ഞങ്ങളുടെ വിശ്വാസം ഞങ്ങളെ അടിച്ചമര്‍ത്തുന്നില്ല
ബ്രിട്ടനിലെ സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കുന്നത് നിരോധിച്ച ഓഫ്സ്റ്റഡ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തീരുമാനത്തിനെതിരെ സ്കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ കോണ്‍ഫറന്‍സില്‍ ശക്തമായി നിലപാട് പ്രഖ്യാപിച്ച ഫലസ്തീന്‍ വംശജയായ അധ്യാപിക, ലതീഫ അബൂതക്റയുടെ പ്രഭാഷണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരീക്ഷിക്കാനും ഗുണനിലവാരം ഉറപ്പ് വരുത്താനും നിയുക്തമായ ഡിപ്പാര്‍ട്ട്മെന്‍റാണ് ഓഫ്സ്റ്റഡ്. ഹിജാബ് ധരിക്കുന്നത് നിരോധിച്ച ഓഫ്സ്റ്റഡിന്‍റെ തീരുമാനത്തിനെതിരെ ബ്രിട്ടനില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടയിലാണ് ലതീഫയുടെ പ്രസംഗം വൈറലായിരിക്കുന്നത്. പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം.
എന്‍റെ പേര് ലതീഫ അബൂചക്റ എന്നാണ്. ആദ്യമായാണ് ഞാനീ വേദിയില്‍ സംസാരിക്കാന്‍ എഴുന്നേറ്റ് നില്‍ക്കുന്നത്. ലണ്ടന്‍ ഡിവിഷനെ പ്രതിനിധീകരിച്ചാണ് ഞാന്‍ കടന്ന് വന്നിട്ടുള്ളത്. അത്യുന്നതന്‍റെ നാമത്തില്‍ ഞാനെന്‍റെ സംസാരം ആരംഭിക്കുന്നു, അസ്സലാമു അലൈക്കും
ചില രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും ഉപയോഗിക്കുന്ന മസ്കുലാര്‍ ലിബറലിസം ( വൈവിധ്യ സംസ്കാരം എന്നര്‍ഥത്തില്‍ ഡേവിഡ് കാമറൂണാണ് ഈ വാക്ക് ആദ്യമായി മുന്നോട്ട് വെക്കുന്നത്) എന്ന വാക്ക് ഇസ്ലാമോഫോബിയയുടെയും വംശീയതയുടെയും പര്യായ പദമാണ്. ഇസ്ലാമിനോടുള്ള കടുത്ത വിരോധം കാരണം അവര്‍ പ്രൈമറി സ്കൂളുകളിലെ പെണ്‍കുട്ടികളുടെ ഹിജാബിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ പെണ്‍കുട്ടികളെ ലിംഗ വത്ക്കരിക്കുന്നതിലേക്ക് നയിക്കുന്നതാണ് ഹിജാബ് എന്നാണ് അവരുടെ ഭാഷ്യം. തങ്ങളുടെ മത ചിഹ്നങ്ങള്‍ ധരിക്കാനിഷ്ടപ്പെടുന്നഈ പെണ്‍കുട്ടികളെ ദ്രോഹിക്കുന്നതിന് ഓഫ്സ്റ്റഡിന് നാണമില്ലേ എന്ന് ഞാന്‍ ചോദിച്ച് പോവുകയാണ്. ഈ നിയന്ത്രണം മറ്റു മതക്കാര്‍ക്കോ മറ്റു മതചിഹ്നങ്ങള്‍ക്കെതിരെയോ ഇല്ല. ഓഫ്സ്റ്റഡിന്‍റെ ഈ തീരുമാനത്തിന് മറ്റു പല മാനങ്ങളുമുണ്ട്. ഈ തീരുമാനം ബ്രിട്ടീഷ് ജനതയോടും ഇ.ഡി.എല്‍ ബി.എം.പി തുടങ്ങിയ വര്‍ഗീയ സംഘടനകളോടും വിളിച്ച് പറയുന്നത് ഇസ്ലാം സ്ത്രീകളെ അടിച്ചമര്‍ത്തുന്നുവെന്നും അവര്‍ പുരുഷന്മാര്‍ക്ക് കീഴില്‍ നിര്‍ബന്ധിതരായാണ് ഹിജാബ് ധരിക്കുന്നതെന്നുമാണ്. അതിനാല്‍ അത്തരം സ്ത്രീകളെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ബ്രിട്ടീഷ് സര്‍ക്കാരില്‍ അധിഷ്ഠിതമാണെന്നും ഇവര്‍ പറയാതെ പറയുന്നു. ഈ സാമ്രാജ്യത്വ രക്ഷാചിന്തകളെ ഞങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. തങ്ങളുടെ വിശ്വാസങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ താല്‍പര്യപ്പെടുന്ന എല്ലാവരെയും പ്രതിനിധീകരിച്ച് കൊണ്ട് ഞാന്‍ ഉറപ്പിച്ച് പറയുന്നു, ഞങ്ങളുടെ വിശ്വാസം ഞങ്ങളെ അടിച്ചമര്‍ത്തുന്നില്ല. ഇസ്ലാം എന്നാല്‍ ഏക ശിലാത്മകമായ ഒരാശയമല്ല. ഇസ്ലാമില്‍ ഹിജാബ് ധരിക്കുന്നവരും അതുപേക്ഷിക്കുന്നവരുമുണ്ട്; അതവരുടെ വിശ്വാസം. പരിശുദ്ധ ഖുര്‍ആന്‍ സുന്ദരമായി വ്യക്തമാക്കുന്നു, 'മതത്തില്‍ നിര്‍ബന്ധിപ്പിക്കലില്ല'. ലോക മനുഷ്യാവകാശ പ്രഖ്യാപനം (ഡിശ്ലൃമെഹ റലരഹമൃമശേീി ീള വൗാമി ൃശഴവേെ) ത്തിന്‍റെ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തീരുമാനമെടുക്കാനുള്ള അധികാരം എനിക്കെന്‍റെ മതം അനുവദിച്ച് നല്‍കിയിട്ടുണ്ട്.
ഈ സമ്മേളനത്തില്‍ ഒരു നര്‍മ സത്യം ഞാന്‍ വെളിപ്പെടുത്തുകയാണ്; ഞാന്‍ ഹിജാബ് ധരിക്കണമെന്ന് എന്‍റെ പിതാവിന് ആഗ്രഹമില്ല, ഞാന്‍ സ്വയമത് തെരഞ്ഞെടുത്തതാണ്. വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസം ജീവിതത്തില്‍ പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം. സിഖുകാര്‍ തലപ്പാവ് അണിയുന്നു, ജൂതന്മാര്‍ കിപ്പ ധരിക്കുന്നു. ക്രിസ്തീയര്‍ ക്രിസ്തുവിന്‍റെ ക്രൂശിത രൂപം ധരിച്ച് നടക്കുന്നു. ഹിജാബിലൂടെ എന്‍റെ ആവിഷ്കാര സ്വാതന്ത്ര്യം അനുഷ്ഠിക്കാന്‍ കഴിയുന്നത്, സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നറിയുന്നത് എന്നെയും സമാനരായ സ്ത്രീകളെയും ശാക്തീകരിക്കുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ ഏറെ ഉത്കണ്ഠയോടെ കാണുന്ന ലൈംഗികവത്കരണത്തെക്കുറിച്ചുള്ള സാമൂഹിക ധാരണകളെ മറികടക്കാന്‍ ഹിജാബ് ഞങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്. എനിക്കെന്‍റെ കാര്യം നോക്കാന്‍ പ്രാപ്തിയുണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ എന്‍റെ മനസ്സിലുള്ള ചിന്തകളെ നിയന്ത്രിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ലോകത്തെ സുന്ദരമായി നോക്കിക്കാണാന്‍ അത് വഴി എനിക്ക് സാധ്യമായിട്ടുണ്ട്. ഗര്‍ഭധാരണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ എന്‍.യു.ടി സ്ത്രീകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്, സമാനമായി ഹിജാബ് ധരിക്കാനുള്ള എന്‍റെ അവകാശത്തെ ഈ കോണ്‍ഫറന്‍സ് പിന്തുണക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്‍റെ വിശ്വാസം എങ്ങനെയാണ് ഞാന്‍ ജീവിതത്തില്‍ പകര്‍ത്തിയതെന്ന് എല്ലാവര്‍ക്കും വ്യക്തമായി കാണാവുന്നതാണ്. ഇതെന്നെ വെറുപ്പിന്‍റെ ശക്തികളുടെ നോട്ടപ്പുള്ളിയാക്കി മാറ്റിയിരിക്കുന്നു. മുസ്ലിം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമം ബ്രിട്ടീഷ് സമൂഹത്തില്‍ തന്നെ ഏറ്റവും വലുതായി മാറിയിരിക്കുന്നു. കാരണം, ഞങ്ങളെ ആക്രമിക്കാന്‍ വളരെയെളുപ്പമാണ്.
ഓഫ്സ്റ്റഡിന്‍റെ ഹിജാബിനെതിരെയുള്ള ഈ തീരുമാനം മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന വര്‍ധിച്ച ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ട്ത്. കഴിഞ്ഞ വര്‍ഷം ഹാംപ്ടണ്‍ കോര്‍ട്ടിലേക്ക് ഞാനൊരു യാത്ര പോയിരുന്നു. അവിടെ വെച്ച് കണ്ട് മുട്ടിയ ഒരു വ്യക്തി എന്നെ യാതൊരു പ്രകോപനവുമില്ലാതെ ഭീകരവാദി എന്ന് വിളിച്ചു. ഞാനൊരിക്കലും അതിന് ഇരയായിരുന്നില്ല എന്നത് കൊണ്ട് തന്നെ ഞാനയാളോട് തര്‍ക്കിച്ചു.
ഈ കോണ്‍ഫറന്‍സ് നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ഇസ്ലാമോഫോബിയ എന്നത് അമുസ്ലിംകളെയും ആഴത്തില്‍ ബാധിക്കുന്ന കാര്യം തന്നെയാണെന്നാണ്. ഈ നിലപാടിനെ ഒരുമിച്ച് നിന്ന് നാം എതിര്‍ത്തിട്ടില്ലെങ്കില്‍ ഫ്രാന്‍സിലെ ജനതയുടെ സമാനമായി മാറാനാവും നമ്മുടെ വിധി; അവിടെ ഒരു സ്ത്രീ തന്‍റെ വിശ്വാസമോ വിദ്യാഭ്യാസമോ തെരഞ്ഞെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ്, തന്‍റെ വിശ്വാസമോ പൊതുയിടങ്ങളില്‍ തൊഴിലെടുക്കുന്നതോ രണ്ടിലൊന്ന് മാത്രം തെരഞ്ഞെടുക്കേണ്ട ദുരിതത്തിലാണവര്‍. കടല്‍ക്കരയില്‍ കാറ്റ് കൊള്ളാന്‍ പോലും തങ്ങളുടെ വിശ്വാസത്തെ മാറ്റി നിര്‍ത്തേണ്ട വിഷമസന്ധിയിലാണവര്‍.
ഞാനവസാനിപ്പിക്കുകയാണ്, ഞാനീ രാജ്യത്തേക്ക് വന്നത് 8 വയസ്സുള്ള അഭയാര്‍ഥി പെണ്‍കുട്ടിയായാണ്. 1948 ല്‍ നിന്ന് ഫലസ്തീനില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവരുടെ പിന്‍ തലമുറയിലൊരാളാണ് ഞാന്‍. 60 വര്‍ഷത്തോളം മൂന്നാം ലോക രാജ്യങ്ങളുടെ പരിതാപകരമായ അവസ്ഥയില്‍ ഞങ്ങള്‍ കഴിച്ച് കൂട്ടി. ഇവിടെ ഈ രാജ്യത്ത് ഞാന്‍ ആഗ്രഹിച്ച പിന്തുണ എനിക്ക് ലഭിച്ചു. ഇവിടെ യൂണിവേര്‍സിറ്റിയില്‍ നിയമപഠനം നടത്താന്‍ എനിക്ക് അവസരം ലഭിച്ചു. ബിരുദാനന്തരം പി.എസ്.എച്.ഇ ടീച്ചറാവാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഒരാളുടെ മുറിവ് സര്‍വ്വര്‍ക്കുമുള്ള മുറിവിന് തുല്യമാണ്. ഇവിടെ ഈ യൂണിയന് ഞാന്‍ നന്ദി പറയുകയാണ്. കാരണം ഫലസ്തീനികളടക്കമുള്ള സര്‍വ്വ പീഢിത ജനതക്കും ഈ യൂണിയന്‍ ശക്തമായ പിന്തുണ നല്‍കുന്നു.
Leave A Comment