ഇഖ്റഅ് 19. സ്വര്‍ഗ്ഗം കൊണ്ട് പോയ സഹോദരന്‍
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലെ കോടതിയില്‍ ഒരു കേസ് എത്തി. ഹൈസാന്‍ അല്‍ഹര്‍ബി എന്ന, എഴുതപത് കഴിഞ്ഞ ഒരു വൃദ്ധനും അയാളുടെ ഇളയ സഹോദരനും തമ്മിലുള്ള തര്‍ക്കമായിരുന്നു കേസിന്റെ വിഷയം. സഹോദരങ്ങള്‍ക്കിടയില്‍ സാധാരണ ഉണ്ടാവാറുള്ള തര്‍ക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി അത്യപൂര്‍വ്വമായ ഒരു തര്‍ക്കമായിരുന്നു അത്. നൂറ് കഴിഞ്ഞ, വന്ദ്യവയോധികയായ ഉമ്മയെ ആര് പരിപാലിക്കും എന്നതായിരുന്നു തര്‍ക്ക വിഷയം.
ഇത്രയും കാലം ഉമ്മയെ നോക്കിയത് താനാണെന്നും ആയതിനാല്‍ ശേഷിക്കുന്ന കാലവും ആ ഭാഗ്യം തനിക്ക് തന്നെ വേണമെന്നുമായിരുന്നു ഹൈസാന്റെ വാദം. അതേ സമയം, സഹോദരന് പ്രായമായിട്ടുണ്ടെന്നും ഭാര്യയോ മക്കളോ ഇല്ലാത്ത അദ്ദേഹത്തിന് വൃദ്ധയായ ഉമ്മയെ വേണ്ട വിധം പരിപാലിക്കാന്‍ സാധിക്കില്ലെന്നും അത് കൊണ്ട് ഇനിയെങ്കിലും ഉമ്മയെ തനിക്ക് വിട്ട് തരണമെന്നുമായിരുന്നു ഇളയ സഹോദരന്റെ വാദം.
ഇരു കക്ഷികളെയും കേട്ട കോടതി, അവസാനം ഹൈസാന്റെ പ്രായാധിക്യവും അവശതകളും മനസ്സിലാക്കി ഉമ്മയെ ചെറിയ സഹോദരന്റെ കൂടെ പറഞ്ഞയക്കുകയാണ് ചെയ്തത്. കരഞ്ഞ് കൊണ്ട് സഹോദരന്റെ കാറിനടുത്ത് വരെ ഉമ്മയെ എടുത്തുകൊണ്ടാക്കിയത് ഹൈസാന്‍ ആയിരുന്നു. ഉമ്മയെയും കൊണ്ട് പോവുന്ന ആ കാറ് നോക്കി, അദ്ദേഹം ഇങ്ങനെ പറഞ്ഞു, എന്റെ സ്വര്‍ഗ്ഗമാണല്ലോ അവന്‍ കൊണ്ട് പോയത്. ശേഷം അദ്ദേഹം പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ടേയിരുന്നു. ഈ രംഗം കണ്ട് അവിടെ കൂടിയവര്‍ക്കും കോടതി ഉദ്യോഗസ്ഥര്‍ക്കും കണ്ണീരടക്കാനായില്ല. സൗദി കോടതിയുടെ ചരിത്രത്തിലെ ഏറ്റവും അപൂര്‍വ്വമായ കേസ് എന്നാണ് ഇന്നും ഇത് അറിയപ്പെടുന്നത്.
Read More: ഇഖ്റഅ് 18.വിശ്വാസിക്ക് വാക്കുകള്‍ പാലിക്കാനുള്ളതാണ്
മാതാപിതൃപരിപാലനത്തിനും മറ്റു ബന്ധങ്ങള്‍ക്കും വലിയ വില നല്കുന്നവനാണ് വിശ്വാസി. മാതാവിന്റെ കാലിന്‍ കീഴിലാണ് സ്വര്‍ഗ്ഗം എന്നും വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാന്‍ ലഭിച്ചിട്ടും സ്വര്‍ഗ്ഗം നേടാനായില്ലെങ്കില്‍ അത് തീരാത്ത നഷ്ടമാണെന്നുമുള്ള പ്രവാചക വചനങ്ങളാണ് ഇത്തരം ഒരു സമൂഹത്തെ വാര്‍ത്തെടുത്തത്. മൂല്യങ്ങളില്‍ വിശ്വസിക്കാത്ത പലരും ഇന്ന് വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ കൊണ്ട് തള്ളുമ്പോള്‍, വിശ്വാസി വേറിട്ട് നില്ക്കുന്നത് ഇവയെല്ലാം കൊണ്ടാണ്.
മാതാപിതാക്കളെ പൊന്ന് പോലെ പരിപാലിക്കുന്നവനാണ് വിശ്വാസി. തന്നെ ചെറുപ്പകാലത്ത് ഏറെ കാരുണ്യത്തോടെയും വാല്‍സല്യത്തോടെയും പോറ്റി വളര്‍ത്തിയത് പോലെ അവരോടും നീ കാരുണ്യം കാണിക്കണെ എന്ന് അവര്‍ക്ക് വേണ്ടി സദാ പ്രാര്‍ത്ഥിക്കുന്നവന്‍. അവര്‍ വാര്‍ദ്ധക്യത്തിലെത്തി അവശരായി തന്നെ ആശ്രയിച്ച് നില്ക്കുന്ന വേളയില്‍ അവരോട് അനിഷ്ടത്തിന്റെ ഒരു വാക്ക് പോലും ഉരിയാടിയാല്‍ അത് ദൈവകോപത്തിന് കാരണമാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നവന്‍, അവരെ ശുശ്രൂഷിക്കുന്നതിലും സ്നേഹലാളനകളോടെ പരിപാലിക്കുന്നതിലും നാഥന്റെ സ്വര്‍ഗ്ഗാരാമങ്ങള്‍ കണ്ടെത്തുന്നവന്‍, അതാണ് യഥാര്‍ത്ഥത്തില്‍ ഓരോ വിശ്വാസിയും.
അത്തരം വിശ്വാസികളുടെ സമൂഹം എത്രമേല്‍ സാര്‍ത്ഥകവും ധന്യവുമായിരിക്കും. അത്തരം സമൂഹത്തിന്റെ ഭാഗമാവാന്‍ നമുക്കും ശ്രമിക്കാം, ഈ റമദാന്‍ അതിന് കൂടിയുള്ള അവസരമാവട്ടെ.



Leave A Comment