ഇസ്‌ലാമിക തത്ത്വചിന്ത: തുടക്കക്കാര്‍ക്കൊരു കൈപ്പുസ്തകം

majid faqryഇസ്‌ലാമിക  തത്വചിന്തയുടെ വികാസ പരിണാമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് മാജിദ് ഫഖ്‌രിയുടെ ഇസ്‌ലാമിക് ഫിലോസഫി: ബിഗിനേഴ്‌സ് ഗൈഡ്(ഓക്‌സ്ഫഡ്). വളരെ ചെറിയ അധ്യായങ്ങളിലൂടെ സാമാന്യവായനക്കാരെ ലക്ഷ്യം വെച്ചെഴുതിയ ഇരുനൂറ് പേജുള്ള പുസ്തകം ഇസ്‌ലാമിക തത്വചിന്തയെ എളുപ്പം വായനക്ക് വഴങ്ങുന്നതാക്കി മാറ്റുന്നു. നിരവധി അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍ അധ്യാപകനായ മാജിദ് ഫഖ്‌രി ഇസ്‌ലാമിക തത്വചിന്തയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കൊളംബിയ സര്‍വകലാശാല പുറത്തിറക്കിയ ഹിസ്റ്ററി ഓഫ് ഇസ്‌ലാമിക് ഫിലോസഫി, അല്‍ഫാറാബി: ഫൗണ്ടര്‍ ഓഫ് ഇസ്‌ലാമിക് നിയോ പ്ലാറ്റോനിസം ഒക്കെ അദ്ദേഹത്തിന്റെ പ്രമുഖ കൃതികളാണ്. ഇസ്‌ലാമിക തത്വചിന്തയുടെ കഴിഞ്ഞ ആയിരത്തിലേറെ വര്‍ഷത്തെ ചരിത്രവും പ്രധാന സംവാദ വിഷയങ്ങളും അദ്ദേഹം ലളിതമായി തന്നെ വിവരിക്കുന്നു. എന്നാല്‍ ഇതേ മേഖലയില്‍ തന്നെ ഏറെ ജനപ്രിയനായ സയ്യിദ് ഹുസൈന്‍ നസ്‌റിന്റെയൊക്കെ എഴുത്തില്‍ കാണുന്ന 'ഇസ്‌ലാമികത' നമുക്ക് മാജിദ് ഫഖ്‌രിയുടെ എഴുത്തില്‍ കാണാനാവില്ല. അതുകൊണ്ട് തന്നെ നസ്‌റിന്റെ പുസ്തകമൊക്കെ സ്വീകരിക്കുന്ന അതേ ആവേശം മുസ്‌ലിം വായനക്കാര്‍ക്കിടയില്‍ ഫഖ്‌രിയുടെ കാര്യത്തില്‍ കാണുന്നില്ല. ഇസ്‌ലാമിക തത്വചിന്തയുടെ വികാസം അതതു കാലത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് അബ്ബാസി, ഉമവി കാലഘട്ടത്തിലെ രാഷ്ട്രീയ ഇച്ഛകള്‍ കൂടി കണക്കിലെടുത്ത് വേണം ഇസ്‌ലാമിക തത്വചിന്തയുടെ ഉത്ഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്ന് ഫഖ്‌രി പറയുന്നു. വര്‍ത്തമാന കാലത്തെ സമകാലിക ഇസ്‌ലാമിക ചിന്തയെന്ന് പലപ്പോഴും യൂറോ അമേരിക്കന്‍ രാഷ്ട്രീയ ആകുലതകളെ കൂടി പരിഗണിക്കുന്നുവെന്നതും നമുക്ക് കാണാം. ഇബ്രാഹിം മൂസ, അബ്ദുല്‍ കരീം സോറോഷ് അടക്കമുള്ളവരുടെ തത്വചിന്താപരമായ പുസ്തകങ്ങളുദാഹരണം. ഗ്രീക്ക് തത്വചിന്തയുടെ വിമര്‍ശനരഹിതവാഹകര്‍ എന്ന നിലയില്‍ ഇസ്‌ലാമിക തത്വചിന്തയെ ന്യൂനീകരിക്കുന്ന സമീപനങ്ങളെ ഈ പുസ്തകം നിരാകരിക്കുന്നു. ഇന്നത്തെ പ്രമുഖ യൂറോപ്യന്‍ ചിന്തകനായ സ്ലാവോയ് ഷിസെക്  വരെ ഗ്രീക്ക് തത്വചിന്തയെ എല്ലാ തത്വചിന്തകളുടെയും ഉറവിടമായി സ്വീകരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ മാജിദ് ഫഖ്‌രി പറയുന്നത്, ഗ്രീക്ക് തത്വചിന്തയെ അഴിച്ചുപണിയുന്ന സൈദ്ധാന്തിക പരിശ്രമമായിരുന്നു ഇസ്‌ലാമിക തത്വചിന്തയെന്നാണ്. ഗ്രീക്ക് തത്വചിന്ത തന്നെ പേര്‍ഷ്യന്‍ തത്വചിന്തയുടെ തുടര്‍ച്ചയായാണ് ഇബ്‌നുഖല്‍ദൂന്‍ മുതല്‍ക്ക് തത്വചിന്തയുടെ ചരിത്രമെഴുതിയ ഇസ്‌ലാമിക-യൂറോപ്പിതര ചരിത്രകാരന്മാര്‍ കാണുന്നത്. ഇബ്‌നുഖല്‍ദൂന്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സാരോപദേശകനും തത്വജ്ഞാനിയുമായ ലുഖ്മാന്‍ (റ) വിന്റെ തത്വോപദേശങ്ങളുടെ തുടര്‍ച്ച പ്രീഇസ്‌ലാമിക് പേര്‍ഷ്യ-ഗ്രീക്ക് തത്വചിന്തയിലും അരിസ്‌ടോട്ടിലിയന്‍ എത്തിക്‌സിലും ദര്‍ശിക്കുന്നുണ്ട്. തത്വചിന്തയുടെ ഏക ഉറവിടം (ശെിഴഹല ീൌൃരല) എന്ന ചോദ്യത്തേക്കാളും ഇബ്‌നുഖല്‍ദൂന്‍ പരിഗണിക്കുന്നത് തത്വചിന്തയുടെ ബഹുകേന്ദ്രീകൃത (ാൗഹശേുഹല ീൌൃരല)െ ചരിത്രത്തെയാണ്. തത്വചിന്തയെ കുറിച്ച ആകുലതെയല്ല, മറിച്ച് അതിന്റെ തുടര്‍ച്ചകളിലും ഇടര്‍ച്ചകളിലു(രീിശേിൗശശേല െമിറ റശരെീിശേിൗശശേല)െമാണ് ഇബ്‌നു ഖല്‍ദൂന്‍ വലിയ താല്‍പര്യം പുലര്‍ത്തിയതെന്ന് അദ്ദേഹത്തിന്റെ മുഖദ്ദിമയെ കുറിച്ചുള്ള പഠനത്തില്‍ മഹ്മൂദ് മംദാനി നിരീക്ഷിക്കുന്നു. ഓറിയന്റലിസ്റ്റുകള്‍ പറയുന്നതു പോലെ ഇബ്‌നുറുഷ്‌ദോട് കൂടി ഇസ്‌ലാമിക തത്വചിന്ത അകാലചരമം പ്രാപിച്ചുവെന്ന സമീപനത്തെയും ഫഖ്‌രി നിരാകരിക്കുന്നു. ഇബ്‌നുറുഷ്ദിനെ വിമര്‍ശിച്ച ഇമാം ഗസാലി പുതിയ രീതിയില്‍ ഇസ്‌ലാമിക തത്വചിന്തയെ  പുതുക്കി പണിത ചിന്തകനാണെന്ന് ഫഖ്‌രി വിലയിരുത്തുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ തുടക്കം/ അവസാനം എന്ന തത്വചിന്തയുടെ ചരിത്രത്തെ കുറിച്ചുള്ള ആധുനിക വിശകലന രീതിയെ ഫഖ്‌രി കൈയൊഴിയുന്നു. അത് കൊണ്ട് തന്നെ പല ആധുനികരും ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിക തത്വചിന്ത എന്നത് സമകാലിക യാഥാര്‍ത്ഥ്യമായി പരിഗണിക്കാറില്ല. ഈ പുസ്തകത്തെ ഏറെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം ഇസ്‌ലാമിക തത്വചിന്തയുടെ സമകാലീനതയെ അത് ഏറെ വിലമതിക്കുന്നുവെന്നാണ്. സര്‍ സയ്യിദ് അഹ്മദ് ഖാന്‍, മുഹമ്മദ് ഇഖ്ബാല്‍, ജമാലുദ്ദീന്‍ അഫ്ഘാനി, അബുല്‍അഅ്‌ല മൗദൂദി തുടങ്ങി, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സയ്യിദ് നഖീബുല്‍ അത്താസ് വരെയുള്ള ആധുനികവാദ, പാരമ്പര്യവാദ പണ്ഡിതന്മാരെ പുസ്തകം ചര്‍ച്ചക്ക് എടുക്കുന്നു. ഇസ്‌ലാമിക തത്വചിന്ത എന്നത് ഒരു മ്യൂസിയം പീസ് എന്നതിലപ്പുറം അത് മുസ്‌ലിം ജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍ തന്നെ കാണപ്പെടുന്നുവെന്ന സമീപനം ഗ്രന്ഥകാരന്‍ പുലര്‍ത്തുന്നു. ഇതില്‍ തന്നെ ഇഖ്ബാലിനെ കുറിച്ച് സാമാന്യം ദീര്‍ഘമായി തന്നെ അദ്ദേഹം പറയുന്നു. ഇമാം ഗസാലിയും ഇബ്‌നു തൈമിയയും ഒക്കെ അഭിപ്രായപ്പെട്ട പോലെ ഇസ്‌ലാം അന്യ തത്വചിന്തയെ  എതിര്‍ക്കുന്ന മതമായി ഇഖ്ബാല്‍ കാണുന്നില്ല. ഇബ്‌ന് റുഷ്ദ് അടക്കമുള്ളവരുടെ അമിത യുക്തിവല്‍ക്കരണത്തെ എതിര്‍ത്ത ഇഖ്ബാല്‍ അതേ സമയം തത്വചിന്തയെ തന്നെ നിരാകരിക്കുന്ന സമീപനത്തെയും തള്ളിക്കളയുന്നു.  പാശ്ചാത്യ തത്വചിന്തയെ ഇസ്‌ലാമിക തത്വചിന്തയുമായി  തട്ടിച്ചുവായിക്കുന്ന അപൂര്‍വം ആധുനിക മുസ്‌ലിം ചിന്തകന്മാരിലൊരാരാളായാണ് മാജിദ് ഫഖ്‌രി ഇഖ്ബാലിനെ സ്ഥാനപ്പെടുത്തുന്നത്. മാത്രമല്ല, ഇഖ്ബാല്‍ ഇതാണ് എന്ന് ഒരാള്‍ക്കും പറായാനാവാത്ത വിധം സങ്കീര്‍ണമാണ് അദ്ദേഹത്തിന്റെ ചിന്താ പ്രപഞ്ചവും ആശയ ലോകവും എന്ന് നമുക്ക് കാണാം. ഉദാരണമായി അഹ്മദിയ പ്രസ്ഥാനത്തെ എതിര്‍ക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് കത്തെഴുതിയ അതെ ഇഖ്ബാല്‍ തന്നെ ബഹായി പ്രസ്ഥാനത്തില്‍ യാതൊരു കുഴപ്പവും കണ്ടിരുന്നില്ല എന്ന് മാത്രം അറിയുക. പഴയ കാല ചിന്തകന്മാരെ പോലെ തന്നെ സമകാലിക പണ്ഡിതന്മാരെയും സംവാദപരമായ ബന്ധം പുലര്‍ത്തുന്നു. വിശിഷ്യാ മലേഷ്യന്‍ പണ്ഡിതനും സമകാലിക ഇസ്‌ലാമിക ചിന്തയിലെ വലിയ സാന്നിധ്യവുമായ നഖീബുല്‍ അത്താസിന്റെ (കേരളത്തിലൊക്കെ തന്നെ ഏറെ പ്രചാരമുള്ള) ഇസ്‌ലാം, സെക്യുലറിസം ആന്റ് ഫിലോസഫി ഓഫ് ദ ഫ്യൂച്ചര്‍ എന്ന പുസ്തകം അദ്ദേഹം വായനക്ക് വിധേയമാക്കുന്നു. ഈ പുസ്തകത്തില്‍ അത്താസ് ഇന്നത്തെ ക്രിസ്ത്യാനിറ്റി അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധി പാശ്ചാത്യ ലോകത്ത് നടക്കുന്ന മതേതര വത്ക്കരണമാണെന്ന് പറയുന്നു. എന്നാല്‍ പാശ്ചാത്യ ലോകത്തിനു പുറത്തുള്ള ഇസ്‌ലാമിന് അങ്ങനെയൊരു പ്രതിസന്ധിയില്ലെന്നും അദ്ദേഹം വാദിക്കുന്നു. ഒരു പരിധിവരെ പ്രവാചക സാന്നിധ്യം പുലര്‍ത്തിയ ആദ്യകാല ക്രിസ്ത്യാനിറ്റിയും ഇന്നത്തെ ഇസ്‌ലാമും തമ്മില്‍ വലിയ ചേര്‍ച്ചകളുണ്ടെന്നും അദ്ദേഹം വാദിക്കുന്നു. പ്രധാന വ്യത്യാസം അദ്ദേഹം ഇങ്ങനെ കുറിക്കുന്നു. 'പാശ്ചാത്യ ക്രിസ്ത്യാനിറ്റി സെക്യുലര്‍ തത്വചിന്തകന്മാരെയും ശാസ്ത്രകാരന്മാരെയും വലിയ തോതില്‍ ആശ്രയിക്കുന്നു. എന്നാല്‍ ഇസ്‌ലാം വെളിപാട് നിയമത്തെയും മതാനുഭാവത്തെയും വലിയ രീതിയില്‍ ആശ്രയിക്കുന്നു'.  പാശ്ചാത്യക്രിസ്ത്യാനിറ്റി എന്നത് സാംസ്‌കാരിക മതമാണ്, അതൊരു പ്രാപഞ്ചിക മതമല്ലെന്നും അത്താസ് വിലയിരുത്തുന്നു. തന്റെ വാദഗതികള്‍ തെളിയിക്കാന്‍ പ്രൊട്ടസ്റ്റന്റനിസം, കാത്തോലിസിസം, ബുദ്ധിസം തുടങ്ങിയ മതങ്ങളെയും മാര്‍ക്‌സ് വെബര്‍, നീത്‌ഷെ, സെന്റ് തോമസ് അക്വിനാസ് തുടങ്ങിയ ചിന്തകന്മാരെയും അത്താസ് ഇഴകീറി വായിക്കുന്നു. എന്നാല്‍ അത്താസിന്റെ പലനിഗമനങ്ങളും യുക്തിപരമല്ലെന്നും പരസ്പരവിരുദ്ധമാണെന്നും ഫഖ്‌രി പറയുന്നു. പലപ്പോഴും അമൂര്‍ത്തമായ പ്രസ്താവനകള്‍ മാത്രമായി അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് ചുരുങ്ങുന്നു. മാത്രമല്ല, ഒരു പരിധിയും കടന്ന് അത്താസിന്റെ കാഴ്ച്ചപ്പാടുകള്‍ ഇസ്‌ലാമിനോ ക്രിസ്ത്യാനിറ്റിക്കോ യാതൊരു സംഭാവനയും നല്‍കാത്ത കേവല വാദപ്രതിവാദം മാത്രമായി ചുരുങ്ങുന്നുവെന്നും ഫഖ്‌രി വാദിക്കുന്നു. ഇസ്‌ലാമിക ആഭിമുഖ്യമുള്ള ചിന്തകന്മാരില്‍ മാത്രം ഈ പുസ്തകം പരിമിതപ്പെടുന്നില്ല. ഇന്നത്തെ അറബ് സെക്യുലര്‍ ചിന്തകന്മാരായ ആബിദ് അല്‍ ജാബരി, അബ്ദുല്ല ലറൂയി, സക്കി നജീബ് മഹ്മൂദ് തുടങ്ങയിവരെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. അതിലേറെ പോസിറ്റീവിസം, സോഷ്യലിസ്റ്റ് എക്‌സിസ്റ്റന്‍ഷ്യലിസം, മാര്‍ക്‌സിസം തുടങ്ങിയ ചിന്താ പദ്ധതികളുമായി ബന്ധപ്പെട്ട് അറബ് ലോകത്തുണ്ടായ മാറ്റങ്ങളെ കൂടി കാണാന്‍ തയ്യാറാവുന്നു. അറബ് മാര്‍ക്‌സിസത്തില്‍ വിശ്വസിച്ച സാദിഖ് അല്‍ ഹസം, ഹുസൈന്‍ മുറൂവ തുടങ്ങിയവര്‍ ഇസ്‌ലാമിനെത്തെന്നെയാണ് ലക്ഷ്യം വെച്ചെഴുതിയതെന്ന് ഫഖ്‌രി പറയുന്നു. ഇതില്‍ തന്നെ അബ്ദുല്ല ലറൂയി അറബ് ബൗദ്ധിക പാരമ്പര്യത്തിന്റെ പ്രതിസന്ധികളാണ് ചര്‍ച്ചചെയ്യുന്നത്. പാശ്ചാത്യന്‍ ലിബറലിസത്തെ അറബ് ചരിത്രത്തിന്റെയും ദേശീയതയുടെയും ഉള്ളില്‍ നിന്ന് വിമര്‍ശിച്ച അദ്ദേഹം മാര്‍ക്‌സിസത്തിന് അറബ് ലോകത്തെ ജീവിതവുമായി അടുത്തിടപഴകുവാന്‍ സാധിക്കുമെന്ന് പ്രത്യാശിച്ച ചിന്തകനാണ്. മറ്റൊരു സ്‌കൂള്‍ അറബ് എക്‌സിസ്റ്റന്‍ഷ്യലിസമാണ്. റെനേ ഹബ്ഷി, അലി അബ്ദുറഹ്മാന്‍, അബ്ദുല്‍ അസീസ് ലഹബി തുടങ്ങിയവരുടെ ചിന്തകള്‍ ഈ ഗണത്തില്‍പ്പെടുത്താവുന്നതാണെന്നും ഫഖ്‌രി നിര്‍ദ്ദേശിക്കുന്നു. ഇസ്‌ലാമിക തത്വചിന്തയെ കുറിച്ച് പഠിക്കുന്നവര്‍ക്ക്  വായിച്ചു തുടങ്ങാവുന്ന ഒരു പുസ്തകമാണിത്. നേരത്തെ സൂചിപ്പിച്ചതു പോലെ സയ്യിദ് ഹുസൈന്‍ നസ്‌റിന്റെ Islamic Philosophy from its Origin to the Present: Philosophy in the Land of Prophecy (2006) യൊക്കെ പുലര്‍ത്തുന്ന മതാനുഭാവം നമുക്കിതില്‍ കാണാന്‍ കഴിയില്ല. എങ്കിലും നസ്‌റിന്റെ പുസ്തകം നിരാകരിക്കുന്ന പല ലോകങ്ങളും കാണുന്ന നിലയില്‍ ചര്‍ച്ച ചെയ്യേണ്ട പുസ്തകമാണിത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter