ദാല്‍ തടാകത്തിന്റെ ഓളപ്പരപ്പിലൂടെ

ബനിഹാലില്‍നിന്നും തീവണ്ടി കയറി ഹിമപര്‍വതങ്ങള്‍ക്കിടയിലൂടെ മഞ്ഞയണിഞ്ഞ എണ്ണപാടങ്ങളും മനോഹരമായ കശ്‌മീരി ഗ്രാമകാഴ്‌ചകളും പിന്നിട്ട്‌ ഞങ്ങള്‍ ശ്രീനഗറില്‍ എത്തിയിരിക്കുകയാണ്‌. ചരിത്രമുറങ്ങുന്ന തലസ്ഥാന നഗരി. ലോകജനതയെ തന്റെ സാഹസികമായ പൗരസ്‌ത്യദേശ മരുഭൂയാത്രകളിലൂടെയും രചനാവൈഭവം കൊണ്ടും അമ്പരപ്പിച്ച ലിയോപോള്‍ഡ്‌ വെയിസ്‌ മുഹമ്മദ്‌ അസദായി താമസിച്ചിരുന്ന നഗരം. മലായാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അദ്ദേഹത്തെ കണ്ട്‌ രചനകള്‍ കൈപറ്റിയ നഗരം. ആകാരഭംഗിയില്‍ കവികള്‍ പുകഴ്‌ത്തിപാടിയ ഇന്ത്യന്‍ പറുദീസ.

ജനസംഖ്യയില്‍ 97 ശതമാനവും മുസ്‍ലിംകള്‍ വസിക്കുന്ന നഗരവീഥികളിലൂടെ കണ്ണോടിക്കുമ്പോള്‍ മറ്റെവിടെയും ലഭിക്കാത്ത ഒരാനന്ദമാണ്‌. ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലൂടെ മഫ്‌തയണിഞ്ഞ്‌ നടന്നു നീങ്ങുന്ന സര്‍വകലാശാലാ വിദ്യാര്‍ഥിനികള്‍, വഴിയോരകച്ചവടക്കാര്‍, ചുറ്റും നിറവസന്തവും. ലോകാത്ഭുതങ്ങളിലെ മാര്‍ബിള്‍സൗധം താജ്‌മഹലിന്റെ പടിഞ്ഞാറ്‌ ഭാഗത്തെ മസ്‌ജിദില്‍പോലും പ്രാര്‍ഥന നിരോധിതമാണെങ്കില്‍ ഇവിടെ കശ്‌മീരില്‍ മുഗള്‍ ഗാര്‍ഡനിലെ പച്ചപുല്‍ മൈതാനിയില്‍ സ്വഫ്‌കെട്ടി കൂട്ടപ്രാര്‍ഥന നടത്തുന്ന ഇന്ത്യന്‍ യുദ്ധസേനയിലെ വിശ്വാസികളെയാണ്‌ നമുക്ക്‌ കാണാന്‍ സാധിക്കുന്നത്‌. സ്‌നേഹസമ്പന്നമായ ഹൃദയവും ആതിഥ്യമര്യാദയും വശ്യമായ സൗന്ദര്യവും കശ്‌മീരികളെ വ്യത്യസ്തരാക്കുന്നു.

ദാല്‍തടാകത്തിലെ സുല്‍ത്താന്‍

മുഹമ്മദ് സുൽത്താൻ അമ്പത്തിരണ്ട് വയസ്സ്, കുഞ്ഞു മനസ്സുള്ള വലിയ മനുഷ്യന്‍.. കശ്മീരിലെ ദാൽ തടാകത്തിലെ ഒന്നര മണിക്കൂർ നീണ്ട സ്വപ്നതുല്യമായ ശികാർ റെയ്ഡിനിടെയാണ് പരിചയപ്പെട്ടത്. ഒരുപാട് സംസാരിച്ചു, കണ്ണും കാതും മനസ്സും ഒരുപോലെ നിറച്ചു. ഒരു നിമിഷം പോലും ആ മുഖത്തെ പുഞ്ചിരി മാഞ്ഞില്ല.! നാൽപത് കിലോമീറ്റർ പരന്നു കിടക്കുന്ന വിശാലമായ തടാകമാണ് ദാൽ ലൈക്. കശ്മീരിയിൽ ജീൽദാൽ എന്ന് പറയും, യാത്രക്കിടെ ഒരു ദീദിയാണ് അത് പറഞ്ഞു തന്നത്. നിരവധി കച്ചവടക്കാർ തോണിയിൽ സമീപിക്കുന്നു, പുഞ്ചിരിയും സലാമും സമ്മാനിച്ച് അവരെ യാത്രയാക്കുന്നു.

അതിനിടെയാണ് സുൽതാൻ ഭായ് അല്പം മൂലി (മധുരമുള്ളങ്കി) വാങ്ങിയത്. അവിടന്ന് തുടങ്ങിയതായിരുന്നു വീട്ടിലെ വിവരാന്വേഷണങ്ങൾ. മൂലിയുടെ ഇല കളഞ്ഞ് വൃത്തിയാക്കാന്‍ ഞങ്ങളും സുൽത്താനെ സഹായിച്ചു. ആ സുപ്രഭാതത്തിൽ, കുളിർക്കുന്ന ജീൽ ദാലിൽ. വല്ലാത്തൊരു ഫീലായിരുന്നു. മുമ്പിൽ കാണുന്ന പഹാടിൻറെ പേര് ചോദിച്ചപ്പോഴാണറിഞ്ഞത് അവിടെ പണ്ട് സുലൈമാൻ നബി (അ) വസിച്ചിരുന്നത്രെ! അതിൻറെ നാമം തക്തെ സുലൈമാനി എന്നാണ്.

ലോട്ടസ് ലൈകും ഗോൾഡൻ ലൈകും താണ്ടി മനോഹരമായ ഹാഫെൻ ഹവർ, തീരങ്ങളിൽ കുളിർമ്മയേകുന്ന കശ്മീരി ഗ്രാമ കാഴ്ചകൾ, കനാലുകൾ, ഹൗസ് ബോട്ടുകൾ, താറാവുകൾ, കൂതുർ പക്ഷികൾ  (പ്രാവുകൾക്ക് കശ്മീരിയിൽ പറയുന്നത്). പോകുന്നതിന് മുമ്പ് വീട്ടിൽ വരണമെന്ന് സുൽത്താൻ അങ്കിൾ പറഞ്ഞിരുന്നു, ആദ്യ ദിവസം പോകാൻ പറ്റിയില്ല, രണ്ടാം നാൾ വരാമെന്നേറ്റു.

ഗുല്‍മര്‍ഗിലെ നയനമനോഹരമായ ഹിമകാഴ്‌ചകളില്‍ മതിമറഞ്ഞ്‌ ലാല്‍ ചൗകില്‍ ബസ്സിറങ്ങുമ്പോള്‍ സമയം അസ്തമയത്തോടടുത്തിരുന്നു. വിജനമായ തിങ്ങിയ കെട്ടിടങ്ങള്‍ക്കിടയില്‍ നമസ്‌കാരസൗധം കണ്ടെത്താന്‍ അല്‍പം അലയേണ്ടിവന്നു. സൂര്യന്റെ സുവര്‍ണസ്‌പര്‍ശം തണുത്ത അന്തരീക്ഷത്തെ ഏറെ ആകര്‍ഷകമാക്കിയിരുന്നു. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ തക്‌ബീറിന്റെ അലയൊലികള്‍. ഹമാമിലെ ടാപ്‌ ഒരുവശത്ത്‌ തണുത്തതും മറുവശത്ത്‌ ചൂടുള്ളതുമായ വെള്ളം ലഭ്യമാക്കി, ആസ്വാദ്യകരമായ അംഗസ്‌നാനം. പതിവ്‌ പോലെ ഭിത്തികള്‍ മരത്തടികൊണ്ടലങ്കരിച്ച ദീപ്‌താലങ്കൃതമായ അകംപള്ളി. വിശ്വാസികള്‍ സുപ്രയിലിരുന്ന്‌ നോമ്പ്‌ തുറക്കുകയാണ്‌. ആതിഥ്യമര്യാദയോടെ ഞങ്ങളെ ക്ഷണിച്ചിരുത്തി. ആട്ടുംപാലില്‍ പ്രത്യേകകൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കിയ (കശ്‌മീരിയില്‍ ബാബ്രിചൗളി) മധുരമൂറുന്ന ശീതളപാനീയം, ഈത്തപഴം, നേന്ത്രക്കായ, കൂടെ ഒരു ഫ്രൂട്ടിക്കുപ്പി ഇതാണ്‌ ഇഫ്‌താര്‍ വിഭവങ്ങള്‍. ശാന്തനിര്‍ഭരമായ അന്തരീക്ഷത്തില്‍ നമസ്‌കാരവും പ്രാര്‍ഥനയും ആരുടെയും ആത്മീയബോധത്തെ തൊട്ടുണര്‍ത്തും. ഇമാമിനെ കണ്ടുസംസാരിച്ച ശേഷം ആതിഥ്യമരുളിയ മംതാചൗകിലെ സുല്‍ത്താന്റെ വീട്ടിലേക്ക്‌ ഞങ്ങള്‍ നടന്നു.

ഒരുപാട് തവണ ഫോണിൽ ഞങ്ങളെ വിളിച്ചിരുന്നു, വൈകിയാണ് മിസ് കോളുകൾ കണ്ടത്. ഇഫ്താറിന് ലാൽ ചൗകിലെ പള്ളിയിൽ കൂടി നേരം ഒരുപാട് വൈകിയിരുന്നെങ്കിലും ജീൽദാൽ തീരത്ത് അങ്കിൾ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.

രാത്രിയിലെ തണുപ്പിൽ ശികാർ യാത്ര വല്ലാത്തൊരു ഫീലായിരുന്നു. ആകർഷണീയമായ ഇടനാഴികകൾ, സുൽത്താനൊപ്പം കുശലം പറഞ്ഞും കാഴ്ചകളാസ്വദിച്ചും ഞങ്ങളങ്ങനെ നടന്നു. ഇഷ്ടികയിൽ പണികഴിപ്പിച്ച മനോഹരമായ ഇരുനില വീട്. ഇവിടുത്തെ ആതിഥ്യമര്യാദ ആരെയും വിസ്‌മയിപ്പിക്കുന്നതാണ്‌. കാര്‍പറ്റുവിരിച്ച നിലത്തില്‍ സുപ്രവിരിച്ച്‌ ഞങ്ങള്‍ ഇരുന്നു. ആതിഥേയന്‍ തേഷ്‌ബാനി എന്ന്‌ പേര്‌പറയുന്ന ഒരു കൂജയും ബേസിനും കൊണ്ടുവന്ന്‌ കൈ കഴുകാന്‍ സൗകര്യമൊരുക്കിതന്നു. കൂടെയിരുന്ന്‌ കുശലങ്ങള്‍ പറയുന്നു, ആവോളം സല്‍ക്കരിക്കുന്നു. ഹൃദ്യമായ സ്വീകരണം, വിഭവസമൃദ്ധമായ വിരുന്ന്, സ്നേഹമുള്ള കുടുംബം.

ഹസ്‌റത്‌ബാല്‍

ശ്രീനഗറിൽനിന്നും വടക്കോട്ട് ദാൽ തടാകത്തിന്റെ തീരത്തുകൂടി ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ദിവ്യഗോപുരമാണ് ദർഗ ഹസ്രത്ബാൽ. ശാലിമാറിലെ കശ്മീർ സർവകലാശാലയുടെ ക്യാമ്പസ് കാഴ്ചകൾ ആസ്വദിച്ച ശേഷം സായാഹ്നസൂര്യൻ ചെമ്പിക്കാൻ തുടങ്ങുമ്പോഴാണ് ഞങ്ങളവിടെ എത്തിയത്. പരിശുദ്ധമായ റംസാൻ, തിരക്കുപിടിച്ച ബസാറുകൾ, അകലെ തലപൊക്കി നിൽക്കുന്ന തൂവെള്ള മിനാരം, മുത്ത് നബിയുടെ തിരുകേശം കൊണ്ടനുഗ്രഹീതമായ ഹോളി ഹസ്രത്ബാൽ. സ്‌ഫടികതുല്യമായ നീലാകശത്തിന് താഴെ ഹരിതാഭമായ മൈതാനി, എണ്ണിയാലൊടുങ്ങാത്ത പറവകൾ, അവക്ക് തീറ്റയെറിയുന്ന സഞ്ചാരികൾ. ജാതിമതഭേദമന്യേ വിനോദ സഞ്ചാരികളെ ഒരുപോലെ ആകർഷിക്കുന്ന ഈ മസ്ജിദ് കശ്മീരി മുഗൾ ആർകിടെക്ചറിലാണ് രൂപകല്പനചെയ്തിട്ടുള്ളത്. 

പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പള്ളി ഭാഗിക്കപ്പെട്ടിട്ടുണ്ട്. അകമ്പള്ളിയിൽ മിൻബറിന്റെ മുകൾവശം ഒരു മരത്തടിയുടെ ബോക്‌സിലാണ് തിരുകേശം സൂക്ഷിച്ചിരിക്കുന്നത്. ഖുർആന്റെ ഒരു ഹസ്‌തലിഖിതപ്രതിയും അടുത്തായി കാണാം. വിശേഷദിവസങ്ങളായ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെയും നാല് ഖലീഫമാരുടെയും ജന്മദിനങ്ങളിലും റംസാൻ 21 നും മറ്റും തിരുകേശം പൊതുദർശനത്തിനായി വെക്കാറുണ്ട്. 

മുഗൾ ഭരണകാലത്താണ് തിരുകേശം ഇന്ത്യയിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രവാചകന്റെ കുടുംബപരമ്പരയിൽ പെട്ട സയ്യിദ് അബ്ദുല്ലയാണിതാദ്യം ഇന്ത്യയിലെത്തിച്ചത്. അവരുടെ കാലശേഷം മകൻ സയ്യിദ് ഹാമിദ് കശ്മീരിലെ ഒരു സമ്പന്ന വ്യാപാരിയായ ഖ്വാജ നൂറുദ്ദീൻ ഇശൈക്ക് കച്ചവടം ചെയ്യുകയായിരുന്നു. ഇതറിഞ്ഞ രാജാവ് ഔറംഗസീബ് കേശം പിടിച്ചെടുക്കുകയും നൂറുദ്ദീനെ തടവിലാക്കുകയും ചെയ്യുന്നു. ക്രി.1700ല്‍ തടവിലിരിക്കെ മരണമണഞ്ഞ നൂറുദ്ദീന്റെ ഭൗതികശരീരം കശ്മീരിൽ വസിക്കുന്ന മകളായ ഇനായാബീഗത്തിനയച്ച് കൊടുക്കുമ്പോൾ തിരുകേശവും കൂടെയുണ്ടായിരുന്നു. ഇന്ന് കാണുന്ന ദർഗ ഹസ്രത്ബാൽ അന്ന് ഇനായബീഗം നിർമ്മിച്ചതാണ്. അവരുടെ പരമ്പരയായ ബന്ദായ് ഫാമിലിയാണ് ഇപ്പോൽ മസ്ജിദിന്റെ മേൽനോട്ടം വഹിക്കുന്നത്.

ഭക്തിനിർഭരമായ അന്തരീക്ഷം, വെള്ളതൊപ്പിയും പൈജാമയും നീണ്ടകോട്ടുമണിഞ്ഞ വിശ്വാസികൾ കൈകളുയർത്തി പ്രാർത്ഥിക്കുന്നു. ദീപാലങ്കൃതമായ കൊത്തുപണികൾ, വർണ്ണാഭമായ പരവതാനി, മരത്തടിയിൽ പൊതിഞ്ഞ ചുവരുകൾ, ചുറ്റുപാടിൽ ആമീൻ വിളികളുടെ നേരിയ ശബ്ദം മാത്രം. ബിസ്താമി പറഞ്ഞത് പോലെ ദൈവം അവരുടെ ഹൃത്തടങ്ങളിലാണ്, നമ്മുടെയും. സത്യത്തിൽ നാം ദൈവത്തെ കാണുന്നതും ഇത്തരം അന്തരീക്ഷത്തിൽ തന്നെയല്ലേ. ശാന്തസുന്ദരമായ സ്വർഗലോകത്ത്. ഇത് ഖുർആനിൽ പറഞ്ഞിട്ടുള്ളതല്ലേ: "അവിടെ പാഴ്‍വാക്കുകളൊന്നും നീ കേൾക്കുകയില്ലതന്നെ" (വി.ഖു: 88:11).


പഹല്‍ഗാം താഴ്‌വര


ശ്രീനഗറിൽ നിന്നും നൂറിൽപരം കിലോമീറ്ററുകൾ അകലെയാണ് പഹൽഗാം. ബസ്സുകൾ കുറവായതിനാൽ ടാക്സി പിടിച്ചാണ് ഞങ്ങള്‍ അവിടെ എത്തിയത്. ടവേരയിൽ അടുത്തിരുന്നത് ഒരു ദീദിയായിരുന്നു, പേര് യാസ്മിൻ. കേട്ടപാടെ യാസ്മിൻ മൊഗഹദിനെ പരിചയപ്പെടുത്തിക്കൊടുത്തു. പകരം തന്നത് തന്റെ വീട്ടു പരിസരത്തെ മഞ്ഞ് കാലത്തെ കോച്ചുന്ന വീഡിയോ ദൃശ്യങ്ങൾ, ഹാ.. അങ്ങനെ ഒരു ഹാഫെൻ ഹവർ ഉല്ലാസ യാത്ര.

ഇരുവശങ്ങളിലും തലപൊക്കി നിൽക്കുന്ന മഞ്ഞ് മലകൾ, ഹിമക്കാമറ്റിന് താളംനൽകി താഴ്‌വരയിലൂടെ ഒഴുകിനീങ്ങുന്ന ലിദ്ദർ നദി, തീരം പറ്റി മനോഹരമായൊരു ഐലൻഡ് ഗാർഡൻ, തീറ്റതേടിയലയുന്ന കുതിരകൾ, ആട്ടിൻ പറ്റങ്ങൾ, സ്ലോപ്പായ റൂഫുകളുള്ള താഴ്‌വരയിലെ വീടുകൾക്ക് പലതരം നിറങ്ങൾ, പ്രത്യേക തരം ഭംഗി, കണ്ണഞ്ചിപ്പിക്കുന്ന പഹൽഗാം കാഴ്ചകൾ. സ്വർഗ്ഗ താഴ്‌വരയിൽ എത്തിപ്പെട്ട ഒരു അനുഭൂതി.

ഇഫ്താറിനടുക്കും സമയം, ഒരുപാട് ഹൈക് ചെയ്തായിരുന്നു അവിടം എത്തിപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്നും 7200 അടിയോളം ഉയരം, പച്ചപുതച്ച വിശാലമായ മൊട്ടക്കുന്ന്, മാറ്റുകൂട്ടാൻ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പുഷ്പങ്ങൾ, അരികുപറ്റി നിറയെ പൈൻ മരങ്ങൾ, സൂര്യന്റെ മഞ്ഞയിൽ തിളങ്ങുന്ന മഞ്ഞ്മല , ഉരുണ്ടു മിനുത്ത പാറക്കെട്ടുകളിൽ വെള്ളച്ചാട്ടം, വല്ലാത്ത തണുപ്പ്, കുറുകെ ചെറിയൊരു മരപ്പാലം ഹാ.. എത്രമാത്രം സുന്ദരമായ കാഴ്ചകളാണ്, മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്നുവെങ്കിലും ഞങ്ങൾക്കത് ഒറിജിനലാണെന്നാണ് തോന്നിയത്.

ആരെ കണ്ടാലും പുഞ്ചിരി സമ്മാനിക്കുക, സലാം ചൊല്ലുക, ചെറുപ്പം മുതലേ ഹദീസുകളിലും മറ്റും പഠിച്ചു പോരുന്നതാണ്. അതിന്റെ രുചി ആദ്യമായി നുകർന്നത് ഖാഫിലയുടെ ഫീൽഡ് വർക്കിലായിരുന്നു. പയറ്റുന്നിടത്തെല്ലാം അത്ഭുതം കാണിക്കുന്ന മാന്ത്രിക വിദ്യ! ഇറങ്ങും വഴിയാണ് രണ്ടു ദീദിമാരെ കണ്ടത്, ഉമ്മയും മോളും. രാവിലെ കെട്ടഴിച്ചുവിട്ട പശുക്കളെ കൂട്ടാൻ വന്നതാണ്. 
"ഹായ്, സലാം അലൈക്കും, ഹം കേരള വാലെ ഹൈ". വെറുതെയായില്ല, കേരളക്കാരാണ് എന്ന് കേട്ടപ്പോൾ അവരുടെ മുഖത്ത് ഒരു കൗതുകം. സംസാരത്തിനിടെ അവിടെ കേരളക്കാർ പഠിപ്പിക്കുന്ന ഒരു സ്‌കൂളുണ്ടെന്ന് പറഞ്ഞു, എങ്കിൽ പിന്നെ അവിടെ പോയിട്ട് തന്നെ ബാക്കി എന്ന് ഞങ്ങളും.

സ്കൂൾ തപ്പിയുള്ള നടപ്പാണ്, രസിപ്പിക്കുന്ന ഗ്രാമ കാഴ്ചകൾ, ഇഫ്താറിനു പള്ളിയിലേക്ക് പോകുന്ന വല്ലിപ്പമാർ, കൈ പിടിച്ച് സുന്ദരികളും സുന്ദരൻമാരും, വീട്ടുമുറ്റത്ത് സൊറ പറഞ്ഞിരിക്കുന്ന ഉമ്മമാർ, എങ്ങും നിറ വസന്തം..സുന്ദരമായ സായാഹ്നം, രണ്ടു കിലോമീറ്റർ അകലെ, ലിദ്ദർ നദിക്ക് തീരം, കുഞ്ഞു പൈതങ്ങൾ വിദ്യ നുകരുന്ന യാസീൻ ഇംഗ്ലീഷ് സ്കൂൾ, അല്പം മലയാളി അധ്യാപകർ, സ്നേഹമുള്ളവർ, ഇഫ്താർ കഴിഞ്ഞ് മനസ്സും വയറും നിറച്ച ശേഷമാണ് ഞങ്ങളെ മടക്കിയത്.

പളളി മിനാരങ്ങൾ എന്നും ഒരു ഹരമാണ്, പഹൽഗാമിലേത് പ്രത്യേകിച്ചും. മാടപ്രാവുകളുടെ മർമ്മരങ്ങൾ, പച്ചവിരിച്ച മൈദാനി, ചുറ്റും അലങ്കൃതമായ കുറ്റിച്ചെടികൾ, ഫ്രസ്പേടുൾ (പൈൻ മരങ്ങൾക്ക് കശ്മീരിയിൽ പറയുന്നത്), എല്ലം ചേര്‍ന്നൊരുക്കുന്നത് വല്ലാത്തൊരു ദിവ്യാനുഭൂതിയാണ്. ഇവിടെ വസന്തകാലമാണ്! മാറ്റു കൂട്ടാൻ സയ്യിദുശുഹൂറും, നിറ വസന്തം!

പാടിയും പറഞ്ഞും ജാക്കറ്റിനുള്ളിലെ തറാവീഹ് നിസ്കാരം, ശേഷം നാട്ടുകാരുമായി അല്പം സല്ലാപം, ഞങൾ പറയുന്നതെല്ലാം അവർക്ക് കൗതുകമായിരുന്നു. അകം പള്ളിയിൽ തണുപ്പ് കൂടുന്നതിനാൽ ഹമാമിലാണ് (പഴയ പള്ളി, ഹൗളും മറ്റും അവിടെത്തന്നെയാണ്) ഞങ്ങളോട് കിടക്കാൻ പറഞ്ഞത്. കല്ല് പാകിയ അടിത്തറ, അണ്ടർ ഗ്രൗണ്ടിൽ തീയിട്ട് നല്ല ചൂടുള്ള അന്തരീക്ഷം, കോറുന്ന തണുപ്പിൽ ചൂടുള്ള നിലം. സുഖമായ ഉറക്കം, അവിടം കൊണ്ടാക്കി ഞങ്ങളെ പിരിയുമ്പോൾ സ്നേഹമുള്ള ആ നാട്ടുകാരന്‍ പുഞ്ചിരി തൂകി പറയുന്നുണ്ടായിരുന്നു: "ഖുദാ ബഹ്‌തർ കരേഗാ". നിഷ്കളങ്കനായ ആ സാധാരണക്കാരനെ ജന്നാത്തിൽ കാണണം, കെട്ടിപ്പിടിക്കണം, കണ്ണുകൾ നിറയണം, ഇൻശാ അല്ലാഹ്, ഖുദാ ബഹ്തർ കരേഗാ. 

നാലര വരെയാണ് സുഹൂർ സമയം. ഐസു വെള്ളത്തിൽ പല്ല് തേക്കുന്നതും വുളു ചെയ്യുന്നതും ഓർക്കാനേവയ്യ. അഞ്ചരക്കു സുബഹി (രണ്ടാം ബാങ്ക്), അതുവരെ പള്ളിയിൽ ഖുർആൻ പാരായണത്തിൻറെ സമയമാണ്, അല്പം ഹൽഖയുടെയും. ഊഷ്മാവ് 3 ഡിഗ്രിവരെ താഴുന്ന അന്തരീക്ഷം. വലിയ ജാക്കറ്റുകൾക്കുള്ളിൽ മുതിർന്നവരും യുവാക്കളും സ്വഫ് കെട്ടിയിരിക്കുന്നു. മുമ്പിൽ കൊത്ത്പണികളുള്ള ചെറിയ സ്റ്റാൻഡിൽ മുസ്ഹഫ്, ഇലാഹിലലിയുന്ന ഇബാദുകൾ, കലാമിനെ പുണരുന്ന ആഷിഖുമാർ. അവർ ചെയ്യുന്ന പോലെ ഒന്ന് ചെയ്തു നോക്കി, കൈകളെല്ലാം വസ്ത്രത്തിനുള്ളിലാക്കി, തല മൊത്തമായും മൂടി, ചുരുണ്ടിരുന്ന്, സ്റ്റാൻഡ് വെച്ച്, പുണ്യ വചനങ്ങൾക്ക് മുമ്പിൽ മൂല്യമേറിയ അല്പം നിമിഷങ്ങൾ. ഹർഫുകൾക്ക് ആയിരം അര്‍ത്ഥതലങ്ങള്‍ തെളിയുന്ന പോലെ, വല്ലാതെ ആസ്വദിച്ച നിമിഷങ്ങളായിരുന്നു അത്.

ഖിസ്സകളേറെയുണ്ട്, വിവരണാതീതമാണ്. സുബ്ഹിക്ക് ശേഷമുള്ള ഒന്നര മണിക്കൂർ നീണ്ട മലകയറ്റം, ഗൃഹാതുരത്വം ഫീൽ ചെയ്യുന്ന മലഞ്ചെരുവിലെ ഇടവഴികൾ, മൺകൂരകൾക്ക് ചുറ്റും മരം കൊണ്ടുള്ള വേലികൾ, തൊപ്പ നിറഞ്ഞ കുരങ്ങുകൾ, പേരറിയാത്ത പക്ഷികൾ, അരുവികൾ, നന്നേ മുകളിൽ യാദൃച്ഛികമായി കണ്ട് മുട്ടിയ പ്രായം ചെന്ന ആട്ടിടയൻ, പേര് ഫാറൂഖ്, കൂടെ ഒരുപാട് ചെമ്മരിയാടുകൾ, ചെറിയ കൂരയിൽ ചൂട് കായുന്ന കുടുംബം, 

ബദവികളായത് കൊണ്ടാണോ എന്നറിയില്ല റമളാനിലും അവർ കഞ്ഞി കാച്ചുന്നത് കണ്ടു, ചായ വേണോ എന്ന് ചോദിച്ചിരുന്നു, നോമ്പാണെന്നും പറഞ്ഞ് ഞങ്ങള്‍ പുതക്കെ തിരിച്ച് നടന്നു. ഒരിക്കലും മറക്കാത്ത ഒരു പിടി അനുഭവങ്ങളുമായി, ജീവിതത്തില്‍ അത് വരെ ആസ്വദിച്ചിട്ടില്ലാത്ത ആത്മീയ ചിന്തകളും അവ സമ്മാനിച്ച നിമിഷങ്ങളുമായി..ഇനിയും വരണമെന്ന ഉറച്ച ആഗ്രഹത്തോടെ.

Leave A Comment

3 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter