സൈറ വാസിമിന്‍റെ കുറിപ്പ് സമകാലിക ഇന്ത്യയെക്കുറിച്ച് വെളിപ്പെടുത്തുന്നതെന്ത്?

മതവിശ്വാസത്തിന്‍റെ പേരില്‍ ബോളിവുഡ് നിര്‍ത്താനുള്ള സൈറയുടെ തീരുമാനം ഇന്ത്യയിലെ ഇസ്ലാമോഫോബിയെ പുറത്ത് കൊണ്ട് വന്നിരിക്കയാണ്. കശ്മീരി ബോളിവുഡ് നടിയായ സൈറ വാസിം ഫിലിം വ്യവസായ മേഖലയില്‍ നിന്ന് ബന്ധം വിഛേദിച്ചത് ഇന്ത്യയില്‍ വലിയ ബഹളങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. 5 വര്‍ഷത്തെ തന്‍റെ കരിയര്‍ കാലത്ത് ബോളിവുഡില്‍ നിന്ന് കലവറയില്ലാത്ത പിന്തുണയും സ്നേഹവും അംഗീകാരവും ലഭിച്ചിരുന്നെങ്കിലും സമാനമായി അത് തിന്മയുടെ വഴിയിലേക്ക് നയിക്കുകയും മതവുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ഈമാനില്‍ വലിയ നഷ്ടം വരുത്തുകയും ചെയ്തിരിക്കുന്നുവെന്ന് തന്‍റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എക്കൗണ്ടിലൂടെ കുറിച്ച് കൊണ്ടാണ് സൈറ തന്‍റെ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചത്.  

 

മുന്‍ വര്‍ഷങ്ങളിലെ തന്‍റെ അനുഭവങ്ങള്‍ കൂടുതലായി പങ്ക് വെക്കുന്നില്ലെങ്കിലും ജന്മദൗത്യത്തെക്കുറിച്ചും ഐഹിക സുഖാസ്വാദനം നിരാകരിക്കുന്നതിനെക്കുറിച്ചുമുള്ള ഖുര്‍ആനിക സൂക്തങ്ങളും ഇസ്ലാമികാധ്യാപനങ്ങളും അവര്‍ കുറിച്ചിടുന്നുണ്ട്. 

ലോകമെമ്പാടും വലിയ തരംഗം സൃഷ്ടിച്ച 'ദംഗല്‍' എന്ന ഇന്ത്യന്‍ സിനിമയില്‍ ബാലികയായ ഗുസ്തിക്കാരിയുടെ വേഷം ചെയ്താണ് സൈറ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയത്. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍, ഒക്ടോബറില്‍ റിലീസ് കാത്തിരിക്കുന്ന ദ സ്കൈ ഇസ് പിങ്ക് എന്നീ സിനിമകളിലും സ്റ്റാര്‍ റോളുകള്‍ ചെയ്തത് സൈറയാണ്. 

 

സൈറയുടെ കരിയറിന്‍റെ തുടക്കം മുതല്‍ തന്നെ സമൂഹത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മതപരമായ കാരണങ്ങളാലാണ് ചിലര്‍ അഭിനയത്തെ നിരുത്സാഹപ്പെടുത്തിയതെങ്കില്‍ ഇന്ത്യയുടെ ദേശീയതയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു വ്യവസായമെന്ന നിലക്ക് ബോളിവുഡില്‍ അഭിനയിക്കുക വഴി ഇന്ത്യന്‍ ഭരണത്തിനെതിരെയുള്ള കശ്മീര്‍ പോരാട്ടത്തെ അവമതിക്കുന്നുവെന്ന പരാതിയായിരുന്നു മറ്റു ചിലര്‍ക്ക്. എന്നാല്‍ ബോളിവുഡ് സെലിബ്രിറ്റികളുടെ ശക്തമായ പിന്തുണ അവള്‍ക്ക് കരുത്തായി. അങ്ങനെ ഇന്ത്യന്‍ റിപ്ലബ്ളികുമായി സഹകരിക്കുന്ന യുവതയുടെ പ്രതീകമായി സൈറ മാറി. 

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ മേഖല വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത് വഴി ബോളിവുഡിലും ഇന്ത്യന്‍ വാര്‍ത്താ റൂമുകളിലും ശക്തമായ പ്രതികരണങ്ങളാണ് പുറത്ത് വന്നത്. കശ്മീരിലുള്ള നിരവധി മുസ്ലിംകളാവട്ടെ പ്രശസ്തിയുടെയും സമ്പത്തിന്‍റെയും ജീവിത വഴിയില്‍ നിന്ന് മാറി നില്‍ക്കാനുള്ള അവളുടെ തീരുമാനത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നു. അതേ സമയം സൈദ്ധാന്തിക തലങ്ങളിലെ പ്രശസ്തരായ പല വ്യക്തിത്വങ്ങളും അവളുടെ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളെയ്യുകയാണ് ചെയ്തത്. 

സൈറ ഈ തീരുമാനമെടുത്തതും അത് പ്രഖ്യാപിച്ചതും എത്ര മാത്രം തീവ്രമായ അനുഭവങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണെന്ന് നമുക്ക് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലുമാവില്ല. ഭാവിയില്‍ ഒരു പക്ഷേ അവള്‍ മനസ്സ് മാറ്റുകയും ചെയ്തേക്കാം. 

ഈ സംഭവത്തില്‍ ഞാന്‍ പ്രധാനമായും ശ്രദ്ധിച്ചത് ഹിന്ദു ദേശീയ വാദികളുടെയും ലിബറല്‍ ഫെമിനിസ്റ്റുകളുടെയും കടുത്ത എതിര്‍പ്പായിരുന്നു. ബോളിവുഡില്‍ നിന്ന് പിന്‍വാങ്ങുന്നതായിരുന്നില്ല അവരുടെ പ്രശ്നം, മറിച്ച്, ഇസ്ലാമിക കാരണങ്ങള്‍ മുന്‍ നിര്‍ത്തി അങ്ങനെ ചെയ്തു എന്നതായിരുന്നു അവരെ ചൊടിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷം അവരുടെ വിശ്വാസം പൊതു രംഗത്ത് പ്രദര്‍ശിപ്പിക്കരുതെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ ഹിന്ദു വിശ്വാസ ചിഹ്നങ്ങള്‍ നടന്മാരില്‍ നിന്നുണ്ടാവുന്നത് വളരെ പ്രോല്‍സാഹിപ്പിക്കേണ്ടതുമാണെന്നും ഇത്തരക്കാര്‍ കരുതുന്നു.  

സൈറ ഈ തീരുമാനമെടുത്തത് മതമൗലികവാദികളുടെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണെന്നും അല്ലെങ്കില്‍ തീവ്രവാദികളില്‍ നിന്ന് കടുത്ത ഭീഷണിയുണ്ടാവുമെന്ന് അവര്‍ പേടിച്ചിരിക്കാമെന്നുമാണ് തീവ്ര വലത് പക്ഷ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം സ്റ്റാര്‍ പരിവേഷമുള്ള ഒരു ജീവിതത്തില്‍ നിന്ന് മാറി സാധാരണ തലത്തിലേക്ക് മാറാനുള്ള തീരുമാനമാണ് ഫെമിനിസ്റ്റുകള്‍ക്ക് ഉള്‍കൊള്ളാനാവാത്തത്. അതിനാല്‍ ഈ തീരുമാനം സൈറയില്‍ നിന്നുണ്ടായതല്ലെന്നാണ് അവര്‍ പറയുന്നത്. 

ഉദാഹരണത്തിന് ബോളിവുഡ് നടിയായ റവീണ ടാന്തണ്‍ സൈറയുടെ കാഴ്ചപ്പാടുകളെ ഖേദകരമെന്നാണ് വിശേഷിപ്പിക്കുന്നത്. സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റായ ബര്‍ക്ക ദത്ത് പറയുന്നത് സൈറയുടെ തീരുമാനം തീവ്ര മതമൗലികവാദികളുടെ കടുത്ത സമ്മര്‍ദം മൂലമാണെന്നാണ്. ഈ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് തീരുമാനമെടുക്കുന്നത് സ്ത്രീകളാണെങ്കില്‍ അത് തീര്‍ത്തും വ്യ്ത്യസ്തമായ കണ്ണുകളോടെയാണ് വിലയിരുത്തപ്പെടുകയെന്നാണ്. 

  വാഷിംഗ്ടണ്‍ പോസ്റ്റ ഇന്ത്യന്‍ ലേഖികയായ രമാ ലക്ഷ്മി ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്, "എല്ലാ മതങ്ങളിലും നേര്‍വഴിയുടെയും വഴികേടിന്‍റെയും ആശയങ്ങളുണ്ട്. ആധുനിക നിയമസംഹിതകള്‍ അറിയുന്ന നാം ധാര്‍മികതയുടെ വിഷയത്തില്‍ എന്തിനാണ് പുരാതന മതഗ്രന്ഥങ്ങളെ ആശ്രയിക്കുന്നത്" 

ചോയ്സ് എന്നത് ഒരു സങ്കീര്‍ണ്ണമായ വാക്കാണ്, വിശിഷ്യാ മുസ്ലിം സ്ത്രീയുടെ കാര്യത്തിലേക്ക് എത്തുമ്പോള്‍. 'ദ പൊളിറ്റിക്സ് ഓഫ് പയറ്റി' എന്ന തന്‍റെ ഗ്രന്ഥത്തില്‍ പ്രമുഖ നരവംശ ശാസ്ത്രജ്ഞയായിരുന്ന സബാ മഹ്മൂദ് നടത്തുന്ന നിരീക്ഷണം ഇവ്വിഷകമായി ശ്രദ്ധേയമാണ്. മുസ്ലിം സ്ത്രീയുടെ ചോയ്സ് ലിബറല്‍ തലങ്ങളിലേക്കാകുമ്പോള്‍ മാത്രമാണ് ആഘോഷിക്കപ്പെടുന്നത്, അതേ സമയം മതാദര്‍ശത്തിലേക്ക് അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതിന് ആ പരിഗണന തെല്ല് പോലും ലഭിക്കില്ല.

മുസ്ലിം സ്ത്രീയുടെ ചോയ്സില്‍ ലിബറലുകള്‍ കാണുന്ന യാതൊരു പ്രശ്നവും സ്ത്രീ എങ്ങനെ കാഴ്ചക്കാര്‍ക്ക് അനുസൃതമായി തന്‍റെ ശരീരം പ്രദര്‍ശിപ്പിക്കണമെന്നും അഭിനിയിക്കണമെന്നും ശാഠ്യം പിടിക്കുന്ന സിനിമാ മേഖലക്കെതിരെ ഇല്ലേയില്ല. മറിച്ച് ഈ മേഖല സ്ത്രീയുടെ ഏറ്റവും ഉന്നതമായ ചോയ്സായാണ് പരിഗണിക്കപ്പെടുക. അതേ സമയം മതേതര ലിബറല്‍ ആധുനികതയെ നിര്‍വചിക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്ത് പോകുന്നവര്‍ക്ക് നേരത്തെയുള്ള ചോയ്സ് വകവെച്ച് നല്‍കപ്പെടുകയില്ല.

ബോളിവുഡ് ഒരിക്കലും വാഴ്ത്തപ്പെടേണ്ട ഒരു വ്യവസായമല്ല. മറിച്ച് സ്വജനപക്ഷപാതവും ലൈംഗികാതിക്രമങ്ങളും മയക്ക് മരുന്നും മദ്യവും അരങ്ങ് തകര്‍ക്കുന്ന ഒരിടമാണത്. യുദ്ധപരതയും (പുല്‍വാമ ആക്രമണ ശേഷം കണ്ടത് പോലെ), അപകീര്‍ത്തിപ്പെടുത്തലുകളും ഭൗതികവാദവും അതില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. 

സ്ത്രീകളുടെ റോളുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കിലും സ്ത്രീ ശാക്തീകരണമെന്നൊന്നും പറയാന്‍ തന്നെയാവില്ല. നടികള്‍ ഏറെയും ഐറ്റം നമ്പര്‍ എന്ന പേരില്‍ ആഘോഷിക്കപ്പെടുന്നു, ആളുകള്‍ പ്രതീക്ഷിക്കുന്ന ശരീര പ്രദര്‍ശനങ്ങളിലേക്ക്  നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ താരപൊലിമ നിലനിര്‍ത്താന്‍ ശരീരം മെലിയാന്‍ നടികള്‍ പ്രേരിപ്പിക്കപ്പെടുന്നു. കല്ല്യാണം കഴിയുന്നതോടെ ലീഡിങ്ങ് റോളുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. 

ദീപീകാ പദുകോണും സൈറ തന്നെയും 2018 ല്‍ തങ്ങളനുഭവിക്കുന്ന ഉത്കണ്ഠയും മനോവിഷമവും എടുത്ത് പറഞ്ഞ് രംഗത്തെത്തിയിരുന്നു. 

ബോളിവുഡിനെക്കുറിച്ച് നടന്ന ഒരു സര്‍വ്വേ പ്രകാരം സ്ത്രീകളെ ഒരു വാര്‍പ്പ് മാതൃകയിലായാണ് കാണപ്പെടുന്നത്. അവര്‍ക്കെതിരെ ലൈംഗികാതിക്രമവും പരിഹാസവും നിരന്തരമായി നടക്കുന്നു. 

ഇതെല്ലാം മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ തികട്ടി വരുന്നു. എന്ത് കൊണ്ടാണ് സൈറയുടെ തീരുമാനം സ്വീകരിക്കാന്‍ ജനങ്ങള്‍ക്കിത്ര പ്രയാസം? ഇന്‍ഡസ്ട്രി വിടാനുള്ള തീരുമാനം ദു:ഖകരമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും ആണ്‍കോയ്മയും സ്ത്രീകള്‍ ലൈംഗികാതിക്രമം നേരിടുകയും ഉപഭോഗ വസ്തുവായി കാണുകയും ചെയ്യുന്ന അതേ ഇന്‍ഡസ്ട്രിക്കെതിരെ അത്തരം എതിര്‍പ്പുകള്‍ ഉയരാത്തതും എന്ത് കൊണ്ടാണ്?

18 വയസ്സുള്ള ഒരു മുസ്ലിം നടിയുടെ ചോയ്സിനെതിരെ മാത്രം എതിര്‍പ്പുകളുയരുന്നതും നിരവധി പേര്‍ ആള്‍കൂട്ടാക്രമണത്തിന് വിധേയരാവുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണക്കുന്ന നടിമാരുടെ ചോയ്സിനെതിര്‍പ്പുകളുയരാത്തതും എന്ത് കൊണ്ടാണ്? ഇന്ത്യന്‍ പൊതുജനങ്ങള്‍ ഇത്രമാത്രം തീവ്രവത്ക്കരിക്കപ്പെടുന്നതിനെതിരെ ശബ്ദമുയരാത്തത് എന്ത് കൊണ്ടാണ്? വ്യക്തികളുടെ വിശ്വാസം ഭരണഘടനാ പരിരക്ഷയുള്ളതാണെന്ന് വാദിക്കാന്‍ ലക്ഷ്മി, ദത്ത് പോലെയുള്ള മാധ്യമപ്രവര്‍ത്തകരുള്ളപ്പോള്‍ മുസ്ലിം വിശ്വാസം അവജ്ഞയോടെ തള്ളിക്കളയപ്പെടുന്നത് എന്ത് കൊണ്ടാണ്? 

ബോളിവുഡ് ഇന്‍ഡസ്ട്രിയെക്കുറിച്ച് എതിര്‍പ്പ് ഉയരുന്നത് ഇതാദ്യമായൊന്നുമല്ല, മുമ്പ് തനുശ്രീ ദത്ത് ബോളിവുഡില്‍ നിന്ന് താനനുഭിച്ച ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു. സൈറയെ പിന്തുണക്കാന്‍ ആദ്യമായി മുന്നോട്ട് വന്നവരിലൊരാളുമായിരുന്നു അവര്‍. 

അതേ സമയം ഇത്തരമൊരു സമീപനായിരുന്നില്ല ഹിന്ദു പാരമ്പര്യവുമായി ഏറെ ചേര്ന്ന് നില്‍്ക്കുന്ന യോഗയോട് ഫിലിം ഇന്‍ഡസ്ട്രി പ്രകടിപ്പിച്ചിരുന്നത്. ജൂണ്‍ 21 ന്‍റെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നിരവധി നടീ നടന്മാരാണ് തങ്ങളുടെ യോഗാ പ്രാക്ടീസുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രദര്‍ശിപ്പിച്ചത്. ഐഹിക ലോകത്ത് നിന്ന് ബന്ധം വിഛേദിക്കുകയും ആത്മീയ പുരോഗതിയിലേക്ക് നയിക്കുകയുമാണ് യോഗയുടെ ലക്ഷ്യങ്ങള്‍. ഏതാണ്ട് അതേ സംഗതിയാണ് സൈറയും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്, ഇസ്ലാമികമായ തലത്തിലൂടെയായി എന്ന് മാത്രം. സൈറ നേരിട്ട അനുഭവം പഠിപ്പിക്കുന്നത്, ഇസ്ലാമും മുസ്ലിമും ചേര്‍ന്ന് നില്‍ക്കുന്ന ആത്മീയ പുരോഗതിക്ക് യാതൊരു പ്രോല്‍സാഹനവും ലഭിക്കില്ലെന്ന് തന്നെയാണ്. 

 മതേതര വക്താക്കളുംസമകാലിക ഇന്ത്യയെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന ഹിന്ദു ഫാസിസവും  അംഗീകരികാരം നല്‍കണമെങ്കില്‍ ഇസ്ലാമുമായി ചേര്‍ന്ന് നില്‍ക്കുന്ന യാതൊന്നും പ്രകടിപ്പിക്കരുതെന്നാണ് സൈറയുടെ സംഭവം മനസ്സിലാക്കിത്തരുന്നുത്. സൈറയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നതെങ്കിലും താരപദവിയെ വലിച്ചെറിഞ്ഞ് ബോളിവുഡിനോട് ഗുഡ്ബൈ പറയാന്‍ സൈറയെ പ്രേരിപിച്ച ഘടകമെന്തെന്ന് വസ്തുതാപരമായി അന്വേഷിക്കുന്നത് നല്ലതാണ്.

               ഹഫ്സ കന്‍ജ് വാല്‍ 

(ലഫായെറ്റ് കോളേജിലെ ദക്ഷിണേഷ്യന്‍ ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫസറാണ് ഹഫ്സ കന്‍ജ വാള്‍. അല്‍ജസീറയിലെ ലേഖനത്തിന്‍റെ വിവര്‍ത്തനമാണിത്.) 

വിവ: റാശിദ് ഓത്തുപുരക്കല്‍ ഹുദവി

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter