ധര്‍മ്മവിപ്ലവം നയിക്കുന്നവര്‍ക്ക് ഈ റമദാനില്‍ ബദ്റ് ഒരുക്കാനാവട്ടെ

റമദാന്‍ പടച്ചതമ്പുരാന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യകാലമാണെന്ന് എല്ലാവര്‍ക്കും അറിയാം. ലോകമുസ്‍ലിംകളില്‍ പലരും ഏറെ കഷ്ടതയാര്‍ന്ന രംഗങ്ങളിലൂടെ കടന്ന്പോവുന്നതിനിടെയാണ് ഈ റമദാന്‍ കടന്നുവരുന്നത്. പല രാഷ്ട്രങ്ങളിലും സ്വേഛാധിപതികള്‍ക്കെതിരെ വിപ്ലവങ്ങളും രക്ച്ചൊരിച്ചിലുകളും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നമ്മോടൊപ്പമുണ്ടായിരുന്നവരില്‍ പതിനായിരക്കണക്കിന് ആളുകളാണ് ഈ റമദാന്‍ ആയപ്പോഴേക്കും ഇത്തരം ധര്‍മ്മസമരങ്ങളിലൂടെ ജീവന്‍ വെടിഞ്ഞത്. ഈ വേളയില്‍ കടന്നുവരുന്ന റമദാന്‍ സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ കാലമാവണം നമുക്ക്.

റമദാന്‍ ഒരുക്കുന്ന വിശ്വാസവിപ്ലവം-

വിവിധ സല്‍കര്‍മ്മങ്ങളിലൂടെ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള മാസമാണ് വിശുദ്ധ റമദാന്‍. അര്‍ത്ഥമറിഞ്ഞ് ഈണത്തോടെയുള്ള ഖുര്‍ആന്‍ പാരായണം എത്ര നടത്തിയാലും മതിയാവാതെ വരുന്നു, എത്ര കേട്ടാലും കൊതി തീരാതെ വരുന്നു, അഞ്ച് നേരത്തെ നിസ്കാരങ്ങളും ആദ്യസമയത്ത് തന്നെ പള്ളിയിലെത്തി ഇമാമോടൊപ്പം നിസ്കരിക്കുന്നതിലൂടെ അനിര്‍വചനീയമായ നിര്‍വൃതി കൈവരിക്കുന്നു, ഏറെ നേരം നീളുന്ന തറാവീഹ് നിസ്കാരങ്ങളിലൂടെ ആത്മീയതയുടെ ഉത്തുംഗങ്ങളിലേക്ക് മനസ്സ് ചിറകടിച്ചുയരുന്നു, ദൈനം ദിന ജീവിതത്തിലേക്ക് ഇസ്‍ലാമിക നിഷ്ഠകളെയും ആചാരമര്യാദകളെയും പരമാവധി പരാവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നു, ദിക്റുകളും ഔറാദുകളുമായി ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടുന്നു, ഇവിടെയെല്ലാം സമ്പൂര്‍ണ്ണമായ വിശ്വാസവിപ്ലവമാണ് നാം സാധിച്ചെടുക്കുന്നത്.

റമദാന്‍ ഒരുക്കുന്ന സ്വഭാവവിപ്ലവം

 നോമ്പെടുക്കുന്ന വിശ്വാസി മുഴുവന്‍ തിന്മകളില്‍നിന്നും വിട്ടുനില്‍ക്കേണ്ടവനാണ്, കര്‍മ്മങ്ങളിലും വികാരവിചാരങ്ങളില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടവനാണവന്‍, അനാവശ്യപ്രവര്‍ത്തനങ്ങളിലോ സംസാരങ്ങളില്‍പോലുമോ സമയം ചെലവഴിക്കാതെ ശ്രദ്ധിക്കേണ്ടവനാണ് അവന്‍, തന്നോട് ആരെങ്കിലും ശണ്ഠക്കോ വഴക്കിനോ വന്നാല്‍, താന്‍ നോമ്പെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ആ സ്വഭാവവൈശിഷ്ട്യത്തിന്റെ മഹത്ത്വം ഇതരര്‍ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടവന്‍, ഇത്തരം ഒരു പിടി നിര്‍ദ്ദേശങ്ങളിലൂടെ സ്വഭാവരംഗത്തെ സമ്പൂര്‍ണ്ണ വിപ്ലവമാണ് റമദാന്‍ വിശ്വാസിലോകത്തിന് സമ്മാനിക്കുന്നത്.

റമദാന്‍ ഒരുക്കുന്ന പ്രബോധനവിപ്ലവം-

വിശ്വാസദൃഢത കൈവരിക്കുന്ന വിശ്വാസിക്കുന്ന തന്റെ സഹോദരനെ, മഹിതമായ ആ വിശ്വാസസംഹിതയിലേക്ക് സ്നേഹബുദ്ധ്യാ ക്ഷണിക്കാതിരിക്കാനാവില്ല. തന്റെ സ്നേഹിതന്‍ നരകാഗ്നിയില്‍ പെട്ടുപോകുന്നത് അവന്ന് ആലോചിക്കാന്‍ പോലുമാവില്ല. അത് കൊണ്ട് തന്നെ, ഇസ്‍ലാമിന്റെ വെള്ളിവെളിച്ചത്തിലേക്കെത്താന്‍ സൌഭാഗ്യം ലഭിക്കാത്തവരെ അവന്‍ ക്ഷണിക്കാതിരിക്കാനാവില്ല. അതിലുപരി, തന്റെ പ്രവര്‍ത്തനങ്ങളിലൂടെയും ആചാരമര്യാദകളിലൂടെയും റമദാന്‍ അവനില്‍ ഉണ്ടാക്കിയെടുക്കുന്ന സ്വഭാവവിപ്ലവത്തിന്റെ പ്രകടനത്തിലൂടെയും മറ്റുള്ളവര്‍ വിശുദ്ധ ഇസ്‍ലാമില്‍ ആകൃഷ്ടരാവാതിരിക്കില്ല. ഒരായിരം വാക്കുകളേക്കാള്‍ മനുഷ്യമനസ്സില്‍ സ്വാധീനം ചെലുത്താനാവുക, ആത്മാര്‍ത്ഥമായ ഒരു പ്രവര്‍ത്തനമോ പെരുമാറ്റമോ ആയേക്കാമെന്നതാണ് റമദാന്‍ സാധ്യമാക്കുന്ന പ്രബോധനവിപ്ലവം. തന്നോട് ശണ്ഠകൂടാന്‍ വരുന്നവനോട്, തനിക്ക് നോമ്പുണ്ടെന്ന് പറഞ്ഞ് പുഞ്ചിരിച്ച് പിന്മാറുമ്പോള്‍ അവിടെ സാധ്യമാവുന്നത് ഈ വിപ്ലവമാണ്. 

റമദാന്‍ ഒരുക്കുന്ന സഹകരണവിപ്ലവം-

പരസ്പര സഹകരണത്തിന്‍റെ സഹവര്‍ത്തിത്ത്വത്തിന്റെയും കേളീരംഗമാണ് വിശുദ്ധറമദാന്‍. സമൂഹ നോമ്പ് തുറകള്‍, അതിലൂടെ സാധ്യമാവുന്ന കൂട്ടുകുടുംബ സന്ദര്‍ശനങ്ങള്‍, സമൂഹത്തിലെ അംഗങ്ങള്‍ പരസ്പരമുള്ള സംഗമങ്ങള്‍, സകാതിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും ഇതരരുടെ പ്രയാസമകറ്റാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍, ചോദിച്ചുവരുന്ന ഒരാളെയും നിരാശരാക്കാതെ സമൂഹത്തിലൊന്നടങ്കം വഴിഞ്ഞൊഴുകുന്ന ദാനശീലം, ഇവയെല്ലാം തീര്‍ക്കുന്നത് പരസ്പര സഹകരണത്തിന്റെ സമസൃഷ്ടി സ്നേഹത്തിന്റെയും തുല്യതയില്ലാത്ത നിശബ്ദ വിപ്ലവങ്ങള്‍ തന്നെ.

റമദാന്‍ ഒരുക്കുന്ന മനോധൈര്യവിപ്ലവം-

വിശ്വാസിയുടെ മനോധൈര്യവും സ്ഥൈര്യവും ശതഗുണീഭവിക്കുന്നതാണ് വിശുദ്ധ റമദാന്‍. കൂടുതല്‍ സുകൃതങ്ങള്‍ ചെയ്യാനുള്ള സന്നദ്ധത, ചെയ്യുന്നവ കൃത്യമായി നിലനിര്‍ത്തിപ്പോരാനുള്ള സുമനസ്സ്, ദോഷങ്ങളില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കാനാവുമെന്ന് സ്വയം ആര്‍ജ്ജിച്ചെടുക്കുന്ന ആത്മബോധം, സമൂഹത്തിലെ പ്രശ്നബാധിതരുടെ നെടുവീര്‍പ്പുകള്‍ ദൂരീകരിക്കാനും ആവുംവിധം സമാശ്വാസത്തിന്റെ തലോടലുകള്‍ സമ്മാനിക്കാനുമുള്ള നിശ്ചയദാര്‍ഢ്യം, ഇതെല്ലാം വിശ്വാസിക്ക് സമ്മാനിക്കുകയാണ് വിശുദ്ധ റമദാന്‍ ചെയ്യുന്നത്.

റമദാന്‍ ഒരുക്കുന്ന ചലനവിപ്ലവം-

ബദ്റിന്റെ ഓര്‍മ്മകള്‍ കടന്നുവരുന്നത് വിശുദ്ധ റമദാനിലാണ്. വ്രതത്തിലൂടെ വിശ്വാസി ക്ഷീണിക്കുകയല്ല, മറിച്ച് പൂര്‍വ്വോപരി ശക്തനായിത്തീരുകയാണ് ചെയ്യുന്നതെന്ന സന്ദേശമാണ് ബദ്റ് നല്കുന്നത്, അധര്‍മ്മത്തിനും അനീതിക്കുമെതിരെ നിശബ്ദത പാലിക്കുന്നത് വിശ്വാസിയുടെ സ്വാഭവമല്ലെന്നതാണ് അത് നമ്മെ പഠിപ്പിക്കുന്നത്, അക്രമകാരികളുടെ അധീശത്വം പറിച്ചെറിയണമെന്നും അതിനായി ജീവന്‍ വരെ ത്യജിക്കേണ്ടിവന്നാല്‍പോലും പിന്മാറിക്കൂടയെന്നുമാണ് അത് നമ്മെ ബോധിപ്പിക്കുന്നത്, തങ്ങളാഗ്രഹിക്കുന്ന പരിവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങേണ്ടത് തങ്ങള്‍ തന്നെയാണെന്നും അപ്പോള്‍ മാത്രമാണ് അല്ലാഹുവിന്റെ സഹായം കൂടെവരുന്നതെന്നുമാണ് അത് നമ്മോട് വിളിച്ച് പറയുന്നത്, അഥവാ, വിശുദ്ധ റമദാന്‍ വിളിക്കുന്നത് ചലനാത്മകമായ പരിവര്‍ത്തനങ്ങളിലേക്കും വിപ്ലവങ്ങളിലേക്കും കൂടിയാണെന്നര്‍ത്ഥം. ഈ വിശുദ്ധ റമദാനിലൂടെ ഇത്തരം വിവിധ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിച്ച് ഉത്തമസമൂഹത്തിന്റെ പുനസൃഷ്ടി സാധ്യമാവട്ടെ എന്ന് നമുക്ക് ആശംസിക്കാം. സാമൂഹ്യപരിവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം ധര്‍മ്മസമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കെല്ലാം ഈ വിശുദ്ധ റമദാനില്‍ ബദ്റ് ആവര്‍ത്തിക്കാന്‍ സാധ്യമാവട്ടെ എന്ന് നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter