റമദാന് 8 – ഇഫ്താറുകള്‍... പലപ്പോഴും നിറക്കുന്നത് മനസ്സിനെയാണ്..

റമദാന് 8 – ഇഫ്താറുകള്‍... പലപ്പോഴും നിറക്കുന്നത് മനസ്സിനെയാണ്..


ഇന്നലെ കുടുംബസമേതം ഒരിടത്തേക്ക് ഇഫ്താറിന് പോകുകയായിരുന്നു. സമയം അല്പം വൈകിയിട്ടുണ്ട്. ബാങ്ക് കൊടുക്കാന്‍ പത്ത് മിനുട്ട് മാത്രം. ഏതെങ്കിലും ഒരു ടാക്സി കിട്ടുമോ എന്നും കാത്ത് റോട്ടില്‍ നില്‍ക്കുകയാണ്. ഇഫ്താര്‍ സമയം ആയത് കൊണ്ട് തന്നെ വണ്ടികള്‍ വളരെ കുറവാണ്. അപ്പോഴാണ്, ഒരു കാര്‍ മുന്നില്‍ വന്ന് നിര്‍ത്തിയത്. ഒട്ടും പരിചയമില്ലാത്ത ഏതോ ഒരാള്‍. വേഷവും രീതിയും കണ്ടിട്ട് ഇതരമതസ്ഥനാണ്. വണ്ടി നിറുത്തി, ബാക് സീറ്റിലെ സാധനങ്ങള്‍ അല്‍പം ഒതുക്കി വെച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, നിങ്ങള്‍ കയറിക്കോളൂ.. എവിടെയാണേലും ഞാന്‍ ഡ്രോപ്പ് ചെയ്യാം, ഇഫ്താറിന് പോകുകയാവും അല്ലേ. പത്ത് മിനുട്ട് കൊണ്ട് അദ്ദേഹം ഞങ്ങളെ നിശ്ചിത സ്ഥലത്തെത്തിച്ച്തന്നു. സംസാരത്തിനിടെ ക്രിസ്തീയവിശ്വാസിയാണെന്ന് മനസ്സിലായി.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് റിയാദിലായിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന കൊല്ലം സ്വദേശി ജോണേട്ടനെ, ഇപ്പോഴും ഇട്ടകിടെ ഓര്‍ക്കാറുണ്ട്, വിശിഷ്യാ റമദാനില്‍. അത്താഴ സമയത്ത് ഞങ്ങള്‍ക്ക് മുമ്പേ എണീറ്റ് കഴിക്കാനുള്ള ഭക്ഷണം ചൂടാക്കിത്തന്നിരുന്നത് അദ്ദേഹമായിരുന്നു. 
റമദാന്‍ പലപ്പോഴും ഇങ്ങനെയാണ്. മനുഷ്യസ്നേഹത്തിന്റെ വലിയ വലിയ ചിത്രങ്ങള്‍ തീര്‍ക്കാറുണ്ട് അത്. നോമ്പ് തുറക്കാന്‍ സമയത്ത് കടയില്‍ വെള്ളം ചോദിച്ചെത്തുന്നവര്‍ക്ക്, ജ്യൂസും പഴങ്ങളും പാത്രത്തിലാക്കി നല്‍കി നോമ്പ് തുറക്കാനുള്ള സൌകര്യങ്ങളെല്ലാമൊരുക്കുന്ന എത്രയോ ഹൈന്ദവസഹോദരങ്ങളെ നാം കണ്ടിട്ടുണ്ട്. അവസാനം, കാശ് കൊടുക്കുമ്പോള്‍, അത് വേണ്ട ഇന്നത്തെ നോമ്പ് തുറ എന്റെ വക ആകട്ടെ എന്നാകും മറുപടി. മാനവികതയുടെ ഇത്തരം മഹാപ്രതീകങ്ങളെ നമുക്ക് കാണിച്ചുതരുന്നതില്‍ റമദാന്റെ പങ്ക് വലുതാണ്. 

സമാനമായി, ഇഫ്താര്‍ സംഗമങ്ങളിലൂടെ നടക്കുന്നതും സ്നേഹത്തിന്റെ കൈമാറ്റം തന്നെ. കൂട്ടുകാരും കുടുംബക്കാരും ഒത്ത് കൂടുമ്പോഴും പലപ്പോഴും ഇതരമതസ്ഥരായ അയല്‍വാസികളെയും കൂട്ടുകാരെയും അതിലേക്ക് ക്ഷണിക്കുമ്പോഴും മനുഷ്യസ്നേഹമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. പരസ്പരം സ്നേഹിക്കാനാണ് ഏത് മതവും പഠിപ്പിക്കുന്നത്, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അങ്ങനെ പഠിപ്പിക്കുന്നത് മാത്രമേ മതമാവുകയുള്ളൂ. അല്ലാത്തവക്ക് മദം (ഭ്രാന്ത്) എന്നേ പേരിടാനൊക്കൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter