ഖാഹിരിയുടെ കീളക്കരയിലൂടെ

ഏർവാടിയിൽ നിന്നുള്ള മടക്കയാത്രയിലാണ് ഞാൻ കീളക്കരയിലെത്തുന്നത്. പ്രഭാതസമയത്ത് തന്നെ തെരുവുകൾ സജീവമായിട്ടുണ്ട്. പല തരം കച്ചവടങ്ങൾ, പൗരാണികത നിഴലിക്കുന്ന പ്രധാന തെരുവുകൾ, ഇഴ ചേർന്ന ഇടത്തെരുവുകൾ, പഴക്കമേറിയ കെട്ടിടങ്ങളോട് ഒട്ടിനിൽക്കുന്ന പുതിയ നിർമിതികൾ, നേർ കാഴ്ചകൾക്കപ്പുറം മറഞ്ഞുകിടക്കുന്ന ചരിത്രസാക്ഷ്യങ്ങൾ... എല്ലാം കണ്ടും ആസ്വദിച്ചും ആലോചിച്ചും ഞാൻ നടന്നു. ദക്ഷിണേന്ത്യയുടെ വ്യാപാര ചരിത്രത്തിൽ ഏറെ സവിശേഷതകളുള്ള തുറമുഖപട്ടണമായിരുന്നു കീളക്കര. 

ബംഗാൾ ഉൾക്കടലിന്റെ തീരത്തെ ഈ പട്ടണം ഒരു കാലത്ത് അറബി വ്യാപാരികളുടെ പറുദീസയായിരുന്നു. സുന്ദരപാണ്ഡ്യന്റെ ഭരണകാലത്ത് കീളക്കരയിൽ അറബികളുടെ മേധാവിത്വം നിലനിന്നതായി മലബാർ ചരിത്രം ഉറുദുവിലെഴുതിയ സയ്യിദ് ശംസുല്ലാഹിൽ ഖാദിരി രേഖപ്പെടുത്തുന്നുണ്ട്. സുന്ദരപാണ്ഡ്യന്റെ സൈനിക വ്യൂഹത്തിലുണ്ടായിരുന്ന കുതിരകളെ നീളക്കുപ്പായമിട്ട അറബികൾ ഇറക്കുമതി ചെയ്തതായിരുന്നുവെന്നും കുതിരക്കച്ചവടം വളരെക്കാലം ഇവിടെ വ്യാപകമായി നിലനിന്നിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കീളക്കരയിൽ നിന്ന് മുത്തും പവിഴവും  ലഭിക്കുന്നത് കാരണം വ്യാപാര മേഖല അതിവിപുലവും പ്രസിദ്ധവുമായി. കുത്തക വ്യാപാരികൾ കോളനികൾ സ്ഥാപിച്ചു. പ്രഭുതെരുവ് എന്നൊരു സ്ട്രീറ്റ് തന്നെ നിലവിൽ വന്നു. കീളക്കരക്ക് പൗത്രമാണിക്കം, കർകറാ, കായൽ ദുരൈ, വജ്രനാട് തുടങ്ങിയ വിവിധ ഉപനാമങ്ങൾ  ഉടലെടുത്തതും അത് കൊണ്ട് തന്നെ. നാടിന്റെ സ്വഭാവം, വ്യാപാരത്തിന്റെ വൈവിദ്ധ്യം, വ്യാപാരികളുടെ വൈജാത്യം എന്നിവ പേരുകളുടെ ആധിക്യത്തിന് കാരണമായി. ഇബ്നു ബത്തൂത്തയുടെ 'രിഹ്‍ലയി'ലെ 'ഫതൻ' കീളക്കരയാണെന്നാണ് ഒരു ചരിത്രപക്ഷം. 

പ്രസിദ്ധിയുടെ ഉത്തുംഗതിയിലെത്തിയ കീളക്കര ആത്മീയതയിലും മികച്ചു നിന്നു. ഇബ്രാഹീം ബാദുഷ(റ)വിന്റെ ആഗമനത്തിന് മുമ്പു തന്നെ ഈ പട്ടണത്തിൽ മുസ്‍ലിം വ്യാപാരികളുണ്ടായിരുന്നു. എന്നാൽ മതപ്രബോധനം വ്യവസ്ഥാപിതമായി നടന്നത് ബാദുഷ(റ)വിന്റെ ആഗമന ശേഷമാണ്. വലിയ്യുകളും ശുഹദാക്കളും പണ്ഡിതരും കീളക്കരയുടെ ആത്മീയതക്ക് മാറ്റുകൂട്ടി(1). അറബ് വ്യാപാരികളുടെ നേതൃത്വത്തിൽ എ.ഡി 10ൽ നിർമ്മിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്ന 'കടർക്കരയ്' പള്ളിയാണ് കീളക്കരയിലെ ഏറ്റവും പഴക്കം ചെന്ന പള്ളി. കാലക്രമേണയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഈ പള്ളി വിധേയമായിട്ടുണ്ട്(2).

ജിന്ന് പള്ളി

കീളക്കര നടുത്തെരുവ് ജുമാ മസ്ജിദ് ലക്ഷ്യമാക്കിയാണ് എന്റെ നടത്തം. പള്ളിയുടെ കവാടത്തിനരികെ സ്ഥിതി ചെയ്യുന്ന വൃക്ഷത്തിന്റെ ഇലകൾക്കിടയിലൂടെ പ്രഭാത കിരണങ്ങൾ പതിക്കുന്ന കാഴ്ച ഏറെ മനോഹരമായി തോന്നി. പള്ളിയുടെ ആദ്യദൃശ്യങ്ങൾ തന്നെ എന്റെ മനസ്സിൽ വിസ്മയം ജനിപ്പിച്ചു.

പഴമയും പ്രൗഢിയും  വിളിച്ചോതുന്ന കല്ലിൽ തീർത്ത ഒരു നിത്യവിസ്മയ നിർമ്മിതി. സൂക്ഷ്മമായി നിരീക്ഷിക്കും തോറും കൗതുകം വർധിക്കുന്നു. മനോഹരമായ കൊത്തുപണികൾ കൊണ്ടലങ്കരിച്ച ഈ പള്ളിയുടെ മേൽക്കൂരയും ചുമരുകളും തൂണുകളുമെല്ലാം നിർമ്മിച്ചിട്ടുള്ളത് പൂർണ്ണമായും കടൽപ്പാറക്കല്ല് കൊണ്ടാണ്. സ്വദഖതുല്ലാഹിൽ ഖാഹിരി(റ)വിന്റെ നിർദ്ദേശപ്രകാരം ഏർവാടിക്കപ്പുറത്തെ വാൽനോക്കിലെ കടൽതീരത്ത് നിന്നുള്ള കല്ലുകളുപയോഗിച്ച് ഒരൊറ്റ രാത്രി കൊണ്ട് ജിന്നുകളാണ് ഈ പള്ളി നിർമിച്ചതെന്നും, നിർമ്മാണ വേളയിൽ പ്രഭാതമായപ്പോൾ പള്ളിയുടെ പുറം ഭാഗത്തെ മേൽക്കൂരയിൽ ഒരു കല്ല് മാത്രം വെക്കാൻ ബാക്കിയുണ്ടാവുകയും പ്രസ്തുത ഭാഗത്തേക്ക് അനുയോജ്യമായ പാറക്കല്ല് വാൽനോക്കിൽ ഇപ്പോഴുമുണ്ടെന്നൊക്കെയാണ് കേരളത്തിൽ പ്രചരിച്ച വാമൊഴി. പള്ളിയുടെ പ്രസ്തുത ഭാഗത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ പിൽക്കാലത്ത് ആ ഭാഗം സിമന്റ് ഉപയോഗിച്ച് പൂർത്തിയാക്കിയെന്ന വിവരമാണ് ലഭിച്ചത്. ജിന്നുകൾ നിർമിച്ചതെന്ന് വിശ്വസിക്കുന്നത് കൊണ്ട് മലയാളികൾക്കിടയിൽ 'ജിന്ന് പള്ളി' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. 

വാമൊഴികളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സമാനമായ ജിന്ന് സംബന്ധിയായ കഥകളെല്ലാം വിരൽ ചൂണ്ടുന്നത് ജിന്നുകളെ പോലെയുള്ള അദൃശ്യ ജീവികൾക്ക് മാനുഷിക കാര്യങ്ങളിൽ ഇടപെടാൻ കഴിയുമെന്ന് തന്നെയാണ്. 'ജിന്നുകളുടെ നഗരം' എന്ന് വിളിപ്പേരുള്ള ഡൽഹിയിലെ ഫിറോസ് ഷാ കോട്ലയിൽ എത്തുന്ന തീർത്ഥാടകർ തങ്ങളുടെ പ്രശ്നപരിഹാരങ്ങൾക്കായി നിർവ്വഹിച്ചു വരുന്ന കത്തെഴുത്തടക്കമുള്ള വിവിധ ആചാര രീതികൾ ഏറെ ശ്രദ്ധേയമാണ്. പതിനാലാം നൂറ്റാണ്ടിലെ തുഗ്ലക്ക് രാജവംശത്തിന്റെ ഭരണസിരാ കേന്ദ്രമായിരുന്ന ഫിറോസ് ഷാ കോട്ല ഇപ്പോഴും ജിന്നുകളാൽ ഭരിക്കപ്പെടുന്നുവെന്നാണ് പൊതുജന ഭാഷ്യം. പണ്ടുകാലം മുതൽക്കേ അദൃശ്യ/ അജ്ഞാത ജീവികളോട് മനുഷ്യർക്ക് മതിപ്പും കൗതുകവും ഉണ്ടായിരുന്നുവെന്നത് വാസ്തവമാണ്. ഈ കൗതുകം തന്നെയായിരിക്കണം ഇത്തരം ജീവികൾക്ക് പവിത്രത കൽപ്പിക്കുന്നതിലേക്ക് മനുഷ്യരെ നയിച്ചതും. 

മനുഷ്യരുടെയും മനുഷ്യേതര മൃഗങ്ങളുടെയും രൂപം പ്രാപിക്കാൻ കഴിവുള്ള കല്ലുകളിലും മരങ്ങളിലും കെട്ടിടാവശിഷ്ടങ്ങളിലും തങ്ങുന്ന തീയിനാൽ സൃഷ്ടിക്കപ്പെട്ട ജീവികളാണ് ജിന്നുകൾ. അദൃശ്യമണ്ഡലങ്ങളിൽ വസിക്കുന്ന ജിന്നിനെ ദൃശ്യമണ്ഡലങ്ങളിലേക്ക് പകർത്തിയെടുക്കുന്നതിൽ ഭൗതിക മത ചിഹ്നങ്ങളുടെ (material religious signs) പങ്ക് വളരെ വലുതാണ്.
 
ജിന്നുകളുമായി നേരിട്ട് സംവദിക്കാൻ സാധിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഇപ്പോഴും ഇന്ത്യയിലുണ്ടെന്ന് പലരും വിശ്വസിക്കുന്നു. വില്യം ഡാൽറിമ്പിൾ 'ജിന്നുകളുടെ നഗരം' എന്ന് വിശേഷിപ്പിച്ച ഡൽഹിയെ മുഗൾ ഭരണകാലത്ത് സംരക്ഷിച്ചിരുന്നത് ജിന്നുകളായിരുന്നുവെന്നാണ് പൊതുജന വിശ്വാസം. ജിന്ന് ബാധയേൽക്കുമോ എന്ന ആശങ്കയാല്‍, ഡൽഹിക്ക് സമീപമുള്ള പല വിജന പ്രദേശങ്ങളിലൂടെയും രാത്രികാലങ്ങളിൽ ഏകാന്ത യാത്ര ചെയ്യാൻ ഭയപ്പെടുന്ന പലരും ഇപ്പോഴുമുണ്ട്. 

നിലവിൽ ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന 'ദയൂബന്ദ്' നഗരത്തിന് ആ പേര് വന്നതിന് പിന്നിലും ഒരു ജിന്ന് കഥയുണ്ട്. നഗര നിവാസികൾക്ക് തീരാ ശല്യമായി മാറിയ ജിന്നിനെ സമീപവാസിയായ ഒരു വൃദ്ധൻ കുപ്പിയിലാക്കി കെട്ടുകെട്ടിച്ചതിനാലാണ് ജിന്നിനെ ബന്ധിച്ചുവെന്ന് ഹിന്ദിയിൽ അർത്ഥമുള്ള 'ദയൂബന്ദ്' എന്ന് ആ പട്ടണത്തിന് നാമകരണം ചെയ്യപ്പെട്ടതത്രെ. പൈശാചിക സ്വഭാവം പുലർത്തുന്ന ഏതാനും ചില ജിന്നിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ജിന്ന് പള്ളികൾക്ക് പവിത്രത കൽപ്പിക്കപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒരു സാധാരണയിടത്ത് ജിന്നുകളും സൂഫികളും തമ്മിലുള്ള അസാധാരണ രീതിയിലുള്ള സഹവർത്തിത്വം അരങ്ങേറുമ്പോൾ സ്വാഭാവികമായും ആ ഇടത്തിന് പവിത്രത കൈവരുന്നു. ഇന്ത്യയിൽ രണ്ടുതരത്തിലുള്ള ജിന്ന് പള്ളികളാണ് കാണപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ജിന്നുകൾ ചേർന്ന് നിർമ്മിച്ച പള്ളികളാണ് ഒന്നാമത്തേത്. കീളക്കര പള്ളി ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ജിന്നുകളുടെ വാസസ്ഥലമായി മാറിയ പള്ളികളാണ് രണ്ടാമത്തെ ഇനം. ഫിറോസ് ഷാ തുഗ്ലക്ക് നിർമ്മിച്ച ഫിറോസ് ഷാ കോട്ല പള്ളി ഇതിനുദാഹരണമാണ്(3). 

കീളക്കര പള്ളിയുടെ നിർമ്മാണത്തെക്കുറിച്ച് കേട്ടുകേൾവിക്കപ്പുറം ചരിത്ര യാഥാർത്ഥ്യങ്ങളെ അടുത്തറിയണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിന്റെ ഭാഗമായി പള്ളിയിലും സമീപത്തുമുള്ള തദ്ദേശീയർക്കിടയിൽ നടത്തിയ പരിമിതമായ അന്വേഷണഫലമായി കേരളത്തിൽ പ്രചരിച്ച വാമൊഴിക്ക് വിരുദ്ധമായ പല അറിവുകളുമാണ് ലഭിച്ചത്. മാത്രമല്ല പള്ളിയുടെ നിർമ്മാണത്തെക്കുറിച്ചും നിർമ്മാതാവിനെക്കുറിച്ചും പള്ളി പരിപാലന കമ്മിറ്റി സ്ഥാപിച്ച ഔദ്യോഗിക ഫലകത്തിലെ വിവരങ്ങൾ നേരിട്ട് വായിക്കാനും സാധിച്ചു.

നിർമ്മാതാവ്

മുഗൾ ഭരണാധികാരിയായ ഔറംഗസീബ് ചക്രവർത്തിയുടെ ബംഗാൾ ഗവർണ്ണറായ വള്ളൽ സീതക്കാതി മരക്കാരാണ് ഇന്തോ ദ്രാവിഡ ഇസ്‍ലാമിക് വാസ്തുവിദ്യയിൽ ഈ പള്ളി നിർമിച്ചതെന്നാണ് ചരിത്രം. കല്ല് വീട് തറവാട്ടിലെ പെരിയ തമ്പി മരക്കാർ (മുഹമ്മദ് മൗല സാഹിബ്) ഫാത്തിമ ദമ്പതികളുടെ മകനായി 1624-ലാണ് അദ്ദേഹം ജനിച്ചത്. പേര് അബ്ദുൽഖാദിർ എന്നാണെങ്കിലും സീതക്കാതി മരക്കാർ എന്ന പേരിലാണ് പ്രസിദ്ധനായത്. പതിനാറാം നൂറ്റാണ്ടിൽ രാമനാഥപുരം ഭരിച്ചിരുന്ന കിഴക്കൻ സേതുപതിയുടെ മന്ത്രിയായി സീതക്കാതി മരക്കാർ പ്രവർത്തിച്ചതായി രേഖയുണ്ട്. ആ കാലത്ത് സിലോണിൽ പൊട്ടിപ്പുറപ്പെട്ട ലഹള അടിച്ചമർത്താനായി പുറപ്പെട്ട സൈന്യത്തിന്റെ തലവനും ഇദ്ദേഹമായിരുന്നു. ഭരണ രംഗത്ത് ശക്തി തെളിയിച്ച ഈ ഭരണാധികാരി ഇസ്‍ലാമിക സാഹിത്യ രംഗത്തും കലാരംഗത്തും മികച്ച സേവനം ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു. തമിഴകത്തിലെ ഉമർ പുലവർ എന്ന സൂഫി കവിക്ക് 'സീറാ പുരാണ'മെന്ന കവിത രചിക്കാൻ പ്രചോദനം നൽകിയതും ഇദ്ദേഹമാണ്. സമ്മാനവും പ്രോത്സാഹനവും നൽകി സാഹിത്യരംഗം ഇദ്ദേഹം എന്നും പരിപോഷിപ്പിച്ചിരുന്നു. 

രാമനാഥപുരം ജില്ലയിലെ ഉദരം എന്ന സ്ഥലത്തെ കോവിലകവും ഈ പള്ളിയും ഒരു കാലത്ത് ഒരേ പാറയിൽ നിന്നും കല്ലെടുത്ത് പണികഴിപ്പിച്ചതാണെന്നാണ് പറയപ്പെടുന്നത്. തന്റെ ഭരണകാലത്ത് എല്ലാ മതസ്ഥരോടും നീതിയുക്തമായി പെരുമാറിയ ഇദ്ദേഹം മതമൈത്രിയിൽ മാതൃക കാണിച്ചു. ഒരമുു അമുസ്‍ലിം രാജാവിന്റെ മന്ത്രിയായി ഏറെക്കാലം ജീവിക്കാനും സൈന്യാധിപനായി ഉയരാനും കഴിഞ്ഞ ഇദ്ദേഹം എല്ലാമതക്കാരുടെയും സ്നേഹഭാജനമായിരുന്നു. രാമേശ്വരത്തൊരു കോവിൽ പണിയാൻ ഹിന്ദുക്കൾ തീരുമാനിച്ചപ്പോൾ സീതക്കാതി മരക്കാർ അന്നത്തെ പതിനായിരം രൂപയാണ് അതിനുവേണ്ടി സംഭാവന ചെയ്തത്. തൽഫലമായി 1865-ാം വർഷം ആ കോവിലിന്റെ ഭരണ സമിതിയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് അംഗത്വം റിസർവ് ചെയ്യപ്പെട്ടിരുന്നതായി പുരാതന രേഖ പറയുന്നു. ക്രി. 1710 ലാണ് ഈ മഹാൻ മരണപ്പെട്ടത്. കീളക്കര പള്ളിയുടെ മുൻഭാഗത്ത് സ്വദഖതുല്ലാഹിൽ ഖാഹിരി(റ)വിന്റെ മഖ്ബറയുടെ എതിർദിശയിലാണ് അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നത്.

സ്വദഖതുല്ലാഹിൽ ഖാഹിരി(റ)

മത വൈജ്ഞാനിക രംഗത്ത് അതുല്യ സംഭാവനകൾ നൽകി തമിഴ് പ്രവിശ്യയെ ധന്യമാക്കിയ മഹാനുഭാവനാണ് ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ). സിദ്ദീഖ്(റ)വിന്റെ വംശ പരമ്പരയിൽപെട്ട ശൈഖ് സുലൈമാനുൽ ഖാഹിരി(റ), ഫാത്വിമ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി ഹിജ്റ 1402 ലായിരുന്നു ജനനം. ശൈഖ് സുലൈമാനുൽ ഖാഹിരി(റ)ന്റെ മക്കളായ ശൈഖ് ശംസുദ്ധീൻ(റ), ശൈഖ് അഹ്മദ്(റ), ശൈഖ് സ്വദഖത്തുല്ലാഹ്(റ), ശൈഖ് സാം ശിഹാബുദ്ദീൻ(റ), ശൈഖ് സ്വലാഹുദ്ധീൻ(റ) എന്നിവർ പഞ്ചരത്നങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏഴാം വയസ്സിൽ തന്നെ സ്മര്യപുരുഷൻ ഖുർആൻ മനപ്പാഠമാക്കി. അക്ഷരജ്ഞാനവും ഭാഷാ ജ്ഞാനവും പിതാവിൽ നിന്ന് അഭ്യസിച്ച ശേഷം ഉപരിപഠനത്തിന് പിതാവിന്റെ സുഹൃത്തും കീളക്കരയിലെ  പ്രമുഖപണ്ഡിതനുമായ ചിന്നാനൈനാ ആലിം ലബ്ബ(റ)വിന്റെ ദർസിൽ ചേർന്നു ('മർസിയ്യത്തുല്ലാമിയ്യ' എന്ന ഗ്രന്ഥകാരന്റെ രചന പ്രസ്തുത ഗുരുവിന്റെ അപദാനങ്ങളാണ്). 

പിന്നീട് മക്കയിലും മദീനയിലും രണ്ട് വർഷം പഠനം നടത്തി. അറബി, ഉർദു, ഫാരിസി, തമിഴ് ഭാഷകളിൽ അപാര കഴിവുണ്ടായിരുന്ന അദ്ദേഹം നിരവധി രചനകളുടെ ഉടമയാണ്. കേരളത്തിൽ ഏറെ സ്വീകാര്യത ലഭിച്ച ഖസീദത്തുൽ ഖുതുബിയ്യ, ഹാശിയത്തു തഫ്സീറിൽ ബൈളാവി, ഹാശിയത്തു ദുർറുൽ മൻസൂർ, ഹാശിയത്തു ത്വിബ്ബിൽ അസ്റഖ്, ബാനത്ത് സുആദ, ബുർദ, വിത്രിയ്യ എന്നീ കാവ്യങ്ങള്‍ക്ക് രചിച്ച തഖ്മീസുകൾ, തർജുമത്തുൽ ബഹിയ്യ, തഅതീഫുൽ ജാനി ഇലാ തസ്‌രീഫി സഞ്ചാനി, ഖസീദത്തു റാഇയ്യ ഫീ കഞ്ചി സവാഇയ്യ, തമിഴകത്തിൽ പ്രസിദ്ധമായ ഉമർ പുലവരുടെ സീറാ പുരാണത്തിന്റെ വിശദമായ വ്യാഖ്യാനം തുടങ്ങിയ ഒട്ടേറെ രചനകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവിയെടുത്തിട്ടുണ്ട്.  

കീളക്കരയുടെ നവശില്പി, കായൽ പട്ടണത്തിന്റെ കാവൽക്കാരൻ, തമിഴകത്തിന്റെ നവോത്ഥാന നായകൻ എന്നീ സ്ഥാനപ്പേരുകൾക്ക് അർഹനായിരുന്നു ഖാഹിരി(റ). തമിഴകത്ത് പിറവിയെടുത്ത നിരവധി പണ്ഡിതരുടെ വംശ പരമ്പരയിലെ പിതാമഹനും, കായൽപട്ടണത്ത് നിന്ന് കീളക്കരയിലേക്ക് കുടിയേറിപ്പാർത്ത പണ്ഡിതരിൽ ഏറ്റവും പ്രധാനിയുമായത് കൊണ്ട് സ്വദഖത്തുല്ലാഹ് അപ്പ എന്ന പേരിലാണ് അദ്ദേഹം പ്രശസ്തനായത്. നബി(സ്വ)യെ മദ്ഹ് ചെയ്ത നിരവധി കാവ്യങ്ങൾ രചിച്ചത് കാരണം 'മാദിഹു റസൂൽ' എന്ന സ്ഥാനപ്പേരും, അറബി-തമിഴ് ഭാഷകളുടെ മധ്യാവർത്തിയായി ചെയ്ത സേവനം കാരണം 'സുൽത്താനുൽ ഉലമാഇൽ അറബി വൽ അജം' (അറബി-അനറബി പണ്ഡിത ചക്രവർത്തി) എന്ന സ്ഥാനപ്പേരും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിവിധ കിതാബുകളിൽ ആവശ്യമായ തഖ്‍രീറുകളും (വിവരണങ്ങൾ) ശർഹുകളും (വ്യാഖ്യാനങ്ങൾ) എഴുതിച്ചേർത്തത് കാരണം ശർഹിന്റെ രാജാവ് എന്ന അപരനാമത്തിലാണ് അദ്ദേഹം പണ്ഡിതലോകത്ത് അറിയപ്പെട്ടത്.

മുഗൾ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന സുൽത്താൻ ഔറംഗസീബുമായി സ്വദഖത്തുല്ലാഹിൽഖാഹിരി(റ)വിന് അഭേദ്യമായ ബന്ധമുണ്ടായിരുന്നു. ബംഗാളിലെ ഗവർണ്ണറായി സേവനമനുഷ്ഠിക്കാൻ മുഗൾ ചക്രവർത്തിയായ സുൽത്താൻ ഔറംഗസീബ് അദ്ദേഹത്തെ നിർബന്ധിച്ചുവെങ്കിലും ഇസ്‍ലാമിക സാഹിത്യമേഖലയെയും മതപ്രചാരണ രംഗത്തെയും അത് ബാധിക്കുമെന്ന് അദ്ദേഹം ചക്രവർത്തിയെ ധരിപ്പിക്കുകയും ചക്രവർത്തി അത് അംഗീകരിക്കുകയും ചെയ്തു. തന്റെ സന്തത സഹചാരിയായ സീതക്കാതി മരക്കാരെ ഗവർണ്ണറാക്കാനായി അദ്ദേഹം ചക്രവർത്തിയോട് സൂചിപ്പിക്കുകയും അത് നിറവേറ്റപ്പെടുകയും ചെയ്തു. പിന്നീട് ഔറംഗസീബിന്റെ തെന്നിന്ത്യൻ മുഫ്തിയായി അദ്ദേഹം പ്രവർത്തിച്ചു. 

ഹിജ്റ 1115 സഫർ അഞ്ചിന് മഹാനവർകൾ വഫാത്തായി. കീളക്കര ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു. സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ), സീതക്കാതി മരക്കാർ എന്നിവരുടെ ഖബറുകൾക്ക് പുറമേ പള്ളി അങ്കണത്തിൽ വേറെയും ഖബറുകളുണ്ട്. പള്ളിയുടെ ആദ്യ ഇമാമും മുത്തവല്ലിയുമായ ഖാളി ശൈഖ് അബ്ദുല്ല അവർകളുടെ ഖബർ സ്വദഖതുല്ലാഹിൽ ഖാഹിരി(റ)വിന്റെ ഖബറിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

പഴയ ഖുത്തുബാ പള്ളി

നടുത്തെരുവ് പള്ളിയുടെ മഹത്വവും ഗാംഭീര്യവും കാണുമ്പോള്‍, അതിന്റെ നിർമ്മാണത്തിൽ സീതക്കാതി മരക്കാർക്ക് ജിന്നുകളുടെ സഹായമുണ്ടാകാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാവില്ല. ആ ചിന്തയോടെയാണ്  ഞാൻ അടുത്ത ലക്ഷ്യമായ പഴയ ഖുത്തുബാ പള്ളിയിലേക്ക് നീങ്ങിയത്. ഇടുങ്ങിയ തെരുവുകളിലൂടെ നിരവധി തവണ വഴി പിഴച്ചെങ്കിലും അവസാനം പഴയ ഖുത്തുബാ പള്ളിയിൽ എത്തിച്ചേർന്നു. പേര് സൂചിപ്പിക്കും പോലെ നടുത്തെരുവ് പള്ളിയേക്കാൾ പഴക്കം ഈ പള്ളിക്കുണ്ട്. അകംപള്ളി നില നിർത്തിക്കൊണ്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും പള്ളിയുടെ പഴമ നഷ്ടപ്പെട്ടിട്ടില്ല. ഇതും ഒരു കല്ലുപള്ളിയാണ്. ശാന്തതയാണ് ഇത്തരം പള്ളികളുടെ പ്രധാന സവിശേഷത. ഈ പള്ളിക്ക് സമീപമാണ് സ്വദഖതുല്ലാഹിൽ ഖാഹിരി(റ)വിന്റെ ഉസ്താദായ ചിന്നനൈനാ ലബ്ബ ആലിം സാഹിബിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്. ഈ മഖ്ബറയും പാറക്കല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 

ഹി. 982-ൽ മഖ്ദും ഇസ്മാഈൽ, ഫാത്തിമ ദമ്പതികൾക്ക് ജനിച്ച മഹാനാണ് ചിന്നനൈനാ ലബ്ബ ആലിം എന്ന പേരിൽ പ്രസിദ്ധനായ മുഹമ്മദ് അബ്ദുൽ ഖാദിർ(റ). ചെറുവിരലില്ലാത്തത് കാരണം ജനങ്ങൾ ചിന്നനൈനാ എന്നു വിളിച്ചു. പിൽക്കാലത്ത് ഈ നാമം പ്രസിദ്ധമാവുകയും ചെയ്തു. കായൽ പട്ടണത്തെ ശംസുദ്ധീൻ (റ)ന്റെ പ്രധാന ശിഷ്യനാണിദ്ദേഹം. ഹി 1071 റബീഉൽ അവ്വൽ 5ന് ഇദ്ദേഹം പരലോകം പുൽകി.  മഹാനായ ഗുരുവിന്റെ അപദാനങ്ങൾ 'മർസിയ്യത്തുല്ലാമിയ്യ' എന്ന കവിതയിലൂടെ സദഖത്തുല്ല(റ) പാടിയത് സ്മരണീയമാണ്. 

ഇത്തരം കല്ലുപള്ളികൾ മനുഷ്യനിർമിതമാണെന്നാണ് തമിഴരുടെ വാദം. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ശില്പ ചാരുതയുടെ നിത്യ സാക്ഷ്യങ്ങളായ പള്ളികളും ക്ഷേത്രങ്ങളും അവരുടെ വാദത്തിന് പിൻബലവുമാണ്.

രക്തസാക്ഷികൾ

ഏർവാടി ഇബ്റാഹിം ബാദുഷ(റ)വിന്റെ മാതൃ സഹോദരി റാബിഅ ഉമ്മയുടെ പുത്രൻ സയ്യിദ് മുഹമ്മദ്(റ) കീളക്കരയിൽ ആത്മീയ പ്രവർത്തനത്തിൽ മുഴുകിയ നേതാവായിരുന്നു. പാണ്ഡ്യസൈന്യത്തിന്റെ വഞ്ചനയിൽ ശഹീദായ ഇദ്ദേഹത്തിന്റെ അന്ത്യവിശ്രമ കേന്ദ്രത്തെ സൈദു ആപ്പാ ദർഗ്ഗ എന്നാണ് തമിഴർ  വിളിക്കുന്നത്. ബാദുഷ(റ)വിന്റെ പ്രതിനിധികളായി കീളക്കരയിൽ ജീവിച്ചവരാണ് കൊന്തക്കരുണൈ അപ്പാശഹീദ്(റ). മറിയം ബീവി ഉമ്മ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. രണ്ടുപേരുടേയും ഖബറുകൾ അടുത്തടുത്താണ്. മുഹമ്മദ് ഖാസിം(റ) എന്ന മഹാനും കീളക്കരയിൽ തന്നെയാണ് രക്തസാക്ഷിയായത്. ബാദുഷ(റ)വിന്റെ സഹായികളും സഹചാരികളുമായിരുന്ന 18 യുവ യോദ്ധാക്കളുടെ മഖ്ബറയും കിളക്കരയിലുണ്ട്. കീളക്കരയിൽ അടക്കം ചെയ്ത മറ്റൊരു മഹാനാണ് പട്ടാണി അപ്പാ ശഹീദ്(റ). ബാദുഷ(റ)വിന്റെ പ്രതിനിധിയായിരുന്ന ഇദ്ദേഹം പാണ്ഡ്യ  സേനകളുടെ ആക്രമണത്തിൽ വധിക്കപ്പെടുകയായിരുന്നു. കിഴക്ക് തെരുവിലാണ് ഇവരുടെയെല്ലാം മഖ്ബറകൾ(4).

കീളക്കരയിലെ പ്രസിദ്ധമായ വിജ്ഞാനകേന്ദ്രം അൽ മദ്രസത്തുൽ അറൂസിയ്യ സന്ദർശിക്കണമെന്ന ആഗ്രഹം പൂവണിയാതെയാണ് കീളക്കരയിൽ നിന്ന് ഞാൻ മടങ്ങിയത്. ശൈഖ് അബ്ദുൽ ഖാദിർ തൈക്കാ സാഹിബ്‌, മാപ്പിള ലബ്ബ ആലിം സാഹിബ്‌, ശുഐബ് ആലിം സാഹിബ്‌ അടക്കമുള്ള ജ്ഞാനകേസരികളായ മഹത്തുക്കൾ അന്തിയുറങ്ങുന്നത് അറൂസിയ്യ തൈക്കാവിലാണ്.
   
കുറിപ്പുകൾ

1.കുഞ്ഞി മുഹമ്മദ്‌ ഫൈസി വലിയ പറമ്പ്, ദക്ഷിണേന്ത്യൻ സിയാറത്ത്‌ ഡയറി, ഇർഷാദ് പബ്ലിക്കേഷൻസ്,1998
2.Dr J Raja mohamad,Islamic architecture in tamilnadu,Director of museums, Government of tamilnadu, chennai,2004
3.റിയാസ് ചെങ്ങണക്കാട്ടിൽ,ഇന്ത്യയിലെ ജിന്നിടങ്ങൾ, തെളിച്ചം,sep,2021
4.കുഞ്ഞി മുഹമ്മദ്‌ ഫൈസി വലിയ പറമ്പ്, ദക്ഷിണേന്ത്യൻ സിയാറത്ത്‌ ഡയറി, ഇർഷാദ് പബ്ലിക്കേഷൻസ്,1998

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter