ആസിയ ബീവി ചരിത്രാഖ്യായിക (ഭാഗം രണ്ട്)
വിശുദ്ധിയുടെ ആദ്യനാളുകള്‍
ഈജിപ്തിലെ പ്രമുഖ കുടുംബാംഗമായിരുന്നു മുസാഹിം. കാലങ്ങളോളം നാടിന്റെ ഭരണ ചക്രം കറക്കിയിരുന്ന കുടുംബ പരമ്പരയിലെ പ്രധാനി. അദ്ദേഹത്തിന്റെ പിതാവ് ഉബൈദും അദ്ദേഹത്തിന്റെ പിതാവ് റയ്യാനും ഈജിപ്തിലെ അന്നത്തെ തലയെടുപ്പുള്ള നേതാക്കന്മായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വലീദ്, യൂസുഫ് നബിയുടെ കാലത്തെ ഫറോവയും.
അതുകൊണ്ടുതന്നെ, രാജ കുടുംബങ്ങളുടെ പ്രൗഢിയോടെയാണ് മുസാഹിം ജീവിച്ചിരുന്നത്. എങ്കിലും ആ ജീവിതത്തിന് ഒരു അച്ചടക്കവും ഒതുക്കവുമുണ്ടായിരുന്നു. മൂല്യങ്ങളിലധിഷ്ഠിതമായിരുന്നു ആ ജീവിതം.
കാലം ഇഴഞ്ഞു നീങ്ങി. മുസാഹിമിന് സന്തോഷപൂര്‍ണമായ ദാമ്പത്യം. ഈജിപ്തിലെ കാലമാറ്റങ്ങള്‍ക്ക് ചെവി കൊടുക്കാതെ ആ കുടുംബം മുന്നോട്ടു ചുവടുവെച്ചു.
അതിനിടെ മുസാഹിമിന് ഒരു സ്വപ്നമുണ്ടായി. ഏറെ പരിഭ്രാന്തി പരത്തുന്ന ഒരു സ്വപ്നം.
'തന്റെ മടിയിലുണ്ടായിരുന്ന ഒരു മുത്ത് ഒരു കാക്ക പറന്നുവന്ന് കവര്‍ന്നുകൊണ്ടുപോകുന്നു.'
മുസാഹിം ഉറക്കില്‍നിന്നും ഞെട്ടിയുണര്‍ന്നു. തനിക്കുണ്ടായ അസാധാരണമായ സ്വപ്നത്തെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെട്ടു.
പ്രഭാതമായപ്പോള്‍ അദ്ദേഹം നാട്ടിലെ പ്രമുഖരായ സ്വപ്ന വ്യാഖ്യാതാക്കളെ തേടിയിറങ്ങി. അവരുടെ അടുത്തു ചെന്ന് നടന്നതെല്ലാം വിവരിച്ചുകൊടുത്തു.
'താങ്കള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കാന്‍ പോകുന്നു. അവളെ ഭാവിയില്‍ ധിക്കാരിയും തെമ്മാടിയുമായ ഒരു സത്യനിഷേധി വിവാഹം കഴിക്കും.' അതായിരുന്നു അവരുടെ വിശദീകരണം.
മുസാഹിമിന് അല്‍ഭുതം തോന്നി. ഒപ്പം ഭയവും. അദ്ദേഹം അതിലൂടെ തനിക്കും കുടുംബത്തിനും വരുന്ന വിഷമങ്ങളെ തട്ടിമാറ്റാന്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി. തനിക്ക് ലഭിക്കുന്ന പെണ്‍കുട്ടി കരുത്തും തന്റേടവുമുള്ള ഉത്തമയായ ഒരുവളാവാന്‍ മനസ്സാ അഭിലശിച്ചു.
കാലം കഴിഞ്ഞുപോയി. രാവും പകലും മാറി മാറി വന്നു. നാട്ടിലും കുടുംബത്തിലും പലവിധ മാറ്റങ്ങളും സംഭവിച്ചു.
അതിനിടെ, മുസാഹിമിന്റെ ഭാര്യ ഗര്‍ഭിണിയായി. പ്രസവിച്ചപ്പോള്‍ പ്രവചിക്കപ്പെട്ടപോലെത്തന്നെ പെണ്‍കുഞ്ഞ്. തീര്‍ത്തും അസാധാരണത്വം തുളുമ്പുന്ന ഒരു പെണ്‍കുഞ്ഞ്.
മുസാഹിമിന് എന്തെന്നില്ലാത്ത സന്തോഷമായി. ഇനിയുള്ള വരുംവരായ്കളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചില്ല.
അദ്ദേഹം കുഞ്ഞിന് ആസിയ എന്നു പേരിട്ടു.
വീട്ടിലെ ആനന്ദവും ആവേശവുമായി അവള്‍ വളര്‍ന്നു വലുതാവാന്‍ തുടങ്ങി.
സുമുഖിയും സുശീലയുമായിരുന്നു ആസിയ. സല്‍ഗുണ സമ്പന്ന.
കൊച്ചുകാലംമുതല്‍തന്നെ നല്ല സ്വഭാവവും നല്ല ശീലങ്ങളും കൈമുതലാക്കിയിരുന്നു. ചീത്ത കൂട്ടുകെട്ടുകളില്‍നിന്നും ദുര്‍നടപ്പുകളില്‍ നിന്നും അകന്നു നിന്നു.
വീടിന്റെയും നാടിന്റെയും ആവേശമായി അവര്‍ പടിപടിയായി വളര്‍ന്നു. പക്വതയും കരുത്തും നേടി. സ്വഭാവ മേന്മകൊണ്ടും പെരുമാറ്റത്തികവുകൊണ്ടും കൂട്ടുകാരികള്‍ക്കിടയില്‍ അവര്‍ വേറിട്ടുനിന്നു. അത്രമാത്രം മഹത്തരമായിരുന്നു അവരുടെ ചിട്ടകള്‍.
ആമോദവും ആനന്തവുമായി കാലം കഴിഞ്ഞുപോയി. ആസിയക്ക് പ്രായം പതിനഞ്ച് തികയുന്നു.
സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന സമയം. ആരു കണ്ടാലും ആശിച്ചുപോകുന്ന ശരീര ഘടന. മുഖത്തിന് വല്ലാത്ത പ്രസരിപ്പും.
* * *
അതിനിടെ ഒരു സംഭവമുണ്ടായി. തന്റെ ജീവിതത്തിന്റെ ദിശ തന്നെ തിരിച്ചുവിട്ട ഒരു സംഭവം.
ആസിയ പതിവുപോലെ നൈല്‍ നദിക്കരയില്‍ കുളിക്കാന്‍ പോയതായിരുന്നു.
അപ്പോഴാണ് പരിവാരങ്ങള്‍ സമേതം ഫിര്‍ഔന്‍ അതുവഴി ഉലാത്താനെത്തിയത്.
കുളിക്കുകയായിരുന്ന ആസിയ അയാളുടെ ദൃഷ്ടിയില്‍പെട്ടു. മാലാഖപോലെ സുമുഖിയായ പെണ്‍കൊടി. പ്രകാശം പരത്തുന്നപോലെ. വല്ലാത്ത വശ്യത.
ഫിര്‍ഔന് സഹിക്കാനായില്ല. ആരാണത്? ഇത്രയും സുമുഖിയായൊരു പെണ്‍കുട്ടി! തന്റെ സ്വന്തം രാജ്യത്ത്!! അവളെ ലഭിച്ചേതീരൂ... അയാളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.
പിന്നീട് അന്നു മുഴുക്കെയും ആ ചിന്തയായിരുന്നു. സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം മറയാതെ മനസ്സില്‍ പ്രകാശിക്കുന്നു. കൊട്ടാരത്തില്‍ തിരിച്ചെത്തിയിട്ടും യാതൊരു മാറ്റവുമില്ല.
രണ്ടു ഭാര്യമാരും കുറേ കുട്ടികളുമുണ്ടായിരുന്നുവെങ്കിലും ഫിര്‍ഔന്‍ ഒന്നു തീരുമാനിച്ചു; ഈ സുമുഖിയെയും തന്റെ ഭാര്യയാക്കി കൊട്ടാരത്തില്‍ കൊണ്ടുവരണം. അതിനായുള്ള പണി തുടങ്ങണം...
അയാള്‍ തന്റെ മന്ത്രിയെ അടുത്തു വിളിച്ചു; കാര്യം പറഞ്ഞു. അതിനാല്‍, എത്രയും പെട്ടെന്ന് ആ കുട്ടിയെക്കുറിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന ഉത്തരവായി.
അടുത്ത പ്രഭാതത്തില്‍തന്നെ ദൂതന്മാര്‍ പെണ്‍കുട്ടിയുടെ വീട് അന്വേഷിച്ചു പുറപ്പെട്ടു. അപ്പോള്‍ മനസ്സിലായി ഇത് മാന്യനായ മുസാഹിമിന്റെ പുത്രിയാണെന്ന്.
മുസാഹിമിനെ രാജ സിംഹാസനത്തില്‍ ഹാജരാക്കാന്‍ ഉത്തരവായി.
മുസാഹിം ഒന്നുമറിഞ്ഞിരുന്നില്ല. തന്നെ ചക്രവര്‍ത്തി കൊട്ടാരത്തിലേക്ക് വിളിപ്പിച്ചിരിക്കുന്നു. അദ്ദേഹം ഫിര്‍ഔന്റെ മുമ്പില്‍ ചെന്നു.
വല്ലാത്ത സ്വീകരണം.
ശേഷം ഫിര്‍ഔന്‍ പറഞ്ഞു: 'താങ്കള്‍ക്ക് സുന്ദരിയായ ഒരു പെണ്‍കുട്ടിയുണ്ടെന്ന് ഞാനറിഞ്ഞു. അവളെ എനിക്ക് വിവാഹം കഴിച്ചുതരണം.'
ഇതൊരു രാജകല്‍പനയായിരുന്നു. മുസാഹിം സ്തബ്ധനായിപ്പോയി. യാതൊന്നും പ്രതിവചിക്കാനായില്ല.
'തന്റെ സുശീലയായ മകളെ ഈ ധിക്കാരിയായ സത്യനിഷേധിക്കു വിവാഹം കഴിച്ചുനല്‍കുകയോ?'. അദ്ദേഹം അന്തിച്ചുനിന്നു.
പക്ഷെ, അപ്പോഴേക്കും തീരുമാനമായിക്കഴിഞ്ഞിരുന്നു. രാജ കല്‍പനയല്ലേ. അതിനെ എതിര്‍ക്കാന്‍ കഴിയുമോ?
മുസാഹിം ചിന്താകുലനായി വീട്ടിലേക്കു ഇറങ്ങി നടന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത്? അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല.
ഞാനിതെങ്ങനെ ഭാര്യയോട് പറയും? എങ്ങനെ മകളെ അറിയിക്കും? അദ്ദേഹം ചിന്താകുലനായി.
വീട്ടിലെത്തി വിവരം ഭാര്യയെ അറിയിച്ചു. മകളെ ഫിര്‍ഔന് വിവാഹം ചെയ്തുകൊടുക്കണം!
അവര്‍ക്കും സമ്മതിക്കാനായില്ല. ധിക്കാരിയും സത്യനിഷേധിയുമായ ഒരു തെമ്മാടിക്ക് എങ്ങനെ സ്വന്തം മകളെ കല്യാണം നടത്തിക്കൊടുക്കാന്‍ ധൈര്യം വരും!
ഒടുവില്‍ മകള്‍ ആസിയയെയും വിവരം അറിയിച്ചു.
വിസമ്മതം തന്നെ! പൂര്‍ണ വിസമ്മതം!!
പക്ഷെ, എന്തു ചെയ്യാന്‍. രാജ കല്‍പനയാണ്. സംഗതി നടക്കാതിരിക്കില്ല. ഇനി അതിനൊരുങ്ങിയേ മതിയാവൂ... മുസാഹിമിന്റെ കുടുംബം സ്വയം സമാധാനിച്ചു.
ഒടുവില്‍ ആസിയയും മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. വിധിയല്ലേ... ഇതില്‍ എന്തെങ്കിലും നന്മയുണ്ടെങ്കിലോ... അവര്‍ ചിന്തിച്ചു.
Leave A Comment