നാളെ നമ്മെ കുറിച്ച് പറയേണ്ട ഭൂമിയിലെ സാക്ഷികൾ!!!

പ്രവാചകര്‍(സ്വ) അനുയായികളോടൊപ്പം ഇരിക്കുകയാണ്. വിവിധ വിഷയങ്ങള്‍ സംസാരിക്കുന്ന പ്രവാചകരുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുകയാണ് സ്വഹാബികള്‍.

അപ്പോഴാണ് ഒരു ജനാസ (മൃതദേഹം) വഹിച്ച് കൊണ്ട് ഒരു സംഘം അതുവഴി കടന്നു വന്നത്. സ്വഹാബികളെല്ലാം ആ മനുഷ്യനെ കുറിച്ച് നല്ല വാക്കുകൾ മാത്രം പറഞ്ഞു. അവ നമുക്ക് ഇങ്ങനെ വായിക്കാം.

"സ്നേഹവും വിശ്വസ്തതയും ഉൾചേർന്ന ഒരു ഉത്തമ സുഹൃത്തായിരുന്നു അദ്ദേഹം, സ്നേഹം തുളുമ്പുന്ന ഭർത്താവായിരുന്നു, മാതാപിതാക്കൾക്ക് നന്മ ചെയ്യുന്ന നല്ലൊരു മകനായിരുന്നു, നല്ല ഒരു അയൽവാസിയായിരുന്നു, വഴക്കിടുന്നവർക്കിടയിൽ തീർപ്പ് കൽപ്പിക്കുന്നതിലും പാവപ്പെട്ടവർക്ക് ദാനം നൽകുന്നതിലും തെറ്റ് ചെയ്തവരോട് ക്ഷമ കാണിക്കുന്നതിലും എല്ലാം മുന്‍പന്തിയിലായിരുന്നു ഇദ്ദേഹം.."

എല്ലാം കേട്ട നബി (സ്വ) പറഞ്ഞു: അവന് പരലോകത്തിലെ നന്മകൾ സുനിശ്ചിതമായിരിക്കുന്നു.

അല്പസമയത്തിന് ശേഷം മറ്റൊരു ജനാസ കൂടി അത് വഴി കടന്നുപോയി. സ്വഹാബികൾ ആ വ്യക്തിയെ കുറിച്ച് മോശം അഭിപ്രായങ്ങളാണ് പങ്കുവെച്ചത്. അത് കേട്ട നബി(സ്വ) പറഞ്ഞു: അദ്ദേഹത്തിന്റെ കർമഫലങ്ങൾ നിർണിതമായിക്കഴിഞ്ഞിരിക്കുന്നു.

സ്വഹാബികൾ ഒന്നടങ്കം ചോദിച്ചു: പ്രവാചകരേ, എന്താണ് നിർണ്ണിതമായത്?"

അവിടുന്ന് മറുപടി പറഞ്ഞു: "നിങ്ങൾ നല്ലതു പറഞ്ഞ വ്യക്തിക്ക് സ്വർഗ്ഗം സുനിശ്ചിതമായി, മോശമായി അഭിപ്രായപ്പെട്ട വ്യക്തിക്ക് നരകവും നിർണിതമായി. നിങ്ങളാണ് ഭൂമിയിലെ അല്ലാഹുവിന്റെ സാക്ഷികൾ."

നമ്മളും ഒരുദിവസം നമ്മുടെ ബന്ധുമിത്രങ്ങളുടെ തോളിലേറി യാത്രതിരിക്കേണ്ടവരാണ്. ഓരോ ആത്മാവും മരണത്തിൻ്റെ രുചി അറിയുക തന്നെ ചെയ്യും. കഅബ് ബിൻ സുഹൈർ (റ) പറഞ്ഞതുപോലെ:

كل ابن أنثى وإن طالت سلامته 

يوما على حالة حدباء محمول.

എത്ര തന്നെ സുരക്ഷിതരാണെങ്കിലും, ഉമ്മ പെറ്റ ഏതൊരു മനുഷ്യനും ആറു കാലുള്ള കട്ടിലില്‍ ഒരു ദിവസം കൊണ്ടുപോകപ്പെടുക തന്നെ ചെയ്യും.

നാളെ നമ്മെയും കൊണ്ടുപോകുമ്പോൾ 'അല്ലാഹുവിന്റെ സാക്ഷികൾ' എന്ത് പറയുമെന്നു നാം ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ഇന്ന് സമീപിക്കുന്ന ഓരോ ആളും നിങ്ങളുടെ 'സാക്ഷിയാണ്', നിങ്ങൾക്ക് അനുകൂലമായോ പ്രതികൂലമായോ അവർ സാക്ഷ്യം വഹിക്കും. അവരോടുളള ഇടപഴക്കങ്ങളില്‍ ഇക്കാര്യം എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ.

നമ്മുടെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, അയല്‍വാസികള്‍, ബന്ധുക്കള്‍, കൂട്ടുകാര്‍, നാട്ടുകാര്‍, സഹപ്രവർത്തകർ, നമ്മുടെ കാരുണ്യവും പിന്തുണയും അര്‍ഹിക്കുന്ന പാവപ്പെട്ടവര്‍, അശരണര്‍, അഗതികള്‍... എല്ലാവരും നാളെ നമ്മുടെ സാക്ഷികളാവേണ്ടവരാണ്. 

നാം അന്ത്യയാത്ര പോകുന്ന സമയത്ത്, നമ്മെ കുറിച്ച് നല്ലത് പറയാന്‍ പരമാവധി നമുക്ക് നല്ല സാക്ഷികളെ ഉണ്ടാക്കിക്കൊണ്ടിരിക്കാം. ജീവിക്കുന്ന ആയുസ്സ് കൊണ്ട് ചുറ്റും പ്രകാശം പരത്തി നമുക്ക് കടന്ന് പോവാം.. അതിലൂടെ നമ്മുടെ പാരത്രിക ജീവിതം നമുക്ക് പ്രകാശപൂര്‍ണ്ണമാക്കാം.

_(പലസ്തീനിയൻ എഴുത്തുകാരൻ അദ്ഹം ശർഖാവിയുടെ 'على مِنْهَاجِ النُّبُوَّة' എന്ന ഗ്രന്ഥത്തിലെ ഒരു അധ്യായത്തിന്റെ സ്വതന്ത്ര വിവർത്തനം.)_

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter