ഒരു പുതിയ ജീവിതം 02- നിരാശ വെടിയാം... പ്രത്യാശയോടെ മുന്നേറാം..

ഓരോ ദിവസവും പുതിയ ജീവിതം തുടങ്ങുകയാണെന്ന് നാം നേരത്തെ പറഞ്ഞു. രാവിലെ അല്ലാഹുവിനെ ഓര്‍ത്ത് കൊണ്ട്, വീണ്ടും ഒരു പുതുജീവന്‍ നല്കിയ അവന്ന് സ്തുതികളര്‍പ്പിച്ചാണ് വിശ്വാസി എണീക്കുന്നത്. ഓരോ ദിവസവും ആദ്യമായി പുറത്ത് നിന്ന് അവന്‍ കേള്‍ക്കുന്ന ശബ്ദം ബാങ്ക് വിളിയുടേതായിരിക്കും. അല്ലാഹു ആണ് ഏറ്റവും വലിയന്‍ എന്ന, ആത്മവിശ്വാസം നല്കുന്ന വാക്കുകള്‍. മറ്റെല്ലാം തന്റെ മുമ്പില്‍ ചെറുതാണെന്നും അത്രയും വലിയ തമ്പുരാന്‍ കൂടെയുള്ളപ്പോള്‍ ഒന്നും ഒരു പ്രശ്നമേ അല്ലെന്നുമാണ് അത് നമ്മോട് പറയുന്നത്. അഥവാ, പ്രകാശത്തിന്റെയും പ്രത്യാശയുടെയും പുതിയ തുടക്കങ്ങളുടെയും തിളങ്ങുന്ന കിരണങ്ങളാണ് അത് സമ്മാനിക്കുന്നത്. 

പ്രവാചകര്‍(സ്വ) പറഞ്ഞു: "നമ്മുടെ ആരാധ്യന്‍ (അവൻ അനുഗ്രഹീതനും ഉന്നതനുമാണ്) എല്ലാ രാത്രിയും ഏറ്റവും അടുത്തുള്ള ആകാശത്തിലേക്ക് ഇറങ്ങിവരുന്നു. രാത്രിയുടെ അവസാന മൂന്നിലൊന്ന് മാത്രം അവശേഷിക്കുമ്പോൾ, 'എന്റെ അനുഗ്രഹം തേടുന്ന ആരെങ്കിലും ഉണ്ടോ, അവനു ഞാൻ അനുഗ്രഹം ചൊരിയാം, എന്നോട് ചോദിക്കുന്ന ആരെങ്കിലും ഉണ്ടോ, അവന് ഞാന്‍ നല്കാം, മാപ്പ് ചോദിക്കുന്നവരുണ്ടോ, അവന് ഞാന്‍ പൊറുത്തുകൊടുക്കാം എന്നിങ്ങനെ ചോദിച്ചുകൊണ്ടിരിക്കുന്നു. ഇത് നേരം പുലരുന്നത് വരെ തുടരുകയും ചെയ്യുന്നു." (ബുഖാരി). രാത്രി പോയി പ്രഭാതം വരുന്ന സമയമാണിത്. സമീപമോ വിദൂരമോ ആയ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സുഭഗമായി ഒരു ഭാവി കെട്ടിപ്പടുക്കാൻ സാധിക്കുന്ന സമയമാണ് ഇത്. എണ്ണമറ്റ പാപങ്ങളിൽ, അവ കടൽ നുര പോലെ അസംഖ്യമാണെങ്കില്‍ പോലും, ഒട്ടും തളരാതെ, നിരാശ ബാധിക്കാതെ, മനസ്സറിഞ്ഞ് പശ്ചാത്തപിച്ച് ആ നാഥന്റെ അടുക്കലേക്ക് തിരിയുകയും അവന്റെ കരുണയ്ക്കും മാപ്പിനുമായി ചുവടുകൾ വേഗത്തിലാക്കുകയും ചെയ്യുന്നിടത്തോളം കാലം അവയെല്ലാം ക്ഷമിക്കാൻ സദാസന്നദ്ധനാണ് നമ്മുടെ സ്രഷ്ടാവ്.

Read More:ഒരു പുതിയ ജീവിതം: 01. നിരന്തരം സ്വയം പുതുക്കിക്കൊണ്ടേയിരിക്കുക

അല്ലാഹു തന്നെ പറയുന്നത് കാണുക, സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവർത്തിച്ച്‌ പോയ എന്റെ ദാസൻമാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്‌. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയും. നിങ്ങൾക്ക്‌ ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിൻ. പിന്നെ (അത്‌ വന്നതിന്‌ ശേഷം) നിങ്ങൾ സഹായിക്കപ്പെടുന്നതല്ല. (സൂറതുസുമർ 53-54). നോക്കൂ, ഇത്ര സ്നേഹമസൃണമായ വിളിയാണ് അത്. അതിക്രമം പ്രവര്‍ത്തിച്ചവരെ പോലും എന്റെ ദാസന്മാരേ എന്നാണ് അവന്‍ അഭിസംബോധന ചെയ്യുന്നത്. നിരാശയുടെ ഏത് കാര്‍മേഘവും നീക്കിക്കളഞ്ഞ്, പ്രത്യാശയുടെ പുതുനാമ്പുകള്‍ തളിര്‍ക്കാന്‍ ആ വിളി തന്നെ ധാരാളമല്ലേ.

ഒരു ഖുദ്സിയ്യായ ഹദീസിൽ ഇങ്ങനെ കാണാം: "അല്ലാഹു പറയുന്നു: ആദമിന്റെ മകനേ, നീ എന്നെ വിളിച്ച് എന്നിൽ പ്രത്യാശ വെക്കുന്നിടത്തോളം കാലം നീ ചെയ്തതെല്ലാം ഞാൻ പൊറുക്കും, ഞാൻ കാര്യമാക്കുകയേ ഇല്ല. ആദമിന്റെ മകനേ, നിന്റെ പാപങ്ങൾ ആകാശത്തിലെ മേഘങ്ങളോളം എത്തിയാലും നീ എന്നോട് പാപമോചനം തേടുക, ഞാൻ ക്ഷമിക്കാതിരിക്കില്ല. എനിക്ക് അതൊരു കാര്യമേ അല്ല. ആദമിന്റെ മകനേ, ഭൂമി നിറിയെ പാപങ്ങളുമായി നീ എന്റെ അടുക്കൽ വരികയും, എന്നോട് യാതൊന്നും പങ്കുചേർക്കാതെ എന്നെ കണ്ടുമുട്ടുകയും ചെയ്‌താൽ, അത്രയും പാപമോചനവുമായി ഞാൻ നിന്റെ അടുക്കൽ വരിക തന്നെ ചെയ്യും. (തിർമിദി). 

എത്ര പ്രതീക്ഷാദായകമാണ് ഇവയെല്ലാം. ശക്തായ ഇച്ഛാശക്തിയും പ്രത്യാശയും പുനരുജ്ജീവിപ്പിക്കാന്‍ ഇതേക്കാള്‍ മറ്റെന്ത് വേണം. അല്ലാഹുവിലേക്കുള്ല തിരിച്ചുനടത്തം തുടങ്ങുക. മോശവും നിഷ്ക്രിയവുമായി കഴിഞ്ഞുപോയ ഇന്നലെകളെ മറന്നേക്കുക. ജീവിതം പുതുക്കുകയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ട് ഗമിക്കുകയും ചെയ്യുക. നിങ്ങളുടെ ഇന്ന് ഇന്നലെയേക്കാള്‍ മെച്ചപ്പെട്ടതാവും, നാളെ ഇന്നിനേക്കാളും, തീര്‍ച്ച. നാഥന്‍ തുണക്കട്ടെ.

സ്വതന്ത്ര വിവര്‍ത്തനം: മുഹമ്മദ് മുഫീദ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter