നല്ലൊരു വാക്ക് തന്നെ സ്വദഖയാണ്, വഴിയിലെ പ്രതിബന്ധങ്ങള്‍ നീക്കലും സ്വദഖയാണ്...ജീവിതം മുഴുക്കയും വിശ്വാസിക്ക് സുകൃതങ്ങളാണ്
good heartറസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞതായിട്ട് അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു: ഭൂമിയില്‍ സൂര്യനുദിക്കുന്ന ദിവസങ്ങളത്രയും മനുഷ്യന്റെ ഓരോ സന്ധികളും അവന് സ്വദഖയാണ്(പുണ്യപ്രവര്‍ത്തികളാണ്). രണ്ടു പേര്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കുന്നവന് അതൊരു സ്വദഖയാണ്. തന്റെ മൃഗത്തിനു മേല്‍ അപരനെ കയറ്റുകയോ അവന്റെ ചരക്കുകയറ്റി സഹായിക്കുകയോ ചെയ്യുന്നത് അവനോടുള്ള സ്വദഖയാണ്. നല്ലൊരു വാക്ക് തന്നെ സ്വദഖയാണ്. നമസ്‌കാരത്തിലേക്ക് വെക്കുന്ന ഓരോ ചവിട്ടടിയും സ്വദഖയാണ്. വഴിയിലെ പ്രതിബന്ധങ്ങള്‍ നീക്കിക്കൊടുക്കലും സ്വദഖയാണ്. അങ്ങനെ ജീവിതം മുഴുക്കയും വിശ്വാസിക്ക് സദഖയാണ്. അതിലപ്പുറം ജീവിതം മുഴുക്കയും വിശ്വാസിക്ക് ആരാധനാണെന്നല്ലേ പ്രവാചകവചനം. ഉദ്ദേശശുദ്ധിയെയാണ് അല്ലാഹു അളക്കുന്നത്. തന്‍റെ പ്രിയപ്രേയസിയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഒരു ഭക്ഷണശകലം പോലും സ്വദഖയാണെന്ന് റസൂല് തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി. ഒരിക്കല്‍, നിങ്ങളുടെ ഭാര്യമാരെ ബന്ധപ്പെടുന്നതിനും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് പ്രതിഫലം കാത്തിരുന്നോളുക എന്നു പറഞ്ഞ പ്രവാചകനോട് സ്വഹാബിമാര്‍ സംശയത്തോടെ ചോദിച്ചു. കേവലം ലൈംഗികേഛയുടെ പൂര്‍ത്തീകരണത്തിനപ്പുറം എങ്ങനെയാണ് തിരുദൂതരേ അതിന് പ്രതിഫലം നല്‍കപ്പെടുകയെന്ന്. റസൂല്‍ പറഞ്ഞു: നീ അതിനെ അന്യായമായി ഉപയോഗപ്പെടുത്തിയാല്‍ തെറ്റുണ്ടോ എങ്കില്‍, അത് ന്യായമായി ചെയ്യുമ്പോള്‍ പ്രതിഫലവുമര്‍ഹിക്കുന്നുണ്ടെന്നാണ്. അതിനൊക്കെയപ്പുറം, മേലുദ്ധൃതമായ ഹദീസിന് കൂടുതല്‍ സാമൂഹികാര്‍ഥങ്ങളുണ്ട്. പരസ്പര സഹകരണവും സഹാനുഭൂതിയും സാമൂഹികമായ പ്രതിബദ്ധതയും നല്ല മുസ്‍ലിമിന്‍റെ സ്വഭാവഗുണമാണെന്നാണ് അതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാകുന്നത്. കൂട്ടുജീവിതത്തിന്‍റെയും സാമൂഹ്യജീവിതത്തിന്‍റെയും ഭാഗമായി വരുന്ന കലഹങ്ങളും അസ്വസ്ഥതകളും പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുകയെന്നത് സമൂഹത്തോടു ചെയ്യുന്ന വലിയൊരു ഉപകാരമെന്നതിലുപരി അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന സല്‍കര്‍മമാണെന്ന് പറയുകയാണ് പ്രവാചകന്‍ നബി തിരുമേനി (സ്വ) ചെയ്തത്. അതുപോലെത്തന്നെ, അബലനും നിസ്സഹായനും സഹായവും താങ്ങുമാകുക സല്‍കര്‍മമാണെന്നും പ്രവാചകന്‍ പറയുന്നു. ആ അര്‍ഥത്തില്‍ തന്നെ വേണം, വഴിയിലെ പ്രതിബന്ധങ്ങള്‍ നീക്കംചെയ്യുക എന്ന സല്‍കര്‍മത്തെ കൂടി കാണാന്‍. കൂടുതല്‍ സാമൂഹികാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഹദീസാണിത്. താന്താങ്ങളുടെ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങിക്കഴിയാതെ കൂടുതല്‍ സാമൂഹിക രംഗത്തേക്കിറങ്ങാനും സാമൂഹിക പ്രതിബദ്ധതയുള്ളവനാകാനും തിരുമേനി (സ്വ) ഒാരോ സത്യമത വിശ്വാസിയോടും ആഹ്വാനം ചെയ്യുകയാണ് ഹദീസിലൂടെ. അപരനോട് നല്ലവാക്കു പറയുന്നതും പള്ളിയിലേക്കുള്ള ഒാരോ ചവിട്ടടി പോലും സല്‍കര്‍മമാകുന്ന തരത്തില്‍ അതിസമ്പന്നവും വിശിഷ്ടവുമാണ് സത്യത്തിലാലോചിച്ചാല്‍ മുസ്‍ലിമിന്‍രെ ജീവിതമെന്നാണ്. സന്തോഷവേളകളും ദു:ഖവേളകളും ഇത്തരത്തില്‍ മുസ്‍ലിമിനെ സംബന്ധിച്ചടത്തോളം അനുഗ്രഹപൂര്‍ണമാണെന്ന പ്രവാചവചക വചനം ഇതിനോടു ചേര്‍ത്തുവായിക്കണം. സന്തോഷകരമായ സ്ഥിതിയാണെങ്കില്‍ അല്ലാഹുവിനെ സ്തുതിക്കുകയും വേദനിപ്പിക്കുന്ന വല്ല അവസ്ഥകളുമാണ് അവനുള്ളതെങ്കില്‍ അല്ലാഹുവിനോട് പൊറുക്കലാവശ്യപ്പെടുകയും ചെയ്യുമവന്‍. മറ്റൊരവസരത്തില്‍, അങ്ങാടികളില്‍ കൂടുകെട്ടി ആളുകള്‍ക്ക് ശല്യമായിത്തീരുന്ന ആളുകളെ ആക്ഷേപിച്ച് റസൂല്‍ സ്വല്ലല്ലാഹു അലൈഹിവസല്ലം സംസാരിച്ചിട്ടുണ്ട്. അല്ലാഹുവിലും അവന്‍റെ പ്രവാചകനിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ നല്ലതുപറയുകയോ അല്ലെങ്കില്‍ മിണ്ടാതിരിക്കുകയോ ചെയ്തോളാന്‍ നബി തിരുമേനി വേറൊരു വേളയില്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം കുറച്ചധികം ചിന്തിക്കാനും പുനര്‍വിചിന്തനത്തിനും തദ്ഹദീസുകള്‍ ആഹ്വനം ചെയ്യുന്നുണ്ട്. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ചുരുങ്ങിയത് ശല്യമാകാതിരിക്കാനെങ്കിലും റസൂല്‍ വിശ്വാസിയോട് കല്‍പിക്കുന്നുണ്ട്. ചുറ്റും ഒരുപാട് കഥാപാത്രങ്ങള്‍ ജീവിക്കുന്ന സമൂഹമാണ് നമ്മുടെത്. അങ്ങാടികളിലും മറ്റും ജനങ്ങള്‍ക്കും സ്ത്രീസമൂഹത്തിനും ശല്യമായിക്കഴിയുന്നവര്‍. സമൂഹത്തിന്‍റെ സന്തോഷകരമായ വാര്‍ത്തകളിലും മുഹൂര്‍ത്തങ്ങളിലും ദോഷൈകദൃക്കുകളും പലപ്പോഴും അത്തരം നല്ലസന്ദര്‍ഭങ്ങളെ രഹസ്യമായി മുടക്കിക്കളയുന്നവര്‍. കല്ല്യാണം മുടക്കികള്‍ എന്ന ചൊല്‍പേരില്‍ തന്നെ ഒാരോ നാട്ടിലും ഒരു വിഭാഗം തന്നെ ജീവിച്ചുപോരുന്നുണ്ട്. കല്ല്യാണക്കാര്യമല്ല, നേരത്തെ പറഞ്ഞപോലെ, സമൂഹത്തിന്‍റെ പുരോഗതികളിലും നല്ല പ്രവര്‍ത്തികളിലും അസൂയാലുക്കളാകുകയും അതിനെ പരസ്യമായിത്തന്നെ തെരുവുകളില്‍ പരിഹസിച്ചും ഒറ്റുകൊടുത്തും കഴിയുന്ന നിത്യരോഗികള്‍. എല്ലാ നമ്മുടെ സമുദായക്കാര്‍ തന്നെയാണെന്നാലോചിക്കുമ്പോഴാണ് ഇവിടെ ഉദ്ധരിച്ച ഹദീസുകളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ചുറ്റുമുള്ളവന് അനുഗ്രഹവും നന്മയും പകരാന്‍ ശ്രമിക്കുക. സഹായമനസ്കനായിരിക്കുക എപ്പഴും. അങ്ങനെ, നല്ലൊരു വിശ്വസിയുമായിത്തീരുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter