മുഅ്ജിസതും യുക്തിയും പരസ്പരവിരുദ്ധമോ?
അടിസ്ഥാനപരമായി, ജനങ്ങളെ അജ്ഞതയിൽ നിന്നും വഴികേടിൽ നിന്നും രക്ഷിക്കാനും അവരുടെ തെറ്റുകൾ തിരുത്താനും വേണ്ടി, പ്രപഞ്ച നാഥനിൽ നിന്ന് ലഭിക്കുന്ന സത്യസന്ധമായ സന്ദേശം എത്തിക്കുക എന്നതാണ് പ്രവാചക ദൗത്യം. തങ്ങളുടെ ജീവിത വിശുദ്ധി, സത്യസന്ധത, തുടങ്ങി സൽഗുണങ്ങളുടെ പിൻബലത്തിൽ തന്നെ അവർ മുന്നോട്ടുവെക്കുന്ന ആശയത്തെ പിന്തുടരാവുന്നതാണ്. അതാണ് ഇബ്നുഹസ്മ്(റ) പറഞ്ഞുവെക്കുന്നത്,
"മുഹമ്മദ് നബിയുടെ ജീവിതചരിത്രം പഠിക്കുന്നത് തന്നെ ഒരാൾക്ക് അവരെ വിശ്വസിക്കാൻ മതിയായ തെളിവാണ്. അവരുടെ ജീവിതം ദൈവത്തിന്റെ ദൂതനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു. അവരുടെ അമാനുഷികതകൾ - മുഅ്ജിസത് ഉണ്ടായിരുന്നില്ലെങ്കിൽ പോലും, പ്രവാചകരുടെ സീറ (ജീവിതചരിത്രം) മാത്രം മതിയായ തെളിവാണ്. എന്നാൽ തങ്ങളെ പോലെ സമൂഹത്തിന്റെ ഇടയിൽ ജീവിച്ച ഒരു വ്യക്തി, ദൈവിക വെളിപാട് ലഭിക്കുന്നതോടു കൂടെ മറ്റൊരു ആദർശം പറയുക എന്നത് പെട്ടെന്ന് സ്വീകരിക്കാനാകുന്ന വസ്തുതയല്ല. അതുകൊണ്ട് തന്നെ, ഇത്തരം സാഹചര്യങ്ങളിൽ തങ്ങളുടെ യുക്തിചിന്ത പുറത്തെടുത്ത് പ്രസ്തുത ആദർശത്തിന്റെ ആധികാരികത ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പലരും പ്രവാചകന്മാരോട് പ്രകൃതിക്കതീതമായിട്ടുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്നത്. ആ വേളയില്‍ വിശ്വസ്തത സ്ഥാപിക്കാൻ പ്രപഞ്ചനാഥൻ നൽകുന്ന സവിശേഷമായ കഴിവിനെയാണ് മുഅ്ജിസത് അഥവാ അമാനുഷിക സംഭവം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ പ്രവാചകത്വത്തിന്റെ തെളിവുകളിൽ പെട്ട ഒന്ന് മാത്രമാണ് മുഅ്ജിസത്. പ്രസ്തുത സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ മാത്രമാണ് മുഅജിസത്തിന്റെ ആവശ്യകത തെളിയുന്നതും.
മുഅ്ജിസത്തിന്റെ യുക്തി
ലോകത്ത് രണ്ടു വിഭാഗം ജനങ്ങളുണ്ട്, മുഅ്ജിസത് അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരും. മുഅ്ജിസത് അംഗീകരിക്കാത്തവർ ഈശ്വര വിശ്വാസത്തെ തന്നെ നിരാകരിക്കുന്നവരാണ്. അതിനവർ ഉന്നയിക്കുന്ന വാദം ഇങ്ങനെയാണ്: മെത്തഡോളജിക്കൽ നാച്ചുറലിസം - പ്രകൃതിവാദപരമായ രീതിശാസ്ത്രം എന്ന തത്വശാസ്ത്രമാണ് ലോകത്തിന്റെ നിലനിൽപ്പ് മനസ്സിലാക്കി തരുന്നത്. ഈ പ്രപഞ്ചം എന്നത് വെറും പദാർത്ഥം (Matter), ഊർജ്ജം (Energy), അർത്ഥശൂന്യമായ ചലനങ്ങൾ എന്നിവ മാത്രമാണ്. അതിനപ്പുറം മറ്റൊരു ശക്തിയോ ദൈവമോ ഇല്ല. അത് പ്രകാരം മുഅ്ജിസത്തുകൾക്ക് യാതൊരു സ്ഥാനവുമില്ല. കാരണം, ഈ പ്രപഞ്ചം സ്വയം വിശദീകരിക്കാൻ കഴിവുള്ള ഒരു വ്യവസ്ഥയാണ് (Self-explanatory system), പ്രപഞ്ചത്തിന് പുറത്ത് അതിനെ നിയന്ത്രിക്കുന്ന മറ്റൊന്നുമില്ല.
എന്നാൽ അത്ഭുതങ്ങളെക്കുറിച്ച് സംസാരിക്കണമെങ്കിൽ അടിസ്ഥാനപരമായി ദൈവത്തിൽ വിശ്വസിക്കണം എന്നതാണ് വസ്തുത. "ദൈവമുണ്ട്" എന്ന വിശ്വാസമാണ് പ്രപഞ്ചത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ദൈവം ഉണ്ട് എന്നത് സത്യമാണെങ്കിൽ, അത്ഭുതങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് സമ്മതിക്കേണ്ടിവരും. കാരണം, സർവശക്തനും സർവ്വജ്ഞാനിയുമായ ദൈവത്തെ സംബന്ധിച്ചു അമാനുഷികതയും പ്രകൃതി നിയമങ്ങളും ഒരുപോലെയാണല്ലോ. അല്ലാഹു, ഈ പ്രപഞ്ചത്തെ ഘടനാപരമായി സൃഷ്ടിക്കുകയും അതിൽ ചില കാര്യകാരണ ബന്ധങ്ങളെ നിലനിർത്തുകയും ചെയ്തു എന്നതുകൊണ്ട് ഇവയെന്നുമില്ലാതെ ഒരു കാര്യത്തെ സൃഷ്ടിക്കുക അസാധ്യമാണന്നു വരുന്നില്ലന്നർത്ഥം.
ചുരുക്കത്തിൽ, പ്രപഞ്ചം വെറും ഭൗതികവസ്തുക്കൾ മാത്രമാണെന്ന് വിശ്വസിക്കുന്ന സന്ദേഹ വാദികൾക്ക് അത്ഭുതങ്ങളിൽ വിശ്വസിക്കാൻ കഴിയില്ല. എന്നാൽ നിഷ്പക്ഷ മനസ്സോടെ ചിന്തിക്കുന്ന ഏതൊരാൾക്കും ദൈവം ഉണ്ടെന്ന യാഥാർഥ്യം ഉൾകൊള്ളാനും, ആ ദൈവം മുഖേന അത്ഭുതങ്ങൾ സംഭവിക്കാം എന്നത് യുക്തിപരമായി തന്നെ അംഗീകരിക്കാനും സാധിക്കും.
മുഅ്ജിസത്തിന്റെ സാധ്യത
പ്രാചീന കാലം മുതലേ, അമാനുഷിക സിദ്ധികളിൽ മനുഷ്യൻ വിശ്വസിക്കുകയും അവയെ മത വിശ്വാസത്തിന്റെ പ്രധാന ഘടകമായി കൊണ്ടുനടക്കുകയും ചെയ്തിരുന്നത് ചരിത്ര യാഥാർഥ്യമാണ്. എന്നാൽ ആധുനിക ഫിലോസഫിയുടെ ആഗമനത്തോട് കൂടിയാണ് അമാനുഷിക സിദ്ധികളിലുള്ള വിശ്വാസം ഉൾക്കൊള്ളാനാവാതെ പോയത്. പ്രധാനമായും പ്രസ്തുത ഫിലോസോഫിയുടെ വക്താക്കളായി അറിയപ്പെട്ടിരുന്നത് ഡച്ച് റാഷണലിസ്റ് ആയിരുന്ന സ്പിനോസയും സ്കോട്ടിഷ് എംപിരിസിസ്റ് ഡേവിഡ് ഹ്യൂമുമായിരുന്നു. തീർത്തും ബാലിശമായ വാദങ്ങളാണ് ഇരുവരും മുന്നോട്ടുവെച്ചത്. ദൈവിക സങ്കൽപ്പത്തെ ഉൾക്കൊള്ളാനുള്ള വിശാലതയുടെ പരിമിതിയിൽനിന്നാണ് ഇത്തരത്തിലുള്ള വാദങ്ങൾ ഉടലെടുക്കുന്നതെന്ന് എന്നതാണ് സത്യം.
സ്പിനോസയുടെ വാദങ്ങൾ ഇപ്പ്രകാരമായിരുന്നു, പ്രകൃതി നിയമങ്ങൾ മാറ്റത്തിന് വിധേയമാകാത്തതാണ്, അതിനാൽ മാറ്റങ്ങൾ സംഭവിക്കാത്ത പ്രകൃതി നിയമങ്ങൾക്ക് എതിരാണ് അമാനുഷികതകൾ. എന്നാൽ ഈ വാദം ബാലിശമാണെന്ന് വളരെ വേഗം ബോധ്യപ്പെടുന്നതാണ്. അഥവാ, അല്ലാഹുവിന്റെ ഉദ്ദേശ്യം എന്നുള്ളത് പ്രകൃതി നിയമങ്ങളുടെ പ്രേരണയാൽ ബന്ധിതമല്ല. അല്ലാഹുവിനെ സംബന്ധിച്ചെടുത്തോളം പ്രകൃതി നിയമങ്ങളും അമാനുഷികതയും ഒരുപോലെയാണ്.
മറ്റൊരു വാദം: ദൈവവും പ്രകൃതിയും ഒരു അസ്തിത്വമാണ് എന്ന അദ്വൈത സിദ്ധാന്ത പ്രകാരം, പുറത്തു നിന്നുള്ള ഒരു ശക്തിയായ അമാനുഷികത ഇതിനെ നിയന്ത്രിക്കുന്നു എന്ന് വരും. എന്നാൽ ഈ വാദം തീർത്തും നിരീശ്വര കാഴ്ചപ്പാടിൽ നിന്ന് വരുന്നതും, സമൂഹത്തിൽ തീരെ പ്രചാരണം ലഭിക്കാത്തതുമായ ഒന്നാണ്. കാരണം, അമാനുഷികത എന്നത് ബാഹ്യമായ ഒരു ശക്തിയാണെന്ന് വിശ്വാസികൾ പറയുന്നില്ല, പകരം അത് ദൈവിക ശക്തിയുടെ ഭാഗമാണ് എന്നാണ് മനസ്സിലാക്കപ്പെടുന്നത്.
മറ്റൊന്ന്, ഏതു വിചിത്രമായ കാര്യം സംഭവിക്കുമ്പോഴും അതിനെയെല്ലാം അമാനുഷിയകതയുടെ ഇനത്തിൽ പെടുത്തുന്നത്, അതുമായി ബന്ധപ്പെട്ട പ്രകൃതി നിയമങ്ങളോ കരണങ്ങളോ അറിയാത്തതിനാലാണ്. എന്നാൽ വടി സർപ്പമായതും ചന്ദ്രൻ പിളർന്നതുമെല്ലാം പ്രകൃതിയുടെ പ്രപഞ്ച ഘടനക്ക് തന്നെ വിരുദ്ധമാണ്, പിന്നെയെങ്ങനെയാണ് അവയുടെ പ്രകൃതി കാരണങ്ങൾ അറിയാത്തതുകൊണ്ടാണ് എന്ന് വാദിക്കുക!
ഡേവിഡ് ഹ്യൂം, അമാനുഷികത എന്നത് പ്രകൃതി നിയമങ്ങൾക്കതീതമാണെന്ന് അംഗീകരിക്കുന്നുവെങ്കിലും അവയുടെ പ്രയോഗികതയെ ചോദ്യം ചെയ്തിരുന്നു. പ്രകൃതി നിയമങ്ങൾ എന്നുള്ളത് സ്ഥിരമായതും മാറ്റങ്ങൾ സംഭവിക്കാത്തതുമാണ്, അതിനാൽ അവക്കുമീതെ ഒരു കാര്യം പുതുതായി ഉണ്ടാകുക എന്നുള്ളത് ഉൾകൊള്ളാൻ കഴിയാത്തതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഇതിനുള്ള പ്രതികരണം അഞ്ചു രൂപത്തിൽ സംഗ്രഹിക്കാം.
- ഇവ കാഴ്‌ചപ്പാടുകളിൽ നിലനിൽക്കുന്ന വൈജാത്യങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്. അഥവാ, പ്രകൃതി നിയമമായാലും, അമാനുഷികതയാണെങ്കിലും അല്ലാഹുവിന്റെ അറിവിൽ, രണ്ടും പ്രതലത്തിന്റെ ഉള്ളിലാണെന്നും അവൻ ഉദ്ദേശിക്കുന്നതിനനുസരിച് കാര്യങ്ങളെ തീരമാനിക്കുകയാണ് ചെയ്യുന്നതെന്നുമാണ് മതവാദികള്‍ വിശ്വസിക്കുന്നത്. ചില സന്ദർഭങ്ങളിൽ അത് പ്രകൃതി നിയമങ്ങൾ അനുസരിച്ചാണെങ്കിൽ മറ്റുചിലപ്പോള്‍ അമാനുഷികത മുഖേനയായിരിക്കും.
- പ്രകൃതി നിയമങ്ങൾ എന്നുള്ളത് പ്രകൃതിക്ക് മാത്രമാണ്, അത് പ്രകൃതിയുടെ നാഥന് ബാധകമല്ല. എല്ലാം അവൻ ഉദ്ദേശിക്കുന്നതുപോലെ സംഭവിക്കുന്നു എന്ന് മാത്രം.
- അമാനുഷികത എന്നത് മനുഷ്യന്റെ അനുഭങ്ങൾക്കു വിചിത്രമായിരിക്കും എന്നാൽ പ്രസ്തുത അനുഭവങ്ങൾക്ക് വിരുദ്ധമായിക്കൊള്ളണമെന്നില്ല.
- ഡേവിഡ് ഹ്യൂം പറയുന്നതുപോലെ, പ്രകൃതി നിയമങ്ങൾ ഒരിക്കലും മാറ്റങ്ങൾ സംഭവിക്കാത്തതാണെന്നതിനു തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതും ഒരു വിശ്വാസത്തിന്റെ പുറത്ത് മാത്രം പറയപ്പെടുന്നതാണ്.
- പ്രകൃതി നിയമങ്ങൾ എന്നത് പ്രകൃതി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ വിവരണം (Description) മാത്രമാണ്. അല്ലാതെ നിർദ്ദേശാത്മകം (Prescription) അല്ല. അത് നാം കണ്ടുശീലിച്ച കാര്യങ്ങളുടെ വിവരണം (Descriptive) മാത്രമായതുകൊണ്ട്, ആ വിവരണം മാറുന്നതിന് തടസ്സമില്ല. നിയമങ്ങൾ അധികാരമുള്ളത് (Prescriptive) ആയിരുന്നെങ്കിൽ അത് ലംഘിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ഇവ വെറും നിരീക്ഷണങ്ങൾ മാത്രമായതുകൊണ്ട്, ഒരു പ്രത്യേക സാഹചര്യത്തിലോ അല്ലെങ്കിൽ ദൈവത്തിന്റെ ഇടപെടൽ മൂലമോ ഈ പതിവ് തെറ്റാം. അതായത്, ദൈവം വിചാരിച്ചാൽ സാധാരണ നാം കാണുന്ന പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായി കാര്യങ്ങൾ - അത്ഭുതങ്ങൾ പോലോത്തവ സംഭവിക്കാം. കാരണം പ്രകൃതി നിയമങ്ങൾ മാറ്റമില്ലാത്തവയല്ല, മറിച്ച് പ്രകൃതിയുടെ ശീലങ്ങൾ മാത്രമാണ്.
ഡേവിഡ് ഹ്യൂമിന്റെ മറ്റൊരു വാദം, അത്ഭുതങ്ങൾ നടന്നു എന്ന വാർത്തകൾ കൂടുതലായും കേൾക്കുന്നത് വിദ്യാഭ്യാസമില്ലാത്ത, അപരിഷ്കൃതമായ ജനങ്ങൾക്കിടയിലാണ്. അത് അവരുടെ അജ്ഞതയിൽ നിന്ന് ഉണ്ടാകുന്ന കെട്ടുകഥകളാണ്. മാത്രവുമല്ല, പല മതങ്ങളും പരസ്പര വിരുദ്ധമായ അത്ഭുതകഥകൾ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അവ വിശ്വസിക്കാൻ കഴിയില്ല. അപരിഷ്കൃതരായ ജനങ്ങൾക്കിടയിൽ ഇത്തരം വിശ്വാസങ്ങള്‍ കൂടുതലായിരിക്കും എന്നത് ശരിയാണ്. എന്നാൽ പരിഷ്കൃത സമൂഹം എന്ന് വിളിക്കപ്പെടുന്നവർ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ല എന്ന ഹ്യൂമിന്റെ വാദം തെറ്റാണ്. ഉദാഹരണമായി, ഏറ്റവും പരിഷ്കൃത സമൂഹമായി കണക്കാക്കുന്ന അമേരിക്കയിൽ പോലും ഇന്നും ഭാവിപ്രവചനവും മന്ത്രവാദവും ഒക്കെ വളരെ സജീവമായി നടക്കുന്നുണ്ട്. അതുപോലെ, അമേരിക്കയിലെ വലിയൊരു വിഭാഗം വരുന്ന പെന്തക്കോസ്ത് വിശ്വാസികൾ ഇന്നും അമാനുഷിക കാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട്, വിദ്യാഭ്യാസവും പുരോഗതിയും വന്നാൽ അത്ഭുതങ്ങളിലുള്ള വിശ്വാസം ഇല്ലാതാകും എന്ന ഹ്യൂമിന്റെ വാദം പ്രായോഗികമായി ശരിയല്ല എന്ന് തെളിയുന്നു.
ഇത്തരത്തിൽ, യുക്തിപരമായി തെളിയിക്കപ്പെട്ട എല്ലാത്തിനെയും അന്ധമായി വിശ്വസിക്കുന്നതിനുപകരം ഇസ്‍ലാമിൽ അതിനു ചരിത്രപരമായ ശ്രേണിയും പരിഗണിക്കേണ്ടതുണ്ട്. പ്രധാനമായും മുഅ്ജിസത് ഉൾപ്പെടെയുള്ള ചരിത്ര വസ്തുതകള്‍ റിപ്പോർട്ട് ചെയ്യുന്നത് ഹദീസ് വിജ്ഞാന ശാഖയിലൂടെയാണ്. മുതവാതിർ അല്ലെങ്കിൽ ആഹാദ് എന്നീ രണ്ട് രൂപത്തിലാണ് പൊതുവെ ഇത്തരം ചരിത്ര സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുക. ഇതേ മാധ്യമം തന്നെയാണ് മുഅ്ജിസത്തിന്റെ വിഷയത്തിലും നാം പരിഗണിക്കുന്നത്. അതിനാല്‍ ഈ റിപ്പോര്‍ടിംഗ് ശ്രേണിയുടെ സാധുത തെളിയിച്ചുകഴിഞ്ഞാൽ മുഅ്ജിസത്തുകൾ അംഗീകൃതമാണെന്ന് വരും.
മുതവാതിർ എന്നത്, വിശ്വസനീയരായ നാല്പതിലേറെ ആളുകൾ റിപ്പോർട്ട് ചെയ്ത ചരിത്ര സംഭവങ്ങളാണ്. അതുകൊണ്ട് അവ വ്യാജമാകാനുള്ള സാധ്യത ഇല്ല തന്നെ. 1921 കളിൽ ഇന്ത്യയിൽ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ നടന്നിരുന്നു എന്ന വസ്തുത നാം റിപ്പോർട്ട് ചെയ്യുന്നതുപോലെയാണത്. പ്രവാചകരുടെ മിക്ക മുഅ്ജിസത്തുകളും ഇതുപോലെ മുതവാതിറായി റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ്.
അതേസമയം, മുതവാതിർ പോലെ ആഹാദുകളും (ഒന്നോ രണ്ടോ വ്യക്തികള്‍ റിപ്പോര്‍ട് ചെയ്യുന്നത്) ചരിത്ര വസ്തുതകളെ ഉൾക്കൊള്ളാനുള്ള മറ്റൊരു മാധ്യമമാണ്. നമ്മുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് ആഹാദ് മുഖേനയുള്ള ചരിത്ര സംഭവങ്ങളെ സ്വീകരിക്കുന്ന ശൈലി. ഉദാഹരണമായി, നിങ്ങളുടെ സുഹൃത്ത് ഒരു പുസ്തകം വായിച്ചുകഴിഞ്ഞു നിങ്ങളെ വിവരം അറിയിച്ചാൽ അവൻ അത് വായിച്ചു എന്ന് നിങ്ങൾ വിശ്വസിക്കുന്നത് ആഹാദ് അടിസ്ഥാനത്തിലാണല്ലോ.
അതുകൊണ്ട് തന്നെ, മുഅ്ജിസത്തുകൾ മുതവാതിറായും ആഹാദായും റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സ്വീകാര്യയോഗ്യമാണെന്ന് തന്നെ പറയാം. അതേസമയം, നാം സൂചിപ്പിച്ചതുപോലെ മിക്ക മുഅ്ജിസത്തുകളും മുതവാതിർ എന്ന രൂപത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ്. ഉദാഹരണമായി ഖുറൈശി സമൂഹത്തിനു ചന്ദ്രൻ പിളർത്തികൊടുത്തതും, മക്കയിൽ നിന്ന് ജറൂസലമിലേക്ക് ഒരു മാസത്തെ യാത്ര ദൈർഘ്യമെടുക്കുന്നത് ഒറ്റ രാത്രികൊണ്ട് പോയി തിരിച്ചുവന്നതും, ഖന്ദഖ് യുദ്ധവേളയിൽ അവിടെ കൂടിയവര്‍ക്കെല്ലാം മതിയാകുന്നത്ര ഭക്ഷണം വർധിച്ചതും വുളൂഇനും ദാഹമകറ്റാനുമായി കൈ വിരലുകൾക്കിടയിൽനിന്ന് വെള്ളം പ്രവഹിച്ചതുമെല്ലാം ദൃക്സാക്ഷികളായ അനേകം പേര്‍ പറയുകയും അവരില്‍നിന്ന് ഓരോ കാലത്തും അനേകം പണ്ഡിത വരേണ്യർ ശ്രേണി മുറിയാതെ റിപ്പോർട്ട് ചെയ്യുകയും ചെയ്ത അമാനുഷിക സിദ്ധികളാണ്.
ചുരുക്കത്തിൽ, ഈ അണ്ഡകടാഹങ്ങളുടെ അധിപനും സർവ്വശക്തനും സർവ്വജ്ഞാനിയുമായ അല്ലാഹു തന്റെ സന്ദേശം സമൂഹത്തിന് പറഞ്ഞുകൊടുക്കാൻ തന്റെ അടിമകളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കുന്ന ഒരു വിഭാഗത്തിന് അതിനു സഹായകമായ കഴിവുകൾ നൽകുക എന്നത് സ്വാഭാവികതയായേ കാണാനൊക്കൂ. അവന്‍ ഈ പ്രപഞ്ചത്തെ ഘടനാപരമായി സൃഷ്ടിക്കുകയും അതിൽ ചില കാര്യകാരണ ബന്ധങ്ങളെ നിലനിർത്തുകയും ചെയ്തു എന്നതുകൊണ്ട് ഇവയെന്നും ബാധകമല്ലാത്ത ഒരു കാര്യത്തെ സൃഷ്ടിക്കുക അസാധ്യമാണന്നു വരുന്നില്ല താനും. അതുകൊണ്ട് തന്നെ മുഅജിസത്തുകളിൽ വിശ്വസിക്കുന്നതല്ല, അവിശ്വസിക്കുന്നതാണ് വിചിത്രവും യുക്തിരഹിതവുമെന്ന് തന്നെ പറയാവുന്നതാണ്.
References:
Mohammad Elshinawy, the final prophet, proofs of prophethood, Yaqeen Institute for Islamic Research, 2022
د. سامي عامري، براهين النبوة والرد على اعتراضات المستشرقين والمنصرين، تكوين للدراسة والأبحاث، 2017
د. محمد سعيد رمضان البوطي، كبرى اليقينيات الكونية وجود الخالق ووظيفة المخلوق، دار الفكر بدمشق، 1997
د. فاضل صالح السامرائي، نبوة محمد صلى الله عليه وسلم من الشك إلى اليقين، دار عمار للنشر والتوزيع، 1971



Leave A Comment