മക്തൂബ് -04 പാശ്ചാത്താപത്തോടൊപ്പം നിശ്ചലതയിലും ചലിച്ചുകൊണ്ടേയിരിക്കുക

എന്‍റെ സഹോദരന്‍ ശംസുദ്ധീന്,
പാശ്ചാത്താപികളുടെ പദവി താങ്കള്‍ക്കും ദൈവം പ്രദാനം ചെയ്യട്ടെ,
താങ്കളുടെ നിര്‍ബന്ധം കാരണം ഏതാനും ചില വരികള്‍ കൂടി ഞാന്‍ എഴുതുകയാണ്. നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങളും നിരീക്ഷണങ്ങളുമാണ് അതിലുള്ളത്. ശ്രദ്ധാപൂര്‍വ്വം വായിക്കുകയും വിചാരപ്പെടുകയും ചെയ്യണം. കൂടാതെ വിശദാംശങ്ങള്‍ ഖാളി സ്വദ്റുദ്ധീനോടു ആരായുകയും വേണം. ആ സാന്നിധ്യം നിങ്ങള്‍ക്ക് വലിയൊരു സൗഭാഗ്യം തന്നെയാണ്. 
കഴിവിന്‍റെ പരമാവധി കര്‍മ്മ നിരതനാവണം. കാരണം  അടിസ്ഥാനം കര്‍മ്മമാണ്. ഒരിക്കലും തൗബയെ പുതുക്കാന്‍ മറക്കരുത്. ഉന്നതമായ ഏതു പദവിയുടെയും അടിത്തറയാണത്.  അടിത്തറയില്ലാതെ ഒരു കെട്ടിടവും നിലനില്‍ക്കില്ല എന്നത് പോലെ, തൗബയില്ലാതെ ഉന്നതമായ ഒരു പദവിയും സാധ്യമല്ല. 
ഈ പ്രയാണത്തിന്‍റെ  മൂലധനം ഈമാനാണ്. എല്ലാ ഭാരവും ഏറ്റു വാങ്ങുന്നതും നീണ്ട ചരണപഥങ്ങള്‍ മുറിച്ചു കടക്കുന്നതും മഹാസാഗരത്തില്‍ വിലയിക്കുന്നതും ഈമാന്‍ തന്നെ.  മാത്രമല്ല ആത്മീയാനന്ദത്തിന്റെ ശര്‍ബത്ത് നുണക്കുന്നതും സാമീപ്യത്തിന്റെ മധു പാനം ചെയ്യുന്നതും വിരഹനൊമ്പരത്താല്‍ നോവുന്നതും ഈമാന്‍ തന്നെയാണ്. എന്നാല്‍ പാശ്ചാത്താപത്തിന്റെ തോതനുസരിച്ചാണ് ഈ ഈമാന്‍ പൂര്‍ണ്ണമാകുന്നത്. തുടര്‍ന്ന് ആ തെളിച്ചം അടിമയുടെ മനസ്സില്‍  പ്രകാശിക്കുന്നു.  പാശ്ചാത്താപത്തിന്‍റെ മൈതാനം വിശാലമാകുന്നതനുസരിച്ച്   വിശ്വാസത്തിന്‍റെ വെളിച്ചം പരന്ന് കൊണ്ടേയിരിക്കും.
പാശ്ചാത്താപം ഒരു പരിണാമമാണ്. ഒരവസ്ഥയില്‍ നിന്നും മറ്റൊന്നിലേക്കുള്ള പരിണാമം.  മശാഇഖുമാര്‍  മരീദുമാരോടു ഈ പരിണാമ ഘട്ടങ്ങള്‍ നിരീക്ഷിക്കാന്‍ കല്‍പ്പിക്കാറുണ്ട്. കാരണം ഈ അവസ്ഥാന്തരം സംഭവിച്ചാല്‍  അവന്‍  ഒരു പുതിയ വ്യക്തിയായിത്തീരുന്നു. അവന്റെ വിശേഷണങ്ങള്‍ മാറുന്നതോടെ അവന്‍ തന്നെ മാറുന്നു. പുതിയൊരു ഈമാന്‍  അവനു കരഗതമാവുന്നു. അതിനു തൊട്ടുമുമ്പുവരെ, വിശ്വാസം കേവലം പരമ്പരാഗതവും യാന്ത്രികവുമായിരുന്നു. കവിയുടെ വാക്കുകള്‍ എത്ര മഹത്തരമാണ്.

എത്ര കാലം
നിന്റെ നാക്കുകൊണ്ടും നടനം കൊണ്ടും മാത്രം
നീ ഭജനമിരിക്കും.
നിന്റെ മന്ത്രങ്ങളെല്ലാം തന്നെയും
നിനക്കും നിന്‍റെ ഭോഗങ്ങള്‍ക്കും മാത്രമല്ലായിരുന്നോ.
അകമറിയാത്ത വിശ്വാസമെങ്ങനെയാണ്
പുറം നിറയുന്നത്.
എത്രകാലം 
നിന്റെ വിശ്വാസത്തെക്കുറിച്ചു
നാക്കുകള്‍ പറയും.
ഹൃദയമല്ലേ
ഈമാനിന്‍റെ നിലയം.
നിനക്കാണെങ്കിലോ
അതില്ല താനും.

Read More: മക്തൂബ് മൂന്ന്- സജല നയനങ്ങളോടെ സ്രഷ്ടാവിന് മുന്നില്‍

ആധ്യാത്മിക സരണിയിലേക്കുള്ള പ്രവേശനം  കേവല വിശ്വാസം കൊണ്ട് അസാധ്യമാണ്. ആ ഭാരം ചുമക്കാനോ ദൂരം താണ്ടാനോ ആത്മീയ തീര്‍ത്ഥം പാനം ചെയ്യാനോ അത് അശക്തമാണ്. കൊതുകിനു ആനപ്പിണ്ടി താങ്ങില്ലെന്ന പേര്‍ഷ്യന്‍ പഴഞ്ചൊല്ല് എത്ര പ്രസക്തമാണ്.
കവിയുടെ വാക്കുകളും ശ്രദ്ധേയം തന്നെ. 
എല്ലാ പരമാധികാരങ്ങളും 
സാധ്യമാകില്ല, സര്‍വ്വോര്‍ക്കും. 
കഴുതക്കാവുമോ
മിശിഹയുടെ ചുമടെടുക്കാന്‍
അഥവാ, റുസ്തുമിന്‍റെ ചരക്കു ചുമക്കാന്‍ റുസ്തുമിന്‍റെ  പടയാളികള്‍ തന്നെ വേണം

എന്‍റെ സഹോദരാ, 
ഈ വിശിഷ്ട പദവിയെക്കുറിച്ചുള്ള നിന്റെ അന്യതയും അപരിചിതത്വവും ഒരു തരം  മടുപ്പ്, അലസത,  ആധി നിന്നില്‍ ഉണ്ടാക്കിയേക്കാം.  അതു വരാതെ നീ സൂക്ഷിക്കണം. അപ്രകാരം സംഭവിച്ചാല്‍ നീ  ഒഴിവുകഴിവുകള്‍ കണ്ടെത്തും. സാധിക്കാത്ത കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കലാണ് ദൈവദൂതന്മാരുടെ പതിവെന്നും പറഞ്ഞു  നീ ഈ മാര്‍ഗം ഉപേക്ഷിക്കുകയും ചെയ്യും. ഒരു ഭയം കാരണമായി അധികമൊന്നും ഇവ്വിഷയകമായി ഞാന്‍ സംസാരിക്കുന്നില്ല.

സഹോദരാ,
ഈ വഴി തെരെഞ്ഞെടുക്കുന്നവര്‍ക്ക് ഒരു തരത്തിലുമുള്ള നിരാശയും പാടില്ല. കാരണങ്ങള്‍ക്കനുസരിച്ചല്ല ഇവിടെ കാര്യങ്ങള്‍ സംഭവിക്കുന്നത്. സുബ്ഹാനല്ലാഹ്, ബിംബങ്ങള്‍ക്കു മുമ്പില്‍ സാഷ്ടാംഗം ചെയ്യുന്നവനെ ദൈവം  സര്‍വ്വോത്തമനാക്കി മാറ്റുകയും മനുഷ്യനും ജിന്നിനും പ്രാപ്യമല്ലാത്ത ഉന്നതസ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുകയും  ചെയ്തേക്കാം. അത്ഭുതം കൂറിക്കൊണ്ട് ജനങ്ങള്‍ ചോദിക്കും ഇതെന്തു കഥ !! ഇതെങ്ങനെ സംഭവിച്ചു?.
മറുപടി ഒന്നു മാത്രം. ഉദ്ദേശിക്കുന്നതു ചെയ്യുന്ന ഇലാഹിന്‍റെ തീരുമാനം. ഇവിടെ മറ്റു കാരണങ്ങള്‍ക്കു പ്രസക്തിയില്ല. അവന്‍ ഉദ്ധേശിക്കുന്നവനെ അബൂയസീദാക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവനെ  അബൂജഹലുമാക്കുന്നു. ചിലരെ ഔന്നത്യത്തിലേക്കു ഉയര്‍ത്തുന്നു.  മറ്റു ചിലരെ അധകൃതരാക്കുന്നു. എല്ലാം അവന്‍റെ തീരുമാനം. അതിന്‍റെ കാര്യവും കാരണവും അറിയാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ കാരണപ്രസക്തലോകത്ത്  തേടുക. ഇവിടെ അവക്കു സ്ഥാനമില്ല.

Read More: മക്തൂബ്- രണ്ട് പശ്ചാത്താപ വിവശമാവട്ടെ ജീവിതം

സഹോദരാ,
നീ അശക്തനായേക്കാം. എങ്കിലും ഉന്നതമായ മനോബലം നിനക്കുണ്ടായിരിക്കണം. ധീരരുടെ മനക്കരുത്ത് തികച്ചും അസാമാന്യമാണ്. മണ്ണും വിണ്ണും അര്‍ശും കുര്‍സിയ്യും സ്വര്‍ഗനരകങ്ങളും അതിനു മുമ്പില്‍ അശക്തമാണ്. സൂഫി കവിയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം.
അവര്‍
സ്വര്‍ഗത്തെ കാമിച്ചില്ല
നരകത്തെ പേടിച്ചില്ല,
ദ്യവ്യമാം പ്രണയത്തിലായിരുന്നു അവര്‍..
കാല്‍പാദങ്ങള്‍ക്കടിയിലായിരുന്നു
മറ്റെല്ലാം അവര്‍ ശേഖരിച്ചത്,
ലാമിന്‍റെ ചൂലേറ്റു
നിന്‍റെ വഴികള്‍ വിശുദ്ധമാക്കാതെ
ഇല്ലല്ലായുടെ മഖാം പ്രാപിക്കാനാവുമോ?

അവരുടെ മനോബലങ്ങള്‍ തേടുന്നത് അനന്തതയിലേക്കു പറക്കാന്‍ കഴിയുന്ന പരിപാവനമായൊരു പരിസരത്തെയാണ്. പ്രവിശാലമായൊരു മരുഭൂവിനെയാണ്. റുബൂബിയ്യത്തിനേക്കാള്‍ പരിപാവനമായതും ഏകത്വത്തേക്കാള്‍ വിശാലമായതും മറ്റൊന്നില്ല  തന്നെ. കഅബയും ബൈതുല്‍ മഖ്ദിസും  എന്തിനു ആകാശവും ഭൂമിയും തന്നെയും അവര്‍ ഗൗനിക്കില്ല. സുബ്ഹാനല്ലാഹ്...അത്യത്ഭുതകരമായ ഒരു കഥയുണ്ട് . 
തന്‍റെ വീട്ടിനകത്ത് ഒരു സൂഫി കാലും നീട്ടി ഇരിക്കുകയായിരുന്നു. പക്ഷേ, അദ്ധേഹത്തിന്‍റെ തലഭാഗം ഭൗതികലോകത്തിനു വെളിയിലായിരുന്നു. എത്ര മഹത്തരമാണത്. 

ഒരു കവിത കൂടി വായിക്കാം.
ചക്രവാളങ്ങള്‍ക്കൊന്നും തന്നെ
എന്‍റെ വില്ലുടക്കാനുള്ള
ശേഷിയില്ല.

ആചാര്യന്മാര്‍ പറയാറുണ്ട്, അടക്കമില്ലാത്ത അനക്കമാണ് തസവ്വുഫെന്ന്. കാരണം കെട്ടിക്കിടക്കുന്ന ജലാശയം മലിനമാകുമല്ലോ. ചില സന്ദര്‍ഭങ്ങളില്‍ സൂഫിയെ ഒരിടത്തു തന്നെ ഒതുങ്ങിക്കൂടിയതായി നീ ദര്‍ശിച്ചേക്കാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ അദ്ധേഹം അഭൗമികലോകത്ത് കറങ്ങിക്കൊണ്ടിരിക്കുകയയിരിക്കും. കാരണം ചലനത്തിനു വേഗത കൂടിയാല്‍ ആ വസ്തു നിശ്ചലമായി നമുക്കു തോന്നിയേക്കാം. 
ജുനൈദ് തങ്ങളോടു ഒരാള്‍ ചോദിച്ചു, വിവിധ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തേ നിങ്ങള്‍ക്കൊരു അനക്കവും ഇല്ലാത്തത്.
അദ്ധേഹം ഈ സൂക്തം ഓതിക്കേള്‍പ്പിച്ചു, പര്‍വ്വതങ്ങള്‍ മേഘസമാനമായി സഞ്ചരിക്കുമ്പോഴും അതു നിശ്ചലമായി നിനക്ക് അനുഭവപ്പെട്ടേക്കാം (നംല് 8????

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter