ചില ടൂറിസം ദിന ചിന്തകള്‍
വീണ്ടുമൊരു ലോക ടൂറിസ്റ്റ് ദിനം. പഴയ കാല സഞ്ചാരത്തിന്‍റെ രീതിയും സ്വഭാവവും മാറി. അതിരുകളില്ലാത്ത പ്രയാണത്തിന് രാഷ്ട്രാതിര്‍ത്തികള്‍ തടസ്സമായി. എങ്കിലും വിനോദവും വിജ്ഞാനവും തേടിയുള്ള മനുഷ്യന്‍റെ അലച്ചിലകുള്‍‍ ഇപ്പോഴും തുടരുന്നുണ്ട്.

സഞ്ചാര പ്രിയനാണു മനുഷ്യന്‍. കണ്ടതിനപ്പുറം കാണാനും അറിഞ്ഞതിനപ്പുറം അറിയാനുമുള്ള ജിജ്ഞാസ മനുഷ്യന്‍റെ കൂടപ്പിറപ്പാണ്. ലോകത്തിന്‍റെ ഓണംകേറാ മൂലകളിലും വെളിച്ചം തട്ടാത്ത വനാന്തരങ്ങളിലും മനുഷ്യന്‍റെ കാല്‍പെരുമാറ്റമുണ്ടായത് അങ്ങനെയാണ്. ഇപ്പോള്‍ ആകാശത്തിന്‍റെ അതിരുകള്‍ തേടിയുള്ള അന്വേഷണത്തില്‍ സൂര്യന്‍റെ ആകര്‍ഷണ വലയം പോലും അവന്‍ ഭേദിച്ചിരിക്കുന്നു. അറിയാനും ആസ്വദിക്കാനുമുള്ള മനുഷ്യന്‍റെ ഈ താല്‍പര്യത്തെ വിദഗ്ധമായി ചൂഷണം ചെയ്യുന്നതാണ് ആധുനിക ടൂറിസം പദ്ധതികള്‍.

അനിസ്‍ലാമികമായ പ്രവണതകളില്ലാത്തിടത്തോളം യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇസ്‍ലാമിന്‍റേത്. യാത്രകള്‍ ജ്ഞാനത്തിന്‍റെ വലിയ സാധ്യതകളെയാണ് തുറന്നു വെക്കുന്നത്. ഇസ്‍ലാമിക ചരിത്രത്തിലെ പ്രസിദ്ധരായ പല പണ്ഡിത മഹത്തുക്കളും സ്വൂഫികളും നിരന്തരം ഉലകം ചുറ്റുന്നവരായിരുന്നു. ഈ സഞ്ചാരമാണ് അവരുടെ ആത്മീയ ബോധത്തെ സുദൃഢമാക്കിയത്.

എന്നാല്‍ കൊട്ടിഘോഷിക്കപ്പെടുന്ന ടൂറിസം വെറുമൊരു വ്യവസായമാണ്. പെണ്ണിലും മദ്യത്തിലും കുഴഞ്ഞു കിടക്കുന്ന ഒന്ന്. സാധ്യമായിടത്തൊക്കെ പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങളൊരുങ്ങുകയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സുഖവാസ കേന്ദ്രങ്ങള്‍ ഉയരുകയും ചെയ്യുന്നു. ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകളും നിശാ ക്ലബ്ബുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അവിഭാജ്യ ഘടകമാണ്. ചെറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വരെ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ സാധാരണം. ഇത്തരം കേന്ദ്രങ്ങളെ ഗവണ്‍മന്‍റുകള്‍ സര്‍വാത്മനാ പ്രോത്സാഹിപ്പിക്കുന്നു. രാജ്യത്തിന്‍റെ വരുമാനത്തില്‍ വലിയൊരളവ് ഇത്തരം സംരഭങ്ങളില്‍ നിന്നാണെന്നത് തന്നെ പ്രധാന കാരണം.

ടൂറിസത്തിന്‍റെ പേരില്‍ പ്രകൃതിക്കു നേരെ നടക്കുന്ന കയ്യേറ്റങ്ങളും കാണാതിരുന്നു കൂടാ. കാടും മലയും വെട്ടി നിരപ്പാക്കി വാട്ടര്‍ തീം പാര്‍ക്കുകളും റിസോര്‍ട്ടുകളും പണിയുന്ന തിരക്കിലാണ് നമ്മള്‍. പരിസ്ഥിതി സൌഹൃദമെന്ന ലേബലിലുള്ള ടൂറിസ്റ്റ് സംരംഭങ്ങള്‍ പോലും പലപ്പോഴും ഇത്തരത്തിലുള്ളതാണ്. ടൂറിസ്റ്റ് സ്ഥലങ്ങളില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും അവിടെ നടക്കുന്ന അധാര്‍മിക പ്രവണതകളും ഇതിന് പുറമെയാണ്.

മുസ്‍ലിമിന്‍റെ സഞ്ചാരം പ്രകൃതിയെയും ചുറ്റുപാടുകളെയും അറിയാനായിരിക്കണം. കരകാണാ കടലും മണല്‍കുന്നുകള്‍ അതിരിടുന്ന മരുഭൂമിയും സൌന്ദര്യം വമിക്കുന്ന താഴ്വാരങ്ങളും അവയെ സൃഷ്ടിച്ച നാഥനിലേക്ക് അവനെ നയിക്കണം. യാത്രകള്‍ക്കിടയില്‍ വിവിധ സമൂഹങ്ങളെയും സംസ്കാരങ്ങളെയും അടുത്തറിയാന്‍ കഴിയണം. ലോകത്തിന്‍റെ സന്തോഷങ്ങളെ കുറിച്ച് മാത്രമല്ല ദുരിതങ്ങളെ കുറിച്ചും അവന്‍ ബോധവാനാകണം.

വിനോദം എന്നതിനപ്പുറം ലക്ഷ്യങ്ങളൊന്നുമില്ലാത്ത സഞ്ചാരങ്ങള്‍ നിരര്‍ഥകമാണ്. ആസ്വാദനത്തിനൊപ്പം അനുഭവങ്ങള്‍ക്ക് കൂടി പ്രാധാന്യമുള്ളതാവും വിശ്വാസിയുടെ യാത്രകള്‍. പഠിക്കാനും മനസ്സിലാക്കാനും ഒത്തിരി കാര്യങ്ങള്‍ ഓരോ ചെറിയ യാത്രയിലുമുണ്ടാവും. കണ്ടുമുട്ടുന്ന ഓരോ പുതിയ മുഖങ്ങളും ഒരു പുതിയ ലോകത്തേക്കുള്ള കവാടമായിരിക്കും. സ്വയം ആസ്വദിക്കുക എന്നതിലപ്പുറം ചുറ്റുപാടുകളുമായി ഇടപഴകി, സഹയാത്രികരുമായി സംവദിച്ച് ഒരുമിച്ചാസ്വദിക്കാവുന്നവയായിരിക്കണം നമ്മുടെ യാത്രകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter