ഐഷ്മുഖം: പ്രകൃതി ആത്മീയതയിലലിയുന്നിടം
യുക്തിക്കപ്പുറമുള്ള ആത്മീയ ലോകത്തെ കൂടുതല്‍ അടുത്തറിയണമെന്ന ഉദ്ദേശ്യത്തിലാണ് ഇത്തവണ കശ്മീര്‍ യാത്രക്ക് തയ്യാറാവുന്നത്. കശ്മീരിലെ സൂഫീലോകവും അതിനെ ചുറ്റിപറ്റി നില്‍ക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം നേരത്തെ തന്നെ വായനയിലുണ്ടായിരുന്നു.
കശ്മീരിലെത്തിയ ഉടന്‍ ദാല്‍ഗെയ്റ്റിനടുത്ത് തന്നെ റൂമെടുത്തു ഞങ്ങള്‍ മൂവര്‍ സംഘം. സഹപാഠികളായ മിദ്‍ലാജും ഇര്‍ഫാനുമാണ് കൂടെ. ഓരോ ദിവസവും ദാൽ കണ്ടാവാം യാത്രയുടെ തുടക്കം എന്ന ഉദ്ദേശ്യത്തിലാണ് ഇവിടെ റൂമെടുത്തത്. കശ്മീരിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ഇവിടുന്ന് വാഹനം ലഭ്യമാണ് എന്നതാണ് ഇതിനു പിന്നിലെ മറ്റൊരു കാരണം. 
കശ്മീരികളുടെ ആത്മീയ കേന്ദ്രം ഐഷ്മുഖം മഖാം സന്ദര്‍ശിക്കണമെന്നത് പുറപ്പെടും മുമ്പേ പ്ലാനിലുണ്ടായിരുന്നു. പഹല്‍ഗാമില്‍ നിന്നും കേവലം ഇരുപത് മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഐഷ്മുഖം പ്രകൃതിയാല്‍ അനുഗ്രഹീതയാണ്. കശ്മീരിലെ അനന്ദ്‌നാഘ് ജില്ലയിലെ പ്രധാന തീർത്ഥടന കേന്ദ്രം കൂടിയാണ് ഐഷ്മുഖം. 
അനന്ദ്‌നാഘ് എന്നാണ് പേരെങ്കിലും കശ്മീരികള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് ഇസ്‌ലാമാബാദ് എന്നാണ്. സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം പേര് അനന്ദ്നാഘ് എന്നാക്കിയിട്ടുണ്ടെങ്കിലും അതുള്‍കൊള്ളാന്‍ കശ്മീരികള്‍ ഇപ്പോഴും തയ്യാറല്ല. ബസിലെ ബോഡുകളിലും മറ്റുമെല്ലാം അവര്‍ ഇസ്‌ലാമാബാദ് എന്ന് മാത്രമേ രേഖപ്പെടുത്തൂ.

     

ശ്രീനഗറില്‍ നിന്നും അനന്ദ്നാഘിലേക്ക് ട്രെയിന്‍ പിടിച്ചു. ചെലവ് കുറഞ്ഞ യാത്രാമാര്‍ഗ്ഗം എന്നതിനപ്പുറം ചുരുങ്ങിയ സമയത്തിനുള്ളിൽ അവിടെ എത്തിചേരാം എന്നതുകൂടിയാണ് ഈ യാത്രാസംവിധാനത്തിന്റെ ഉപകാരം. പ്രകൃതിയാല്‍ അനുഗ്രഹീതമായ കശ്മീരി ഗ്രാമങ്ങളിലൂടെയുള്ള ഈ ട്രെയിന്‍ യാത്ര നയനാനന്ദകരമായ ഒരുപാട് കാഴ്ചകള്‍ സമ്മാനിക്കും. ഏക്കറുകള്‍ നീണ്ടു കിടക്കുന്ന കുങ്കുമതോട്ടങ്ങള്‍, വരിവരിയായി നീങ്ങുന്ന ചെമ്മരിയാടുകള്‍, കശ്മീരി വസ്ത്രമായ 'ഫറാന്‍' ധരിച്ചുനില്‍ക്കുന്ന ഇടയന്മാര്‍, ഒരു ശാന്തനായ യാത്രികന് വേണ്ടതെല്ലാം ഇവിടെയുണ്ട്.
അനന്ദ്നാഘില്‍ ട്രെയിന്‍ ഇറങ്ങിയതും ടാക്‌സിക്കാര്‍ വന്നു പൊതിഞ്ഞു. ഐഷ്മുഖത്തേക്കുള്ള ബസുകള്‍ ഒന്നും തന്നെ ഇവിടെ ലഭ്യമല്ല. ബസ്റ്റാന്‍ഡില്‍ പോവണം. അപ്പുറത്തുള്ള ചെറിയ ബസില്‍ കയറിയാല്‍ അവിടെ ഇറക്കാമെന്ന് ജീവനക്കാരന്‍ പറഞ്ഞു. കയറാവുന്നതിന്റെ പരമാവധി ആളുകള്‍ ഉള്ളിലുണ്ട്. ഇനിയും കയറ്റുന്നുമുണ്ട്. നില്‍ക്കാന്‍ പോലും ഇടമില്ലാത്ത ബസിലേക്ക് ആളുകളെ വിളിച്ചു കയറ്റുന്നതിനോടുള്ള നീരസം ആദ്യമേ ഇരിപ്പുറപ്പിച്ചവരുടെ മുഖത്ത് കാണാം.
സമയമോ കാലമോ നോക്കാതെയാണ് കശ്മീരില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് തോന്നിയിട്ടുണ്ട്. കണ്ടിടത്തെല്ലാം നിര്‍ത്തി വളരെ പതുക്കെയുള്ള യാത്ര മനം മടുപ്പിക്കുന്നതാണ്.  അതുകൊണ്ട് തന്നെയാവും ടാക്‌സികള്‍ക്കും ഷെയര്‍ ടാക്‌സികള്‍ക്കും കശ്മീരില്‍ ഇത്രയും സ്വീകാര്യതയുണ്ടായത്.
സ്റ്റാന്‍ഡില്‍ നിന്നും ഐഷ്മുഖത്തേക്ക് ബസ് ലഭിച്ചു. കശ്മീരിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായത് കൊണ്ട് തന്നെ ഇടക്കിടെ ബസ് സര്‍വീസുകള്‍ ഇവിടുന്ന് ലഭ്യമാണ്. ഒരാഴ്ചയായി നിരന്തരം യാത്രയിലാണ്. രാവിലെ റൂമില്‍ നിന്നിറങ്ങിയാല്‍ രാത്രിയാവും തിരിച്ചെത്താന്‍. അതിന്റെ ക്ഷീണവും കശ്മീരിന്റെ പരിചിതമായ തണുത്ത കാറ്റും ശാന്തമായ നിദ്രയിലേക്ക് തള്ളിയിട്ടു.
ഉണര്‍ന്നു നോക്കുമ്പോള്‍ വഴിയരികിലെല്ലാം ചെറിയ തത്കാലിക കടകള്‍ നിരയായി നില്‍ക്കുന്നു. ലക്ഷ്യസ്ഥാനം എത്തിയെന്നു മനസ്സിലായി. ഇന്ത്യയിലെ ആത്മീയ കേന്ദ്രങ്ങള്‍ക്കെല്ലാം എന്നും ഒരേ ഛായ തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. ഹൈന്ദവ ക്ഷേത്രമാവട്ടെ, മുസ്‌ലിം ദര്‍ഗകളാവട്ടെ, കേരളമാവട്ടെ, കശ്മീരാവട്ടെ എല്ലാത്തിലും ഒരേ ഛായ കാണാം. തെരുവുകള്‍ക്കെല്ലാം ഒരേ മണമാണ്. ആത്മീയത തേടി അവിടെ എത്തുന്നവര്‍ക്കെല്ലാം ഒരേ വികാരമാണ്. പഴയ സി.ഡി പ്ലെയറുകളില്‍ നിന്നും ഉയരുന്ന ഭക്തിഗാനങ്ങളെല്ലാം ഒരേ രീതിയിലാണ്.

     

ഒരു ചെറിയ കയറ്റം കയറി ബസ് നിര്‍ത്തി. ഏതാണ്ടെല്ലാ യാത്രികരും ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ മൂന്നാലു പേര്‍ മാത്രമാണ് ബാക്കി. ഇവിടെ ഇറങ്ങണം, ഇവിടെ വരെ ബസ് പോകൂ എന്ന് ഡ്രൈവര്‍ പറഞ്ഞു. ദര്‍ഗയാണ് ഞങ്ങളുടെ യാത്രാലക്ഷ്യമെന്നും എങ്ങനെ അവിടെ എത്താമെന്നും ചോദിച്ചപ്പോള്‍ ആള്‍ വഴി പറഞ്ഞു തന്നു.
100 മീറ്റര്‍ കല്‍പടവുകള്‍ കയറി വേണം മഖാമിലെത്താന്‍. ഇതെന്താ ആരും വരരുതെന്ന് കരുതിയാണോ ഇത്രേം ഉയരത്തില്‍ പോയി മഖ്ബറ പണിതതെന്ന സുഹൃത്തും സഹയാത്രികനുമായ മിദ്‍ലാജിന്റെ ചോദ്യം ഇത് വഴികടന്നു പോയ ഓരോ യാത്രികന്റെയും മനസ്സിലുദിച്ചു കാണും.
15-ാം നൂറ്റാണ്ടിലെ സൂഫീ വര്യന്‍ ഹസ്‌റത് സൈനുദ്ദീന്‍ വലിയുടെ മഖ്ബറയാണ് ഇവിടുത്തെ പ്രധാന കേന്ദ്രം. കശ്മീരിലെ പ്രധാന സൂഫികളിലൊരാളായി കണക്കാക്കപ്പെടുന്ന സൈനുദ്ദീന്‍ വലി കാശ്മീരിന്റെ സൂഫി ചരിത്രത്തിലെ അവിസ്മരണീയ സാന്നിധ്യമാണ്. 
കിഷ്ത്വാറിലെ രാജ കുടുംബത്തിലാണ് സൈനുദ്ദീന്റെ ജനനം. ഹിന്ദു രജ്പുത് കുടുംബമായിരുന്നു അത്. സിയാ സിംഗ് എന്നാണ് യഥാര്‍ത്ഥ പേര്. പിതാവ് യാഷ് സിംഗ് സൈനുദീന്റെ 13-ാം വയസ്സില്‍ മരിച്ചു. അതേ സമയത്ത് തന്നെ സിയാ സിംഗ് രോഗിയായി. രോഗ ശമനത്തിനുള്ള എല്ലാ വഴികളും തേടി അമ്മ അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിലാണ് ശൈഖ് നൂറുദ്ദീന്‍ അത് വഴി പോകുന്നുണ്ടെന്ന് രാജ്ഞി കേള്‍ക്കുന്നത്.  കശ്മീരിലെ പ്രധാന ഋഷിയാണ് നൂറുദ്ധീന്‍. രാജ്ഞി നൂറുദീനോട് തന്റെ സങ്കടം ബോധിപ്പിച്ചു.  നൂറുദ്ധീന്‍ പ്രാര്‍ത്ഥിക്കുകയും രോഗം ശമനമായാല്‍ തന്നെ വന്നുകാണണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. രോഗം മാറി. സിയാ സിംഗ് പക്ഷെ ശൈഖിനെ സന്ദര്‍ശിച്ചില്ല. രോഗം വീണ്ടും പിടിപെടുകയും മൂര്‍ച്ഛിക്കുകയും ചെയ്തു. ഈ തവണ രാജ്ഞി ശൈഖിനെ സ്വപ്നത്തില്‍ കാണുകയും രോഗം ഭേദമാവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. രോഗം മാറിയാല്‍ ഇത്തവണ തന്നെ കാണാന്‍ വരണമെന്ന് ശൈഖ് ഓര്‍മപ്പെടുത്തി.
രോഗം മാറി. സിയാ സിംഗും മാതാവും കിഷ്ത്വാറില്‍ നിന്നും കാശ്മീരിലെ ബാംസുവിലേക്ക് യാത്ര തിരിച്ചു. ദിവസങ്ങള്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയുടെ പാത അതീവ ദുര്‍ഘടം പിടിച്ചതാണ്. രാജകീയ യാത്ര ആയത് കൊണ്ടുതന്നെ പരിവാരങ്ങളുമായാണ് രാജ്ഞിയുടെയും രാജകുമാരന്റെയും യാത്ര. ഒടുവില്‍ ശൈഖിന്റെ ഖാന്‍ഖാഹിലെത്തുകയും ശൈഖിനെ കാണുകയും ചെയ്തു. ഉടനെ ഇരുവരും മതം മാറി സൈനുദ്ദീന്‍, സൂണ്‍ ദീദ് എന്നീ പേരുകള്‍ സ്വീകരിക്കുകയായിരുന്നുവെന്നുമാണ് ചരിത്രം. 
സ്റ്റെപ്പുകള്‍ക്കിരുവശവും പെട്ടിക്കടകള്‍ നിരയായി കെട്ടിയുണ്ടാക്കിയിട്ടുണ്ട്. മധുര പലഹാരങ്ങള്‍ വില്‍ക്കുന്ന കടകളാണ് മിക്കതും. ഔലിയാക്കളുടെ കഥകളടങ്ങിയ പുസ്തകങ്ങള്‍, അവരെ കുറിച്ചുള്ള സ്തുതി ഗീതങ്ങളുടെ സി.ഡികള്‍, മഖാമിലേക്കുള്ള നേര്‍ച്ച സാധനങ്ങള്‍ തുടങ്ങി പലതും ഇവിടെ വില്‍ക്കപെടുന്നു. പടികള്‍ കയറി മുകളിലെത്തിയപ്പോഴേക്കും ക്ഷീണിച്ചിരുന്നു. അവിടുന്ന് കണ്ട കാഴ്ചകള്‍ പക്ഷെ ആ ക്ഷീണത്തെ എല്ലാം മായ്ച്ചു കളഞ്ഞു. ലിഡ്ഡര്‍ താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുകളില്‍ നിന്ന് നോക്കിയാല്‍ മനോഹരമായ കാഴ്ചയാണ് സഞ്ചരികള്‍ക്കിവിടം സമ്മാനിക്കുന്നത്. ഒരു ഭാഗത്ത് വിശാലമായ, പച്ച പുതച്ച കൃഷിയിടം കാണാം. അതിനിടയിലൂടെ ഒഴുകുന്ന അരുവികള്‍ കാഴ്ച്ചക്ക് പുതിയ മാനം പകരുന്നു. മറുഭാഗത്ത് ജനവാസ മേഖലയാണ്. പുരാതന ശൈലിയിലുള്ള വീടുകളും അവ രൂപപ്പെടുത്തിയ ഗ്രാമവും സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ഖാന്‍ഖാഹ് എന്നറിയപ്പെടുന്ന രണ്ട് പള്ളികളും മഖ്ബറയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷകം. ശൈഖ് സൈനുദ്ദീന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ശേഖരിച്ചുവെച്ച ചെറിയ മുറിയും ഇവിടെ കാണാം.  
നൂറുദ്ദീന്റെ ആത്മീയ സരണിയില്‍ അംഗമായ സൈനുദ്ദീന്‍ മണ്ഡജന്‍ എന്ന സ്ഥലത്ത് ദീര്‍ഘകാലം തപസ്സിരിക്കുകയും ശേഷം ഗുരു നൂറുദ്ദീന്റെ നിര്‍ദേശ പ്രകാരം ഇവിടെ വരികയായിരുന്നുവെന്നുമാണ് ചരിത്രം. പാമ്പും തേളും നിറഞ്ഞ ഗുഹാമുഖമായിരുന്നു ഇതെന്നും തന്റെ കയ്യിലുണ്ടായിരുന്ന മാന്ത്രിക വടി നിലത്തിട്ടപ്പോള്‍ പാമ്പുകളെല്ലാം പതിനാറുകിലോമീറ്റര്‍ അപ്പുറത്തുള്ള ഫുര്‍പുജാനിലേക്ക് പോയി എന്നും തുടങ്ങി ശൈഖിനെ കുറിച്ചുള്ള പല കഥകളും വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. 
പടവുകള്‍ അവസാനിക്കുന്നത് വിശാലമായൊരു ചത്വരത്തിലേക്കാണ്. മധ്യത്തിലായി പ്രധാന ഹാള്‍ കാണാം. ഉള്ളില്‍ കയറിപ്പോഴാണ് അതൊരു ഗുഹയാണെന്ന് മനസ്സിലായത്. ഗുഹാമുഖം മനോഹരമായ കവാടം കൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്നു. അതിനകത്തേക്ക് കയറി. വലിയ തിരക്കൊന്നുമില്ല. ഇരുവശത്തുമുള്ള കല്‍തിണ്ടുകളില്‍ രണ്ട് മൂന്ന് ഭക്തര്‍ ഇരിപ്പുറച്ചിട്ടുണ്ട്. ഓത്തിലും ദിക്‌റിലുമാണവര്‍. നാലഞ്ച് മഞ്ഞ വിളക്കുകള്‍ മുറിയുടെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രകാശം ആ മുറിക്ക് പ്രത്യേകം മാനം പകരുന്നു. ആ ശാന്തതയില്‍ അല്‍പനേരം ഇരിക്കാമെന്ന് കരുതി. ഇത്ര ഉയരത്തിലേക്ക് കയറിയതിന്റെ ക്ഷീണവും ഉച്ചവെയിലിന്റെ തീക്ഷ്ണതയും അവിടെ ഇരുത്തി. പെട്ടെന്നാണ് ഒരു സ്ത്രീ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നത്. പാട്ടാണ്, അവിടെ അന്തിയുറങ്ങുന്ന ശൈഖിന്റെ സ്തുതിഗീതവും ശൈഖിനോടുള്ള സഹായതേട്ടവുമാണെന്ന് മനസ്സിലായി. ഉര്‍ദുവിലാണ് പാട്ട്. നല്ല ഇമ്പമാര്‍ന്ന ആ ശബ്ദം ശാന്തതയെ ഭജ്ഞിച്ചു. ഇത്തരം ആത്മീയ കേന്ദ്രങ്ങള്‍ എല്ലാകാലത്തും പാട്ടിന്റെയും സംഗീതത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. അജ്മീറിലെയും ദല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയിലെയുമൊക്കെ ഖവ്വാലികള്‍ പ്രശസ്തമാണല്ലോ. ആ ശാന്തതയില്‍, പാറയില്‍ കൊത്തിയെടുത്ത ഇരിപ്പിടത്തില്‍ ദര്‍ഗകള്‍ക്കുമാത്രം സമ്മാനിക്കാനാവുന്ന പ്രത്യേക സുഗന്ധവും ആസ്വദിച്ചു ഞാനങ്ങനെ ഇരുന്നു. 
ഗുഹ കുറച്ചു അകത്തേക്ക് നീണ്ടുപോവുന്നു. രണ്ട് പേര്‍ അതിനുള്ളില്‍ നിന്നും പുറത്തുവരുന്നു. ഉള്ളിലൊന്ന് പോയി കണ്ടുവരാമെന്ന് കരുതി. ഉള്ളിലേക്ക് പോകുംതോറും വിസ്താരം കുറഞ്ഞുവരികയാണ്. വഴി ഒന്നു വളഞ്ഞു. ചെറിയൊരു മുറി കണ്ടു. കുനിഞ്ഞു വേണം ഉള്ളിലേക്ക് കടക്കാന്‍. മഖാമിന്റെ രക്ഷാധികാരി എന്ന് തോന്നിക്കുന്നയാള്‍ അവിടെ ഇരിക്കുന്നുണ്ട്. മുടിയിലും താടിയിലുമെല്ലാം നരവീണ, പ്രായം ചെന്നൊരാള്‍. നീണ്ട പ്രാര്‍ത്ഥനയിലാണദ്ദേഹം. അപ്പുറത്ത് രണ്ട് വിശ്വാസികളും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. വാതില്‍ക്കല്‍ മുഖം കാണിച്ച ഞങ്ങളെയും അദ്ദേഹം ഉള്ളിലേക്ക് ക്ഷണിച്ചു. സൈനുദ്ദീന്‍ ശൈഖിന്റെ മഖ്‌ബറ ഇവിടെയാണ്. അതിനടുത്ത് ഇരുന്നാണ് ഇദ്ദേഹം പ്രാര്‍ത്ഥന നടത്തുന്നത്. ഇത്തിരി നേരം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ കൂടെ ചേര്‍ന്ന് ഞങ്ങളും അവിടെ ഇരുന്നു. 

     

ജീവിതം പോലെ തന്നെ ശൈഖിന്റെ മരണത്തെ കുറിച്ചും വ്യത്യസ്തമായ കഥകള്‍ പ്രചാരത്തിലുണ്ട്. ശൈഖിന്റെ മരണത്തിന്റെ യഥാര്‍ത്ഥ തിയതി അറിയില്ലെങ്കിലും ഏപ്രില്‍ 25 നാണ് അത് ആഘോഷിക്കപ്പെടുന്നത്. ഒരു സൂഫിയുടെ ആണ്ട് എന്നതിനപ്പുറം ഒരു നാടിന്റെ ഉത്സവമായി അത് കൊണ്ടാടപ്പെടുന്നു. സൂള്‍ ഫെസ്റ്റിവല്‍ (zool festival) എന്നറിയപ്പെടുന്ന വാര്‍ഷികാഘോഷം ജാതി മത ഭേദമന്യേ ഒരു നാടിന്റെ ആഘോഷമായി നടത്തപ്പെടുന്നു.
നാടിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ളവര്‍ 'മഷാല്‍' എന്നറിയപ്പെടുന്ന ചൂട്ടുമായി ദര്‍ഗയുടെ നേരെ റാലിയായി വരും. സന്ധ്യാ സമയത്താണിത് ആരംഭിക്കുക. വ്യത്യസ്ത പ്രാര്‍ഥനകളും സ്തുതി ഗീതങ്ങളും ഉച്ചത്തില്‍ ഉരുവിട്ടുകൊണ്ടുള്ള യാത്ര ദര്‍ഗക്ക് സമീപം അവസാനിക്കുന്നു. ഭക്ത ജനങ്ങളെല്ലാം ഇവിടെ ഒരുമിച്ചുകൂടുന്നു. ഇതിനായി വിദൂര ദേശത്തു നിന്നുപോലും എത്തിപ്പെടുന്നവരുണ്ട്. ശൈഖിനെ വിളിച്ചുള്ള പ്രാര്‍ത്ഥനകള്‍ കൊണ്ട് അന്തരീക്ഷം മുഖരതിമാവുന്നു. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഈ ആഘോഷം അവരുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗം കൂടിയാണ്. ഏതെങ്കിലും വര്‍ഷം ഇത് മുടങ്ങിയാല്‍ നാട്ടിലെന്തെങ്കിലും ദുരന്തം സംഭവിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. 
പ്രാര്‍ത്ഥനകളടങ്ങിയ സംഗീതം പതുക്കെ അവസാനിച്ചു. ഇപ്പോള്‍ മുറിയിൽ ഏതാണ്ട് നിശബ്ദത നിറഞ്ഞിരിക്കുന്നു. ചിലരെല്ലാം ഉള്ളിലേക്ക് പ്രവേശിക്കുന്നു. പലരും പുറത്തേക്കുവരുന്നു. ഈ നേരത്ത് വലിയ തിരക്കൊന്നും ഇല്ല. നോമ്പുകാലത്തെ നട്ടുച്ച ആയതുകൊണ്ടായിരിക്കും. പടികളെല്ലാം കയറിയെത്തുമ്പോഴേക്കും നോമ്പൊരു വഴിക്കാവും എന്നതാണ് കാരണം.
ദര്‍ഗയില്‍ നിന്നും ഇറങ്ങാന്‍ സമയമായിരിക്കുന്നു. കവാടത്തിനടുത്ത് വിശ്വാസികള്‍ വെച്ചു നീട്ടുന്ന നാണയ തുട്ടുകള്‍ക്കായി കാത്തിരിക്കുന്നവരുണ്ട്. എല്ലാ പുണ്യകേന്ദ്രങ്ങളിലും കാണും ഇങ്ങനെ ഒത്തിരി പേര്‍. നാടില്ലാത്ത, വീടില്ലാത്ത, കൂട്ട് കുടുംബങ്ങള്‍ പോലും സ്വപ്നം മാത്രമായവര്‍. അവര്‍ക്ക് ദര്‍ഗയാണെല്ലാം. ഊണിനും ഉറക്കിനും ആശ്രയം ദര്‍ഗയാണ്. ദര്‍ഗയിലേക്കെത്തുന്നവര്‍ നീട്ടുന്ന നാണയ തുട്ടുകളാണ് അവരുടെ ഏക സമ്പാദ്യം.
പടവുകള്‍ താഴേക്കിറങ്ങി. വഴിയരികിലെ കച്ചവടക്കാരെല്ലാം മാടി വിളിക്കുന്നുണ്ട്. പഹല്‍ഗാം ഞങ്ങളെ കാത്തിരിക്കുന്നു. കേരളത്തില്‍ വന്ന, മലയാളികളെ സ്നേഹിക്കുന്ന മുസ്തഫ എന്ന കശ്മീരിയുടെ സുമോയില്‍ പഹല്‍ഗാം ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തിരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter