്ഥനകളിൽ നിന്ന് വിട്ടുനിൽക്കാനും നിർബന്ധിതരായി. 1822-ൽ ലൂസിയാനയിലെ ഒരു "മൂറിഷ് അടിമ" ഈ പ്രയാസം സ്ഥിരീകരിച്ചു കൊണ്ട്  "അമേരിക്കയിലെ അടിമയെന്ന നിലയിലുള്ള തന്റെ സാഹചര്യം തന്റെ മതത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നതിൽ നിന്ന് തടയുന്നു" എന്ന് പറഞ്ഞ് വിലപിക്കുന്നതായി കാണാം. എന്നിരുന്നാലും അവർ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും അതിജീവിക്കാനുളഅള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു.

തങ്ങളേയും കുടുംബത്തേയും സംരക്ഷിക്കുന്നതിനായി പലരും ക്രിസ്തുമതത്തിലേക്ക് വ്യാജമായി പരിവർത്തനം ചെയ്തിരുന്നു.  അമേരിക്കൻ കോളനിവൽക്കരണ സൊസൈറ്റിയിലൂടെ ആഫ്രിക്കയിലേക്ക് തിരിച്ചുപോകാൻ ലാമിൻ കെബെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായി നടിച്ചു. ആഫ്രിക്കയിലേക്ക് മടങ്ങിയശേഷം കെബെ സിയറലിയോണിലേക്ക് രക്ഷപ്പെട്ടു. ശേഷം  ഇസ്‍ലാമിക വിശ്വാസം നിലനിർത്തി അവിടെ കഴിഞ്ഞ് കൂടുകയും ചെയ്തു.

അയൂബ സുലൈമാൻ ദിയല്ലോയെപ്പോലെയുള്ള മറ്റുള്ളവർ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ ഈ ധീരത  ഉടമയെ വളരെയധികം ആകർഷിച്ചു. അദ്ദേഹത്തെ മോചിപ്പിക്കുകയും ആഫ്രിക്കയിലേക്ക് തിരികെ പോകാൻ അനുവദിക്കുകയും  ചെയ്തു. ആഫ്രിക്കയിലേക്കുള്ള വഴിയിൽ ഇംഗ്ലണ്ടിൽ വെച്ച് രാജകീയ സ്വീകരണം വരെ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

അടിമകളായ ആഫ്രിക്കക്കാർ അമേരിക്കയിൽ സന്നിവേഷിപ്പിച്ച ഇസ്‌ലാം അധികകാലം നിലനിന്നില്ല. പക്ഷേ പലയിടങ്ങളിലും ആഫ്രിക്കൻ ഇസ്‍ലാമിന്റെ  അടയാളങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. റിംഗ് ഷൗട്ട് എന്നത് അമേരിക്കയിലെ മതപരമായ ഒരു നൃത്തരൂപമാണ്. ഇത് യഥാർത്ഥത്തിൽ മുസ്‍ലിം തീർത്ഥാടകർ മക്കയിലെ കഅബയിൽ നടത്തുന്ന ത്വവാഫിനെ അനുകരിച്ചതാണ്. 1930-കളിൽ വർക്ക്‌സ് പ്രോഗ്രസ് അഡ്മിനിസ്ട്രേഷൻ ശേഖരിച്ച, അടിമകളായിരുന്നവരുടെ അഭിമുഖങ്ങളിൽ ആചാരാനുഷ്ഠാനങ്ങളിലും പെരുന്നാൾ ദിവസങ്ങളിലും 'സരക' എന്ന അരി വിതരണം ചെയ്തിരുന്നതായി പറയുന്നുണ്ട്. സദഖ എന്നറിയപ്പെടുന്ന ഈ ദാനധർമ്മം ഇസ്‍ലാമിന്റെ പഞ്ചസ്തൂപങ്ങളിൽ ഒന്നായ സകാത്തിന്റെ ഭാഗമാണ്. 

അടിമകളാക്കിയ മുസ്‍ലിംകളെ സാംസ്കാരികവും മതപരവുമായി പരിവര്‍ത്തിപ്പിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവർ തങ്ങളുടെ മതപരമായ സ്വത്വം നിലനിർത്തുകയാണ് ചെയ്തത്. മുസ്‍ലിംകൾ അവശേഷിപ്പിച്ച പുസ്തകങ്ങൾ, എഴുത്തുകൾ, വസ്ത്രങ്ങൾ, മുത്തുകൾ, പരവതാനികൾ തുടങ്ങിയവയെല്ലാം ഇന്ന് അവരുടെ കഥകൾ കണ്ടെത്താൻ സഹായിക്കുന്ന മാർഗ്ഗങ്ങളാണ്. ബിലാലി മുഹമ്മദിന്റെ കൊച്ചുമകൾ കാറ്റി ബ്രൗൺ തന്റെ പിതാമഹന്റെ  ജീവിതം സ്മരിച്ചുകൊണ്ട് പറഞ്ഞു:' ഈ വസ്തുക്കൾ അവരുടെ മതപരമായ ആചാരത്തിന്റെയും സ്വത്വത്തിന്റെയും അവിഭാജ്യ ഘടകമായിരുന്നു.'

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter