യമനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയുടെ ദിനങ്ങള്‍
Shi'ite Houthi rebels carry wounded men after a suicide attack in Sanaa'യമനിനു പ്രധാനമന്ത്രിയെ ആവശ്യമുണ്ട്!'. യമന്‍ ഭരണകൂടത്തിന്റെ അമേരിക്കയിലെ വക്താവായ മുഹമ്മദ് അല്‍ ബാഷ രാജ്യത്തെ സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ കുറിച്ച സുചിന്തിതമായ വാക്കുകളാണിവ. യമന്‍ പ്രസിഡണ്ട് അബ്ദു റബ്ബിഹി ഹാദി മന്‍സൂറും രാജ്യതലസ്ഥാനമായ സന്‍ആഇലെ അധികാര സ്ഥാനങ്ങള്‍ അധിനിവേശം നടത്തി അധീനതയില്‍സൂക്ഷിച്ചിട്ടുള്ള ശീഈ വിമത വിഭാഗമായ ഹൂത്തികളും തമ്മില്‍ അധിനിവേശാനന്തരം ഏര്‍പ്പെട്ട സമാധാന ഉടമ്പടിയനുസരിച്ച് പൊതുസമ്മിതിയോടെപ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തികളില്‍ ഒരാളും തന്നെ പ്രസ്തുത സ്ഥാനമേറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കാതിരുന്ന സാഹചര്യത്തിലാണ് ബാഷ  ഉപര്യുക്ത വാക്കുകള്‍ ട്വിറ്ററില്‍ കുറിച്ചത്. തുടര്‍ന്ന് പ്രസിഡണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം സ്ഥാനമേറ്റെടുത്ത അഹ്മദ് അവദ് ബിന്‍ മുബാറക് ഹൂത്തി വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതോടെ ഇതിനകം തന്നെ നിരവധി പേരുടെ മരണത്തിനിടയാക്കിയ അനിഷ്ട സംഭവങ്ങള്‍ക്ക് തടയിടാന്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന്വ്യ ക്തമായിരിക്കുകയാണ്. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് അഭിപ്രായൈക്യത്തിലേക്കുള്ള കവാടങ്ങള്‍ തുറന്നിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജ്യത്തിന്റെ സമാധാനപൂര്‍ണ്ണമായ ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്കയുടെ നിഴലിലാണ് യമനിലെ ജനങ്ങള്‍ ബലിപെരുന്നാള്‍ ദിനങ്ങള്‍ പോലും കഴിച്ചു കൂട്ടിയത്. കഴിഞ്ഞ മാസം 21ന് വടക്കന്‍ യമനിലെ സൈദീ ശിയാക്കളില്‍ പെട്ട ഹൂത്തികള്‍ തലസ്ഥാന നഗരി കയ്യേറി സര്‍ക്കാര്‍ സ്ഥാപനങ്ങളും കാര്യാലയങ്ങളും ചെക്ക് പോസ്റ്റുകളും അധീനതയിലാക്കിയതു മുതല്‍ കടുത്ത അരക്ഷിതാവസ്ഥയുടെയും സംഘര്‍ഷാവസ്ഥയുടെയും നിഴലിലാണ് തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലെ തീരദേശ രാജ്യമായ യമനില്‍ ജനജീവിതം മുന്നോട്ടു ഗമിക്കുന്നത്. തലസ്ഥാന നഗരി കയ്യേറി അധീനതയില്‍ വെക്കാന്‍ വിമതര്‍ക്ക് നിഷ്പ്രയാസം സാധിച്ചതും, ഹൂത്തികളുടെ എതിര്‍പ്പുകളെ നിഷ്പ്രഭമാക്കത്തക്ക വണ്ണം താല്‍ക്കാലിക പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുസമ്മതനായ ഒരാളെ നാളിതു വരെയായി നിയമിക്കാന്‍ കഴിയാത്തതും യമനിലെ ഭരണ നേതൃത്വത്തിന്റെ ബലക്ഷയതയിലേക്കും പ്രതിരോധ-സൈനിക സംവിധാനങ്ങളുടെ പ്രാപ്തിക്കുറവിലേക്കുമുള്ള വ്യക്തമായ നിദര്‍ശനങ്ങളാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. പെട്രോളിനുള്ള സബ്‌സിഡി എടുത്തു കളയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനമനസ്സുകളില്‍ ഇരമ്പിയ രോഷത്തെ കൃത്യമായി ഉപയോഗപ്പെടുത്തി ജനപിന്തുണ നേടിയെടുക്കാന്‍ കഴിയുക കൂടി ചെയ്തതോടെ സുന്നി മേധാവിത്വമുള്ള രാജ്യത്തെ അധികാര സംവിധാനത്തില്‍ ഇടം നേടിയെടുക്കണമെന്ന ലക്ഷ്യത്തോടെ ഒരു പതിറ്റാണ്ടിലേറെയായി ഹൂത്തികള്‍ നടത്തിക്കൊണ്ടിരുന്ന സമര-സായുധ ഇടപെടലുകള്‍ പ്രതീക്ഷിച്ച ഫലം കൊയ്തതിന്റെ ബാക്കിപത്രമാണ് യമനില്‍ ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്. അറേബ്യന്‍ ഉപഭൂഖണ്ഢത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ യമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ അത്യന്തം ശോചനീയമായ നിലവിലെ ചുറ്റുപാട് രാജ്യത്തിന്റെ സ്ഥിരം ഭീഷണിയായ അല്‍ ഖാഇദക്ക് തങ്ങളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള പ്രേരണ നല്‍കുന്നതിലേക്കും അത് വഴി രാജ്യം അരക്ഷിതാവസ്ഥയുടെ കൂടുതല്‍ ആഴങ്ങളിലേക്ക് വഴുതി വീഴുന്നതിലേക്കും നയിക്കുമെന്ന ആശങ്കയും നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്. ഇതിലേക്ക് സൂചന നല്‍കി കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും ചാവേര്‍ ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി അരങ്ങേറുകയുമുണ്ടായി. ബ്രിട്ടീഷ് അധിനിവേശവും തദനന്തരം കാലങ്ങളോളം ദീര്‍ഘിച്ചു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളും അഴിമതിയും പിടിപ്പുകേടും മാത്രം കൈമുതലാക്കിയ ഭരണാധിപരും ഒന്നിച്ച് യമനിനെ ദാരിദ്ര്യം കൊണ്ടും ദുസ്സഹമാ യ ജീവിത സാഹചര്യങ്ങള്‍ കൊണ്ടും ഇതര അറബ് രാഷ്ട്രങ്ങളില്‍ നിന്നും എന്നും വേറിട്ടു നിര്‍ത്തിയിരുന്നു. അറബ് ലോകമാകെ വീശിയടിച്ച മുല്ലപ്പൂ വിപ്ലവത്തെത്തുടര്‍ന്ന് സുദീര്‍ഘകാലം പ്രസിഡണ്ടു പദത്തിലിരുന്ന അലി അബ്ദുല്ല സ്വാലിഹിന്റെ ഏകാധിപത്യപൂര്‍ണ്ണമായ ഭരണത്തിന് അന്ത്യമായെങ്കിലും രാജ്യത്ത് സമാധാനവും സുസ്ഥിരതയും ഇനിയും കൈവരാനിരിക്കുന്നതേയുള്ളൂവെന്ന് വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ വ്യക്തമാക്കിത്തരുന്നു. വിപ്ലവത്തെത്തുടര്‍ന്ന് നിയമിക്കപ്പെട്ട പ്രവിശ്യാ-ഭരണഘടനാ സമിതികള്‍ അടുത്ത വര്‍ഷത്തോടെ കാലാവധി  പൂര്‍ത്തിയാക്കാനിരിക്കെ രാജ്യം വീണ്ടുംഅക്രമങ്ങളിലേക്കും ക്രമസമാധാനത്തകര്‍ച്ചയിലേക്കും കൂപ്പു കുത്തുന്നതിനെ ദൗര്‍ഭാഗ്യകരമെന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ. ഏതായാലും, യമനിലെ രാഷ്ട്രീയ ഗതിവിഗതികളിലും നയ-തീരുമാന രൂപീകരണങ്ങളിലുംസ്വാധീനപൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്താനുള്ള അഭൂതപൂര്‍വ്വമായ അവസരമാണ്രാ ജ്യത്തെ ഏറ്റവും വലിയ സംഘടിത സായുധ വിഭാഗമായ ഹൂത്തികള്‍ക്ക്കൈ വന്നിരിക്കുന്നത് എന്നതില്‍ അഭിപ്രായാന്തരത്തിന് ഇടമില്ല. അതുകൊണ്ടുതന്നെ, അല്‍ ജസീറ നിരീക്ഷിച്ചത് പോലെ, രാജ്യത്തെ വിഭിന്ന വിഭാഗങ്ങളുടെ അഭാപ്രായാനൈക്യത്തെ വിജയകരമായി മറികടന്നു കൊണ്ട് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും ശ്രദ്ധേയമായ ഇടം ലഭിക്കുന്ന ഒരു ഭരണ സംവിധാനം എങ്ങനെ ഉറപ്പു വരുത്താം എന്നതിനെക്കുറിച്ച് ഹൂത്തികള്‍ മുന്നോട്ടു വെക്കുന്ന നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും യമന്‍ രാഷ്ട്രീയത്തിലെ വരുംനാളുകള്‍ക്ക് അടിത്തറയൊരുക്കാനുള്ള സാധ്യതയാണ് ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് തെളിഞ്ഞു വരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter