നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-01)
ബഹുമാനപ്പെട്ട സൂഫികൾ, ആരാധനകളുടെ ബാഹ്യപ്രകടനങ്ങൾക്കും അത്തരം വിധികളും രീതിശാസ്ത്രങ്ങൾക്കുമപ്പുറം അവ ആത്മീയ സംസ്കരണത്തിൽ വഹിക്കുന്ന പങ്കുകളേയും അവയിലെ ആത്മീയ പരിപ്രേക്ഷ്യങ്ങളെയും വിഷയമാക്കി രചനകൾ നടത്തിയിട്ടുണ്ട്. ആ രീതിയിൽ നോമ്പും ചില സൂഫി രചനകളിൽ ഇടം നേടിയിട്ടുണ്ട്. അവയിൽ ഏതാനും ചിലത് പരിചയപ്പെടുത്താനാഗ്രഹിക്കുന്നു. അവരതിനെ നോമ്പിന്‍റെ ഹഖീഖത് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
ശൈഖ് അബുൽഹസൻ അലി ബ്ൻ ഉസ്മാൻ അൽഹുജ്‍വീരി (റ) തന്‍റെ കശ്ഫുൽ മഹ്ജൂബിലൂടെ ആത്മീയ വഴിയിൽ പ്രവേശിച്ചവരുടെ മുമ്പിലെ ഓരോ മറകൾ അനാവരണം ചെയ്യുകയാണ്. അദ്ദേഹം ആറാമത്തെ മറയെന്ന നിലക്കാണ്, നോമ്പിലെ ഹഖീഖത്തിനെ അനാവരണം ചെയ്തു തരുന്നത്. അവിടെ അദ്ദേഹം നോമ്പും അതിന്‍റെ ആത്മീയ വശങ്ങളും വിശപ്പും ഹൃദയ സംസ്കരണത്തിൽ അതിന്‍റെ പ്രാധാന്യവും വിസാൽ പോലെ നോമ്പുമായി ബന്ധപെട്ട ചില മസ്അലകളും ചില സൂഫികളുടെ നോമ്പു രീതികളും വിശദമായിക്കിയിട്ടുണ്ട്.
നോമ്പെന്നാൽ അത് ഇംസാകാണ്. അഥവാ പ്രഭാതം മുതൽ പ്രദോഷം വരെ പ്രധാനമായും ഭക്ഷണ-പാനീയങ്ങളിൽ നിന്ന് മാറി നിൽക്കലാണ്. ഥരീഖത്തിന്‍റെ എല്ലാ കാര്യങ്ങളും ഇതിൽ അന്തർലീനമാണ്. നോമ്പിലൂടെ നമുക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ പദവി വിശപ്പാണ്. വിശപ്പ് ഭൂമിയിൽ അല്ലാഹു നൽകുന്ന അന്നമാണ്. യുക്തി, ശറഅ് എന്നീ രണ്ടു നിലക്കും വിശപ്പ് പ്രശംസനീയമാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.
ഇംസാകിനു ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. വയറ്റിലേക്ക് ഭക്ഷണ-പാനീയങ്ങളോ മറ്റോ പോകാതെ സൂക്ഷിക്കുന്നതു പോലെ എല്ലാ അവയവങ്ങളെയും തെറ്റു ചെയ്യാതെ സൂക്ഷിക്കണം. നിഷിദ്ധമായ നോട്ടവും വികാരങ്ങളുമില്ലാതെ കണ്ണിനെ കാക്കണം. പരദൂഷണം, വിനോദം എന്നിവ ശ്രദ്ധിക്കുന്നതിൽ നിന്ന് ചെവിയെ സൂക്ഷിക്കണം. അനാവശ്യങ്ങളും വിപത്തുകളും പറയാതെ നാവിനെ അടക്കി നിർത്തണം. ഭൌതികതക്ക് അടിമപ്പെടാതെ ശരീഅത്തിനു കീഴ്പ്പെടാൻ ശരീരത്തിനു സാധിക്കണം. അപ്പോഴേ യഥാർത്ഥ നോമ്പ് ഉണ്ടാവുകയുള്ളൂ. റസൂൽ (സ) പറഞ്ഞിട്ടുണ്ട്: “നീ നോമ്പനുഷ്ടിച്ചാൽ നിന്‍റെ കേൾവിയും കാഴ്ചയും നാവും കൈയും നിന്‍റെ മുഴുവൻ അവയവങ്ങളും നോമ്പനുഷ്ടിക്കണം.”, “നോമ്പു മൂലം വിശപ്പും ദാഹവും മാത്രമായി മറ്റൊന്നും ലഭിക്കാത്ത എത്രയെത്ര നോമ്പുകാരാണുള്ളത്.”
ഓരോ ഇന്ദ്രിയങ്ങളും നന്മക്കും തിന്മക്കും കാരണമാകും. വിവേകവും വിജ്ഞാനവും ആത്മീയതയുമായി ബന്ധപ്പെടുമ്പോൾ അവ നന്മയുടെ അവസരങ്ങളാകുന്നതു പോലെ, ദേഹേഛകൾക്ക് വഴിപ്പെടുമ്പോൾ തിന്മകൾക്ക് കാരണമാകുന്നു. അഥവാ നമ്മുടെ ഇന്ദ്രിയങ്ങൾ അല്ലാഹുവിനു വഴിപ്പെടാനും അവനു എതിർ പ്രവർത്തിക്കാനും ഉതകുന്ന ആയുധങ്ങളാണ്. അതുമൂലം വിജയവും പരാജയവും ഉണ്ടാകാം. കേൾവിയും കാഴ്ചയും അല്ലാഹുവിനു കീഴ്പ്പെടുമ്പോൾ അവിടെ ദിവ്യദർശനത്തിന്‍റെയും ആത്മീയ ശ്രാവ്യങ്ങളുടെയും അനുഭൂതിയുണ്ടാകുന്നു. അവ ദേഹത്തിനു കീഴ്പ്പെടുമ്പോൾ പിന്നെ അസത്യങ്ങൾ കേൾക്കുകയും വൈകാരികതയിൽ അഭിരമിക്കുകയും ചെയ്യും. സ്പർശനം, രുചി, ഘ്രാണം എന്നിവയിൽ ദിവ്യസാന്നിധ്യമുണ്ടാകുമ്പോൾ അവ അല്ലാഹുവിനു കീഴ്പ്പെടുന്നു. അവിടങ്ങളിൽ ദേഹേഛയുടെ ആധിപത്യമുണ്ടാകുമ്പോൾ ശരീഅതിനെ നിരസിക്കുകയും അല്ലാഹുവിനെ ധിക്കരിക്കുകയും ചെയ്യുന്നു. ഈ ഇന്ദ്രിയങ്ങളെ മുഴുവനും ദേഹേഛകൾക്ക് വഴിപ്പെടാതെ കൂച്ചുവിലങ്ങിട്ട് അവയെ അല്ലാഹുവിനു കീഴ്പ്പെടുത്തുമ്പോഴാണ് യഥാർത്ഥ നോമ്പുകാരനാകുന്നത്.
ഭക്ഷണ-പാനീയങ്ങൾ വെടിഞ്ഞ് നോമ്പനുഷ്ടിക്കുകയെന്നത് കൊച്ചു കുട്ടികൾക്കു വരെ ചെയ്യാനാവും. വിനോദങ്ങളിൽ നിന്നും നിഷിദ്ധങ്ങളിൽ നിന്ന് ശരീരത്തെയും ഇന്ദ്രിയങ്ങളെയും പിടിച്ചു നിയന്ത്രിച്ചു നിർത്തുമ്പോഴേ നോമ്പ് നോമ്പാകുന്നുള്ളൂ. ഹലാലായ ഭക്ഷണ-പാനീയങ്ങൾ ഉപേക്ഷിച്ച് സുന്നത്ത് നോമ്പുകൾ നോൽക്കുകയും എന്നിട്ട് നിർബന്ധമായും വിട്ടു നിൽകേണ്ട പരദൂഷണം, കളവ് തുടങ്ങിയ നിഷിദ്ധങ്ങൾ ചെയ്തു കൂട്ടുകയും ചെയ്യുന്നത് ഏറെ ആശ്ചര്യകരം തന്നെ. ഒരാൾ തെറ്റുകളിൽ നിന്ന് മാറി നിൽകുമ്പോൾ അവന്‍റെ സകല അവസ്ഥകളും നോമ്പായി പരിണമിക്കുന്നു.
വിശപ്പിനു വലിയ ശ്രേഷ്ഠതയുണ്ട്. അത് എല്ലാ മതക്കാരും സമുദായങ്ങളും അംഗീകരിക്കുന്നു. കാരണം വിശക്കുന്നവന്‍റെ മനസ്സ് അവന്‍റെ ബാഹ്യഭാവത്തേക്കാൾ തീക്ഷ്ണമായിരിക്കും. അവന്‍റെ വ്യക്തിത്ത്വം കൂടുതൽ സംസ്കൃതമായിരിക്കും. അവന്‍റെ ശരീരം കൂടുതൽ അരോഗമായിരിക്കും. ശരീരത്തെ പാകപ്പെടുത്തിയവർക്ക് ഭക്ഷണത്തോട് ആർത്തിയുണ്ടാവുകയില്ല. വിശപ്പ് ദേഹത്തെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും ഹൃദയത്തിൽ ഭക്തിയുണ്ടാക്കുകയും ചെയ്യും. അപ്പോൾ ദേഹേഛകൾ ക്ഷയിക്കുകയും ആത്മീയത ശക്തി പ്രാപിക്കുകയും ചെയ്യും.
റസൂൽ(സ) പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ വയറുകൾക്ക് വിശപ്പ് നൽകുക. കരളുകൾക്ക് ദാഹവും. ശരീരങ്ങളെ നഗ്നമാക്കുക. എന്നാൽ നിങ്ങൾക്ക് അല്ലാഹുവിനെ ദുൻയാവിൽ വെച്ചു തന്നെ കൃത്യമായി കാണാനാകും.” [ഇവിടെ വിശപ്പ്, ദാഹം, നഗ്നത എന്നതു കൊണ്ട് അത്യാവശ്യത്തിനുള്ള ഭക്ഷണ പാനീയങ്ങളും വസ്ത്രങ്ങളും ഉപേക്ഷിക്കണമെന്നല്ല, നിലനിൽപ്പിനാവശ്യമായതിനപ്പുറം ആസ്വാദനത്തിനായി അവ ഉപയോഗപ്പെടുത്തുന്നതാണ്.]
വിശപ്പു മൂലം ശരീരത്തിനു വിഷമമുണ്ടെങ്കിൽ അത് ഹൃദയത്തിനു വെളിച്ചമാണ്. ആത്മാവിനു തെളിച്ചമാണ്. ഹൃദയാന്തരാളങ്ങളിൽ അത് ദിവ്യദർശനമാണ്. അതിനാൽ വയറു നിറയുന്നതിനു വലിയ പ്രസക്തിയില്ല. അത് മൃഗങ്ങളുടെ സ്വഭാവമാണ്. വിശപ്പ് ആണുങ്ങളുടെ ചികിത്സയാണ്. വിശപ്പ് മനസാന്തരങ്ങളുടെ പരിപാലനമാണെങ്കിൽ ഭക്ഷണം ആമാശയങ്ങളുടെ പരിപാലനമാണ്. ഹൃദയ പരിപാലനത്തിലായി ആയുസ്സ് ചെലവഴിച്ച് അല്ലാഹവിന്‍റെ സന്നിധിയിലെത്തിയവരും ആമാശയ പരിപാലനത്തിലൂടെ ദേഹേഛയെ വളർത്തിയവനും ഒരിക്കലും സമമാകുകയില്ല. ഒരു കൂട്ടർ ആരാധനക്ക് അത്യാവശ്യമായവ മാത്രം ഭക്ഷിക്കുമ്പോൾ മറ്റൊരു കൂട്ടർക്ക് ഭക്ഷിക്കാനായി ലോകം മുഴുവനും ആവശ്യമായി വരുന്നു. വിശപ്പ് സ്വിദ്ദീഖീങ്ങളുടെ ഭക്ഷണമാണ്. മുരീദുകളുടെ മാർഗമാണ്. പിശാചുകൾക്കുള്ള ചങ്ങലയാണ്. ആദം (അ) സ്വർഗഭ്രഷ്ടനായത് തീറ്റ കാരണമാണല്ലോ.
ഇവിടെയെല്ലാം നാം വിശപ്പു കൊണ്ടുദ്ദേശിക്കുന്നത് തീറ്റയോടുള്ള ആർത്തി നിയന്ത്രിക്കുകയെന്നതാണ്. നിവിർത്തികേടു കൊണ്ടോ ദാരിദ്ര്യം കൊണ്ടോ തിന്നാതെ പട്ടിണി സഹിക്കുകയും ഭക്ഷണത്തോട് ആർത്തി വെക്കുകയും ചെയ്യുന്നവർ ഇതിൽ പെടുകയില്ല. അബുൽഅബ്ബാസ് അൽഖസ്സാബിന്‍റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: “അല്ലാഹുവിനെ ഞാൻ അനുസരിക്കുന്നതും ധിക്കരിക്കുന്നതും എന്‍റെ രണ്ടു പ്രവർത്തനങ്ങളെ ആസ്പദിച്ചിരിക്കുന്നു. ഞാൻ അമിത ഭോചനം നടത്തുമ്പോൾ എന്നിൽ ധിക്കാരത്തിന്‍റെ വേരുകൾ മുളക്കുന്നു. ഭക്ഷണത്തിൽ നിന്ന് ഞാൻ അകലം പാലിക്കുമ്പോൾ എന്നിൽ പൂർണ്ണ അനുസരണയുടെ അടിസ്ഥാനമുയർന്നു വരുന്നു.”
നോമ്പിനെ സംബന്ധിച്ചുള്ള സൂഫീ വായനകളിൽ ഏതാനും ചിലതാണ് മുകളിൽ നൽകിയത്. ഇപ്രകാരം ഒട്ടനവധി സൂഫീ വിശദീകരണങ്ങളും സൂചനാ വ്യാഖ്യാനങ്ങളും കണ്ടെത്താനാവും. നോമ്പിന്‍റെ ആത്മീയ വശം പൂർണമായും ഉൾകൊണ്ട് അത് അനുഷ്ഠിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.
Leave A Comment