ആസിയ ബീവി ചരിത്രാഖ്യായിക (ഭാഗം ഏഴ്)
7. വിശ്വാസത്തിന്റെ പ്രതിഫലം

കാലങ്ങളായി ഫറോവയുടെ കൊട്ടാരത്തിലെ പരിചാരകരായിരുന്നു മാശിഥയും ഭര്‍ത്താവ് ഹിസ്ഖീലും. കൊട്ടാരത്തിലെ സുപ്രധാനമായ ജോലികളാണ് ഹിസ്ഖീല്‍ ചെയ്തിരുന്നത്. ഫറോവയുടെ പെണ്‍കുട്ടികളെ പരിപാലിക്കലായിരുന്നു മാശിഥയുടെ ചുമതല. 

കാലങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ കൊട്ടാരത്തിലെ എല്ലാ കാര്യങ്ങളും അവര്‍ക്ക് നല്ലപോലെ അറിയാം. 

ഫറോവയുടെ സര്‍വ്വ രഹസ്യങ്ങളും അവര്‍ക്ക് പരസ്യമാണ്.  അയാളുടെ ക്രൂരതയും നെറികേടുകളും നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. അതിനാല്‍, മാനസികമായി അയാളില്‍ ഒട്ടും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. 

ആയിടെയാണ് മൂസ നബി (അ) സത്യ സന്ദേശവുമായി കടന്നുവരുന്നത്. 

ഈ വിവരം ദമ്പതികള്‍ വളരെ വേഗത്തില്‍ത്തന്നെ മണത്തറിഞ്ഞു. ഫറോവ പ്രചരിപ്പിക്കുന്ന ആള്‍ദൈവ വിശ്വാസത്തിനു പകരം  യഥാര്‍ത്ഥ നാഥനെ കണ്ടെത്തി ആരാധിക്കാന്‍ അവര്‍ അഗ്രഹിച്ചു.  പരിചയപ്പെട്ടുനോക്കുമ്പോള്‍ മൂസ നബിയുടെ സന്ദേശം ശരിക്കും അതായിരുന്നു. അല്ലാഹുവിന്റെ ഏകത്വവും നബിയുടെ പ്രവാചകത്വവുമാണ് അവര്‍ പ്രചരിപ്പിച്ചിരുന്നത്. 

പിന്നെ, ഒട്ടും കാത്തുനിന്നില്ല. മാശിഥയും ഹിസ്ഖീലും മൂസ നബിയില്‍ വിശ്വസിച്ചു. അല്ലാഹു ഏകനാണെന്നും മൂസ നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും അവര്‍ ഏറ്റു പറഞ്ഞു. വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ ഓരോന്നായി മനസ്സിലാക്കി. അവ ജീവിതത്തില്‍ പകര്‍ത്തി ഫറോവയുടെ കൊട്ടാരത്തില്‍ ജീവിക്കാന്‍ തുടങ്ങി.

പക്ഷെ, ഈ വിവരം മറ്റാര്‍ക്കും അറിയുമായിരുന്നില്ല. വളരെ രഹസ്യമായിട്ടായിരുന്നു ഹിസ്ഖീലിന്റെയും മാശിഥയുടെയും ഇസ്‌ലാമാശ്ലേഷണം. കൊട്ടാരത്തില്‍തന്നെ ആരാരും കാണാതെയാണ് അവര്‍ തങ്ങളുടെ ആരാധനാമുറകള്‍ നിര്‍വഹിച്ചിരുന്നത്. 

പക്ഷെ, ആ ഹൃദയങ്ങള്‍ ഇസ്‌ലാമിക ചിന്തയാല്‍ തുളുമ്പി  നില്‍ക്കുകയായിരുന്നു. സദാ ദൈവ സ്മരണകളാണ് അതില്‍ നിറഞ്ഞുനിന്നിരുന്നത്. എന്തു ചെയ്യുമ്പോഴും ആ മഹല്‍ മൊഴികള്‍ അവരുടെ നാവിനെ നനച്ചുകൊണ്ടിരുന്നു. 

അങ്ങനെയിരിക്കെ, ഒരു ദിവസം. ഹിസ്ഖീല്‍ തന്റെ ദിവ്യത്വം അംഗീകരിക്കുന്നില്ലെന്നും പകരം മൂസയുടെ ദൈവത്തെ ആരാധിക്കുകയാണെന്നുമുള്ള വിവരം ഫിര്‍ഔന്റെ ചെവിയിലെത്തി. 

അയാള്‍ കോപംകൊണ്ട് വിറച്ചു.

തന്റെ സ്വന്തം ആളായിരുന്നിട്ടും യാതൊരു പരിഗണനയുമുണ്ടായില്ല. ദയ കാണിച്ചതുമില്ല.

എന്തിനും തയ്യാറായി നില്‍ക്കുന്ന പട്ടാളത്തെ അടുത്തു വിളിക്കുകയും അവരെ കൊന്നുകളയാന്‍ കല്‍പന നല്‍കുകയും ചെയ്തു. 

ഹിസ്ഖീലിനു പക്ഷെ, തന്റെ വിശ്വാസത്തില്‍ കവിഞ്ഞ് സുപ്രധാനമായി മറ്റൊന്നുമില്ലായിരുന്നു. അവര്‍ തന്റെ വിശ്വാസത്തില്‍ ഉറച്ചു നിന്നു. പട്ടാളം അദ്ദേഹത്തെ നിഷ്‌കരുണം വധിച്ചുകളഞ്ഞു... റൂഹ് പോയി അവസാന പിടച്ചില്‍ നടക്കുമ്പോള്‍ ആ നാവുകള്‍ അല്ലാഹു അഹദ് എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. 

ഭര്‍ത്താവിന്റെ വേര്‍പാട് മാശിഥയെ തെല്ലൊന്നുമല്ല ബാധിച്ചത്. പക്ഷെ, സത്യത്തിനു വേണ്ടിയുള്ള ആ രക്തസാക്ഷിത്വം സഹിക്കാന്‍ സത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന അവര്‍ക്ക് കഴിയുമായിരുന്നു. 

തന്റെ കുഞ്ഞുങ്ങളെയും കൂടെ പിടിച്ച് ആ ഉമ്മ ഫറോവയുടെ കൊട്ടാരത്തില്‍തന്നെ ദിവസങ്ങള്‍ എണ്ണി കഴിഞ്ഞുകൂടി. 

അല്ലാഹുവില്‍ അചഞ്ചല വിശ്വാസം നിലനിര്‍ത്തിയിരുന്ന മഹതി പക്ഷെ, അത് കഴിയും വിധം മറച്ചുവെച്ചു. തന്റെ ജോലികളില്‍ മുഴുകി ജീവിച്ചുകൊണ്ടിരുന്നു. 

അതിനിടെ ഒരു സംഭവമുണ്ടായി. ഒരിക്കല്‍ ഫിര്‍ഔന്റെ ഒരു മകളുടെ മുടി ചീകിക്കൊണ്ടിരിക്കുകയായിരുന്നു മഹതി. പെട്ടന്ന് കൈയില്‍നിന്നും ചീര്‍പ്പ് താഴെ വീണുപോയി. അവര്‍ ബിസ്മി ചൊല്ലി അതെടുത്തു. വീണ്ടും ജോലി തുടര്‍ന്നു. 

ഇത് ഫിര്‍ഔന്റെ മകള്‍ കേള്‍ക്കാനിടയായി. 

''എന്താണ് നിങ്ങള്‍ പറഞ്ഞത്?'' അവള്‍ ചോദിച്ചു.

''ബിസ്മില്ലാഹ്............ എന്ന്''

''അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ പിതാവല്ലാതെ വേറെ ദൈവമുണ്ടോ?''

''തീര്‍ച്ചയായും. എന്നെയും നിന്റെ പിതാവിനെയും സൃഷ്ടിച്ച ലോക രക്ഷിതാവായ അല്ലാഹു. അവനാണ് എല്ലാവരുടെയും ദൈവം.'' അവര്‍ അല്‍പം ശബ്ദമുയര്‍ത്തി പറഞ്ഞു. 

മകള്‍ക്ക് അല്‍ഭുതം... അവള്‍ ഉടനെ പിതാവിന് അടുത്തു ചെന്ന് വിവരം അറിയിച്ചു. 

''തന്റെ കൊട്ടാരത്തില്‍ തന്നെ ദൈവമായി അംഗീകരിക്കാത്തവരോ?'' അയാള്‍ക്ക് സഹിക്കാനായില്ല.

താമസിയാതെ അവളെ മുന്നിലെത്തിക്കാന്‍ ഉത്തരവായി.  

മാശിഥ ബീവി മുമ്പില്‍ കൊണ്ടുവരപ്പെട്ടു. 

''ആരാണ് നിന്റെ രക്ഷിതാവ്?'' ഫിര്‍ഔന്റെ ചോദ്യം.

''എന്റെയും നിന്റെയും രക്ഷിതാവായ അല്ലാഹു...'' മാശിഥ ബീവി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. 

''ഇത് നിനക്ക് എവിടെന്നു കിട്ടിയതാണ്? ഞാനല്ലാതെ മറ്റൊരു ദൈവമോ? ഏതായിരുന്നാലും, ഇതില്‍നിന്നും പിന്‍മാറുന്നതായിരിക്കും നിനക്ക് നല്ലത്. അല്ലാത്ത പക്ഷം, വേദനാജനകമായ ശിക്ഷക്ക് പാത്രീഭൂതനാവേണ്ടി വരും.''

''ഇല്ല, ഒരിക്കലുമില്ല. എന്റെ വിശ്വാസം മാറ്റിവെച്ചുള്ള കളിയില്ല. അല്ലാഹുവാണ് എന്നെയും നിങ്ങളെയും സൃഷ്ടിച്ചത്. അവനാണ് നമ്മുടെയെല്ലാം രക്ഷിതാവ്. അതിനാല്‍, അവനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. ഈ വിശ്വാസത്തില്‍നിന്നും ഒരടി പിന്നോട്ടു നില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല.'' മാശിഥ ബീവി തീര്‍ത്തുപറഞ്ഞു.

ഫിര്‍ഔന്‍ വികാര വിജൃംഭിതനായി. ഒരു പാവം പെണ്ണിനു മുമ്പില്‍ അയാളുടെ ധിക്കാരത്തിന്റെ അണക്കെട്ട് പൊട്ടിയൊലിച്ചു. 

പട്ടാളത്തെ വിളിച്ച് മഹതിയുടെ കൈകാലുകള്‍ ബന്ധിച്ചു. ശക്തമായി പീഢിപ്പിക്കാന്‍ തുടങ്ങി... 

തുടര്‍ച്ചയായ അടിയും തൊഴിയും... പിന്നെ, നിരന്തരമായ അവഹേളനങ്ങളും...

മഹതി വേദനകൊണ്ട് പുളഞ്ഞു. 

ആരോടും പറയാനില്ല. ആരില്‍നിന്നും സഹായം പ്രദീക്ഷിക്കാനുമില്ല... ധിക്കാരിയും തെമ്മാടിയുമായ ഒരു രാജാവിനു മുമ്പിലാണ് എത്തിപ്പെട്ടിരിക്കുന്നത്. അവര്‍ അല്ലാഹുവിനെ മാത്രം മനസ്സില്‍ വിചാരിച്ച് എല്ലാം സഹിച്ചു. 

''ഇനി നീ അതില്‍നിന്നും പിന്‍മാറാന്‍ തയ്യാറാണോ?'' ഒടുവില്‍ ഫറോവയുടെ ഒരു ചോദ്യവും.

മഹതി ആ ചോദ്യം മുഖവിലക്കെടുത്തതേയില്ല. ''നിങ്ങള്‍ എന്നെ എന്തുതന്നെ ചെയ്താലും എനിക്കത് വിഷയമല്ല. ഞാന്‍ എന്റെ വിശ്വാസത്തില്‍നിന്നും അണു അളവ് പിന്നോട്ടടിക്കുന്ന പ്രശ്‌നമില്ല. ഇത് തീര്‍ച്ചയാണ്... തീര്‍ച്ച.'' അവര്‍ തീര്‍ത്തു പറഞ്ഞു.

ഫിര്‍ഔന്‍ പ്രദീക്ഷിച്ചതിലും അപ്പുറത്തായിരുന്നു മഹതിയുടെ നിശ്ചയ ദാര്‍ഢ്യം. 

അയാള്‍ക്ക് ഉള്ളിലെ രക്തദാഹി ഉണര്‍ന്നു. 

''ഇവളരെ ഒരു പാഠം പഠിപ്പിക്കണം... മാതൃകാപരമായ ശിക്ഷ നല്‍കണം... ഇനി, ഒരാളും തന്നെ ഈ കൊട്ടാരത്തില്‍നിന്നും മൂസയുടെ പിന്നാലെ പോകാന്‍ പാടില്ല. ഇന്നത്തതോടുകൂടി ഈജിപ്തില്‍ തന്നെ അങ്ങനെയൊരു ആഗ്രഹവും വെച്ച് നില്‍ക്കുന്നവര്‍ ഉണ്ടാവരുത്...'' അയാള്‍ ചിന്തിച്ചു. 

ഒരു മനുഷ്യനു നല്‍കാവുന്നതില്‍വെച്ച് ഏറ്റവും ശക്തവും വേദനാജനകവുമായ ശിക്ഷ നല്‍കണമെന്നതായിരുന്നു അയാളുടെ പദ്ധതി... പക്ഷെ, അത് എന്തായിരിക്കണം?

ഒടുവില്‍, അയാള്‍ തന്നെ അത് കണ്ടെത്തി...

തിളപ്പിച്ച എണ്ണയില്‍ മുക്കിക്കൊല്ലുക...!! 

ഒരു ക്രൂരനും തെമ്മാടിയും ഒട്ടും മനുഷ്യപ്പറ്റ് ഇല്ലാത്തവനുമായ ഒരാള്‍ക്കു മാത്രം ചെയ്യാവുന്ന ശിക്ഷ...!

ആ കാഴ്ച കാണാന്‍ ആ ക്രൂര മനസ്സ് വെമ്പല്‍ കൊണ്ടു.

അടുത്ത നിമിഷം. ഒരു വലിയ കൃത്യനിര്‍വഹണത്തിനെന്നപോലെ പട്ടാളം ഒരുങ്ങിയെത്തി... 

കൊട്ടാരത്തില്‍നിന്നും വളരെ അകലെയായി വലിയൊരു ചെമ്പ് സംവിധാനിക്കപ്പെട്ടു. വലിയൊരു അടുപ്പും. അതില്‍ അഗ്നി കത്തിയാളി. അടുപ്പ് ചുട്ടുപഴുത്തപ്പോള്‍ ചെമ്പ് അതില്‍വെച്ച് നിറയെ എണ്ണയൊഴിച്ചു. 

സമയം പിന്നിടും തോറും ശക്തമായ ചൂടില്‍ എണ്ണ തിളച്ചുമറിയാന്‍ തുടങ്ങി. 

അഗ്നി കൂടി കൂടി വരികയാണ്. എണ്ണയുടെ ചൂട് ഇരട്ടി ഇരട്ടിയായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. വല്ല വസ്തുവും അതില്‍ പതിക്കുന്ന പക്ഷം ഉരുക്കി ഇല്ലാതെയാക്കാന്‍ മാത്രം ചൂട് കൈവന്നു...

ആ തിളച്ചിലിന്റെയും പൊട്ടിത്തെറിയുടെയും ഭയാനകത കാരണം പരിസരത്തുപോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ... അടുക്കാന്‍ പറ്റാത്ത ചൂടും...

മാശിഥ ബീവി ഇതെല്ലാം നല്ലപോലെ കാണുന്നുണ്ടായിരുന്നു.  തന്റെ അന്ത്യം ഇതിലായിരിക്കുമെന്നും അത് അടുത്തിരിക്കുന്നുവെന്നും മഹതിക്കു നന്നായി അറിയാം. പക്ഷെ, ആ മനസ്സ് അല്ലാഹു എന്ന ചിന്തയില്‍നിന്നും വിട്ടകന്നതേയില്ല... ഭൗതികതയുടെ സര്‍വ്വ സുഖങ്ങളും മറന്ന് അവനെ കണ്ടെത്തുന്ന ആ ലോകത്തേക്കു മാത്രം കണ്ണും നട്ട് അവര്‍ നിന്നു. 

അപ്പോഴാണ് ഫിര്‍ഔന്റെ ആജ്ഞപ്രകാരം മഹതിയുടെ അഞ്ചു മക്കളെ കൊണ്ടുവരപ്പെടുന്നത്... ചുറുചുറുക്കുള്ള അഞ്ച് ആണ്‍കുട്ടികള്‍... 

ഉമ്മയെ കാണേണ്ട താമസം അവര്‍ ഓടിവന്ന് മഹതിയുടെ ചുറ്റും കൂടി. കൈയും വസ്ത്രവും പിടിച്ച് അവരോട് ചേര്‍ന്നു നിന്നു. 

മഹതി ആ കണ്ണുകള്‍ ശ്രദ്ധിച്ചു നോക്കി. തീര്‍ത്തും നിഷ്‌കളങ്കത മുറ്റിനില്‍ക്കുന്ന പാവം കുഞ്ഞുങ്ങള്‍... രണ്ടു പേര്‍ വളരെ ചെറുതാണ്... ഒന്ന് കൈക്കുഞ്ഞ്... മറ്റേത് നടന്നു തുടങ്ങിയതേയുള്ളൂ... ഉമ്മയുടെ ചൂടും ലാളനയും അനിവാര്യമായ പ്രായം...

മഹതിയുടെ ഉള്ളില്‍ ഒരായിരം ചിന്തകള്‍ കടന്നുപോയി. പിതാവ് മുമ്പേ നഷ്ടപ്പെട്ടതാണ്... പിന്നെ, താനാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്... ഇപ്പോഴിതാ ഒരു ദുരന്ത മുഖത്ത് എത്തിപ്പെട്ടിരിക്കുന്നു... പാവം കുഞ്ഞുങ്ങളും ഇതിന് ഇരയാകുമോ...

അവര്‍ക്ക് ചിന്തിച്ചിട്ട് മനസ്സിന് ഒരു സുഖവും കിട്ടുന്നില്ല... മക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍ മാത്രം... കുഞ്ഞുങ്ങളല്ലേ... ഇനിയും ഒരുപാട് ജീവിക്കേണ്ടവര്‍...

പക്ഷെ, ഈ ധിക്കാരിക്കു മുമ്പില്‍ എന്തു കുഞ്ഞുങ്ങള്‍...എന്തു മനുഷ്യന്മാര്‍...!!

അയാളെ സംബന്ധിച്ചിടത്തോളം താനല്ലാത്തതെല്ലാം എന്തുമാവാം എന്നുള്ളതാണ്... അയാളുടെ ധിക്കാരത്തിന്റെ ഊക്ക് അത്രമാത്രമായിരുന്നു... 

അങ്ങനെയിരിക്കെ, പെട്ടന്ന് കൂട്ടത്തില്‍നിന്നും മൂത്ത മകനെ പട്ടാളം പിടിച്ചുവലിച്ചു... ഉരുക്കു പോലോത്ത ആ കരങ്ങള്‍ പതിഞ്ഞപ്പോള്‍തന്നെ ആ പൂവല്‍ മേനി ഭയത്താല്‍ ഉരുകിത്തീര്‍ന്നിരുന്നു... ഹിംസ്രജന്തുക്കളുടെ കരങ്ങളിലകപ്പെട്ട മാന്‍പേടയെപ്പോലെ ആ കൊച്ച് അവിടെ കിടന്ന് പിടഞ്ഞ് നോക്കി... പക്ഷെ, എന്തു ഫലം...

കണ്ണില്‍ ചോരയില്ലാത്ത ആ ധിക്കാരികള്‍ക്കുണ്ടോ ദയയാര്‍ന്ന വല്ല സമീപനവും...! വിശപ്പാര്‍ന്ന ചെന്നായ്ക്കളെപ്പോലെ യാതൊന്നും നോക്കാതെ അവര്‍ മുന്നോട്ടായുകയാണ്...

ആ കുരുന്നിനെ അവര്‍ ഉയര്‍ത്തിയെടുത്ത് തിളച്ചുമറിയുന്ന എണ്ണയിലേക്കു വലിച്ചെറിഞ്ഞു.

കത്തിജ്ജ്വലിച്ച് നില്‍ക്കുന്ന എണ്ണ... തൊട്ടാല്‍ തന്നെ ഉരുകിത്തീരുന്ന ചൂട്... ആ ശരീരം എണ്ണയില്‍ വീണതേയുള്ളൂ, പിടിഞ്ഞു പിടഞ്ഞ് തീര്‍ന്നു... പിന്നെ, ഒരു ചലനവുമുണ്ടായില്ല... ഇറച്ചി വെന്തുരുകി തീര്‍ന്നുപോയി... എങ്ങും പച്ചിറച്ചി കത്തുന്നതിന്റെ ഗന്ധം... പിന്നെ,  എല്ലു കൂട്ടങ്ങള്‍ മാത്രമേ പാത്രത്തില്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ... 

സുബ്ഹാനല്ലാഹ്....

കണ്ണുകള്‍ക്ക് കാണാനും ഉള്‍കൊള്ളാനും കഴിയുന്നതിന് അപ്പുറത്തായിരുന്നു ഈ കാഴ്ച...

നിസ്സഹായിയായ പാവം ഉമ്മക്ക് ഇത് നോക്കി നില്‍ക്കാന്‍ കഴിഞ്ഞില്ല... ആ കണ്ണുകള്‍ തള്ളിപ്പോയി... ഹൃദയം തകര്‍ന്നു... മനസ്സ് പൊട്ടി... 

പത്തു മാസം ഗര്‍ഭം ചുമന്ന് നൊമ്പരപ്പെട്ട് പ്രസവിച്ച്, സ്‌നേഹ ലാളനയോടെ പോറ്റിവളര്‍ത്തിയ കുഞ്ഞ്... ഇപ്പോള്‍, ഉമ്മാ, എന്നൊരു ആര്‍പ്പുവിളിക്കുപോലും അവസരം നല്‍കാത്ത വിധം ക്രൂരമായി വധിക്കപ്പെടുന്നു...

മഹതി പിടിച്ചുനില്‍ക്കാനാവാതെ തേങ്ങിത്തേങ്ങി കരഞ്ഞുപോയി. ഇതിനൊന്നും യാതൊരു പരിഹാരവുമില്ല, അല്ലാഹുവിനോട് സഹായം ചോദിക്കുകയല്ലാതെ...അവര്‍ക്കത് നല്ലപോലെ അറിയുമായിരുന്നു. കണ്ണീരൊഴുക്കിക്കൊണ്ട് മഹതി തന്റെ കൊച്ചു കുഞ്ഞിനെ മാറിലേക്ക് ചേര്‍ത്തുപിടിച്ച് അല്ലാഹുവിനോട് മനസ്സുരുകി പ്രാര്‍ത്ഥിച്ചു; നാഥാ, ഇത് നിന്റെ മാര്‍ഗത്തിലാണ്. അതിനാല്‍, ക്ഷമിക്കാനുള്ള കരുത്ത് നല്‍കേണമേയെന്ന്...

ഇക്കാക്ക തിളച്ച എണ്ണയില്‍ പിടഞ്ഞ് മരിക്കുന്നത് കൊച്ചനുജന്മാര്‍ കാണുന്നുണ്ടായിരുന്നു. ഇക്ക പിടഞ്ഞ് തുള്ളുന്നത് കണ്ട സഹിക്കാനാവാത്ത അവര്‍ കണ്ണുകള്‍ ചിമ്മി ഉമ്മയെ വാരിപ്പുണര്‍ന്ന് നിന്നു... ഒരക്ഷരം പോലും ഉരിയാടാന്‍ അവര്‍ക്ക് വായില്‍നിന്നും ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല. അത്രമാത്രം ഭയാനകമായിരുന്നു ആ കാഴ്ചകള്‍...

''ഇനി, നീ നിന്റെ പുതിയ മതത്തില്‍നിന്നും പിന്‍മാറാന്‍ തയ്യാറാണോ?'' അതിനിടെ ഫിര്‍ഔന്‍ ധിക്കാര ഭാവത്തില്‍ മുന്നോട്ടു വന്ന് ചോദിച്ചു. 

''ഇല്ല...'' മഹതി ഭാവ വിത്യാസമില്ലാതെ പറഞ്ഞു.

''എങ്കില്‍, ഓരോ കുഞ്ഞും ഇതുപോലെ പിടഞ്ഞ് മരിക്കും... ഒടുവില്‍ നീയും...'' അയാള്‍ ഓര്‍മിപ്പിച്ചു.

''.........................'' 

മഹതി ഒന്നും മിണ്ടിയില്ല. ഈ ധിക്കാരത്തിനെല്ലാമുള്ള പ്രതികാരം നാളെ അല്ലാഹുവിനു മുമ്പില്‍ കാണാം എന്ന ഭാവത്തില്‍ തല താഴ്ത്തി.

''തുടരുക...'' ഫിര്‍ഔന്റെ അട്ടഹാസം.

പട്ടാളം മുന്നോട്ടു വന്ന് രണ്ടാമത്തെ കുഞ്ഞിനെയും കൂട്ടത്തില്‍നിന്നും അടര്‍ത്തിയെടുത്തു... 

ചുവന്നു തുടുത്ത കണ്ണുകളുമായി അവന്‍ വാവിട്ടു കരയുന്നുണ്ടായിരുന്നു... പേടിച്ച് വിറച്ച് ശരീരം ഒരു കൊച്ചു മാടപ്രാവിനെപോലെ ചുരുങ്ങിയിരിക്കുന്നു...

പട്ടാളം ഇടവും വലവും നോക്കാതെ അവനെയും തിളച്ചുമറിയുന്ന ചെമ്പിലേക്ക് വലിച്ചെറിഞ്ഞു. ചൂടുള്ള എണ്ണ തെറിച്ചു വീണു. നിമിഷാര്‍ദ്ധങ്ങള്‍കൊണ്ട് എല്ലു കോലങ്ങളായി അതും പരിണമിച്ചു. 

''ഇനി മാറാന്‍ തയ്യാറുണ്ടോ?'' ഫിര്‍ഔന്റെ ചോദ്യമുയര്‍ന്നു.

''ഇല്ല...'' മഹതിയുടെ പ്രതികരണത്തില്‍ മാറ്റമുണ്ടായിരുന്നില്ല.

പട്ടാളം മൂന്നാമത്തെ കുഞ്ഞിനു നേരെയെത്തി. അവനെയും മുമ്പത്തേതു പോലെ തിളച്ചുമറിയുന്ന എണ്ണയിലിട്ട് വറുത്തെടുത്തു. 

നിരപരാധികളായ കുഞ്ഞുങ്ങളുടെ വേദനാജനകമായ അന്ത്യമോര്‍ത്ത് പാവം ഉമ്മ വിതുമ്പിക്കൊണ്ടിരുന്നു. അനിന്ത്രിതമായ സങ്കടത്താല്‍ ആ കണ്ണുകള്‍ കുത്തിയൊലിക്കുന്നുണ്ടായിരുന്നു. 

നടക്കാന്‍ മാത്രം പ്രായമായ നാലാമത്തെ കൊച്ചിനെ പിടിക്കാനാണ് കഴുകക്കണ്ണുകളുമായി ഫറോവയുടെ പിശാചുക്കള്‍ പിന്നെ വന്നത്. ഉമ്മയുടെ വസ്ത്രം ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന അവനെ പട്ടാളം പിടിച്ചു വലിച്ചു. എട്ടും പൊട്ടും തിരിയാത്ത കൊച്ചു പയ്യന്‍... എന്താണ് സംഭവമെന്നുപോലുമറിയാതെ ഉമ്മയെ കെട്ടിപ്പിടിച്ചു നില്‍ക്കുകയാണ്... തന്റെ ഇക്കാക്കമാര്‍ക്കു വന്ന പരിണതി കണ്ട് അവന് എന്തൊക്കെയോ ചിലത് മനസ്സിലായിരുന്നു...

പട്ടാളം പിടിച്ചു വലിക്കേണ്ട താമസം ആ കൊച്ചു കണ്ണുകളില്‍നിന്നും ചുടുഭാഷ്പങ്ങള്‍ ഇറ്റിറ്റിവീണു. അത് നേരെ ചെന്നു പതിച്ചത് ഉമ്മയുടെ പാദങ്ങളിലാണ്. ഉമ്മയുടെ ഉള്ളകം വിറച്ചുപോയി... ആ കൊച്ചു കുഞ്ഞിന്റെ സങ്കടവും വേദനയും അവര്‍ ഓര്‍ത്തു.  ഒന്നുമറിയാത്ത പൈതല്‍... പിടഞ്ഞ് പിടഞ്ഞ് കരയുകയാണ്... എന്നിട്ടും ആ പിശാചുക്കള്‍ക്ക് യാതൊരു ദയയും തോന്നുന്നില്ലല്ലോ...!

പട്ടാളം അവനെയും എണ്ണയിലേക്കു വലിച്ചെറിഞ്ഞു. ഒരു പിടച്ചിലിനു പോലും ആവതില്ലാത്ത വിധം ആ കുഞ്ഞ് എണ്ണയില്‍ മുങ്ങിത്താഴ്ന്നു. 

ഒന്നുമറിയാതെ ഉമ്മയുടെ മാറിടത്തില്‍ പാല്‍ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍ അഞ്ചാമത്തെ കുഞ്ഞ്. ഹിംസ്ര ജന്തുക്കളെപ്പോലും വെല്ലുന്ന ആ ദംഷ്ട്രകള്‍ പിന്നീട് അവനു നേരെയാണ് നീണ്ടത്. കാലിന്റെ ചുകപ്പ് മാറാത്ത കൊച്ചു പൈതന്‍... ആ ചുണ്ടുകളില്‍ അമ്മിഞ്ഞപ്പാലിന്റെ കണങ്ങള്‍ മുത്തുമുണികള്‍ പോലെ തിളങ്ങിനില്‍ക്കുന്നുണ്ടായിരുന്നു.

സ്വന്തം മാറിടത്തില്‍നിന്നും അവനെക്കൂടി പട്ടാളം വലിച്ചെടുത്തതോടെ മാശിഥയുടെ ഭാവം മാറി... ക്ഷമയുടെ അണക്കെട്ടുകള്‍ തകര്‍ന്നു. സങ്കടം അടക്കി നിര്‍ത്താനാവാതെ ആ കണ്ണുകള്‍ കുത്തിയൊലിച്ചു. ഒപ്പം തന്നെത്തന്നെ നിയന്ത്രിക്കാനാവാത്ത വല്ലായ്മയും....

അപ്പോഴാണ് ഒരല്‍ഭുതം സംഭവിച്ചത്. ഇതെല്ലാം കാണുകയും അറിയുകയും ചെയ്തിട്ടെന്ന ഭാവത്തില്‍ ആ കൊച്ചു കുഞ്ഞ് സംസാരിച്ചു: 

''ഉമ്മാ, ക്ഷമിക്കുക... അങ്ങ് സത്യത്തിനു മേലാണ്''

പട്ടാളം അല്‍ഭുതപ്പെട്ടുപോയി. കുഞ്ഞുങ്ങള്‍ സംസാരിച്ച സംഭവം ചരിത്രത്തില്‍ വളരെ കുറച്ചേ സംഭവിച്ചിട്ടുള്ളൂ. അതിലൊന്നായിരുന്നു ഇത്. 

ഉമ്മക്ക് സമാധാനമായി. അവര്‍ക്ക് ആകെയുണ്ടായിരുന്ന സങ്കടം മക്കളുടേതു മാത്രമായിരുന്നു. അവര്‍ സന്തുഷ്ടരാണെങ്കില്‍ പിന്നെ മറ്റെന്തു പ്രശ്‌നം... അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള മരണം അവര്‍ക്ക് പണ്ടേ പ്രശ്‌നമായിരുന്നില്ല... അതായിരുന്നു അവരുടെ ആഗ്രഹവും... 

തന്റെ അവസാന പൈതലും തിളക്കുന്ന എണ്ണയില്‍ മുങ്ങിത്താഴുന്നത് ആ ഉമ്മ കണ്ടു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എല്ലാം സഹിച്ച് അടുത്ത തന്റെ ഊഴത്തിനായി അവര്‍ തയ്യാറായി. 

താന്‍ സ്‌നേഹ ലാളനയോടെ പോറ്റി വളര്‍ത്തിയ അഞ്ചു മക്കളും മരിച്ചിരിക്കുന്നു. നൂറു നൂറു സ്വപ്നങ്ങള്‍ കണ്ട ആ കൊച്ചുകണ്ണുകളെല്ലാം അടഞ്ഞിരിക്കയാണ്... ഇനി ബാക്കിയുള്ളത് താന്‍ മാത്രം... എല്ലാവരും അല്ലാഹുവിങ്കലേക്കു പറന്നകന്നതില്‍പിന്നെ അവരും എത്രയും വേഗം ആ സാമീപ്യം പുല്‍കാനാണ് ആഗ്രഹിച്ചത്. 

അവസാനമായി ഫറോവ വന്നു ചോദിച്ചു: ''നിന്റെ മതത്തെ കൈവെടിയുകയും മൂസയെ തള്ളിപ്പറയുകയും ചെയ്യുന്ന പക്ഷം നിന്നെ വെറുതെ വിടാം. തയ്യാറാണോ?''

''തയ്യാറല്ല...'' മഹതി തീര്‍ത്തു പറഞ്ഞു. മരണത്തിന്റെ മുനമ്പിലും സത്യത്തെ കൈവെടിയാന്‍ ആ മനസ്സ് തയ്യാറായിരുന്നില്ല.

അപ്പോഴേക്കും ഫറോവയുടെ പട്ടാളം അവരുടെ മുമ്പിലെത്തിയിരുന്നു. അവരെ പൊക്കിയെടുത്ത് തിളച്ച എണ്ണയിലേക്കു തള്ളാന്‍ അവര്‍ മുന്നോട്ടു വന്നു. 

''എനിക്കൊരു കാര്യം പറയാനുണ്ട്...'' മഹതി ഫിര്‍ഔനെ നോക്കി പറഞ്ഞു.

''എന്താ ഇപ്പോഴൊരു കാര്യം...?'' അയാള്‍ പരിഹാസ ഭാവത്തില്‍ തിരക്കി.

''എന്റെയും എന്റെ മക്കളുടെയും എല്ലുകള്‍ എടുത്ത് ഒരു ഖബ്‌റില്‍ മറമാടണം...''

അതും പറഞ്ഞ് അവര്‍ കണ്ണുകളടച്ചു. മനസ്സില്‍ അല്ലാഹുവിനെക്കുറിച്ച ഓര്‍മകള്‍ നിറച്ചു. സത്യസാക്ഷ്യ മൊഴികള്‍ ആ വിശുദ്ധ നാവിലൂടെ ഒഴുകിവരാന്‍ തുടങ്ങി.

പട്ടാളം അവരെയും തിളച്ച എണ്ണയിലേക്കു വലിച്ചെറിഞ്ഞു. തന്റെ മക്കള്‍ രുചിച്ച മരണത്തിന്റെ രുചി അവരും നേരിട്ടറിഞ്ഞു. 

ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ മഹാ ത്യാഗം ചെയ്ത അവരും അല്ലാഹുവിലേക്കു യാത്രയായി. 

ഭര്‍ത്താവും മക്കളും പോയ വഴിയിലൂടെത്തന്നെ അവരും സ്വര്‍ഗത്തിലേക്കു പറന്നകന്നു. തന്റെ ത്യാഗങ്ങളുടെ പ്രതിഫലം സ്വീകരിക്കാനായി.... 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter