വാസ്തുവിദ്യ മുതൽ സാങ്കേതികവിദ്യ വരെ: മൂർ രാജവംശം സ്പെയ്നിനെ സ്വാധീനിച്ച വിധം
1492-ൽ 800 വർഷത്തോളം സ്പെയിനിന്റെ ചില ഭാഗങ്ങളിൽ ഭരണം നിർവ്വഹിച്ചിരുന്ന മൂർ രാജവംശം ഗ്രാനഡ യുദ്ധത്തിൽ കത്തോലിക്കാ രാജാക്കന്മാരുടെ സൈന്യത്തോട് പരാജയപ്പെട്ടതിനെത്തുടർന്നാണ് പുറത്താക്കപ്പെട്ടത്. ജിബ്രാൾട്ടർ കടലിടുക്ക് കടന്ന് സംസ്കാരവും മതവും അറിവും പകർന്നുതന്ന മൂർ യുഗത്തിന്റെ അവസാനം കൂടിയായിരുന്നു അത്. മൂറിഷ് ഭരണത്തിന് കീഴിൽ ശാസ്ത്രത്തിലും ഗണിതത്തിലും ഭൂമിശാസ്ത്രത്തിലും തത്ത്വചിന്തയിലും പുരോഗതി കൈവരിക്കാൻ സ്പെയിനിന് കഴിഞ്ഞു. മൂറുകൾ സ്പെയിനിൽ ചെലുത്തിയ സ്വാധീനം ഇന്നും അവിടെ പ്രകടമാണ്. വാസ്തുവിദ്യ മുതൽ ഭാഷയിലും കൃഷിയിലും മൂറുകൾ സ്പെയിനിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്.
വാസ്തുവിദ്യ
മൂറിഷ് രാജാക്കന്മാർ നിർമ്മിച്ച മനോഹരമായ കൊട്ടാരങ്ങളും ഉയർന്ന കമാനങ്ങളും വിപുലമായ ജ്യാമിതീയ രൂപകല്പനകളും മറഞ്ഞിരിക്കുന്ന മുറ്റങ്ങളും ഇസ്‍ലാമിക വാസ്തുവിദ്യയുടെ മഹത്തായതും മനോഹരവുമായ ഉദാഹരണങ്ങളാണ്. ഇതേ വാസ്തുവിദ്യാ ശൈലിയിലാണ് അൽഹംറായിലെ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത്. ഖലാത് അൽ-ഹംറ എന്നാണ് അത് അറിയപ്പെടുന്നത്. അതുപോലെ മെസ്‌ക്വിറ്റ ഡി കോർഡോബ (കൊർഡോബയിലെ വലിയ മസ്ജിദ്) പള്ളിയിലും വാസ്തുവിദ്യയിലെ വൈദഗ്ദ്യം കാണാവുന്നതാണ്. ഇത് കുറച്ചുകാലം ക്രിസ്ത്യാനികളുടെ ആരാധനാലയമായി മാറ്റപ്പെട്ടിരുന്നു.
ഭാഷ
രണ്ട് സംസ്കാരങ്ങൾ തമ്മിൽ പരസ്പരം പങ്കു വെക്കലുകൾ നിലനിന്നതിന്റെ ഭാഗമായി അറബി ഭാഷയുടെ സ്വാധീനം സ്പാനിഷ് ഭാഷയിൽ പ്രകടമാകുന്നുണ്ട്. സ്പാനിഷിലെ "ഓജല" (പ്രതീക്ഷയോടെ) അറബിയിലെ "ഇൻഷാല്ലാ" എന്നതിൽ നിന്ന് നിഷ്പന്നമായതാണ്. Arroz, azúcar, almohada തുടങ്ങിയ വാക്കുകളിലും സമാനമായ അർത്ഥതലങ്ങൾ ദർശിക്കാവുന്നതാണ്. സ്പാനിഷിൽ അറബിയുടെ സ്വാധീനം ദൈനദിനം ഉപയോഗത്തിലുള്ള വാക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. സ്പെയിനിലെ ചില പ്രദേശങ്ങളിൽ "h" എന്ന അക്ഷരത്തിന്റെ ഉച്ചാരണത്തിലും കോസ്റ്റ ഡെൽ അസാഹർ പോലുള്ള പ്രധാന സ്ഥലങ്ങളുടെ പേരുകളിലും ഇത് ദൃശ്യമാകുന്നതാണ്.
സാങ്കേതികവിദ്യ
ചൈന, ഇന്ത്യ, ലോകത്തിന്റെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അവർ വ്യാപാരത്തിലൂടെ നേടിയ അറിവുകൾ കൈമാറാൻ മുസ്‍ലിം മൂറുകൾക്ക് കഴിഞ്ഞു. അറബിക് സംഖ്യാ സമ്പ്രദായം, ചൈനയിൽ നിന്നുള്ള പേപ്പർ, ആസ്ട്രോലാബ്, അവരുടെ ജലസേചന സംവിധാനം എന്നിവ പോലുള്ള പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഇത് സ്പെയിനിൽ മുമ്പ് വളരാൻ കഴിയാതിരുന്ന വിളകൾ വളർത്താൻ സഹായിച്ചു. വടക്കേ ആഫ്രിക്കയിലെ മരുഭൂമികളിൽ ജീവിച്ചതിലൂടെ ആര്‍ജ്ജിച്ചെടുത്ത കൃഷിരീതികളും ജലസേചന സംവിധാനവും സ്പെയിനിലെ കൃഷിയെ തഴച്ചുവളരാൻ സഹായിച്ചു. ഈ മേഖലയിലേക്ക് സിട്രസ്, കരിമ്പ് തുടങ്ങിയ പുതിയ വിളകൾ അവതരിപ്പിക്കാനും മൂറുകൾക്ക് കഴിഞ്ഞു. അതിനുശേഷം സിട്രസ് പഴങ്ങളുടെ ഏറ്റവും വലിയ ഉത്പാദകരിൽ ഒന്നായി സ്പെയിൻ മാറി.
Leave A Comment