ബന്ദേ നവാസ് ഗേസൂ ദറാസ്: ഗുൽബർഗയിലെ ചിശ്തി സൗരഭ്യം
സുഹൃത്തും ഗുൽബർഗ കേന്ദ്രീകരിച്ച് നടക്കുന്ന റഹ്മാനിയ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇൻചാർജുമായ സ്വലാഹുദ്ദീൻ റഹ്മാനിയിൽ നിന്നാണ് ആദ്യമായി ഗുൽബർയെക്കുറിച്ച് കേൾക്കുന്നത്. മലയാളികൾ കൂടുതലൊന്നും പരിചയിച്ചിട്ടില്ലാത്ത ഇടമാണെങ്കിലും ഗുൽബർഗയിലെ ബന്ദേ നവാസ് ദർഗയെക്കുറിച്ചും ബഹ്മനികളുടെ കേന്ദ്രങ്ങളായ ബിജാപൂർ, ബീദർ അടക്കമുള്ള പ്രദേശങ്ങളെക്കുറിച്ചും വായിച്ചറിഞ്ഞപ്പോൾ പോകണമെന്ന് കാലങ്ങളായി മനസ്സിലുറച്ചിരുന്നു. ദീർഘകാലമായുള്ള ആഗ്രഹത്തിന് വഴിയൊരുങ്ങിയത് യാദൃശ്ചികമായി ഈ നബിദിന സമയത്തും. ബാംഗ്ലൂരിൽ നഗരത്തിന്റെ ആരവങ്ങളിലും ശാന്തമായ ആത്മീയാനുഭൂതി പകരുന്ന തവക്കൽ മസ്താൻ ദർഗ സിയാറത്ത് ചെയ്ത് സുഹൃത്ത് ഹംസ നവാഫിനൊപ്പം ഗുൽബർഗയിലേക്ക് ട്രെയിൻ കയറി. സോലാപൂർ വരെ പോകുന്ന ആ ട്രെയിനിൽ മിക്കവരും ഗുൽബർഗയിലെ പ്രസിദ്ധമായ നബിദിന റാലി കാണാൻ വേണ്ടി പോകുന്നവരാണെന്ന് യാത്രക്കാരായ ചിലരോടൊക്കെ സംസാരിച്ചപ്പോൾ ബോധ്യമായി. ഗുൽബർഗ മാത്രം പോയാൽ പോരെന്നും ബീദറും ബീജാപൂരും നിർബന്ധമായും കാണേണ്ട സ്ഥലങ്ങളാണെന്നും പറഞ്ഞ് കൂടെക്കൂടിയ കുറച്ചു ചെറുപ്പക്കാർ കാണേണ്ട സ്ഥലങ്ങളുടെയും കഴിക്കേണ്ട ഭക്ഷണങ്ങളുടെയും ലിസ്റ്റും നിരത്തി.
പത്തു മണിക്കൂർ യാത്രക്കു ശേഷം സുബ്ഹിയോടടുത്ത സമയം ട്രെയിൻ ഗുൽബർഗയിലെത്തി. ഡൽഹിയിലെ മുഗൾ കൗശലതയെ ഓർമിപ്പിക്കുന്ന വിധമുള്ള ബഹ്മനികളുടെ പൗരാണിക ശേഷിപ്പുകൾ, തലയുയർത്തി നിൽക്കുന്ന ബന്ദേ നവാസ് ദർഗ, ഇറാൻ-അറബിക്-ടർക്കിഷ് നിർമാണങ്ങൾ, ഗുൽബർഗയുടെ മാത്രം സവിശേഷതയായ തഹാരിയുടെയും മാമാ പൂരിയുടെയും ഗന്ധം ഇവയെല്ലാം ചേർന്നാണ് ഗുൽബര്‍ഗ ഞങ്ങളെ സ്വാഗതം ചെയ്തത്.
ദർഗ പകരുന്ന അനുഭൂതി
രാത്രിയും പകലും ഒരുപോലെ കുളിർ പകരുന്ന അനുഭൂതിയാണ് ബന്ദേ നവാസ് ദർഗയിലേത്. നിരന്തരമായ ഖവ്വാലികളുടെ അകമ്പടി മാറ്റിനിർത്തിയാൽ അജ്മീർ ഖാജയുടെ ചാരത്തിരിക്കുന്ന അനുഭൂതി. ദർഗക്കകത്തും ചുറ്റുമുള്ള അനുഭൂതി വിവരണാതീതമാണ്. തണൽവിരിച്ച ബദാംമരച്ചോട്ടിലും സുഗന്ധം പരത്തുന്ന ഇലഞ്ഞിപ്പൂമരച്ചോട്ടിലുമായി രാപ്പകല്‍ ഭേദമില്ലാതെ ധ്യാനനിരതരായ ആശിഖുകൾ. രാത്രി ഏറെ വൈകിയും അതിരാവിലെയും ദർഗയും പരിസരവും സജീവമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജനപ്രവാഹങ്ങളിലൊന്നുകൂടിയാണ് ദുൽഖഅ്ദിലെ ബന്ദേ നവാസിന്റെ ഉറൂസ് ദിനങ്ങൾ. ദർഗയുടെ പുറംചുവരുകളിലെല്ലാം അദ്ദേഹത്തിന്റെ തന്നെ പേർഷ്യൻ ഭാഷയിലുള്ള കവിതകളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ദർഗയുടെ സമീപത്തായി വലിയൊരു ലൈബ്രറിയും സ്ഥിതി ചെയ്യുന്നു. സുൽത്താൻ അഹ്മദ് ഷാ ബഹ്മനിയാണ് ഇന്നത്തെ രീതിയിൽ ദർഗ പണികഴിപ്പിച്ചത്. സുൽത്താൻ ഔറംഗസീബ് ഗുൽബർഗയിലെ ബന്ദേ നവാസ് ദർഗയിൽ വന്ന് ദിവസങ്ങളോളം ധ്യാനനിരതനാവാറുണ്ടായിരുന്നെന്ന് റിച്ചാർഡ് എം. ഈറ്റൺ ഇന്ത്യ ഇൻ ദി പേർഷ്യനേറ്റ് ഏജ് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയത് വായിച്ചത് ഓർത്തു.
റബീഉൽ അവ്വൽ പന്ത്രണ്ടിന്റെയന്ന് രാത്രി ദർഗ സിയാറത്ത് ചെയ്യുന്നതിനിടെ പെട്ടെന്നാണ് വലിയ ഒരാൾക്കൂട്ടം ദർഗക്കകത്തേക്ക് കടന്നുവന്നത്. അവാച്യമായ നഅ്തിന്റെ അകമ്പടിയോടെ, മരംകൊണ്ടുണ്ടാക്കിയ കുറച്ച് പെട്ടികൾ തലയിലേറ്റിയ, മനോഹരമായി വസ്ത്രം ധരിച്ച കുറച്ചുപേരും കൂട്ടത്തിലുണ്ടായിരുന്നു. കാര്യമറിയാതെ, ദർഗക്കകത്തുള്ള ചില്ലുകൂട്ടിനടുത്തായി ഒത്തുകൂടിയ സംഘത്തോടൊപ്പം ചേർന്നു. ഉയർന്ന, എന്നാൽ അതിമനോഹരമായ ശബ്ദത്തിൽ, തൊണ്ടപൊട്ടുമാറ് നഅ്തു പാടുന്ന വൃദ്ധനായ മനുഷ്യനായിരുന്നു കൂട്ടത്തിൽ ഏറെ ആകർഷിച്ചത്. കൂട്ടത്തിൽ ഒരാളോട് കാര്യം തിരക്കിയപ്പോഴാണ്, നബി തങ്ങളുടെ തിരുശേഷിപ്പുകളാണിതെന്നും റബീഉൽ അവ്വൽ പന്ത്രണ്ടിന് നബിദിന റാലിയിൽ പ്രദർശിപ്പിച്ച ശേഷം തിരിച്ചുകൊണ്ടുവരുന്ന വഴിയാണെന്നും അറിഞ്ഞത്. ഇപ്പോഴും ആ വൃദ്ധനായ മനുഷ്യൻ പാടിയ വരികൾ കാതിൽ മുഴങ്ങുന്നു. അപ്നെ ഉമ്മത്ത് കോ ബഖ്ശാനെ വാലേ.. യാ നബീ യാ നബീ യാ നബീ...
ആത്മീയയാത്ര
സയ്യിദ് മുഹമ്മദ് ബ്ൻ യൂസുഫ് ഹസനി അദ്ദഹ്‍ലവി (1321-1422) എന്ന് പൂർണ നാമമുള്ള അദ്ദേഹം ഡൽഹിയിൽ ജനിച്ച് നാലാം വയസ്സിൽ പിതാവിനൊപ്പം ഡെക്കാനിലെ (ഇന്നത്തെ മഹാരാഷ്ട്ര) ദൗലത്താബാദിലെത്തി. മുഹമ്മദ് ബ്ൻ തുഗ്ലക്കിന്റെ ഭരണാസ്ഥാന മാറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ യാത്ര. പിതാവും നിസാമുദ്ദീൻ ഔലിയയുടെ മുരീദുമായിരുന്ന ശൈഖ് യൂസുഫ് ബ്ൻ അലിയിൽ നിന്ന് പ്രാഥമിക വിജ്ഞാനം. ഏഴാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കി. പിതാവിന്റെ മരണശേഷം മാതാവിനൊപ്പം വീണ്ടും ഡൽഹിയിലെത്തി. ശേഷം സയ്യിദ് ശറഫുദ്ദീൻ കെത്ത്‌ലി, താജുദ്ദീൻ ബഹാദുർ, ഖാളി അബ്ദുൽ മുഖ്തദിർ എന്നിവരിൽ നിന്ന് പഠനം. ഇതിൽ ഖാളി അബ്ദുൽ മുഖ്തദിറായിരുന്നു പ്രധാന ഗുരുവര്യർ. ഹനഫി- മാതുരീദി സരണിക്കാരനായിരുന്നു. മതവിജ്ഞാനീയങ്ങളിൽ ആഴത്തിലുള്ള അറിവു നേടിയ ശേഷം ആത്മീയജ്ഞാനത്തിനായി നസീറുദ്ദീൻ ചിറാഗ് ദഹ്‍ലവിയുടെ സന്നിധിയിലെത്തി. 22 വർഷം അദ്ദേഹത്തിന്റെ കൂടെ കഴിഞ്ഞു. മുപ്പതാം വയസ്സുമുതൽ ദീർഘകാലം വനവാസത്തിലായിരുന്നു. നസീറുദ്ദീൻ ചിറാഗ് മരണപ്പെടുമ്പോൾ 36 വയസ്സുമാത്രം പ്രായമുള്ള ബന്ദേ നവാസിനെ തന്റെ ഖലീഫയായി പ്രഖ്യാപിച്ചു. തുടർന്ന് 80 വയസ്സുവരെ ഡൽഹി തന്നെയായിരുന്നു ബന്ദേ നവാസിന്റെ പ്രവർത്തന മണ്ഡലം. നാല്പതാം വയസ്സിൽ വിവാഹം ചെയ്ത അദ്ദേഹത്തിന് രണ്ടു ആൺമക്കളും നാലു പെൺമക്കളുമാണ്.
അജ്മീർ ഖാജയിൽ നിന്ന് ഖുതുബുദ്ദീൻ ബക്തിയാർ കാക്കി, ബാബാ ഫരീദുദ്ദീൻ ഗഞ്ച്ശകർ, ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ, നസീറുദ്ദീൻ ചിറാഗ് ദഹ്‍ലവി എന്നിവരിലൂടെ കൈമാറിപ്പോന്ന ചിശ്തി നേതൃത്വം നസീറുദ്ദീൻ ചിറാഗിൽ നിന്നാണ് ബന്ദേ നവാസിലേക്കെത്തുന്നത്. സയ്യിദ് മുഹമ്മദ് അൽഹുസൈനിയെന്നാണ് പേരെങ്കിലും ബന്ദേ നവാസ് എന്ന പേരിൽ പ്രസിദ്ധനായി. ജനങ്ങൾ സ്നേഹത്തോടെ ഗേസു ദറാസ് (നീളമുള്ള കേശത്തിന്റെ ഉടമ) എന്നും വിളിച്ചു. ഈ നാമകരണത്തിനു പിന്നിൽ ഒരു കഥയുണ്ട്. മുടി നീട്ടി വളർത്തുന്ന പതിവുണ്ടായിരുന്ന അദ്ദേഹം, ഒരിക്കൽ ഗുരു നസീറുദ്ദീൻ ചിറാഗിയെ പല്ലക്കിലേറ്റുമ്പോൾ മുടി അതിൽ കുടുങ്ങിപ്പോയി. പല്ലക്ക് നിർത്താനാവശ്യപ്പെടുന്നത് ഗുരുവിന് ബുദ്ധിമുട്ടാവുമെന്ന് കണ്ട് ദീർഘനേരം വേദന സഹിച്ച് അദ്ദേഹം യാത്ര ചെയ്തു. പിന്നീട് വിവരമറിഞ്ഞ അദ്ദേഹം തന്റെ ശിഷ്യനെക്കുറിച്ച് ഫാരിസിയിൽ രണ്ടു വരി കവിത ആലപിച്ചു. ആരെങ്കിലും സയ്യിദ് ഗേസൂ ദറാസിന്റെ ശിഷ്യത്വം സ്വീകരിച്ചാൽ അവൻ ഇശ്ഖിന്റെ പരമകാഷ്ഠ പ്രാപിച്ചിരിക്കുന്നു എന്നർഥം വരുന്ന വരികൾ. അദ്ദേഹം അന്ന് സ്നേഹത്തോടെ വിളിച്ച ആ പേര് പിന്നീട് ജനങ്ങളും ഏറ്റെടുക്കുകയായിരുന്നു.
സാധാരണ മനുഷ്യരോടും സമൂഹത്തിലെ ഉന്നതവിഭാഗങ്ങളോടും അദ്ദേഹം ഒരുപോലെ സംസാരിക്കുകയും സംവദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചിശ്തി സരണിയുടെ പ്രചാരകരായി. ആ അർഥത്തില്‍ ചിശ്തി സരണിയെ ഒരു പാൻ ഇന്ത്യൻ തലത്തിലേക്ക് വികസിപ്പിക്കുന്നതിൽ ബന്ദേ നവാസിന്റെ സ്ഥാനം വലുതാണ്. അജ്മീരിൽ ഖാജായും ഡൽഹിയിൽ നിസാമുദ്ദീൻ ഔലിയ, ബക്തിയാർ കാക്കി, നസീറുദ്ദീൻ ചിറാഗ് ദഹ്ലവി തുടങ്ങിയവരും ചിശ്തിയുടെ പ്രചാരകരായപ്പോൾ, ഗുൽബർഗയിൽ ബന്ദേ നവാസും ബീദർ, ബീജാപൂർ, ഗോൽക്കൊണ്ട, ഔറംഗാബാദ്, ദൗലത്താബാദ് അടക്കമുള്ള ഇടങ്ങളിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരും അതിന്റെ പ്രചാരണം ഏറ്റെടുത്തു. ബന്ദേ നവാസിനും മുമ്പ് ഗുൽബർഗയിൽ ചിശ്തി സരണി പ്രചരിപ്പിച്ചവരിൽ നിസാമുദ്ദീൻ ഔലിയയുടെ മുരീദുമാരിൽ പ്രധാനിയായ ബുർഹാനുദ്ദീൻ ഗരീബ് (1256-1338), ബന്ദേ നവാസിന്റെ പിതാവും നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനുമായ ശൈഖ് യൂസുഫ് ഹുസൈനി (മ.1331), പീർ മുബാറക് കാർവാൻ, ആമിർ സിജ്സി എന്നിവരും പെടുന്നു.
തിമൂറിന്റെ അക്രമണകാലത്ത് ഡൽഹി വിട്ട അദ്ദേഹം ഗ്വാളിയാർ, ചന്ദേരി, ബറോഡ, കംബത്ത് എന്നീ സ്ഥലങ്ങൾ കടന്ന് ഗുജറാത്തിലും ശേഷം ദൌലത്താബാദിലേക്കുള്ള വഴിയേ ഗുൽബർഗയിലുമെത്തുകയായിരുന്നു. ഖുൽദാബാദിലെത്തിയ അദ്ദേഹത്തെ സുൽത്താൻ ഫിറോസ് ഷാ ക്ഷണിക്കുകയും രാജകീയമായി ആനയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗമനത്തോടെ ഗുൽബർഗയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മതവിദ്യാർഥികളും ആത്മീയദാഹികളുമെത്തി. എല്ലാ മതവിഭാഗങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ ആശീർവാദങ്ങൾ തേടിയെത്തി. വിശേഷിച്ച് കർഷക കുടുംബങ്ങളടക്കമുള്ള താഴ്ന്ന വിഭാഗങ്ങൾ അദ്ദേഹത്തെ ജഗദ്ഗുരു എന്നാണ് ബഹുമാനാർഥം അഭിസംബോധന ചെയ്തിരുന്നത്. മതാതീതമായ ഈ ഭക്തജനപ്രവാഹം ഇന്നും ദർഗയിൽ കാണാം. സന്ദർശകരുടെ കൂട്ടത്തിൽ വലിയ സൂഫികളുമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ കച്ചൗച്ച് ശരീഫിൽ അന്തിയുറങ്ങുന്ന, ഇറാനിൽ നിന്നു വന്ന, അശ്റഫി ത്വരീഖത്തിന്റെ സ്ഥാപകൻ കൂടിയായ അശ്റഫ് ജഹാംഗീർ സംനാനി കച്ചൗച്ചി, ഗുൽബർഗയിൽ ബന്ദേ നവാസിനെ കണ്ട് അനുഗ്രഹങ്ങളും അറിവുകളും നേടിയതായി മിർആതുൽ അസ്റാർ എന്ന, ചിശ്തി സൂഫികളെ പരിചയപ്പെടുന്ന ബൃഹദ് സൂഫീ ഗ്രന്ഥത്തിൽ കാണാം. അലാഉദ്ദീൻ ഗ്വാളിയോറിയാണ് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനും ഖലീഫയും. അദ്ദേഹത്തിന്റെ മകൻ അബുൽഫത്ഹ്, ബന്ദേ നവാസിന്റെ മകൻ സയ്യിദ് അസ്ഗർ ഹുസൈനി, ശിഷ്യൻ സയ്യിദ് മഹ്മൂദ് ബ്ൻ ഫള്ലുല്ലാ ഹുസൈനി എന്നിവരാണ് ഖലീഫമാരായി അദ്ദേഹം തെരഞ്ഞെടുത്ത 12 പേരിൽ പ്രധാനികൾ.
രചനാ ലോകം
എല്ലാ വിജ്ഞാനീയങ്ങളിലും പ്രാവീണ്യമുണ്ടായിരുന്ന ബഹുമുഖപണ്ഡിതനായ അദ്ദേഹം, മുൻകാല ചിശ്തി സൂഫികളിൽ നിന്ന് വ്യതിരിക്തമായി സജീവമായ ഗ്രന്ഥരചനകളിലേർപ്പെട്ടു. 105 ഓളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ചിലയിടത്ത് 125 എന്നും കാണാം. അറബി, ഉർദു, ഉർദുവിന്റെ പൂർവരൂപം ദഖ്നി, ഫാരിസി എന്നീ ഭാഷകളിലായിരുന്നു രചനകളൊക്കെയും. തഫ്സീർ, ഹദീസ്, തസ്വവ്വുഫ്, ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, ഇൽമുൽ കലാം, ബലാഗ, ഫൽസഫ, മൻതിഖ്, പേർഷ്യൻ-അറബി-ഉർദു സാഹിത്യം തുടങ്ങിയ മേഖലകളിലായിരുന്നു പ്രധാന രചനകൾ. അദ്ദേഹത്തിന്റെ ഏകദേശ സമകാലികരായ അശ്റഫ് ജഹാംഗീർ സംനാനി കച്ചൗച്ചി, ശൈഖ് ശറഫുദ്ദീൻ അഹ്മദ് യഹ്‍യാ മനേരി എന്നിവരും അദ്ദേഹത്തെപ്പോലെ സജീവമായ ഗ്രന്ഥരചനകളിൽ വ്യാപൃതരായ സൂഫികളാണ്.
ഖുർആനിനെ തസവ്വുഫ് കേന്ദ്രീകൃതമായി വ്യാഖ്യാനിക്കുന്ന തഫ്സീർ അൽ മുൽതഖത്, സമഖ്ശരിയുടെ കശ്ശാഫിന് എഴുതിയ ഹാശിയ, മശാരിഖുൽ അൻവാർ എന്ന പ്രമുഖ ഹദീസ് ഗ്രന്ഥത്തിനെഴുതിയ ശറഹ്, അതിന്റെ ഫാരിസി വിവർത്തനം, സുഫീ ലോകത്തെ അതുല്യ ഗ്രന്ഥങ്ങളിലൊന്നായ ശൈഖ് സുഹ്റവർദിയുടെ അവാരിഫുൽ മആരിഫിന്റെ അറബി വിശദീകരണം മആരിഫ്, അതിന്റെ ഫാരിസി വിവർത്തനം, ശൈഖ് ളിയാഉദ്ദീൻ അബ്ദുൽ ഖാദിർ സുഹ്റവർദിയുടെ ആദാബുൽ മുരീദീന് എഴുതിയ അറബി വിശദീകരണം ശറഹു ആദാബില് മുരീദീൻ(യഹ്‍യാ മനേരി ഇതേ പേരിൽ ഈ ഗ്രന്ഥത്തിന്റെതന്നെ ഫാരിസി വിശദീകരണം എഴുതിയിട്ടുണ്ട്), ശൈഖ് മുഹ്‍യിദ്ദീൻ ബിന്‍ അറബിയുടെ ഫുസൂസുൽ ഹികം വിശദീകരണം, ഐനുൽ ഖുളാത്ത് അൽ ഹമദാനിയുടെ തംഹീദാത്തിന് എഴുതിയ ശറഹ്, രിസാലത്തുൽ ഖുശൈരിയ്യക്ക് ഫാരിസിയിൽ എഴുതിയ ശറഹ്, ഇമാം അബൂഹനീഫയുടെ ഫിഖ്ഹുൽ അക്ബറിന് അറബിയിലും ഫാരിസിയിലുമായി എഴുതിയ ശറഹുകൾ, ഖൂതുൽ ഖുലൂബിന് എഴുതിയ ഹാശിയ, തസ്വവ്വുഫിന്റെ ആഴങ്ങൾ പറയുന്ന അസ്മാഉൽഅസ്റാർ, സൂഫിസവുമായി തന്നെ ബന്ധപ്പെട്ട ഹദാഇഖുൽ ഉൻസ്, അമീർ ഖുസ്രുവിന്റെ കവിതകളുടെ ശറഹ്, മിഅ്റാജുൽ ആശിഖീൻ, വുജൂദുൽ ആശിഖീൻ എന്നിവയാണ് പ്രധാന രചനകൾ.
കൂട്ടത്തിൽ മിഅ്റാജുൽ ആശിഖീൻ, ഉർദുവിന്റെ പൂർവരൂപമായ ദഖ്നിയിൽ എഴുതപ്പെട്ട ആദ്യ ഗദ്യ രചനയായി കണക്കാക്കപ്പെടുന്നു. ദഖ്നി ഭാഷയിലെ പ്രഥമ കവിയും അദ്ദേഹമാണെന്ന് നസീറുദ്ദീൻ ഹാശ്മി എന്ന പണ്ഡിതൻ രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റേതെന്ന് പറയപ്പെടുന്ന ചക്കി നാമ എന്ന സൂഫീ ഗ്രന്ഥവും ദഖ്നി ഉർദുവിലെ ആദ്യ ഗദ്യകൃതികളിലൊന്നായി പരിഗണിക്കപ്പെടുന്നു. ഇവക്കുപുറമെ ശിഷ്യന്മാർക്കും ഭരണാധികാരികൾക്കുമായി അദ്ദേഹം ഉപദേശരൂപത്തിലും മറ്റും നൽകിയ കുറിപ്പുകൾ മക്തൂബുകൾ എന്ന പേരിൽ 66 എണ്ണം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വാമൊഴികളും (മൽഫൂസാത്ത്) സമാഹരിക്കപ്പെട്ടിട്ടുണ്ട്. ജവാമിഉൽ കലിം എന്ന ഗ്രന്ഥം കൂട്ടത്തിൽ പ്രധാനമാണ്. 9 റുബാഇയ്യാത്ത്, 26 കവിതകളുള്ള ഒരു മസ്നവി, 327 ഗസലുകൾ എന്നിവ ചേർത്തുള്ള അദ്ദേഹത്തിന്റെ ഫാരിസി കവിതകളുടെ സമ്പൂർണ സമാഹാരം അനീസുൽ ഉശ്ശാഖ് എന്ന പേരിലും പുറത്തിറങ്ങിയിട്ടുണ്ട്. കൊൽക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റി ആർക്കേവ്സിലാണ് അദ്ദേഹത്തിന്റെ അമൂല്യമായ പല കയ്യെഴുത്തു പ്രതികളും സൂക്ഷിക്കപ്പെട്ടിട്ടുള്ളത്.
ഗുൽബർഗയെന്ന അത്ഭുത സൂഫീ നഗരം
ഇന്നത്തെ കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന അടങ്ങുന്ന ഡെക്കാൻ പ്രവിശ്യ ഒരുകാലത്ത് വലിയൊരു മുസ്‍ലിം കോസ്മോപോളിസിന്റെ ഭാഗമായിരുന്നു. രണ്ടു നൂറ്റാണ്ടോളം (1347-1527) ബഹ്മനികളുടെ ഭരണമായിരുന്നു ഇവിടെ. പേർഷ്യൻ-അറബ് ഇസ്‍ലാമിക് സംസ്കാരത്തിന്റെ വലിയ വേരോട്ടം ഉണ്ടായിരുന്നു ഇവിടെ. ഗുൽബർഗ അടക്കമുള്ള പ്രദേശങ്ങൾ വലിയ അർഥത്തിൽ ആഗോള വൈജ്ഞാനിക-സൂഫി കേന്ദ്രമായി പ്രവർത്തിച്ചു. ചിശ്തി സൂഫികൾക്കു പുറമെ അറേബ്യയിൽ നിന്ന് ഖാദിരി സൂഫികളും ഈ പ്രദേശങ്ങളിൽ, വിശേഷിച്ച് ബീദറിലെത്തി.
സൂഫീസത്രങ്ങളും അവർ നിർമിച്ച മദ്റസകളും ഖാൻഖാഹുകളും അവരുടെ കാലശേഷം അവരുടെ ദർഗകളും വിശ്വാസികളുടെ കേന്ദ്രങ്ങളായി പ്രവർത്തിച്ചു. ബഹ്മനികളുടെ ആദ്യ തലസ്ഥാനമായിരുന്നു ഗുൽബർഗ. ചിശ്തി, ഖാദിരി, ശത്താരി സിൽസിലകൾ ഇവിടങ്ങളിൽ വ്യാപകമായി. സമാധാനപരമായ മതപ്രചാരണം സാധ്യമായി. സാഹിത്യം, സംഗീതം എന്നിവക്കും ഏറെ പ്രചാരം ലഭിച്ചു. പേർഷ്യൻ-അറബിക്-കന്നട-തെലുഗു-മറാഠി ഭാഷകളുടെ ഫ്യൂഷൻ രൂപവും ഉർദുവിന്റെ പൂർവരൂപവുമായ ദഖ്നി ഭാഷയിൽ സമ്പന്നമായ രചനകളുമുണ്ടായി.
ആഗോള സൂഫീകേന്ദ്രങ്ങളായ ബദ്ഗാദ്, സെൻട്രൽ ഏഷ്യ, അനത്തോലിയ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള ധാരാളം സൂഫികൾ ഈ പ്രദേശങ്ങളിൽ വന്നിട്ടുണ്ട്. ജുനൈദുൽ ബഗ്ദാദി, ജലാലുദ്ദീൻ റൂമി എന്നിവരുടെ പേരക്കുട്ടികളുടേതെന്ന് പറയപ്പെടുന്ന ഖബ്റുകൾ ഇവിടെ കാണുന്നതും അതിന്റെ ഭാഗമാകാം. മക്കളല്ല, ആത്മീയ സന്താനങ്ങൾ എന്നയർഥത്തിലുള്ള മുരീദുമാരാവാം അത് എന്നും വായനകളുണ്ട്. ജുനൈദി സിൽസിലയിലെ ശൈഖ് സിറാജുദ്ദീൻ ജുനൈദിയുടെ ദർഗ ശൈഖ് റോസ എന്ന പേരിൽ ഇന്ന് ഗുൽബർഗയിലെ പ്രസിദ്ധ സിയാറത്ത് കേന്ദ്രമാണ്. ബന്ദേ നവാസിനും മുമ്പേ ഗുൽബർഗയിലെത്തിയ അദ്ദേഹമടക്കമുള്ള സൂഫികളാണ് ഗുൽബർഗയെ ഒരു സൂഫി മണ്ണാക്കി മാറ്റുന്നത്.
ചിശ്തികളുടെ പൊതുരീതിയിൽ നിന്ന് വ്യത്യസ്തമായി അധികാരികളുമായി ബന്ധം സൂക്ഷിച്ചവരായിരുന്നു ബന്ദേ നവാസ്. അതദ്ദേഹം മതം പറയാനും സൂഫികളുടെ സ്വാധീനം കാണിക്കാനും കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. എന്നാൽ, പിന്നീടു വന്നവരുടെ അധികാരവുമായുള്ള വഴിവിട്ട ബന്ധം ഡെക്കാനിലെ ചിശ്തി സരണിയെ ക്ഷയിപ്പിച്ചെങ്കിലും ബഹ്മനികൾക്ക് ശേഷവും ബിജാപൂർ അടക്കമുള്ള പ്രദേശങ്ങളിൽ ചിശ്തി സരണി നിലനിന്നു. ശാഹ് മീറാൻ ജി ശംസുൽ ഉശ്ശാഖ് (മ.1499) ആയിരുന്നു അക്കൂട്ടത്തിൽ പ്രധാനി. ബിജാപൂർ സിറ്റിക്ക് പുറത്തായി അദ്ദേഹം തെരഞ്ഞെടുക്കുകയും മുനവ്വർപൂർ (പ്രകാശനഗരം) എന്ന് വിളിക്കുകയും ചെയ്ത ശാഹ്പൂർ ഹില്ലോക്കായിരുന്നു അന്ന് ചിശ്തികളുടെ കേന്ദ്രം. അവർ അധികാരികളിൽ നിന്ന് പൂർണമായി അകന്നു തന്നെ കഴിഞ്ഞു. ബിജാപൂരിലെ ആദ്യ സൂഫി ഗ്രന്ഥകാരനായും അദ്ദേഹം കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ തന്നെ എഴുതിയ ശജറത്തുൽ അത്ഖിയാ എന്ന ഗ്രന്ഥം പ്രകാരം, ശാഹ് മീറാൻ ജി മക്കയിൽ ജനിക്കുകയും മദീനയിൽ ധാരാളം കാലം ധ്യാനനിരതനാവുകയും നബി തങ്ങളുടെ നിർദേശപ്രകാരം ബിജാപൂരിലേക്ക് വരികയും ചെയ്ത ആളാണ്.
മഹ്മൂദ് ഗവാൻ മദ്റസയെന്ന അത്ഭുതമാണ് ഈ പ്രദേശത്തിന്റെ മറ്റൊരു ആകർഷണം. സെൻട്രൽ ഏഷ്യന്‍ മാതൃകയിൽ നിർമിക്കപ്പെട്ട, ഇന്ത്യയിൽ മറ്റു മാതൃകകളില്ലാത്ത അപൂർവ കെട്ടിട നിർമാണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലേറെ വിദ്യാർഥികൾ താമസിച്ചു പഠിച്ചിരുന്ന, അന്താരാഷ്ട്ര സർവകലാശാലാ നിലവാരം വച്ചുപുലർത്തിയിരുന്ന മദ്റസയുടെ ഇന്നത്തെ അവസ്ഥ പക്ഷേ ഹൃദയവേദനയോടെയേ നോക്കിക്കാണാനാവൂ. ഇതിനു പുറമെ ബീദറിലെ കോട്ട, ബീജാപൂരിലെ ഗോൾ ഗുമ്പസ്, ബീജാപൂർ ജമാ മസ്ജിദ്, ഇബ്റാഹിം റോസ തുടങ്ങി അതിസമ്പന്നമായ ചരിത്രത്തിന്റെ ശേഷിപ്പുകളും പേറി കഴിയുന്ന ഇടങ്ങളാണ് ഈ പ്രദേശങ്ങൾ. തമസ്കാരങ്ങൾ കൊണ്ടൊന്നും ഇല്ലായ്മ ചെയ്യാൻ കഴിയാത്തത്രയും ആ മണ്ണിൽ ഉൾച്ചേർന്നിട്ടുണ്ട് കലയുടെയും സംസ്കാരത്തിന്റെയും ശേഷിപ്പുകൾ എന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാവും.
ബന്ദേനവാസിനോടും ഗുല്‍ബര്‍ഗയോടും യാത്ര പറഞ്ഞ് തിരിച്ച് ട്രെയിന്‍ കയറുമ്പോള്‍, ആ നഗരത്തിന്റെ പിന്നിട്ട കാലം എത്രമേല്‍ മഹത്തരമായിരുന്നു എന്ന ചിന്തകളായിരുന്നു മനസ്സ് നിറയെ.
Leave A Comment