പുരുഷ വേഷങ്ങളെക്കുറിച്ചും ഉല്‍കണ്ഠ വേണ്ടേ?
ഇസ്ലാമിക സംസ്കാരം സ്വീകരിക്കല്‍ സ്ത്രീ-പുരുഷ ഭേദമന്യേ ഏവര്‍ക്കും അനിവാര്യമാണ്. സ്ത്രീയുടെയും പുരുഷന്റെയും ശരീര പ്രകൃതി ഒരു പോലെയല്ലാത്തതുകൊണ്ട് ഹിജാബിന്റെ കാര്യത്തില്‍ വിവേചനം കാണാം. അത് ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്.
സ്ത്രീയുടെ ഇസ്ലാമിക വേഷത്തെ അനുകൂലിച്ചും അത് വെടിയുന്നവളെ ആക്ഷേപിച്ചും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത് പ്രശംസനീയമാണ്. അതേ സമയം, പുരുഷന് നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തൂലികയോ നാവോ കൂടുതലൊന്നും ചലിച്ചുകാണുന്നില്ല. ഇതൊരു തെറ്റല്ലെന്ന ധാരണയിലേക്ക് സമൂഹം എത്തിയിട്ടുണ്ടോയെന്നുവരെ ചിന്തിക്കേണ്ടിയിരിക്കുന്നു.
സ്ത്രീയും പുരുഷനും നഗ്നത മറക്കണമെന്നത് ഇസ്ലാമിന്റെ കര്‍ശന നിര്‍ദേശമാണ്. ഇതു പാലിക്കേണ്ടത് മുസ്ലിമിന്റെ ബാധ്യതയുമാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മുട്ടുപൊക്കിളടക്കം അതിന്റെ ഇടയിലുള്ള സ്ഥലമാണ് നഗ്നത-ഒറത്ത്. ഈ ഭാഗം നിസ്കാരത്തില്‍ മാത്രം മറച്ചാല്‍ പോരാ. അല്ലാത്ത വേളയിലും മറച്ചിരിക്കണം. ഒരു സമയത്തും മറ്റുള്ളവര്‍ കാണും വിധത്തില്‍ (ഇണ ഒഴിച്ച്) നഗ്നത പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല. കുറ്റകവും നിഷിദ്ധവുമാണത്. അതു മറ്റുള്ളവര്‍ ദര്‍ശിക്കലും തെറ്റാണ്.
നമ്മുടെ കൊച്ചുകേരളത്തിലെ സാമാന്യ മുസ്ലിം പുരുഷന്മാരുടെ വസ്ത്രധാരണയെ കുറിച്ചൊന്നു ആലോചിച്ചു നോക്കൂ. (മറ്റു മതസ്ഥരെ കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നില്ല) തുണി മടക്കി ക്കുത്തി തുടഭാഗം പ്രദര്ശിപ്പിച്ചുകൊണ്ടല്ലേ പട്ടണങ്ങളിലും പൊതുസ്ഥലങ്ങളിലും അവര്‍ ചുറ്റിക്കറങ്ങുന്നത്. ഓരോ നിമിഷവും റബ്ബിന്റെ കോപത്തിന് നിമിത്തമാകുന്ന കുറ്റമാണവര്‍ ചെയ്യുന്നതെന്ന് ആലോചിക്കുന്നില്ല. അഥവാ ഗൗരവമായെടുക്കുന്നില്ല.
മുണ്ടു മടക്കിക്കുത്തി നഗ്നത പ്രദര്‍ശിപ്പിക്കുന്നത് സംസ്കാര ശൂന്യതയാണെന്ന് ഏതു പാമരനും അറിയാം. അതുകൊണ്ടാണവര്‍ അവരാദരിക്കുന്ന വ്യക്തിയെ കാണുമ്പോള്‍ മടക്കിക്കുത്തിയ മുണ്ട് നിവര്‍ത്തി നഗ്നത മറയ്ക്കുന്നത്. നഗ്നതാ പ്രദര്‍ശനത്തിലൂടെ വലിയ ക്രൂരതയാണ് സഹജീവികളോട് കാണിക്കുന്നത്. അവര്‍ തെറ്റിലകപ്പെടാന് കാരണം ഇവന്റെ ഈ പ്രദര്‍ശനമാണല്ലോ.
തുണി മടക്കിക്കുത്തി മാംസ ഭാഗങ്ങള്‍ കാണിച്ച് ബസ്സില്‍ കയറി മറ്റൊരുത്തന്റെ അരികില്‍ ഇരുന്ന് യാത്ര ചെയ്യുന്നവന് ഓര്‍ക്കുന്നുണ്ടോ അവന് കാരണം തന്റെ സഹയാത്രികന് അനുഭവിക്കുന്ന മനോവേദന. സഹജീവികളോടുള്ള ബന്ധം മോശമായാല്‍ ആരാധനകള്‍ പോലും പാഴ്വേലയാകുമെന്നോര്ക്കണം.
നഗ്നത പ്രദര്‍ശിപ്പിക്കല്‍ സംസ്കാരമില്ലാത്തവന്റെ ലക്ഷണമാണെന്ന പരമാര്‍ത്ഥം വര്‍ഗ-വര്‍ണ-ദേശ-ഭാഷ-ലിംഗ ഭേദങ്ങള്‍ക്കതീതമായി മാനവര്‍ മുഴുവനും മനസ്സുകൊണ്ട് സമ്മതിക്കുന്നതാണ്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവും അവനും തമ്മിലുള്ള ബന്ധം ശക്തി പ്രാപിച്ച് സുദൃഢമാക്കാനും അങ്ങനെ ഇലാഹീ സാമീപ്യം നേടാനുമാണ് ശ്രമിക്കേണ്ടത്. ഇതിന് ഒന്നാമതായി ചെയ്യേണ്ടത് സര്വശക്തന് നിഷിദ്ധമാക്കിയത് വെടിയുകയെന്നതാണ്. തുണി മടക്കിക്കുത്തി നഗ്നത പ്രദര്‍ശിപ്പിച്ചു ജീവിക്കുന്നവന് നഗ്നത പ്രദര്‍ശനം എന്ന നിഷിദ്ധം ചെയ്യുന്നവനാണല്ലോ. അവന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ നിഷിദ്ധത്തെക്കാള് കൂടുതലില്ലാത്തപക്ഷം 'ഫാസിഖ്' എന്ന ദുര്പേരിനവന് അര്‍ഹനാവുകയാണ്. ഫാസിഖിന്റെ എല്ലാ വിധികളും ഇവനു വരുന്നതാണ്.
ഭൗതിക ലോകത്ത് അധികാരമുള്ളവരെ കാണുമ്പോള്‍ (ഉദാ പോലീസ്) ഭയത്തിന്റെ പേരിലെങ്കിലും മടക്കിക്കുത്തിയ മുണ്ട് നിവര്‍ത്തിയിടുന്ന സത്യവിശ്വാസി, ഭൗതിക ലോകത്തും പാരത്രിക ലോകത്തും എല്ലാ അധികാരവുമുള്ള, തന്നെ പോറ്റിവളര്‍ത്തുന്ന റബ്ബിനെ ഭയന്നു അവന്റെ നിര്‍ദേശം മാനിച്ച് മുണ്ട് നിവര്‍ത്തി നഗ്നത മറയ്ക്കുന്നില്ല. എന്തൊരു അതിശയം.
പേന്റ്സ് ധരിക്കുന്ന പുരുഷന്മാര് നഗ്നത വെളിവാക്കുന്നുവെന്ന തെറ്റില്‍നിന്നു രക്ഷപ്പെടുന്നു എന്നത് ഒരു സത്യമാണ്. ഏതു വസ്ത്രമായാലും പുരുഷന്റെ ഞെരിയാണിക്ക് താഴെ ഇറക്കല്‍ ഭൂഷണമല്ല. അത് അഹങ്കാര ഭാവത്തോടെയാണെങ്കില്‍ നിഷിദ്ധവും അല്ലെങ്കില്‍ കറാഹത്തുമാണ്.
കര്‍മശാസ്ത്ര വശം
നിസ്കാരവേളയിലും അല്ലാത്തപ്പോഴും പുരുഷന് മുട്ടുപൊക്കിളിന്റെ ഇടയിലുള്ള ഭാഗം മറയ്ക്കണം. ഇത് പുരുഷന്റെ ഔറത്താണ്. ഈ ഭാഗം മുഴുവനും മറഞ്ഞിട്ടുണ്ടെന്നു ബോധ്യം വരാന്‍ വേണ്ടി പൊക്കിളില്‍ നിന്നും മുട്ടില്‍നിന്നും അല്പം മറക്കല്‍ നിര്‍ബന്ധമാണ്. നബി(സ്വ) പറയുന്നു: ''നിങ്ങള്‍ നഗ്നത പ്രദര്‍ശിപ്പിച്ചു നടക്കരുത്. നിസ്കാര വേളകളിലും അല്ലാത്തപ്പോഴും നഗ്നത മറക്കണം. എന്നതിനുള്ള തെളിവുകളില്‍ ഒന്നാണീ വചനം. '' (ഇആനത്ത് 1/112, തുഹ്ഫ 7/201, നിഹായ 6/186, മുഗ്നി 3/174, മഹല്ലി, ഫത്ഹുല്‍ മുഈന്‍ പേജ് 43, തര്‍ശീഹ് പേജ് 48)
ഒരാളും ദര്ശിക്കാനില്ലാത്ത സ്ഥലത്തുവച്ചു പോലും ആവശ്യം കൂടാതെ നഗ്നത വെളിവാക്കല്‍ നിഷിദ്ധമാണ്. (ഇആനത്ത് 4/283) നഗ്നത പ്രദര്‍ശനത്തിന്റെ പേരില്‍ മാത്രം എത്രയെത്ര സമയങ്ങളാണ് നിഷിദ്ധം ചെയ്യുന്നതന്ന് ഓരോരുത്തരും ആലോചിക്കണം.
അഹംഭാവത്തോടെ ഞെരിയാണിക്കു താഴെ വസ്ത്രം ഇറക്കുന്നവരെ കുറിച്ച് നബി(സ്വ) പ്രസ്താവിച്ചത് കാണുക: ''സ്വര്‍ഗത്തിന്റെ നറുമണം ആയിരം വര്‍ഷത്തെ വൈദൂരത്തേക്ക് വരെ അടിച്ചുവീശും. അഹംഭാവത്തോടെ ഞെരിയാണിക്കു താഴെ വസ്ത്രം ഇറക്കുന്നവന് ആ നറുമണം എത്തുകയില്ല.'' (നബിവചനം)
നബി(സ്വ) പറയുന്നു: ''അഹംഭാവത്തോടെ ഞെരിയാണിക്കു താഴെ വസ്ത്രം ഇറക്കുന്നവനിലേക്ക് അല്ലാഹു റഹ്മത്തിന്റെ നോട്ടം നോക്കുകയില്ല.'' സിദ്ദീഖ്(റ) പറയുന്നു: ''നബിയേ, പലപ്പോഴും എന്റെ വസ്ത്രം അങ്ങനെ ഇറങ്ങാറുണ്ട്?'' ആ സമയം നബി(സ്വ) പറഞ്ഞു: ''നീ അഹഭാവത്തോടെ പ്രവര്ത്തിക്കുന്നവല്ല'' (ബുഖാരി) മൂന്നു വിഭാഗമുണ്ട്, അല്ലാഹു അന്ത്യനാളില്‍ അവരോട് സംസാരിക്കുകയോ റഹ്മത്തിന്റെ നോട്ടം നോക്കുകയോ സംസ്കരിച്ചെടുക്കുകയോ ചെയ്യില്ല. അബൂദര്‍റ്(റ) ചോദിച്ചു: ''ആരാണു അവര്‍?'' നബി(സ്വ) പ്രതികരിച്ചു: ''അഹംഭാവത്തോടെ വസ്ത്രം ഞെരിയാണിക്കു താഴെ ഇറക്കുന്നവര്‍, ചെയ്ത നന്മ എടുത്തു പറയുന്നവര്‍, കള്ള സത്യം ചെയ്തു കച്ചവടച്ചരക്ക് വിറ്റഴിക്കുന്നവര്‍. '' (മുസ്ലിം)
ഖത്വീബുമാര്‍ രംഗത്തിറങ്ങണം
ഇന്നു വ്യാപകമായ പുരുഷന്റെ നഗ്നതാ പ്രദര്‍ശനം ഇല്ലാതാക്കാന്‍ മഹല്ല് ഖത്വീബുമാര്‍ ശ്രമിച്ചാല്‍ ഒരളവോളം സാധിക്കും. ഈ സംസ്കാര ശൂന്യതയിലെ തെറ്റും ഭവിഷ്യത്തും വ്യക്തമായി അവര്‍ വെള്ളിയാഴ്ച പ്രബോധനം നടത്തണം. ഒരാളെങ്കിലും തന്റെ പ്രസംഗം നിമിത്തം ഈ തിന്മ ഒഴിവാക്കിയാല്‍ താന്‍ കൃതാര്ത്ഥനായില്ലേ. ഇനി, ആരും ചെവിക്കൊണ്ടില്ലെങ്കിലും തിന്മക്കെതിരേ പോരാടിയ പ്രതിഫലം ലഭിക്കുമല്ലോ. ഇന്‍ശാ അല്ലാഹ്.
നബി(സ്വ) അരുളി: ''ഒരാള്‍ തെറ്റു ചെയ്യുന്നത് നീ കണ്ടാല്‍ അതിനെ കൈകൊണ്ടു തടയുക. സാധ്യമല്ലെങ്കില്‍ അതിനെതിരെ സംസാരിക്കുക. അതും സാധ്യമല്ലെങ്കില്‍ ആ പ്രവൃത്തിയെ മനസ്സുകൊണ്ട് വെറുക്കുക.'' (നബിവചനം)
Leave A Comment