ഇന്ത്യ ജാതീയതയിലേക്ക് തിരിച്ചുപോവുകയാണ്, വര്‍ഗ്ഗീയത അതിലേക്കുള്ള വഴിയാണെന്ന് മാത്രം

കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍നിന്ന് കേട്ടുകൊണ്ടിരിക്കുന്നത് ഹിന്ദു ദേശീയതയുടെ നിറം കൊടുത്ത വര്‍ഗ്ഗീയതയുടെയും ന്യൂനപക്ഷ പീഢനങ്ങളുടെയും കഥകളാണ്. എന്നാല്‍ ഭരണവിഭാഗം ഉയര്‍ത്തിക്കാട്ടുന്ന ഹിന്ദു ദേശീയത എന്നത് പണ്ട് കാലത്ത് നിലനിന്നിരുന്ന ജാതീയതയിലേക്കുള്ള തിരിച്ചുപോക്കാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ലെന്നതാണ് ഏറെ സങ്കടകരം. 

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത് മുതലാണ് ഈ ഒരു തലത്തിലേക്ക്, ബി.ജെ.പിയെ ആര്‍.എസ്.എസ് കൊണ്ടുവരുന്നതെന്ന് പറയാം. അന്നത്തെ പ്രധാനമന്ത്രി വി.പി സിങ്, റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള പ്രഖ്യാപനം നടത്തിയപ്പോള്‍, ദേശീയ പത്രമായ ഓര്‍ഗനൈസര്‍ എഴുതിയത് ഇതിലേക്കുള്ള വ്യക്തമായ സൂചനയാണ്, വൈകാതെ സംഭവിക്കാനിടയുളള ശൂദ്ര വിപ്ലവത്തെ എതിരിടാന്‍ ത്രാണിയുള്ള ഒരു ധാര്‍മിക ആത്മീയ ഏകത രൂപീകരിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയായിരുന്നു അന്ന് ഓര്‍ഗനൈസര്‍ എഴുതിയത്. 

പിന്നീട് രണ്ടാം ഘട്ട മണ്ഡല്‍ റിപ്പോര്‍ട്ട് നിലവില്‍ വന്നപ്പോള്‍ ഇതേ ദിനപ്പത്രം വാദിച്ചത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ യോഗ്യതയുടെ അവസാന വേലിക്കെട്ടും പൊട്ടിച്ചെറിയുകയാണ് എന്നാണ്.  ഉന്നതജാതീയര്‍ക്ക് എല്ലാ വിധ സൌകര്യങ്ങളും ലഭ്യമാവുന്ന, മറ്റുള്ളവരെല്ലാം അവരുടെ ദാസ്യവേല ചെയ്യുന്ന ഇന്ത്യയാണ് യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസ് സ്വപ്നം കാണുന്നത്. അതിലേക്കുള്ള മാര്‍ഗ്ഗമാണ് അവരെ സംബന്ധിച്ചിടത്തോളം അധികാരം. ആ അധികാരം ഉറപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ വിശാല ഹിന്ദു ഐക്യമെന്ന ലേബല്‍ പതിക്കുകയല്ലാതെ അവരുടെ മുമ്പില്‍ വേറെ വഴികളില്ലെന്ന് പറയാം. ജനസംഖ്യാ കണക്കുകള്‍ കാണിച്ച് എതിരാളിയെ സൃഷ്ടിക്കുകയും പിന്നാക്ക വിഭാഗങ്ങളെയും ദലിതുകളെപ്പോലും ആകര്‍ഷിക്കുകയും ചെയ്യുന്നതോടൊപ്പം ധ്രുവീകരണം സാധ്യമാക്കി.

ഗുജറാത്തിലെ ഭരണം പിടിക്കാനായി നരേന്ദ്ര മോദി കൂട്ടുപിടിച്ചത് ദേശീയ ജനസംഖ്യയുടെ കണക്കുകളായിരുന്നു. ഹിന്ദുക്കള്‍ കുറഞ്ഞ് വരികയാണെന്നും ഇതരര്‍ വര്‍ദ്ധിച്ചുവരികയാണെന്നും കാണിച്ചാണ് അന്നദ്ദേഹം വോട്ട് പിടിച്ചത്. ഹിന്ദുത്വത്തിനുള്ളിലെ ജാതി വൈജാത്യങ്ങളെല്ലാം മറന്ന് ഹൈന്ദവതക്ക് ഭീഷണിയാകുന്ന മറ്റുള്ളവരെ പ്രതിരോധിക്കുക എന്ന തലത്തിലേക്ക് പശ്ചാത്തലം മാറ്റിയെടുത്താണ് അവിടെ അവര്‍ അധികാരത്തിലെത്തിയത്. 
അന്നു വരെ മേല്‍ ജാതിക്കാര്‍ പിന്തുടര്‍ന്നു പോന്ന കീഴ്ജാതിയിലുള്ളവരെ തൊഴിലാളിവല്‍ക്കരിക്കുക എന്ന മാര്‍ഗ്ഗം കൂടി അവലംബിച്ചാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. മോഡി ഉയര്‍ന്നു വന്നത് പിന്നാക്ക ജനവിഭാഗത്തില്‍ നിന്നാണെന്നും മറ്റുമുള്ള ചായ് വാല പരിവേഷം പ്രചരിപ്പിക്കുകയും ഡല്‍ഹിയിലെ ഇംഗ്ലീഷ് ഭാഷികളായ ഉന്നതരാല്‍ പീഢിപ്പിക്കപ്പെുടുന്ന ജനതയുടെ പൊതു വികാരത്തിന്റെ പ്രതിനിധിയായി വരെ മോഡിയെ അവതരിപ്പിക്കുകയും ചെയ്തു.  2009- തോടു കൂടി പിന്നാക്ക ജനതയില്‍ നിന്നുള്ള ബി.ജെ.പി പിന്തുണ 22-ല്‍ നിന്നും 34-ലേക്കും 2014-ല്‍ അത് 44 ശതമാനത്തിലേക്കും ഉയര്‍ന്നത് ഇങ്ങനെയായിരുന്നു. 

എന്നാല്‍ അധികാരത്തിലെത്തിയ ബി.ജെ.പി പിന്നീട് നടപ്പിലാക്കിയതെല്ലാം ബ്രാഹ്മണരെന്ന ഉന്നത ജാതിക്കാര്‍ക്ക് ഗുണം ചെയ്യുന്ന നയങ്ങളായിരുന്നുവെന്ന് ലളിതമായി മനസ്സിലാക്കാം. മറ്റെല്ലാ പാര്‍ട്ടികളെക്കാളും ഉന്നതജാതിക്കാരുടെ ആധിക്യമാണ് ഭാരതീയ ജനതാപാര്‍ട്ടിയില്‍ എന്ന് മാത്രമല്ല, മന്ത്രിസഭയിലെ 47 ശതമാനവും മേല്‍ജാതിയില്‍ പെട്ടവരായിരുന്നു എന്നതാണ് സത്യം.
ഇതിനു സമാന്തരമായി മോഡി സര്‍ക്കാര്‍ സംവരണസംവിധാനം പൊളിച്ചെഴുതുന്നുണ്ടായിരുന്നു. പ്രധാനമായും ഇടിവു നേരിട്ടിരുന്ന പൊതു മേഖലയില്‍ സംവരണ വിഭാഗത്തിനുള്ള തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞു. സിവില്‍ സര്‍വ്വീസില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പടുന്ന ഉദ്യോഗാര്‍ഥികളുടെ തോത് 40 ശതമാനത്തോളം ഇടിഞ്ഞു. (1236 ഉണ്ടായിരുന്ന ഉദ്യോഗാര്‍ഥികളുടെ തോത് 2014-18 കാലയളവില്‍ 759 ആയി ചുരുങ്ങി.) ഇന്ത്യന്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്തേക്കുള്ള ലേറ്ററല്‍ എന്‍ട്രി സംവിധാനത്തിലൂടെ, ക്വോട്ട നിശ്ചയിച്ചിട്ടുള്ള സംവരണ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കുകയായിരുന്നു. അതോടൊപ്പം സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തിയപ്പോള്‍ അതുവരെയുള്ള സംവരണ സംവിധാനം തകിടം മറിയുകയും അനര്‍ഹരായ ഉന്നതജാതീയര്‍ക്ക് കൂടുതല്‍ സാധ്യതയുയരുകയും ചെയ്തു. വാര്‍ഷികവരുമാനം 8 ലക്ഷത്തില്‍ താഴെയുള്ളവരെ ഈ വിഭാഗത്തില്‍ പെടുത്തിയതോടെ 95 ശതമാനം മേല്‍ ജാതിക്കാരും ഇതിന് അര്‍ഹരായി മാറി എന്നതും കൂട്ടി വായിക്കേണ്ടതാണ്.
പൊതു സമൂഹത്തില്‍ ഉന്നതജാതിയില്‍ പെട്ടവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിക്കൊണ്ടുള്ള പ്രസ്താവനകളും തീരുമാനങ്ങളും കൊണ്ടുവരുന്നതിലും ഇവര്‍ വിജയിച്ചു. ലോക് സഭാ സ്പീക്കറായ ഓം ബിര്‍ല ബ്രാഹ്മണരെ വണങ്ങാന്‍ ആഹ്വാനം ചെയ്തതും അവരെ മഹത്വവല്‍ക്കരിച്ചതും യു.പിയില്‍ യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായി ഔദ്യോഗിക വസതിയിലേക്ക് വന്നപ്പോള്‍ മുമ്പ് മായാവതിയും മുലായം സിങ് യാദവും അഖിലേഷ് യാദവും ഒക്കെ താമസിച്ചിരുന്ന ഇടമായിരുന്നതിനാല്‍ ശുദ്ധികലശം ചെയ്തതുമെല്ലാം ഇതിന്റെ അനുരണനങ്ങളാണ്.

ഉന്നതകുലജാതരുടെ ധര്‍മ്മം സംരക്ഷിക്കുന്നതിലും അവരെ ഉയര്‍ത്തിക്കാട്ടുന്നതിലും ഇവര്‍ ബദ്ധശ്രദ്ധരായിരുന്നു. ലൗ ജിഹാദെന്ന പേരില്‍ മുസ്‍ലിംകളെയും കീഴ്ജാതിക്കാരെയും വേട്ടയാടുകയും അതിന്റെ മറവില്‍ തന്നെ ഘര്‍വാപ്പസി നടത്തുകയും ചെയ്യുകയായിരുന്നു അജണ്ട. അഹ്മദാബാദിലെ ബജ്‌റംഗ്ദള്‍ നേതാവായ ബാബു ബജ്‌റംഗി മുസ്‍ലിംകള്‍ക്കും ദലിതുകള്‍ക്കുമൊപ്പം ഒളിച്ചോടിയ പട്ടേല്‍ പെണ്‍കുട്ടികളെ തിരിച്ചു കൊണ്ടു വരികയും അതേ സമുദായത്തില്‍ നിന്നും വിവാഹം കഴിപ്പിക്കുകയും ചെയ്തു. 2014-ല്‍ ആദിത്യനാഥ് പ്രഖ്യാപിച്ചത് മുസ്‍ലിം സമുദായത്തില്‍ നിന്നും ഹിന്ദുവാകുന്നവരെ ശുദ്ധീകരിച്ച് അവര്‍ക്കായി പുതിയ ജാതി നിര്‍മ്മിക്കാനും തങ്ങള്‍ തയ്യാറാണ് എന്നായിരുന്നു. ജാതി ഹൈന്ദവ സമുദായ നിര്‍മ്മിതിയില്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നതോടൊപ്പം, ബി.ജെ.പി ലക്ഷീകരിക്കുന്ന ഹിന്ദു സമൂഹം ഏതാണെന്ന് കൂടി ഇത് കൃത്യമായി പറഞ്ഞുതരുന്നുണ്ട്.

ഗോരക്ഷകര്‍ എന്ന പേരില്‍ ദലിതുകളെയും മുസ്‍ലിംകളെയും അക്രമിക്കുന്നതും ഉനയില്‍ തോല്‍ക്കച്ചവടക്കാരായ ദലിതര്‍ ശവത്തിന്റെ തോലുരിഞ്ഞു എന്ന പേരില്‍ അക്രമിക്കപ്പെട്ടതുമൊക്കെ ഇതിന്റെ ഭാഗം തന്നെയാണ്. ഹിന്ദു ദലിതരുടെ മതം മാറ്റം തടയാനായി സമിതി രൂപീകരിച്ചതും ഘര്‍വാപ്പസി നടപ്പിലാക്കി യൂ.പി യിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസ്‍ലിമായി മാറിയ ദലിതനെ മതം മാറ്റിയതുമൊന്നും ഇതില്‍ നിന്നും വ്യത്യസ്തമല്ല. 

മതപരിവര്‍ത്തനത്തിനുള്ള ശക്തമായ നിയമവിലങ്ങുകളില്‍ പ്രധാനമായും ലക്ഷീകിരക്കുന്നത് ദലിതുകളെയാണ്. 2003 മുതല്‍ ഗുജറാത്തില്‍ ദലിതുകള്‍ക്ക് ബുദ്ധമതം സ്വീകരിക്കുന്നതിനു പോലും ജില്ലാമജിസ്‌ത്രേറ്റിന്റെ അനുമതി അനിവാര്യമാണ്. ലൗ ജിഹാദിനും നക്‌സലിസത്തിനും എതിരെയുള്ള നീക്കങ്ങളിലും ദലിതുകള്‍ ഇരയാക്കപ്പെടുന്നുണ്ട്. പ്രമാദമായ ഭീമാകൊറിഗോവന്‍ കേസില്‍ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ പ്രതിയുടെ മകളോട് ഫുലെയുടെയും അംബേദ്കറിന്റെയും ഫോട്ടോ വെച്ചതിനെ  ചോദ്യം ചെയ്യുകയും ഭര്‍ത്താവ് ദലിതനാണെങ്കിലും താന്‍ ബ്രാഹ്മണസമുദായത്തില്‍ പെട്ടവളായതിനാല്‍ ആ ജാതിയിലേക്ക് തന്നെ മടങ്ങണമെന്നും അത്തരം വസ്ത്രങ്ങള്‍ ധരിക്കണമെന്നുമാവശ്യപ്പെടുകയും ചെയ്തത് ഇതിന്റെ അനുബന്ധം തന്നെയാണെന്നു കരുതാം.

ബി.ജെ.പിയുടെ തിരിച്ചു വരവ് ഉന്നതജാതരുടെ രാഷ്ട്രീയ മുന്നേറ്റം എന്നതിലപ്പുറം ഭരണസംവിധാനത്തിലേക്ക് ഉന്നതജാതിയുടെ വീക്ഷണവിശ്വാസങ്ങളെ കടത്തിക്കൂട്ടുന്നതിനു കൂടിയുള്ള ഒരുക്കമായി വേണം മനസ്സിലാക്കാന്‍. ഈ പോക്ക് തുടര്‍ന്നാല്‍, ആധുനിക യുഗത്തിലും മനുഷ്യത്വരഹിതമായ ജാതീയതയുടെ കേളീരംഗമായി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാറുന്നത് വൈകാതെ നമുക്ക് കാണേണ്ടിവരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter