വിരിയും മുമ്പേ വാടുന്ന വിപ്ലവ മുല്ലപ്പൂക്കള്‍
'ജനങ്ങള്‍ ജീവിക്കണമെന്ന് നിനച്ചാല്‍ നിയതിക്ക് അവര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരും, അങ്ങനെ ഒരുനാള്‍ അടിമച്ചങ്ങലകള്‍ തകര്‍ത്തെറിയപ്പെടുക തന്നെ ചെയ്യും'- ലോകത്തിലെ ജനാധിപത്യ പോരാട്ടങ്ങളില്‍ അതുല്യവും അവിസ്മരണീയവുമായ അദ്ധ്യായമായി തുന്നിച്ചേര്‍ക്കപ്പെട്ട അറബ് ദേശത്തെ മുല്ലപ്പൂ വിപ്ലവ വേളയില്‍ ഏറ്റവുമധികം മുഴങ്ങിക്കേട്ട വരികളിലൊന്നാണിത്. മുഹമ്മദ് ബൂഅസീസിയെന്ന തുനീഷ്യന്‍ യുവാവിന്റെ ഉന്തുവണ്ടിയില്‍ നിന്ന് പടര്‍ന്നു പൊങ്ങിയ വിപ്ലവവഹ്നിയെ നിത്യോജ്ജ്വലമാക്കി നിര്‍ത്താന്‍, വിരചിതമായി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അത്യാവേശത്തോടെ ആലപിക്കപ്പെട്ട ടുനീഷ്യക്കാരന്‍ തന്നെയായ കവി അബുല്‍ ഖാസിം അശ്ശാബിയുടെ വാക്കുകള്‍.
അടിച്ചമര്‍ത്തലിന്റെയും അരികു ചേര്‍ക്കലിന്റെയും അനുസ്യൂത ദശകങ്ങള്‍ക്കിപ്പുറം അഴിമതി, ദുര്‍ഭരണം, സ്വേഛാധിപത്യം തുടങ്ങി സര്‍വ്വവിധ ഭരണകൂട നികൃഷ്ടതകള്‍ക്കും എതിരായും കാലാന്തരങ്ങളായി ഹനിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന അവകാശങ്ങള്‍ പിടിച്ചു വാങ്ങുന്നതിനായും ടുനീഷ്യ, ലിബിയ, ഈജിപ്ത്, യമന്‍ തുടങ്ങിയ ഇടങ്ങളില്‍ ഉയര്‍ന്നു കേട്ട പ്രോജ്ജ്വല മുദ്രാവാക്യങ്ങള്‍ ആലസ്യത്തിന്റെ കരിങ്കല്‍കൊത്തളത്തിനകത്ത് സ്വയം തളച്ചിട്ട് കടമകളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നുമകന്ന് സുഖജീവിതം നയിച്ചിരുന്ന എല്ലാ ഭരണാധികാരികള്‍ക്കുമുള്ള കനത്ത ശബ്ദത്തിലുള്ള താക്കീതായിരുന്നു എന്ന് വിപ്ലവാനന്തരം അറബ് രാഷ്ട്രങ്ങളിലാകെ ദൃശ്യമായ ജനകീയ നയനിലപാടുകള്‍ തെളിയിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്യപ്പെട്ടിരുന്ന ശ്മശാനങ്ങളില്‍ നിന്ന് പുനര്‍ജ്ജനി പൂണ്ട് അറബ് ലോകത്തിന്റെ വര്‍ത്തമാനത്തിന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുവും മോചനത്തിന്റെ അരുണാഭ ശോഭയും നല്‍കിത്തുടങ്ങിയെന്ന് പെരുമ്പറ കൊട്ടി മാധ്യമത്തമ്പുരാക്കന്മാര്‍ ആശ്വാസവും ആഹ്ലാദവും പ്രകടിപ്പിച്ചു.
എന്നാല്‍ മുല്ലവള്ളികള്‍ മൊട്ടിടുന്നതിനു മുന്നേ വാടിപ്പോകുന്ന ദുരന്തമാണ് പ്രത്യാശയുടെ ഇളം കിരണങ്ങളോടെ ഉദിച്ചുയര്‍ന്ന ഈ വിപ്ലവത്തിന്‍റെ വര്‍ത്തമാനം എന്ന ദുഃഖസത്യത്തിന് അടിവരയിടുകയാണ് ഈജിപ്ഷ്യന്‍ വിപ്ലവത്തിനിടെ നടന്ന കൂട്ടക്കൊലയുടെ ഗൂഢാലോചനയില്‍ മുന്‍പ്രസിഡണ്ട് ഹുസ്‌നി മുബാറക്കിന് പങ്കില്ലെന്ന കൈറോ നീതിപീഠത്തിന്റെ വിധി. 2011ലെ ഭരണ വിരുദ്ധ വിപ്ലവത്തിനിടെ 850ഓളം പേര്‍ കൊല്ലപ്പെട്ട കേസിലും ഇസ്രായേലുമായി നടത്തിയ എണ്ണവ്യാപാരത്തിലെ അഴിമതിയാരോപണത്തിലുമാണ് വേണ്ടത്ര തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മുബാറക്കിനും മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ ആദ്‌ലിയടക്കമുള്ള കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവു വിധിച്ച മുന്‍ വിധിപ്രസ്താവം തിരുത്തി കോടതി വിധി വന്നിരിക്കുന്നത്.
1950കളില്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷം രാജ്യത്ത് ജനാധിപത്യ രീതിയില്‍ അരങ്ങേറിയ ആദ്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുസ്ലിം ബ്രദര്‍ഹുഡുകാരനായ മുഹമ്മദ് മൂര്‍സിയെ പട്ടാള അട്ടിമറിയിലൂടെ അധികാരഭ്രഷ്ടനാക്കി ജയിലില്‍ പാര്‍പ്പിക്കുന്നതിലും, സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ദേശത്തിന്റെ അധികാരസ്ഥാനത്ത് മൂന്നു ദശകത്തോളം അള്ളിപ്പിടിച്ചിരുന്ന് ജനവിരുദ്ധ-ദേശവിരുദ്ധ ഭരണത്തിന്‍റെ പുതിയ അദ്ധ്യായങ്ങള്‍ രചിച്ച ഹുസ്നി മുബാറക്കിനെ നിരപരാധിയായി അഭിഷേകം ചെയ്യുന്നതിലും എത്തിച്ചേരേണ്ടി വന്നു ഈജിപ്ഷ്യന്‍ ജനതയുടെ വിമോചന-ജനാധിപത്യ സ്വപ്നങ്ങള്‍ക്ക് എന്നത് തീര്‍ത്തും ദുഃഖപൂര്‍ണമാണ്.
അറബ് ദേശത്തെ വിപ്ലവമഹാമഹ ദൃശ്യങ്ങള്‍ കണ്ട് ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും അറബ് യുവതയുടെ വിമോചനൌത്സുക്യത്തെ ദിഗന്തങ്ങള്‍ ഭേദിക്കുമാറുച്ചത്തില്‍ പാടിപ്പുകഴ്ത്തുകയും ചെയ്തിരുന്നവരൊക്കെ ടുനീഷ്യയിലും ഈജിപ്തിലും ഇസ്ലാമിക മുഖമുള്ള അന്നഹ്ദയും ബ്രദര്‍ഹുഡുമെല്ലാം ജനഹിതത്തിന്‍റെ തേരിലേറി അധികാരത്തിലേക്ക് ആനയിക്കപ്പെടുന്നത് കണ്ടപ്പോള്‍ തന്നെ ഉള്‍വലിഞ്ഞിരുന്നത് കൊണ്ട് അംഗവിച്ഛേദം സംഭവിച്ച് തെരുവില്‍ രക്തം വാര്ന്ന് കിടക്കുന്ന വിപ്ലവസ്വരൂപത്തെ നോക്കി ഒന്ന് വിലപിക്കാനോ സങ്കടപ്പെടാനോ പോലും ഇന്ന് ആളില്ലാതെ പോയി.
ഇസ്രായേലിന്‍റെ സുരക്ഷിതവും ഭീഷണിമുക്തവുമായ നിലനില്‍പ്പും അറബ് രാഷ്ട്രങ്ങളുടെ ‘ആത്മരക്ഷാടിസ്ഥിത’ മനോഭാവവും ഗതി നിര്‍ണ്ണയിക്കുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രാരംഭത്തില്‍ ഭരണവര്‍ഗ്ഗ വിരുദ്ധവും അനന്തരം ബ്രദര്‍ഹുഡിനെപ്പോലോത്ത കക്ഷികളുടെ അധികാരാരോഹണത്തോടെ ഇസ്രായേല്‍ വിരുദ്ധവുമായിത്തീര്‍ന്ന ഒരു പ്രക്ഷോഭത്തിന്റെ ദീര്ഘകാല വിജയം അനിവാര്യമായും നേരിട്ടേക്കാവുന്ന പാരവെപ്പുകളെയും അട്ടിമറി ശ്രമങ്ങളെയും കാര്യക്ഷമമായി പ്രതിരോധിക്കാനുള്ള അശക്തതയാണ് അറബ് വിപ്ലവ സൂര്യനെ ഉദിക്കും മുമ്പേ ഗ്രഹണത്തിലേക്ക് തള്ളി വിട്ടത്. ജനകീയ വിപ്ലവങ്ങളില്‍ നിന്ന് പ്രസരിച്ച ഊര്‍ജ്ജത്തെയും ആവേശത്തെയും രാഷ്ട്രത്തിന്‍റെ നല്ല ഭാവിക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുരോഗമന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇന്ധനമാക്കി മാറ്റാന് കഴിവും കാര്യപ്രാപ്തിയും തന്റേടവും ദീര്‍ഘവീക്ഷണവുമുള്ള നേതൃത്വത്തിന്‍റെ അഭാവവും ഈ പരിതസ്ഥിതിക്ക് ആക്കം കൂട്ടിയെന്ന് വേണം കരുതാന്‍.
ഏകാധിപത്യത്തിന്‍റെ നാളുകള്‍ക്ക് അന്ത്യമായെങ്കിലും ടുനീഷ്യയില്‍ നിന്നും യമനില്‍ നിന്നും ലിബിയയില്‍ നിന്നുമെല്ലാം ഇപ്പോഴും പുറത്തു വരുന്നത് രാഷ്ട്രീയ അസ്ഥിരതകളുടെയും ജനകീയ അസ്വസ്ഥതകളുടെയും വാര്‍ത്തകള്‍ തന്നെയാണ്. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും അലി അബ്ദുല്ല സ്വാലിഹും മുഅമ്മര്‍ ഖദ്ദാഫിയും പിറകിലുപേക്ഷിച്ചു പോയ രാഷ്ട്രീയ ശൂന്യതയെ മറികടക്കുന്നത് പോയിട്ട് മറച്ചു പിടിക്കാന്‍ പോലും വിപ്ലവം പ്രസവിച്ച നവഭരണകൂടങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പരിചയക്കുറവിന്‍റെയും അനുഭവദാരിദ്ര്യത്തിന്‍റെയും ന്യായങ്ങള്‍ സ്വയം ആശ്വാസം കൊള്ളാന്‍ ഉപകരിക്കുമെന്നല്ലാതെ അടിയന്തിര നടപടികള്‍ ആവശ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതില്‍ അവക്ക് യാതൊരു പങ്കും വഹിക്കാന് കഴിയില്ലെന്ന് സുവ്യക്തമാണ്.
നിണമൊഴുക്കിയും നിദ്ര വെടിഞ്ഞും നേടിയെടുത്ത പ്രതീക്ഷകളും സ്വപ്നങ്ങളും പൂവണിയാതെ പൊലിഞ്ഞു പോകുന്നതിന്‍റെ നിരാശ അറബ് ലോകത്താകെ ദൃശ്യമാണ്. എന്നാല്‍ പാതിയില്‍ മുറിഞ്ഞു പോയ സ്വപ്നങ്ങളേക്കാള്‍ നിദ്ര വിട്ടുണരുമ്പോള്‍ അഭിമുഖീകരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളാണവരെ കൂടുതല്‍ ആശങ്കാകുലരാക്കുന്നത്. മുല്ലപ്പൂക്കളുടെ നറുഗന്ധവും ശുഭ്രശോഭയും നിറഞ്ഞ അപമൃത്യു പൂണ്ട കിനാക്കളുടെ ഗതി കിട്ടാത്ത പ്രേതങ്ങള്‍ അനന്തമായ അന്ധകാരത്തിന്‍റെ രൂപം പൂണ്ട് തങ്ങളുടെ ഭാവിയെ വിഴുങ്ങിക്കളയുമോ എന്നവര്‍ ന്യായമായും ഭയപ്പെടുന്നു.



Leave A Comment