യുക്തി ഉയര്‍ത്തുന്ന സംശയങ്ങള്‍ 02- ഖുര്‍ആന്‍ പരിഭാഷയെ നിരുല്‍സാഹപ്പെടുത്തുന്നുണ്ടോ
വിശുദ്ധ ഖുര്‍ആന്‍ പരിഭാഷപ്പെടുത്താന്‍ പോലും അനുവദിക്കാതെ ആശയങ്ങള്‍ ഒളിച്ച് വെച്ച ഗ്രന്ഥമാണെന്ന് ചിലര്‍ ആരോപിക്കാറുണ്ട്. എന്നാല്‍, അങ്ങനെയല്ലെന്ന് മാത്രമല്ല, സ്വയം പരിഭാഷയെ പ്രോത്സാഹിപ്പിച്ച ഗ്രന്ഥം കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍ എന്നതാണ് സത്യം. 'ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും ലഭിച്ച അറിവുകള്‍ നിങ്ങള്‍ പകര്‍ന്നുകൊടുക്കുക, അത് ഒരു ആയത്താണെങ്കിലും ശരി' (ബുഖാരി) എന്നാണ് ഈ ഗ്രന്ഥം ലോകത്ത് അവതരിപ്പിച്ച പ്രവാചകര്‍ പറയുന്നത്. നിങ്ങളില്‍ ഏറ്റവും ഉന്നതര്‍ ഈ ഖുര്‍ആന്‍ പഠിക്കുകയും അത് ഇതരര്‍ക്ക് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് (ബുഖാരി) എന്നും ഹദീസുകളില്‍ കാണാം. ഇതൊന്നും അറിയാത്തവരാണ് മേല്‍പറഞ്ഞ ആരോപണം ഉന്നയിക്കുന്നവര്‍.
ഈ വചനങ്ങളുടെയെല്ലാം താല്‍പര്യം ലോകത്ത് പ്രചരിപ്പിച്ചോളൂ എന്നല്ലാതെ മറ്റെന്താണ്. പരിഭാഷപ്പെടുത്തരുതെന്ന അഭിപ്രായങ്ങള്‍ പണ്ഡിതലോകത്ത് കാണാവുന്നതാണ്. എന്നാല്‍, അത് അറബിയില്‍ പറയുന്നതിന്റെ ആശയവും ഉദ്ദേശ്യവും മറ്റൊരു ഭാഷയിലും പറഞ്ഞുകൊടുക്കരുത് എന്ന ഉദ്ദേശ്യത്തിലല്ല, മറിച്ച്, ബൈബിള്‍ വേണമെന്ന് പറഞ്ഞാല്‍, ഇംഗ്ലീഷോ മലയാളമോ തമിഴോ ഏത് വേണമെന്ന് ചോദിക്കുന്നത് പോലെ ഖുര്‍ആന്‍ ആക്കരുതെന്ന അര്‍ത്ഥത്തിലാണ്. കാരണം, അങ്ങനെ പറഞ്ഞവരൊക്കെ, അവരുടെ ക്ലാസുകളിലും പ്രഭാഷണങ്ങളിലുമെല്ലാം ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശദീകരിച്ചവരായിരുന്നു. ഖുര്‍ആന്റെ അറിവുകള്‍ ഒളിച്ചുവെക്കുന്നതാണ് ഏറ്റവും വലിയതെറ്റ് എന്ന് പോലും ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. 'നാമവതരിപ്പിച്ച പ്രസ്പഷ്ട ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനവും വേദത്തിലൂടെ മനുഷ്യര്‍ക്ക് വ്യക്തമാക്കിയ ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹുവും മറ്റെല്ലാ ശാപകന്മാരും ശപിക്കുന്നതാകുന്നു.' (സൂറതുല്‍ബഖറ 159)
Read More: യുക്തി ഉയര്‍ത്തുന്ന സംശയങ്ങള്‍ ഭാഗം 01- ഖുര്‍ആന്‍: ദൈവം മനുഷ്യനെ വെല്ലുവിളിക്കുകയോ?
ഖുര്‍ആനെ അവര്‍ പരിചിന്തനം ചെയ്യുന്നില്ലേ എന്ന് പലയിടത്തും ചോദിക്കുന്നതും കാണാം. വെറുതെ ഉരുവിട്ട് പാരായണം ചെയ്തുപോയാല്‍ പുണ്യമുണ്ടെങ്കിലും അതിലുപരി അര്‍ത്ഥമറിഞ്ഞുള്ള പാരായണത്തെയാണ് ഖുര്‍ആന്‍ ഏറ്റവും മഹത്തരമായി കണ്ടത്. അത് നിരന്തരം അതിന് പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. അല്ലാഹു അല്ലാത്ത ഒരാളാണ് ഈ ഗ്രന്ഥം അവതരിപ്പിച്ചതെങ്കില്‍ തീര്‍ച്ചയായും യാഥാര്‍ത്ഥ്യത്തോട് യോജിക്കാത്ത എന്തെങ്കിലും ഒരുപരാമര്‍ശം കാണാമായിരുന്നുവെന്നും അങ്ങനെ ഒന്നെങ്കിലും ഖുര്‍ആനില്‍ കണ്ടെത്താനാവുമോ എന്നും അത് നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുന്നു. പതിനാല് നൂറ്റാണ്ട് കഴിയുമ്പോഴും ആ ചോദ്യം തുടരുക തന്നെയാണ്.
വിശുദ്ധ ഖുര്‍ആന്‍ ആര്‍ക്ക് മുമ്പിലും തുറന്നുവെച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണെന്ന് ഇത്രയും പറഞ്ഞതില്‍നിന്ന് വ്യക്തമാണല്ലോ. ഇനി മറ്റു ചിലരുടെ സംശയം ഇങ്ങനെയാണ്, ആറാം നൂറ്റാണ്ടിലെ ഈ ഒരു ഗ്രന്ഥത്തില്‍ ഇങ്ങനെ തൂങ്ങിക്കിടക്കേണ്ടതുണ്ടോ, അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിരിക്കില്ലേ അതില്‍ പറയുന്ന കാര്യങ്ങള്‍. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് അവ എങ്ങനെ യോജിക്കാനാണ്.
അവരോട് നമുക്ക് ആദ്യമായി പറയാനുള്ളത്, ഇത് സ്രഷ്ടാവായ ദൈവത്തിന്റെ വചനമാണ്, അവന്‍ തെറ്റുപറ്റാത്തവനാണ്, അവസാനകാലം വരെ വരാനിരിക്കുന്ന മുഴുവന്‍ മനുഷ്യരെ കുറിച്ചും അവരുടെ പ്രശ്നങ്ങളെകുറിച്ചുും പുരോഗതിയെ കുറിച്ചുമെല്ലാം കൃത്യവും വ്യക്തവുമായി അറിയുന്നവനെന്ന് മാത്രമല്ല, അവയെയെല്ലാം സൃഷ്ടിച്ച് സംവിധാനിക്കുന്നത് തന്നെ അവനാണ്. അവസാനകാലം വരെയുള്ളവര്‍ക്കെന്ന് പറഞ്ഞ് ഈ ഗ്രന്ഥം അവതരിപ്പിച്ചത് ആ ദൈവമാണ്. ഈ ഉത്തമ വിശ്വാസം ഉള്ളതുകൊണ്ട് തന്നെയാണ് മുസ്‌ലിംകള്‍ ഇന്നും ആ ഗ്രന്ഥം മുറുകെ പിടിക്കുന്നത്. പതിനാല് നൂറ്റാണ്ട് പിന്നിടുമ്പോഴും, ഓരോ ദിവസവും അതിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതും അന്നത്തെ സമൂഹത്തോട് സംവദിച്ചതിലേറെ അര്‍ത്ഥതലങ്ങളോടെ ഇന്നത്തെ സമൂഹത്തോടും അത് സംവദിക്കുന്നതും അത് കൊണ്ട് തന്നെയാണ്. ബുദ്ധിയും ചിന്തയുമുള്ള, നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തുന്ന എത്രയോ പേര്‍ ഇന്നും ഈ ഗ്രന്ഥത്തിന്റെ അകക്കാമ്പുകള്‍ മനസ്സിലാക്കി വിശുദ്ധ ഇസ്‍ലാമിലേക്ക് കടന്നുവരുന്നത് നാം കാണുന്നതാണല്ലോ. ആര്‍ക്കാണ് ഇതെല്ലാം നിഷേധിക്കാനാവുക. ഒരു കാര്യം കൂടി പറയാം, ഈ ഗ്രന്ഥം പഴഞ്ചനാണെന്ന് പറയുന്നവര്‍ തന്നെ, ഏകാന്തതകളില്‍ അവരുടെ മനസ്സാക്ഷി പോലും അവരോട് പറഞ്ഞുകൊണ്ടേ ഇരിക്കുന്നുണ്ടാവും, നാം എന്ത് തന്നെ പറഞ്ഞാലും ഈ ഗ്രന്ഥത്തിന് എന്തോ ഒരു മാസ്മരികത ഉണ്ടെന്ന്, തീര്‍ച്ച.
ക്രോഡീകരണം: അബ്ദുല്‍ ഹഖ് മുളയങ്കാവ്
Leave A Comment