ശ്രദ്ധിക്കണം, മോള് വേണ്ടാത്തതിനു പോകരുത്...
girlകല്‍ക്കത്തയിലൊരു വിക്‌ടോറിയ ടെര്‍മിനലുണ്ട്. ബ്രിട്ടീഷുകാരുടെ പ്രതാപം വിളിച്ചോതുന്ന കലാചാരുതയോടെ നിര്‍മിച്ച അതിമനോഹര തൂവെള്ള കൊട്ടാരം. അതിനു ചുറ്റും പാര്‍ക്കാണ്. സായാഹ്നങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ പറ്റിയ ഇടം. നമ്മുടെ കോഴിക്കോട്ടെ മാനാഞ്ചിറ സ്‌ക്വയറിന്റെയും മലപ്പുറത്തെ കോട്ടക്കുന്നിന്റെയുമൊക്കെ വലിയ രൂപമായി ഇതിനെ വിശേഷിപ്പിക്കാം. കാണാനും കറങ്ങാനും ആനന്ദിക്കാനും പറ്റിയ ഇടങ്ങള്‍. രാത്രി എട്ടു മണിയോടെ ഇവിടെ അടയ്ക്കും. പിന്നെ അങ്ങോട്ട് പ്രവേശനമില്ല. വിശാലമായ ഉദ്യാനം നിറയെ തണല്‍ മരങ്ങള്‍, ഭംഗിയായി വെട്ടിയൊതുക്കിയ പുല്‍ത്തകിടുകള്‍, അരുവികള്‍ തുടങ്ങി നയനാനന്ദകരമായ കാഴ്ച്ച തന്നെ. സമയം പോകുന്നതേ അറിയില്ല. ഞങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഒരു പഠനസംഘം ചുറ്റിത്തിരിഞ്ഞ് സായാഹ്നം ചെലവഴിക്കാന്‍ എത്തിയതായിരുന്നു അവിടെ. കുറേ വിദേശികള്‍, തദ്ദേശീയര്‍, ദമ്പതിമാര്‍, അവരുടെ മക്കള്‍, വൃദ്ധര്‍, വ്യായാമത്തിനായി നടക്കാനിറങ്ങിയവര്‍, ചെറുപ്പക്കാരുടെ ചെറിയ സംഘങ്ങള്‍, കമിതാക്കള്‍ എന്നു തോന്നിക്കുന്നവര്‍, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ തുടങ്ങി പല കാറ്റഗറികളിലും പെടുത്താവുന്ന അനേകമാളുകള്‍ അവിടെ  എത്തിയിട്ടുണ്ട്. പിന്നെ ഞങ്ങളും. ഇരുട്ടാവുന്നത് വരെ ഞങ്ങള്‍ അവിടെ ചുറ്റിക്കറങ്ങി. കുറേ പേര്‍ ഇരുന്നും കൈകോര്‍ത്തു പിടിച്ചു നടന്നും ഒക്കെ സമയം ചെലവഴിക്കുന്നു. ചിലര്‍ പാട്ടുപാടുന്നുണ്ട്. ചിലര്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു. അങ്ങനെയങ്ങനെ... ഏതാണ്ട് ഇരുട്ടായപ്പോഴേക്കും വൈദ്യുതിദീപങ്ങളുടെ മങ്ങിയ പ്രഭ ഉദ്യാനമാകെ പരന്നു. തെളിഞ്ഞ വെളിച്ചം പലയിടത്തേക്കും എത്തുന്നില്ല. മിക്ക സ്ഥലങ്ങളിലും പാല്‍നിലാവിന്റെ പ്രതീതിയാണ്. ഒരുമിച്ചിരുന്ന കമിതാക്കള്‍ എന്നു തോന്നിപ്പിക്കുന്ന കുറേയാളുകള്‍ ഒരുമിച്ചു കിടക്കലായി. അടുത്തിരുന്നവര്‍ പലരും ഒന്നാകാന്‍ തുടങ്ങി. ചിലര്‍ നീണ്ടു നില്‍ക്കുന്ന പരിരംഭണത്തിലേര്‍പ്പെടുന്നു. ചിലര്‍ അധരകൈമാറ്റം നടത്തുന്നു. ഇവിടെ എഴുതാന്‍ കൊള്ളാത്തത്രയും മോശമായ കാമലീലകളില്‍ അവര്‍ പരസ്യമായി മുഴുകിക്കൊണ്ടിരിക്കുന്നു. നടന്നുപോകുന്ന, കണ്ണുള്ള ആരും ഇതു കണ്ടു പോകും. ഇതു കാണാന്‍ വേണ്ടി ആരും ഒളിഞ്ഞുനോക്കേണ്ട ആവശ്യമില്ല. ഇതു ചെയ്യുന്ന ചിലര്‍ക്കൊക്കെ മാനവും മര്യാദയുമുണ്ട് കെട്ടോ! അവര്‍ കുട നിവര്‍ത്തി വെച്ച് ആ മറവിലിരുന്നാണ് ഇപ്പണി ചെയ്യുന്നത്. വെറുതെ ചിരിച്ചുതള്ളാന്‍ വേണ്ടി പങ്കുവെച്ചതല്ല. ഇതു കല്‍ക്കത്തയിലെ സ്ഥിതി! നമ്മുടെ നാടും ഇതില്‍ നിന്നും വിഭിന്നമല്ല. ഇത്ര ലൈവായി നാമിത് തുടങ്ങിയിട്ടില്ലെങ്കിലും തിരുവനന്തപുരം ശംഖുമുഖവും കോവളം കടപ്പുറവും എറണാകുളം ശുഭാഷ് പാര്‍ക്കും മറൈന്‍ ഡ്രൈവും കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറുമൊക്കെ ഇത്തരം പരസ്യവ്യഭിചാരകേന്ദ്രങ്ങളും വിപണന കേന്ദ്രങ്ങളുമായി മാറിത്തുടങ്ങിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും ചില കോളേജ് ക്യാമ്പസുകളിലുമൊക്കെ ഇത്തരം 'പാഞ്ചാര മൂല'കളുണ്ട്‌പോലും. ജോലി, പഠനം തുടങ്ങി പല ആവശ്യങ്ങള്‍ക്കായി രാവിലെ തന്നെ വീടുവിട്ടിറങ്ങുന്ന കുമാരീ കുമാരന്‍മാരും യുവതീ യുവാക്കളുമൊക്കെ വൈകുന്നേരം 'എന്‍ജോയ്' ചെയ്യാന്‍ ഇവിടെങ്ങളിലേക്കാണ് ഒഴുകുന്നത്. തുറന്ന ജീവിതത്തിന്റെ വക്താക്കളായിരിക്കും ഇവര്‍. ശരീരം പങ്കുവെയ്ക്കാനും ജീവിതം ആസ്വദിക്കാനും ഉള്ളതാണെന്നാണ് ഇവരുടെ 'ലൈന്‍.' ഇനി സമ്മതിച്ചാല്‍തന്നെ പരസ്യമായി വേണോ? ഒരിലയുടെ മറവെങ്കിലും ആയിക്കൂടെ? വഴിയാത്രക്കാരുടെ തൊലി ഉരിയണോ? അവരെ മാനം കെടുത്തണോ? ഇതൊക്കെ പാശ്ചാത്യ സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളാണ്. സംസ്‌കാരത്തിനു ചേരുന്ന കാര്യങ്ങള്‍ മാത്രം അനുകരിച്ചാല്‍ പോരേ? ഇനി ഇതിന്റെ മൂല്യവശത്തിലേക്കു പോയാലോ? നമ്മുടെയൊക്കെ അനിയനും അനിയത്തിയുമൊക്കെയാണ് ഇവിടെ പങ്കുവെക്കാനെത്തുന്നത്. രാവിലെ മദ്‌റസയിലേക്ക് പറഞ്ഞുവിട്ടിരുന്ന, യാസീന്‍ മനഃപാഠം പഠിച്ചിരുന്ന നമ്മുടെ കുട്ടികള്‍ തന്നെയാണ് ഇവരൊക്കെ!? കണ്ണും കാതും തുറന്നുവെച്ച് പുറം ലോകത്തെ നോക്കിക്കാണാനും നല്ലതു തെരഞ്ഞെടുക്കാനും കുട്ടികള്‍ക്ക് കഴിയാതെപോകുകയാണോ? ഉന്നത വിദ്യാഭ്യാസവും പട്ടണത്തില്‍ ജോലിയും കിട്ടുമ്പോള്‍ സല്‍വഴി മറക്കുന്നു നമ്മുടെ ചെറുപ്പക്കാര്‍! ഇതൊക്കെ കണ്ട് വളരാന്‍ കുറേ 'നല്ല' അനിയന്മാരുമുണ്ട് നമുക്ക്. ഇത്തരം 'അനാശാസ്യ കേന്ദ്രങ്ങള്‍' അടച്ചുപൂട്ടാന്‍ നമുക്കാവില്ല. കാരണം, വിനോദം മനുഷ്യന്റെ മാനസിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായതിനാല്‍ ഇത്തരം സാമൂഹിക-സാംസ്‌കാരിക-വിനോദ കേന്ദ്രങ്ങള്‍ക്കു വേണ്ടി മുറവിളി കൂട്ടാന്‍ ഇവിടെ ആളുകളുണ്ട്. അധികൃതര്‍ ഈ കാമലീലകള്‍ കാണാതെ കാണുന്നുമുണ്ട്. ഇവരെ ഓടിച്ചുപിടിച്ചിട്ട് നാലാളുടെ മുമ്പില്‍ നിര്‍ത്തി പൊതിരെ തല്ലി നിയമകൂടത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയാണു വേണ്ടത്. അതിനും നിയമം അനുവദിച്ചെന്നുവരില്ല. 18 വയസ് കഴിഞ്ഞാല്‍ പിന്നെ ഒന്നിനും പ്രശ്‌നമില്ലല്ലോ! പൊതുസ്ഥലം ഇത്തരം വേണ്ടാത്തരങ്ങള്‍ക്കു ഉപയോഗിക്കുന്നവരെ മാതൃകാപരമായി നിയമത്തിനു മുന്നില്‍ കൊണ്ടുവന്നേ മതിയാകൂ. അതിന്നായി അധികൃതരും നിയമപാലകരും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വല്ലപ്പോഴെങ്കിലും പട്രോളിംഗ് നടത്തി വിരട്ടി വിട്ടതുകൊണ്ടായില്ല; കര്‍ശന നിലപാടു തന്നെ സ്വീകരിക്കണം. ഏറ്റവും പ്രഥമവും പ്രധാനവുമായി വേണ്ടത് അവനവന്റെ ശ്രദ്ധ തന്നെയാണ്. നമുക്ക് നമ്മുടെ പരിധിയില്‍ വരുന്നവരെയെങ്കിലും ഉപദേശിച്ചു വഴി നടത്താനാകണം. വെറുതെ വീട്ടുകാരെയും ഗുരുനാഥന്‍മാരെയും ധിക്കരിച്ച് വേണ്ടാത്തതിനു പോകേണ്ട മക്കളേ... കുടുങ്ങിപ്പോകും..!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter