റമദാന് 12 – ഇഅ്തികാഫ്.. ഹിറായിലെ ഇരുത്തത്തിന്റെ മറ്റൊരു രൂപം തന്നെയല്ലേ അത്..
റമദാന് 12 – ഇഅ്തികാഫ്.. ഹിറായിലെ ഇരുത്തത്തിന്റെ മറ്റൊരു രൂപം തന്നെയല്ലേ അത്..
വിശുദ്ധ റമദാനിലെ ഏറെ പുണ്യകരമായ വിശേഷ കര്‍മ്മങ്ങളില്‍ പെട്ടതാണ് ഇഅ്തികാഫ്. നോമ്പ് ഉള്ളപ്പോള്‍ മാത്രമേ ഇഅ്തികാഫ് ഇരിക്കാവൂ എന്ന് അഭിപ്രായപ്പെട്ട പണ്ഡിതര്‍ വരെയുണ്ട്. പ്രവാചകര്‍(സ്വ) റമദാനില്‍ പരമാവധി പള്ളിയില്‍ തന്നെയാണ് കഴിച്ച് കൂട്ടിയിരുന്നതെന്നും അവസാന ദിനങ്ങളില്‍ ഇത് കഴിയുന്നത്ര വര്‍ദ്ധിപ്പിച്ചിരുന്നുവെന്നും ഹദീസുകളില്‍ കാണാം.
ഒന്നാലോചിച്ചാല്‍, ഇഅ്തികാഫ് ഒരു ഒഴിഞ്ഞിരുത്തമാണ്. ഐഹികമായ ചിന്തകളില്‍നിന്നെല്ലാമുള്ള ഒരു ഒഴിഞ്ഞിരുത്തം. അല്ലാഹുവിനെ മനസ്സില്‍ ധ്യാനിച്ച് ഇലാഹീ ചിന്തകളിലും വിചാരങ്ങളിലുമായുള്ള സമയം കഴിച്ച് കൂട്ടലാണ്, അതാണല്ലോ ഇഅ്തികാഫ്. പ്രവാചകര്‍ (സ്വ)യുടെ ഹിറാ ഗുഹയിലെ ഇരുത്തവുമായി ഇതിന് ഏറെ സാമീപ്യമുണ്ടെന്ന് തോന്നുന്നു. തന്റെ ചുറ്റുപാടും നടമാടിക്കൊണ്ടിരുന്ന വിവിധ തിന്മകളില്‍നിന്നും മൂല്യഛ്യുതികളില്‍നിന്നുമെല്ലാം അകന്ന സ്വസ്ഥമായ ഒരു ഭൌതികസാഹചര്യമായിരുന്നു ഹിറാ ഗുഹ. ഇഅ്തികാഫ് ഇരിക്കേണ്ടത് പള്ളിയില്‍ തന്നെയാണ്, കാരണം അതാണല്ലോ അല്ലാഹുവിന്റെ ഭവനം. പക്ഷെ, പ്രവാചകരുടെ ആ കാലത്ത്, കഅ്ബ പോലും വിഗ്രഹങ്ങളാല്‍ നിറഞ്ഞിരുന്നു, അഥവാ, ഭൌതികമായി ചിന്തിച്ചാല്‍ അതിനുള്ളില്‍പോലും തിന്മ നിറഞ്ഞ് നിന്നിരുന്നു എന്നര്‍ത്ഥം.
Also Read:റമദാന് 13 – ഖല്‍ബുന്‍സലീമാവട്ടെ ഈ റമദാന്‍ നമുക്ക് നല്‍കുന്നത്...
അത് കൊണ്ടാവാം അവിടുന്ന് മലകയറി പോയത്. എന്നാല്‍, മലയുടെ മുകളിലെത്തിയിട്ടും പ്രവാചകര്‍ തെരഞ്ഞെടുത്തത്, കഅ്ബയെ നേരിട്ട് കാണും വിധം സംവിധാനിക്കപ്പെട്ട ഹിറാ ഗുഹ തന്നെയായിരുന്നു, അഥവാ, മനസ്സും കണ്ണും അപ്പോഴും അല്ലാഹുവിന്റെ ഭവനത്തിലായിരുന്നു എന്നര്‍ത്ഥം, ഒരര്‍ത്ഥത്തില്‍ സാധ്യമായത്ര കഅ്ബയില്‍തന്നെയായിരുന്നു ആ ഇരുത്തം എന്ന് വായിക്കാം.
ഇത്തരം ഒഴിഞ്ഞിരുത്തങ്ങളാണ് മനുഷ്യനെ അല്ലാഹുവുമായി അടുപ്പിക്കുന്നത്. ലൌകിക ചിന്തകളേശാതെ, അല്ലാഹുവിനെ മാത്രം നിനച്ചിരിക്കുന്ന ചില നിമിഷങ്ങളെങ്കിലും വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. തനിക്ക് ഇത്രമേല്‍ അനുഗ്രഹങ്ങള്‍ ചെയ്തുതന്ന രക്ഷിതാവിനെ മനസ്സറിഞ്ഞ് സമീപിക്കാനും ചെയ്തുപോയ തെറ്റുകള്‍ ഏറ്റ് പറഞ്ഞ് പശ്ചാത്തപ്പിക്കാനും ഏറ്റവും പറ്റിയ സ്ഥലം അല്ലാഹുവിന്റെ വീട് തന്നെ. അത് രാത്രിയുടെ നിശബ്ദ യാമങ്ങളിലാവുമ്പോള്‍ അതിന് ഒന്ന് കൂടി ആഴവും അര്‍ത്ഥവും വര്‍ദ്ധിക്കും.
വിശുദ്ധ ഖുര്‍ആന്‍ ഇഅ്തികാഫിനെ കുറിച്ച് പരാമര്‍ശിക്കുന്നത്, നോമ്പിനോട് ചേര്‍ത്താണെന്നതും ഈ മാസത്തില്‍ അതിന്റെ വിശേഷ പ്രാധാന്യം വിളിച്ചോതുന്നു. ബാക്കിയുള്ള ദിനങ്ങളില്‍, ഇത് പൂര്‍വ്വോപരി നിര്‍വ്വഹിക്കാന്‍ നമുക്കാകട്ടെ.
Leave A Comment