മാപ്പിളയുടെ വേരുകള്‍ തേടി 'മാപ്പിളയുണ്ടായ യാത്രകള്‍'
mappila theമലയാള മണ്ണിന്‌ മറക്കാന്‍ കഴിയാത്ത അടരുകളിലൊന്നാണ്‌ മാപ്പിള ചരിത്രം. അതു കൊണ്ട്‌ തന്നെ മാപ്പിള ചരിത്രം, സംസ്‌കാരം, സാമൂഹ്യ ശീലങ്ങള്‍ തുടങ്ങിയവയെല്ലാം വ്യാപകമായി പഠനത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അടുത്ത കാലത്ത്‌ മാപ്പിളമാരെക്കുറിച്ച്‌ മലയാളത്തിലിറങ്ങിയ ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളിലൊന്നാണ്‌ തെളിച്ചം മാസികയുടെ പതിനഞ്ചാം വാര്‍ഷികപ്പതിപ്പ്‌, 'മാപ്പിളയുണ്ടായ യാത്രകള്‍' . മാപ്പിള സ്വത്വത്തെയും സമൂഹത്തെയും സംസ്‌കൃതിയെയും രൂപപ്പെടുത്തിയ കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള ഗമനാഗമനങ്ങളുടെ കഥയാണ്‌ പുസ്‌തകം പറയുന്നത്‌. പ്രാചീന മധ്യകാലത്ത്‌ അറബികളും റോമക്കാരും ഗ്രീക്കുകാരും ചൈനക്കാരും, അധിനിവേശത്തിന്റെ കാലത്ത്‌ യൂറോപ്പുകാരും കപ്പല്‍കെട്ടി താണ്ടിയ ദൂരങ്ങളാണ്‌ മാപ്പിളയെ നിര്‍മ്മിച്ചത്‌. അവരെ എതിരേറ്റും പ്രധിരോധിച്ചും ഇടഞ്ഞുമാണ്‌ മാപ്പിള സ്വത്വത്തിന്റെ നിര്‍മ്മിതി ഉണ്ടായത്‌. പഴയ കാലത്ത്‌ കപ്പല്‍ചാലുകളിലൂടെയും പുതിയ കാലത്ത്‌ ആകാശപ്പാതകളിലൂടെയും മാപ്പിളമാരും യാത്രകള്‍ നടത്തുകയും സ്വയം നിര്‍ണ്ണയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഡയസ്‌പോറ സ്‌റ്റഡീസ്‌, സംസ്‌കാര പഠനം, കോളനിയനന്തര പഠനങ്ങള്‍, സമുദ്രപഠനങ്ങള്‍ എന്നിവയുടെ ചുവടു പിടിച്ച്‌ അക്കാദമിക സമൂഹങ്ങളിലും പുറത്തും നിരന്തര ഗവേഷണങ്ങളും നിരന്തര പഠനങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുന്ന കാലത്ത്‌ മാപ്പിളയെ നിര്‍മ്മിച്ച ദേശാടനങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിന്‌ തീര്‍ച്ചയായും പ്രസക്തിയുണ്ടെന്ന്‌ എഡിറ്റര്‍. മാപ്പിള ചരിത്രവും ദേശാടനവും സമഗ്രമായവതരിപ്പിക്കുന്ന അജയ്‌ പി മങ്ങാടിന്റെ ആമുഖത്തെടെയാണ്‌ പുസ്‌തകം തുടങ്ങുന്നത്‌. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, പയസ്‌ മാലേകണ്ടത്തില്‍, എങ്‌സങ്‌ ഹോ, എം.എച്ച്‌ ഇല്ല്യാസ്‌, ആനി കെ ബാഗ്‌, ഫിലിപ്പോ ഒസല്ല, ഡാനിയേല്‍ ഗ്ലാസ്‌മാന്‍, സൊബാസ്‌റ്റിയന്‍ പ്രഞ്ചി, ഹുസൈന്‍ രണ്ടത്താണി, അബ്ദുറഹ്മാന്‍ മങ്ങാട്‌, മഹ്മൂദ്‌ കൂരിയ, ഷമീര്‍ കെ എസ്‌, എം നൗഷാദ്‌ തുടങ്ങി അകത്തു നിന്നും പുറത്തു നിന്നും മാപ്പിള പഠനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ഒരുപറ്റം ഗവേഷകരെയും എഴുത്തുകാരെയമാണ്‌ ഇതില്‍ അണി നിരത്തിയിരിക്കുന്നത്‌. എഴുതപ്പെട്ട അറിയപ്പെട്ട ചരിത്രങ്ങള്‍ക്കപ്പുറത്തേക്ക്‌ പോവുക എന്നതിനപ്പുറം അവയെ തുന്നിച്ചേര്‍ക്കാനുള്ള ഒരു ശ്രമമാണ്‌ പുസ്‌തകം നടത്തുന്നത്‌. ഇതില്‍ നിന്ന്‌ അല്‍പം മാറിനടക്കാന്‍ ശ്രമിക്കുന്നത്‌ ബഹാഉദ്ദീന്‍ നദ്‌വിയുടെ കേരളത്തിലെ ഇസ്‌ലാമകാഗമന ചരിത്രമാണ്‌. മലബാറിലെ അറബ്‌ പോര്‍ച്ചുഗീസ്‌ വാണിജ്യ കാലഘട്ടങ്ങളും, യമനില്‍ നിന്നെത്തിയ ഹള്‌റമികള്‍, മഖ്‌ദൂമുമാര്‍, അറബികളായ കുഞ്ഞാലിമരക്കാര്‍മാര്‍, ഖലാസികള്‍, കോഴിക്കോട്ടെ ഉത്തരേന്ത്യന്‍ വണിക്കുകള്‍ തുടങ്ങിയ ചരിത്രങ്ങളാണ്‌ അകത്തേക്കുള്ള യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മലബാറില്‍ നിന്നും പുറത്തേക്ക്‌ നടന്ന ദേശാടനങ്ങളില്‍ മക്കയിലേക്കുള്ള ഹജ്ജ്‌ യാത്രകള്‍, മാപ്പിളയുടെ ആത്മീയത തേടിയുള്ള സഞ്ചാരങ്ങള്‍, ഉത്തരേന്ത്യ, ബെല്ലാരി, അന്തമാന്‍, ലക്ഷദ്വീപ്‌, മദിരാശി, സിംഗപ്പൂര്‍, ഈജിപ്‌ത്‌, പൈനാങ്ക്‌, റങ്കൂണ്‍, സിലോണ്‍, മലേഷ്യ, ബ്രിട്ടന്‍, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍ എന്നിവയാണുള്‍പ്പെടുത്തിയിരിക്കുന്നത്‌. മലബാറിലെ മാപ്പിള സംസ്‌കൃതി ഉറഞ്ഞുകിടക്കുന്ന പഴയകാല കേന്ദ്രങ്ങളിലേക്കുള്ള അന്വേഷണത്തില്‍ കോഴിക്കോട്‌, പൊന്നാനി, പന്താലായനി, തലശ്ശേരി, കാസര്‍കോഡ്‌, ബേപ്പൂര്‍ തുടങ്ങിയവയിടങ്ങളെയാണ്‌ പരിചയപ്പെടുത്തുന്നത്‌. ഒപ്പം മാപ്പിളയെ നിര്‍മ്മിക്കുന്നതില്‍ നിര്‍ണായക ഭാഗധേയം നടത്തിയ സാംസാകാരിക രൂപങ്ങള്‍, സാമൂഹിക ആഘോഷങ്ങള്‍, ഭക്ഷണം, വസ്‌ത്രം കല, പാട്ടുകള്‍, വാസ്‌തുവിദ്യ, ഗ്രന്ഥരചന തുടങ്ങിയവ അടയാളപ്പെടുത്താനും പുസ്‌തകം ശ്രമിക്കുന്നുണ്ട്‌. ഒപ്പം എങ്‌സങ്‌ ഹോയുടെ The Graves of Tarim, ഡയനീഷ്യസിന്റെ Classic Ships of Islam, ഡാനിയല്‍ ഗ്ലാസ്‌മാന്റെ The Littoral Difference, examining the Swahili and Malabar Coast During Islamic Golden Age, ബിനു ജോണിന്റെ Lords of the Sea, റോളണ്ട്‌ മില്ലറുടെ Mappila Muslims Of Kerala; A Study In Islamic Trends, ആനി കെ ബാഗിന്റെ Sufis and Scholars of the Sea തുടങ്ങിയ പുസ്‌തകാവലോകനങ്ങളും കൂടെ ചേര്‍ത്തിരിക്കുന്നു. പ്രസിദ്ധീകരണം തെളിച്ചം, ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി, ചെമ്മാട് വില 100 രൂപ, പേജ് 328

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter