കൌസറിന്‍റെ തീരത്ത്
(സൂഫീ കഥ - 32)
അബൂ ഹനീഫ (റ) അനുഭവം പറയുന്നു:
നൌഫല് ബ്നു ഹയ്യാൻ (റ) എന്നവർ മരണപ്പെട്ട ദിവസം ഞാൻ ഒരു സ്വപ്നം കണ്ടു. അന്ത്യനാൾ സംഭവിച്ചിരിക്കുന്നു. ജനങ്ങൾ മഹ്ശറയിൽ ഒരുമിച്ചു കൂട്ടിയിട്ടുണ്ട്. അവർ ഹിസാബ് നേരിട്ടു കൊണ്ടിരിക്കുന്നു. നബി(സ)യെ ഞാൻ ഹൌദുൽ കൌസറിന്‍റെ അരികത്ത് ഊർജ്ജ്വസ്വലനായി കണ്ടു. മഹാന്മാരായ മശാഈഖന്മാർ റസൂലിന്‍റെ ഇടത്തും വലത്തും നിൽക്കുന്നുണ്ട്. കൂട്ടത്തിൽ നല്ല സുമുഖനായ ഒരു ശൈഖിനെ കണ്ടു. തല മുഴുവനും നരച്ചിട്ടുണ്ട്. അവരുടെ കവിൾ റസൂലിന്‍റെ കവിളിനോട് തൊട്ടുരുമ്മിയാണ് അവരുടെ നിൽപ്.
അവരുടെ മുന്നിലായി നൌഫൽ നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും നൌഫൽ എന്‍റെയടുത്ത് വന്ന് സലാം പറഞ്ഞു. ഞാനദ്ദേഹത്തോട് വെള്ളം തരാനാവശ്യപെട്ടു. “ഞാൻ റസൂലിനോട് സമ്മതം ചോദിച്ചിട്ട് തരാം’ എന്ന് നൌഫൽ മറുപടി നൽകി. റസൂൽ (സ) വിരലു കൊണ്ട് ആംഗ്യം കാണിച്ചു. അദ്ദേഹം എനിക്ക് വെള്ളം തന്നു. ഞാനതിൽ നിന്ന് കുടിച്ചു. എന്‍റെ ശിഷ്യന്മാർക്കും ഞാനത് നൽകി. എന്നിട്ടും ആ പാന ചഷകത്തിൽ ഒരു കുറവും കണ്ടില്ല.
ഞാൻ നൌഫലിനോട് ചോദിച്ചു: “നബിയുടെ വലതു ഭാഗത്തുള്ള ആ ശൈഖ് ആരാണ്?”
നൌഫൽ: “അത് ഖലീലുല്ലാഹ് ഇബ്റാഹീം (അ) ആകുന്നു. അപ്പുറത്തുള്ളത് അബൂബക്ർ സ്വിദ്ദീഖ് (റ)...”
ഞാനങ്ങനെ അദ്ദേഹത്തോട് ഓരോരുത്തരെ കുറിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. അദ്ദേഹം അവരുടെ പേരുകൾ പറഞ്ഞു കൊണ്ടിരുന്നു. പതിനേഴ് ആളുകളെ ഇങ്ങനെ പരിചയപ്പെട്ടു. ഓരോരുത്തരെ കുറിച്ച് അന്വേഷിച്ചപ്പോഴും അദ്ദഹം എന്‍റെ കൈവിരലിൽ ഓരോ കെട്ട് ഇടുമായിരുന്നു.
ഞാൻ ഉറക്കിൽ നിന്ന് എഴുന്നേറ്റപ്പോൾ എന്‍റെ വിരലിൽ പതിനേഴ് കെട്ടുകളുണ്ടായിരുന്നു.
കശ്ഫ് - 305